Image

ടെക്‌സസ് എജിയുടെ ഇംപീച്ച്‌മെന്റ് ട്രയല്‍ ആരംഭിക്കുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 05 September, 2023
ടെക്‌സസ് എജിയുടെ ഇംപീച്ച്‌മെന്റ് ട്രയല്‍ ആരംഭിക്കുന്നു (ഏബ്രഹാം തോമസ്)

ഓസ്റ്റിന്‍, ടെക്‌സസ്: ടെക്‌സസ് അറ്റേണി ജനറല്‍ കെന്‍ പാക്‌സ്ടന്‍ ചൊവ്വാഴ്ച സ്റ്റേറ്റ് സെനറ്റില്‍ ആരംഭിക്കുന്ന വിചാരണയില്‍ 20 ആര്‍ട്ടിക്കിള്‍സ് ഓഫ് ഇംപീച്ച്‌മെന്റ് നേരിടുകയാണ്. 50 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ടെക്‌സസില്‍ ഇങ്ങനെ ഒരു വിചാരണ നടക്കുന്നത്.

ഓസ്റ്റിനിലെ ക്യാപിറ്റോള്‍ ബില്‍ഡിംഗില്‍ നടക്കുന്ന വിചാരണയില്‍ സംസ്ഥാന സെനറ്റര്‍മാര്‍ ജൂറര്‍മാരായിരിക്കും. ലഫ്റ്റന്റ് ഗവര്‍ണ്ണര്‍ ഡാന്‍ പാട്രിക് പ്രിസൈഡിംഗ് ഓഫീസര്‍ ആയിരിക്കും. ഡസന്‍ കണക്കിന് സാക്ഷികള്‍ ആദ്യദിവസം മുതല്‍ ഹാജരാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസിലെ വളരെ പ്രസിദ്ധരായ സംസ്ഥാന അറ്റേണിമാരില്‍ ഒരാളാണ് പാക്‌സ്ടന്‍. ഇതൊരു രാഷ്ട്രീയ തന്ത്രമായാണ് എജി വിശേഷിപ്പിക്കുന്നത്.

ഇംപീച്ച്‌മെന്റിന് അനുബന്ധമായി ക്രിമിനല്‍ പെനാല്‍റ്റികള്‍ ഒന്നും ഇല്ല. പാക്ക്‌സ്ടന് ഓ്‌ട്ടോമാറ്റിക്കായിട്ട് സ്‌റ്റേറ്റ് പെന്‍ഷന്‍ നഷ്ട്‌പെടില്ല, ഇംപീച്ച് ചെയ്താല്‍ പോലും. വിചാരണയുടെ ഫലം അറിയുന്നത് വരെ വേതനം ഇല്ലാത്ത സസ്‌പെന്‍ഷനിലായിരിക്കും. 2023 മെയ്‌യില്‍ ടെക്‌സസ് ജനപ്രതിനിധി സഭ 23ന് എതിരെ  121 വോട്ടുകള്‍ക്ക് പാക്‌സ്ടനെ ഇംപീച്ച് ചെയ്തിരുന്നു. ഒരു റിപ്പബ്ലിക്കനായ പാക്‌സ്ടനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് വോട്ടു ചെയ്യുകയായിരുന്നു.

2020 ല്‍ പാക്‌സ്ടനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നാണ് 20 ആര്‍ട്ടിക്കിള്‍സ് ഓഫ് ഇംപീച്ച്‌മെന്റ് ഉണ്ടാക്കിയത്. ഇവയില്‍ പ്രധാനമായും കൈക്കൂലി, അധികാര ദുര്‍വിനിയോഗം, നീതി നിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ ആരോപണങ്ങളാണുള്ളത്. പാക്‌സ്ടന്റെ ചില ജീവനക്കാരും ആരോപണങ്ങളാണുള്ളത്. പാക്‌സ്ടന്റെ ചില ജീവനക്കാരും ആരോപണ കര്‍ത്താക്കളാണ്. ഫെഡറല്‍ ഗവണ്‍മെന്റ് കുറ്റം ആരോപിച്ച ഒരു എസ്റ്റേറ്റ് ഡെവലപ്പറും പാക്‌സ്ടന്റെ ദാതാവുമായ നേറ്റ് പോളിനെയും തനിക്ക് അവിഹിതബന്ധം ഉണ്ടായിരുന്നു എന്നാരോപിക്കപ്പെട്ട ഒരു സ്ത്രീയെയും വഴി വിട്ട് സഹായിച്ചു എന്നും പാക്‌സ്ടനെതിരെ ആരോപണങ്ങളുണ്ട്.

വിചാരണ കാണാന്‍ ധാരാളം ആളുകള്‍ എത്തുമെന്ന് കരുതുന്നു. പൊതുജനങ്ങളുടെ പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ട്രയല്‍ ആരംഭിക്കുന്നതിന് മുമ്പു തന്നെ കുറ്റപ്പത്രം നിരസിക്കണമെന്നും ട്രയല്‍ ഒഴിവാക്കണമെന്നും പാക്‌സ്ടന്‍ വാദിക്കുന്നു. എജിയുടെ അഭിഭാഷകര്‍ പാക്‌സ്ടന്‍ മുമ്പ് ഭരണത്തിലിരുന്നപ്പോള്‍ ചെയ്തു എന്നു പറയുന്ന കുറ്റങ്ങള്‍ക്ക് ഇപ്പോള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വിചാരണനേരിടാന്‍ ആവശ്യപ്പെടാനാവില്ല എന്ന് വാദിക്കുന്നു. വിചാരണ ആരംഭിക്കുമ്പോള്‍ ജൂറന്‍മാര്‍ ആദ്യം തന്നെ ഈ വിഷയത്തില്‍ വോട്ടെടുപ്പു നടത്തി തീരുമാനം എടുത്തേയ്ക്കും അഭിഭാഷകരുടെ വാദം അംഗീകരിച്ചാല്‍ ട്രയല്‍ അവിടെ അവസാനിക്കും.

ടെക്‌സസ് സംസ്ഥാന രാഷ്ട്രീയം ഈ വിചാരണയില്‍ മറനീക്കി പുറത്തു വരാനും സാദ്ധ്യതയുണ്ട്. ജനപ്രതിനിധി സഭയും സെനറ്റും വ്യത്യസ്ത ധ്രുവങ്ങളിലാണെന്ന് ആരോപണമുണ്ട്. ഹൗസ് സ്പീക്കറും ഏഷ്യന്‍ വംശജനുമായ ഡേഡ് ഫേലനും ലഫ്.ഗവ. പാട്രിക്കും തമ്മില്‍ സ്വരചേര്‍ച്ചയില്ലെന്നും ആരോപണമുണഅട്. സെനറ്റ് പിന്താങ്ങുന്ന നിയമനിര്‍മ്മാണങ്ങളെ സ്പീക്കര്‍ പിന്താങ്ങുന്നില്ല എന്ന് പാട്രിക് ആരോപിക്കുന്നു. ഇതില്‍ സ്വകാര്യ സ്‌ക്കൂളില്‍ ഫീസ് നല്‍കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ബില്ലും ഉണ്ട്. പാക്‌സ്ടനെ ഇംപീച്ച് ചെയ്യാതെ വിട്ടാല്‍ അതില്‍ പാട്രിക്കിനെ പഴിചാരി സ്‌ക്കൂളുകള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശം നല്‍കുന്ന ബില്‍ ജനപ്രതിനിധി സഭ പൂഴ്ത്തിക്കളയും എന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

സ്റ്റേറ്റ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട്  പാക്‌സ്ടന് പകരക്കാരിയെ കണ്ടെത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഏറെ വര്‍ഷങ്ങളായി തന്നെ സഹായിച്ചുവരുന്ന ആഞ്ചല കോള്‍മനേറോയെ എജി ഓഫീസിന്റെ ചുമതല ആബട്ട് ഏല്‍പിച്ചുകഴിഞ്ഞു.

English Summary: Impeachment trial of Texas AG begins

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക