Image

വെള്ളസാരിയിൽ പ്രേതരൂപണിയായി... (ഇന്ദു മേനോൻ)

Published on 07 September, 2023
വെള്ളസാരിയിൽ പ്രേതരൂപണിയായി... (ഇന്ദു മേനോൻ)

പൂവായോ പൂന്തോട്ടമായോ ജനിയ്ക്കണമായിരുന്നുവെന്നു തോന്നിയ ആത്മാർത്ഥമായ ഓണക്കുട്ടിക്കാലത്തിന്റെ ഓർമ്മകളാണ് ഫ്ലോറൽ പ്രിന്റുകളിൽ നിന്നും ഞാൻ വേർതിരിച്ചെടുക്കുക... വെള്ളയിൽ പിങ്കിളം പൂക്കൾ പടർന്നു കിടക്കുന്ന സാരിയുടുത്തപ്പോൾ ഞാനെന്നെ വള്ളികൾ പടർന്ന പൂമരമായി കരുതി. ഞാൻ താമസിച്ച മുറിയിൽ കണ്ണാടിയില്ലായിരുന്നു.
പിഡിഎഫിന്റെ ഒരു വർഷ ഇവാലുവേഷൻ വേണ്ടി രണ്ട് ദിവസം മൊത്തം ചെലവാക്കി കഴിഞ്ഞു. സുഹൃത്ത് ലിപിൻ രാജിന്റെ വീടു താമസത്തിന് പോകാൻ അതെ കോൺഫെറെൻസ്സ് കാരണം നന്നെ വൈകി. വീട് കാണാൻ പോകണമെന്ന് രണ്ടുമൂന്നു ദിവസമായി കരുതുകയും ചെയ്തു. ഇന്നു വരും നാളെ വരും എന്ന് സന്ദേശം അയച്ചുകൊണ്ടേയിരുന്നു.
രണ്ടാം ദിവസത്തെ വാലിഡേഷൻ കഴിഞ്ഞ് ഏഴര മണിക്ക് തന്നെ ഇറങ്ങി. അപരിചിതമായ നഗരമായതിനാൽ കുറച്ച് ബ്ലോക്ക് കിട്ടിയതിനാൽ വഴിയല്പം തെറ്റിയതിനാൽ രാത്രി എട്ടു മണി കഴിഞ്ഞാണ് വീടിൻറെ പരിസരത്ത് എത്തിയത്. കോഴിക്കോട്ടുള്ള എനിയ്ക്ക് രാത്രിയെന്നാൽ 12-1 മണിയെങ്കിലും ആവണം. 8 മണിയൊക്കെ ഞങ്ങൾ ബീച്ചിൽ പോണ  സമയമാണ്. വീട്ടിനരികെ എത്തി. ഗൂഗിൾ മാപ്പ് അവിടെവെച്ച് പണി നിർത്തി. തൊട്ടടുത്ത് വീട് കാണുന്നുണ്ടെങ്കിലും ഇടത്തോട്ട് പോ വലത്തോട്ട് പോ എന്നൊക്കെ പറഞ്ഞെന്നെ പറ്റിച്ചു. ഏതൊക്കെ ഇടവഴികളിലൂടെ പോയിട്ടും വീട് കണ്ടു പിടിക്കുവാനും പറ്റുന്നില്ല. എൻറെ ഗതികേട് എന്ന് പറയേണ്ടതുള്ളൂ ലിപിന്റെ ഒരു ഫോൺ പ്രവർത്തിക്കുന്നില്ല. രണ്ടാമത്തെത് റിങ്ങിയ്യുന്നു ആരുമെടുക്കുന്നുമില്ല.
ഏതാണ്ട് 45 മിനിറ്റോളം ആ ഉത്രാടം ഗാർഡൻ കോളനിയിൽ ചുറ്റിക്കറങ്ങിയപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം എട്ടുമണിക്ക് തന്നെ മിക്കവാറും വീടുകളിൽ ലൈറ്റ് ഓഫ് ചെയ്തു കിടന്നു എന്നുള്ളതാണ്. ഇനിയിത് ഉപേക്ഷിക്കപ്പെട്ട വല്ല പ്രേത നഗരിയുമാണോ? എട്ടുമണിയ്ക്കേ മനുഷ്യർ ലൈറ്റ് ഓഫ്ഫ് ചെയ്യുമോ? കാറിൽ നിന്ന് പുറത്തിറങ്ങാൻ എനിക്ക് നല്ല ഭയം തോന്നി.
ലിപിന് വാട്സാപ്പിൽ മെസ്സേജ് അയച്ചു. രണ്ട് ശരിയടയാളങ്ങൾ വരുന്നു പോലുമില്ല. വളരെ വിജനമായ ഒരു കോളനിയുടെ ഭംഗിയേറിയ റോഡിൽ നാനങ്ങനെ പകച്ചു നിൽക്കുന്നു. നിറയെ സ്വർണ്ണചെമ്പകങ്ങൾ തൂങ്ങി നിൽക്കുന്ന മരങ്ങൾ.. അസാധാരണമാം വിഷം പൂവിട്ട മദിരാശി കുറ്റിമുല്ലകൾ. മതിലിൽ നിറയെ ചെറിയ സവിശേഷമായ മുല്ലകൾ പൂവിട്ട് പൂത്തു കിടക്കുന്നു. ജക്രാന്തയുടെ വയലറ്റും മന്ദാരത്തിന്റെ പിങ്കും ഓടപ്പൂവിന്റെ മഞ്ഞയും റോഡരികിൽ നിറയെ ഓണപ്പൂക്കളുടെ മജെന്താവസന്തം. പലപൂക്കളുടെ ഗന്ധം ഒന്നു ചേർന്ന് ഗംഭീരമായ ഒരു മണം ആ അന്തരീക്ഷത്തെ മനോഹരമാക്കി മാറ്റി. വണ്ടി തിരിച്ചപ്പോൾ ഒരു സ്കൂട്ടറിൽ ദൂരെ നിന്നും ഒരു മനുഷ്യൻ വരുന്നത് കണ്ടു. ഞാൻ ചില്ല് താഴ്ത്തി ലിപിന്റെ വീട് അറിയുമോ എന്ന് ചോദിച്ചു? അയാൾ പക്ഷേ ഞാൻ ചോദിച്ചത് കേട്ടില്ല. ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി. മുല്ല ചെടിയുടെ മതിലരികിലൂടെ പതിയെ നടന്നു. സത്യത്തിൽ ആ സമയത്ത് അപരിചിതനായ ആ ഒരാൾ മനുഷ്യനോ പ്രേതമോ എന്താണ് എന്ന് പോലും ചിന്തിക്കാതെ അത്രയും ധൈര്യത്തോടെയും വിശ്വാസത്തോടെയും നടക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്താണെന്ന് എനിക്കറിയില്ല.
അഞ്ചോ ആറോ അടി വെച്ച കാണും നല്ല ഒരു കാറ്റടിച്ചു. പൂക്കളുടെ ഉന്മത്ത ഗന്ധം പരന്നു.  എന്റെ സാരിയുടെ പല്ലവ് കൊടിക്കൂറ പോലെ പാറി മുല്ലപ്പൂ വള്ളിയിൽ  തങ്ങി നിന്നു.  ഞാൻ സാരി പതിയെ ഇളക്കിയെടുത്തു. ആ മനുഷ്യൻ എന്റെ മുഖത്തേയ്ക്ക് തറച്ചു നോക്കി. അയാളുടെ മുഖം ചകിതമായി.  പെട്ടന്നു തന്നെ അയാൾ സ്കൂട്ടർ റേസ് ചെയ്യുകയും ഭയത്തോടെ  ഓടിച്ചു പോവുകയും ചെയ്തു.
“ചേട്ടാ പോവല്ലെ” എന്റെ വിളി കാറ്റിൽ അശരണമായി ചുറ്റിത്തിരിഞ്ഞു.
വെള്ള സാരി കാറ്റിൽ ഒഴുക്കെയിട്ട്, മുടി അഴിച്ചിട്ട്, പൂക്കളുടെ മിശ്രഗന്ധവും ഉള്ള അന്തരീക്ഷത്തിലൂടെ വെള്ളപ്പൂക്കളെ തഴുകികൊണ്ട് നടന്നുവരുന്നവൾ ഒരു പ്രേതമാണ് എന്ന് അയാൾ കരുതി കാണണം.
ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ ഒരു നിമിഷം നിന്നു.  ഞാൻ ഇറങ്ങിയെടുത്ത് വഴിവിളക്കുകൾ ഉണ്ടായിരുന്നില്ല എന്ന് അത്ഭുതത്തോടെ തിരിച്ചറിഞ്ഞത് അപ്പോഴാണ്. സ്ട്രീറ്റ് വെളിച്ചത്തേക്കാൾ ഭംഗിയായി ചന്ദ്രൻ ഉദിച്ചുയർന്നു നിൽക്കുന്നു. പൂർണ്ണചന്ദ്രൻ ഒന്നുമല്ല എന്നിട്ടും നല്ല നിലാവിൻറെ വെള്ളിപ്രകാശം .
ഞാൻ തിരിച്ചു പോകാനായി വണ്ടി ഇടത്തേയ്ക്കെടുത്തു.  ഭാഗ്യത്തിനു 5 മിനിറ്റിൽ ലിപിൻ എന്നെ തിരിച്ചു വിളിച്ചു. അതു കൊണ്ട് എനിക്കവരുടെ വീട് കണ്ടെത്തുവാനായി. എന്താണ് ഇവിടെ ഇങ്ങനെ എട്ടുമണിക്ക് ആളുകൾ ഉറങ്ങുന്നത് എന്ന് ചോദിച്ചപ്പോൾ ഇതെല്ലാം റിട്ടയർ ചെയ്ത് പ്രായമായ മനുഷ്യരുടെ വീടുകളാണെന്നും ഞങ്ങളുടെ കുടുംബം മാത്രമാണ് കുട്ടികൾ ഉള്ളതിനാൽ അല്പം വൈകി കിടക്കുന്നത് എന്നും ഉത്തരം കിട്ടി
എനിക്ക് സമ്പൂർണ്ണ തൃപ്തിയായി. പ്രേതക്കോളനികളല്ലയിതെന്നു മനസ്സിലായല്ലോ.. താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ കണ്ണാടിയില്ലായിരുന്നുവല്ലോ ഞാനെന്നെ അന്നു കണ്ടിട്ടില്ല.കോണിയിറങ്ങി വരുമ്പോൾ ലിപിന്റെ വീട്ടിലെ കണ്ണാടിയിൽ ഞാനെൻറെ രൂപം കണ്ടു.
ചാന്ദ്ര വെളിച്ചത്തിലും മുല്ലപ്പൂക്കൾ പടർന്നുകിടക്കുന്ന വള്ളിപ്പടർപ്പുകളിലെ വശ്യസുഗന്ധകാറ്റിലും നടന്നുവന്ന എനിക്ക് മരിച്ചു പോയ ഒരാളുടെ മുഖം ഉണ്ടോ എന്ന് സൂക്ഷിച്ചു നോക്കി.
രണ്ട് ദിവസമായി 55 ഗവേഷണ പ്രബന്ധങ്ങൾ കേട്ടതിനു ശേഷം എനിക്ക് നല്ല വിളർച്ച ബാധിച്ചതായി ഞാൻ കണ്ടു. സാമാന്യത്തിൽ അധികം ദയനീയവും രക്തം വറ്റിയതും പോലെ വിളർത്തിരുന്നു എൻറെ മുഖം.
ശരിയാണ് മരണത്തിന്റെ വെള്ളച്ഛായയും തണുനിലാവും ആയിരമോണപ്പൂമണവും പിന്വഴിയിൽ തങ്ങി, കണ്ണാടിയിൽ  വെള്ളസാരിയിൽ പ്രേതരൂപണിയായി തന്നെ ഞാൻ നിന്നു... കാറ്റിൽ സാരിയിളകിപ്പറന്നു...
“എന്താ ചേച്ചി? നോക്കുന്നത്?”
ലിപിന്റെ ഭാര്യ രവീണ വിളിച്ചു.
“ഏയ്യ് ഒന്നുമില്ല?”
ജീവിച്ചിരിക്കുമ്പോൾ എന്റെ പ്രേതസ്വരൂപം ഇങ്ങനെയെങ്കിൽ മരിച്ചു കഴിഞ്ഞാൽ അത് എന്തായിരിക്കുമെന്ന് ഓർത്തു...
“അമ്മ ചാല ഡെയ്ഞ്ചർ” എന്ന കുഞ്ഞൂട്ട വചനം ഓർമ്മിയ്ക്കെ ഞാൻ ചിരിച്ചുപോയി...
പിസി:അനിൽ ഗോപി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക