Image

നേർച്ചക്കോഴിയെ  പെരുനാൾ ദിവസം പുണ്യവാളൻ തീരുമാനിക്കും  (കുര്യൻ പാമ്പാടി)

Published on 05 September, 2023
നേർച്ചക്കോഴിയെ  പെരുനാൾ ദിവസം പുണ്യവാളൻ തീരുമാനിക്കും  (കുര്യൻ പാമ്പാടി)

കനത്ത മഴയുടെ മുന്നിലും തോൽക്കാതെ കുത്തനെ ഉയർന്ന പോളിങ്ങിൽ ഇരു പക്ഷത്തും പ്രതീക്ഷകൾ ഉയരുന്ന പുതുപ്പള്ളിയിൽ എട്ടാം തീയതി മണർകാട് പള്ളി പെരുന്നാളിന്റെ സമാപന ദിവസം ജനവിധി അറിയാം. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ വാണരുളുന്ന ഗീവർഗീസ് പുണ്യവാളനും മണർകാട് സെന്റ് മേരിസ് പള്ളിയുടെ നാമധാരി വിശുധ്ധ മറിയവും ചേർന്ന് തീരുമാനിക്കും പ്രിയപുത്രൻ ആരെന്ന്.

ചാണ്ടിയും ജയ്ക്കും സൗഹൃദം  കൈവിടാതെ


വിധി എതിരായി  വന്നാൽ പുതുപ്പള്ളിയിൽ മൂന്നാം തവണയും പരാജയപ്പെട്ട കാരണത്താൽ ഇനി  മത്സരിക്കാൻ പറ്റില്ലെന്നാകും സിപിഎം സ്ഥാനാർഥിജയ്ക്ക് സി തോമസിന്. ചാണ്ടി ഉമ്മനാകട്ടെ ജയിക്കുന്ന പക്ഷം പതിമൂന്നാം തവണ ജനവിധി നേടുന്ന ഒരേ കുടുംബാന്ഗം  എന്ന ബഹുമതി സ്വന്തമാകും. എങ്ങിനെ വന്നാലും  വിധി ചരിത്രപ്രധാനമാകും.

പുതുപ്പള്ളിയിൽ ആകെ വോട്ടർമാർ 1,75,998. കഴിഞ്ഞ തവണത്തേക്കാൾ വർധന 39 മാത്രം. 18 മുതൽ 25 വരെ പ്രായമുള്ള സമ്മതിദായകരുടെ എണ്ണത്തിൽ  7000  പേരുടെ കുറവ്. യുവജനങ്ങൾ കൂട്ടമായി നാടു വിടുന്നതിന്റെ പ്രത്യക്ഷ തെളിവായി ഇതിനെ കണക്കാക്കണം. 2021ൽ 73.18  ആയിരുന്നു വോട്ടിങ്  ശതമാനം. ഉമ്മൻ‌ചാണ്ടി 63,372  വോട്ടു നേടിയപ്പോൾ ജയ്ക്ക് തോമസ് 54,328  നേടി.  മുൻ തവണത്തെ 71,548  എന്ന മാർജിൻ 9044 ആയി കുറക്കാൻ ജയ്ക്കിന് കഴിഞ്ഞു.

മൂന്നാം തവണ അധികാരത്തിലേറിയിട്ടും ജനപ്രീതിയുടെ ശോഭ മങ്ങിക്കൊണ്ടിരിക്കുന്ന ഇടതുമുന്നണിക്ക്  കനത്ത പ്രഹരമായിരിക്കും പുതുപ്പള്ളിയിലെ തോൽവി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ  മന്ത്രിമാരുടെ നിരകൾ എത്തിയിട്ടും ജനങ്ങളുടെ തീരുമാനം കൽത്തൂൺ  പോലെ അടിയുറച്ചു നിലകൊള്ളൂന്നു.

 വോട്ടിനു ശേഷം കുടുംബം

അടുത്ത വർഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പുതുപ്പള്ളിയിലെ വിജയം യുഡിഎഫിന് കൂടുതൽ ഊർജം പകരും. രാഹുൽ ഗാന്ധി വയനാടിനൊപ്പം അമേഠിയിലും മത്സരിക്കുമെന്നാണെങ്കിൽ അദ്ദേഹത്തോടൊപ്പം കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെയുള്ള ഭാരത ജോഡോ യാത്രയിൽ നിഷ്പാദുകനായി സഞ്ചരിച്ച യുവ നേതാവ് എന്ന നിലയിൽ ചാണ്ടിഉമ്മന്‌ കൂടുതൽ സ്വീകാര്യത ലഭിക്കും.

ഉമ്മൻ ചാണ്ടിക്ക് അസുഖം മൂർച്ഛിച്ചപ്പോൾ മകന് യാത്ര ഇടക്കുവച്ചു നിർത്തേണ്ടി വന്നു. മുപ്പത്തേഴുകാരനായ ചാണ്ടി ഉമ്മൻ രാഹുലിനെപ്പോലെ അവിവാഹിതനാണ്. ചാണ്ടി ഉമ്മൻ കെപിസിസി അംഗവും യൂത്ത് കോൺഗ്രസിന്റെ നാഷണൽ ഔട് റീച്  സെല്ലിന്റെ അധ്യക്ഷനുമാണ്. 2013ൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്നു.

ജയ്‌ക്ക്‌ ജയിക്കും, എംവി ഗോവിന്ദൻ

തിരുവനതപുരം മാർ ഇവാനിയോസിലും ഡൽഹി സെന്റ് സ്റ്റീഫൻസിലും പഠിച്ച് ചരിത്രത്തിൽ മാസ്റ്റേഴ്സ് എടുത്തു. ഡൽഹിയുണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽബിയും ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽഎൽഎമ്മും നേടി. ബാംഗ്ളൂർ ക്രൈസ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് രണ്ടാമതൊരു എൽഎൽഎമ്മും.

ലണ്ടൻ സ്‌കൂൾ  ഓഫ് എക്കണോമിക്‌സിൽ ഒരു സമ്മർ കോഴ്‌സും ചെയ്തിട്ടുണ്ട്. 2016 മുതൽ സുപ്രീം കോടതിയിൽ അഭിഭാഷകനാണ്. 2017മുതൽ 20 വരെ അമിറ്റി യൂണിവേഴ്‌സിറ്റിയുടെ വിവേകാനന്ദ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പ്രൊഫഷനൽ  സ്റ്റഡീസിൽ അധ്യാപകനും ആയിരുന്നു. അമേരിക്കയും യൂറോപ്പും ഉൾപ്പെടെ ധാരാളം സഞ്ചരിച്ചിട്ടുണ്ട്.  

എസ്എഫ്ഐ കോട്ടയംഎംജില്ലാപ്രസിഡന്റ് ആയി രാഷ്ട്രീയ പ്രവേശനം നടത്തിയ  ജയ്ക്ക് സി തോമസിനു  33 വയസ്. സംസ്ഥന പ്രസിഡന്റ് ആയി 2016ൽ തെരഞ്ഞെടുക്കപ്പെട്ടു. മണർകാട് ചിറയിൽ  പരേതനായ സിഎം തോമസിന്റെയും അന്നമ്മയുടെയും പുത്രൻ. സിഎംഎസ് കോളജിൽ ബിരുദ വിദ്യാര്തഥി. വിദൂര പഠനത്തിലൂടെ എംഎ എടുത്തു.

അരനൂറ്റാണ്ടിനു ശേഷം വീണ്ടും

ഡിവൈഎഫ് ഐ കേന്ദ്രകമ്മിറ്റിയിലും സിപിഎം ജില്ലാ കമ്മിറ്റിയിലും അംഗമാണ്. 2016ൽ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ആദ്യം മത്സരിക്കുമ്പോൾ ഏറ്റം പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു-26 വയസ്.   ഉമ്മൻ‌ചാണ്ടി ആദ്യം പുതുപ്പള്ളിയിൽ മത്സരിച്ചതും അതേ പ്രായത്തിൽ. 2019ൽ കോട്ടയം ചെങ്ങളം സ്രാമ്പിക്കൽ എസ് ജെ തോമസിന്റെയും ലീനയുടെയും മകൾ  ഗീതു തോമസിനെ വിവാഹം കഴിച്ചു. സഹോദരൻ സിടി തോമസ്  ബിസിനസിൽ.

നാനാജാതിമതസ്ഥരായ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കാന് ഒന്നാണ് മണർകാട് പള്ളിയിലെ എട്ടുനോയ്മ്പ് ആചരണം. അതിന്റെ സമാപനമാണ്  എട്ടാംതീയതി കൊണ്ടാടുക. പതിനായിരക്കണക്കിന് വിശ്വാസികൾക്ക് അന്ന് അപ്പവും ഇറച്ചിക്കറിയും വിളമ്പും. ഭക്തർ നേർച്ചയായി നടത്തുന്നതാണ് നോയമ്പ് വീടൽ സൽക്കാരം.  ഇടവകക്കാരനായ ജൈക് അവിടെ നേർച്ചക്കോഴിയായി ഭവിച്ചോ എന്നാണ് അറിയാനുള്ളത്. എന്നാണ് പ്രതിപക്ഷ നേതാക്കൾ പരസ്യമായി പറഞ്ഞിട്ടുള്ളത്.

പുതു വോട്ടർമാരുടെ അഭിമാനം, ആഹ്ളാദം

വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കാതെ വികസനത്തിൽ ഊന്നി വേണം പ്രചാരണം നടത്താനെന്ന് ഇടതു പക്ഷം ആവർത്തിക്കുന്നുണ്ടെങ്കിലും സ്വന്തം  മണ്ഡലമായ ഏറ്റുമാനൂരിലെ ഒരു തടിപ്പാലം  പുതുപ്പള്ളി നിയോജകമണ്ഡലത്തിലേതാണെന്നു കാണിച്ച് ഏറ്റുമാനൂർ എംഎൽഎയും മന്ത്രിയുമായ വിഎൻ വാസവൻ പോസ്റ്റിട്ടത് ആളുകൾ വായിച്ച് ചിരിക്കാൻ കാരണമായി.

അച്ചു ഉമ്മന്റെ ജോലിയെയും വേഷധാരണതത്തേയുമൊക്കെ ആക്ഷേപിച്ച് ഇടതു നേതാക്കൾ അറിഞ്ഞുകൊണ്ട് അവരുടെ സൈബർ പോരാളികൾ നടത്തിയ ആക്രമണം അവർക്കു തന്നെ തി രിച്ചടിയായി. തിരുവനതപുരം സെക്രട്ടേറിയറ്റിൽ നിന്ന് വിരമിച്ച അവരുടെ സൈബർ നേതാവ് നിരുപാധികം ക്ഷമ പറഞ്ഞു തടിതപ്പി.  

പക്ഷെ അച്ചു പരാതിയുമായി പോലീസിനെ സമീപിച്ചു. മറുവശത്ത് ഒമ്പതാം മാസം ഗർഭിണിയായ തന്നെ ഇറക്കി വോട്ടു തേടുന്നു എന്ന സൈബർ ആക്ഷേപത്തിനെതിരെ ജയിക്കിന്റെ ഭാര്യഗീതുവും പരാതി നൽകി.

മന്ത്രി വിഎൻ വാസവൻ സൂത്രധാരൻ 

പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ സഞ്ചരിച്ചാൽ 1960കാലിലെ സിനിമകളിൽ ചിത്രീകരിച്ചിട്ടുള്ള കേരളീയ കുഗ്രാമങ്ങളെ മാത്രമേ കാണാൻ കഴിയൂ എന്ന് ഒരു ചാനൽ ചർച്ചയിൽ ആറുമാനൂഴ് കാരനായ അനൂപകൃഷ്‌ണ പറഞ്ഞത് ധാരാളം പേരുടെ ചിരിക്കു വകനൽകി. 60കളിലെ കേരളം ഇന്ന് എവിടെങ്കിലും ഉണ്ടോ എന്നാണ് മറുചോദ്യം.  

തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിനെ താരതമ്യം  ചെയ്യുന്നവരുണ്ട്. അവിടെ പിടി തോമസിന്റെ വിധവ ഉമാ തോമസിന്റെ വിജയം ഒരുപരിധി വരെ സഹതാപ വോട്ടുകൾ മൂലമായിരുന്നു. എന്നാൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മരണം മൂലമുള്ള സഹതാപമല്ല ഉമ്മൻചാണ്ടിക്ക് ശേഷം ചാണ്ടി ഉമ്മനോടുള്ള സ്നേഹവാത്സല്യങ്ങളാണ്‌ അലയടിക്കുന്നതെന്നു നാട്ടുകാർ വ്യാഖ്യാനിക്കുന്നു.

ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരിൽ മൃഗസംരക്ഷണ വകുപ്പിലെ ദിവസവേതനക്കാരി സതി ദേവിയെ പിരിച്ചു വിട്ടതും ഭരണപക്ഷത്തിന് തിരിച്ചടിയായി. വാസവൻ എന്തൊക്കെ രേഖകൾ പറത്തുവിട്ടാലും പിരിച്ചുവിടലിന്റെ പിന്നിലുള്ള നീതിരാഹിത്യം അവർക്കു മുൾമുനയായി ഭവിച്ചു.

നേർച്ചക്കോഴി ആര്, ചാണ്ടിഉമ്മനോ ജയ്ക്ക് തോമസോ എന്ന് നേർച്ചദിവസം അറിയാം. ബിജെപി സ്ഥാനാർഥി സി. ലിജിൻ ലാൽ ആണ് യഥാർത്ഥത്തിൽ പുതുപ്പള്ളി രാഷ്ട്രീയത്തിലെ  നേർച്ചക്കോഴി എന്ന് പലരും പറയുന്നു.

Join WhatsApp News
റോബിൻ 2023-09-05 21:14:40
ലേഖകൻ്റെ വെളുപ്പീര് കണ്ടപ്പോൾ മനസിലായി നിഷ്പക്ഷമായ എഴുത്ത് നന്നായിട്ടുണ്ട് വീണ്ടും ഇതുപോലെ ഉള്ള യുഡിഎഫ് അനുകുല എഴുത്തുകൾ വരട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക