Image

ഒരു കുറ്റാന്വേഷണ കവിത(വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 07 September, 2023
ഒരു കുറ്റാന്വേഷണ കവിത(വേണുനമ്പ്യാര്‍)

1
ആരാണ് നടാടെ
ആദിപാപം ചെയ്ത കക്ഷി
ഒരുവന്‍ ചെയ്ത പാപത്തിന്
മറ്റൊരുവന്‍  കുറ്റം
ഏറ്റെടുക്കേണ്ടതുണ്ടോ

2
ചെയ്ത കുറ്റമെന്താണെന്നറിയില്ല
ആരും വിചാരണ ചെയ്തതായി
ഓര്‍മ്മയില്ല
ശിക്ഷയുടെ കാലാവധിയുമറിയില്ല
ഒരു വേള അദൃശ്യനായ വേട്ടക്കാരന്റെ
തമാശയാകാം
തുറന്ന ആകാശത്തിനു കീഴെ
അടച്ചിട്ടൊരു ലോഹക്കൂടില്‍
സ്വപ്നം കാണുന്നു അനന്തനീലിമയെ
ദയാപരനായ മറ്റൊരു രക്ഷകനെ


3
ഒരു കുറ്റത്തില്‍ നിന്ന്
വിടുതല്‍ നേടിയ ഒരാളെ
അതേ കുറ്റത്തിന്റെ പേരില്‍
വീണ്ടും വിചാരണ ചെയ്യാമൊ
മരിച്ച കുറ്റത്തിന്
പുനര്‍ജന്മം വിധിക്കാമൊ

4
കുറ്റം ചെയ്തവനെ
ശിക്ഷിക്കുവാനാകുമെന്ന്
കരുതുന്നത് പലപ്പോഴും
ഒരു മണ്ടത്തരമാകും
ശിക്ഷിക്കപ്പെടുമ്പോഴേക്കും
അയാള്‍ മറ്റൊരു ആത്മാവായി
മാനസാന്തരപ്പെട്ടിട്ടുണ്ടാകില്ലെന്ന്
ആര് കണ്ടു

5
വിധിയുടെ നിയോഗമനുസരിച്ച്
ഒരു കറുത്ത ദിവസം വേട്ടക്കാരന്‍
ഭൂമിയില്‍നിന്നും അപ്രത്യക്ഷനാകും
ആ ദിവസം പുലരുംമുമ്പെങ്കിലും
ഇരയ്ക്ക് നീതി കിട്ടണേയെന്ന്
പ്രത്യാശിക്കട്ടെ

6
ആഫ്രിക്കന്‍ ഒച്ച് മൊഴിയുന്നു:
കുളിമുറിയില്‍
എല്ലാവരും നഗ്‌നരാണ്
ഇരയും വേട്ടക്കാരനും
കുറ്റവാളിയും വേശ്യയും
വക്കീലും ജഡ്ജങ്ങുന്നുമൊക്കെ

7
വിപ്ലവകവി പാടുന്നു:
വേശ്യാലയത്തിന്റെയും
ന്യായാലയത്തിന്റെയും ഭിത്തികള്‍
പടുത്തിരിക്കുന്നത്
ഒരേ കപ്പണയിലെ 
വെട്ടുകല്ലുകള്‍ കൊണ്ടത്രെ!

8
കുറ്റമൊന്നും ചെയ്യാത്ത ഒരുവന്‍
ആറു മാസം അഴിക്കകത്തായി.
പുറത്തിറങ്ങിയ ദിവസം
ഒരു പ്രതികാര വാശി
അവനെ വേട്ടയാടി.
പാതിരയ്ക്ക് വിധവയായ അയല്‍ക്കാരിയുടെ വീട്ടിലേക്ക്  
അവന്‍ അതിക്രമിച്ച് കയറി.
വരാന്തയില്‍ തൂക്കിയിട്ടിരുന്ന
പക്ഷിക്കൂടിന്റെ കൊച്ചുലോഹവാതില്‍
അവന്‍ തുറന്നു കൊടുത്തു
ഒരു ഗാനവുമായി
ആകാശത്തേക്കുയരും മുമ്പ്
കൂട്ടിലെ തത്ത അവന്റെ  കവിളത്ത്
ഒരു മുത്തം നല്‍കാന്‍ മറന്നില്ല

9
സര്‍വ്വതും മാറി മറിയുമീ ജഗത്തില്‍
യദൃഛയാ നിന്‍ മനവും മാറി മറിഞ്ഞതാകാം
സഖീ നീ വഞ്ചകിയല്ല
കൊടുംകുറ്റവാളിയുമല്ല
എങ്കിലും വിധിക്കട്ടെ  നിനക്കായി
മൃത്യുപര്യന്തമൊരു 
പ്രണയരഹിതജീവിതം!

____________________________________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക