
അറ്റ്ലാന്റാ : അയോവയില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രൈമറികളുടെ പ്രചരണം ചൂടുപിടിക്കുകയാണ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രചരണം തുടരുന്നു. എത്രനാള്‍ തുടര്‍ന്ന് ട്രംപിന് പ്രചരണം നടത്താന്‍ കഴിയും എന്ന ചോദ്യത്തിന് ഉത്തരമില്ല. ട്രംപിനെതിരായ കേസുകളുടെ വിചാരണ ആരംഭിക്കുമ്പോള്‍ കോടതി മുറികളില്‍ നിന്ന് വിട്ടു നില്‍ക്കാനാവില്ല.
2020ലെ പ്രസിഡെന്‍ഷ്യല്‍ ഇലക്ഷന്‍ അട്ടിമറിക്കുവാന്‍ ശ്രമിച്ചുവെന്ന കേസില്‍ വിചാരണ ആരംഭിച്ചാല്‍ പൂര്‍ത്തിയാക്കുവാന്‍ ജൂറിമാരെ തിരഞ്ഞെടുത്തതിനു ശേഷം നാലു മാസം വേണ്ടി വരുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. കേസില്‍ 150 ലധികം സാക്ഷികളുണ്ട്. ഇതിനര്‍ത്ഥം നാലുമാസം ട്രംപിന്റെ സാന്നിധ്യം കോടതി മുറികളില്‍ വേണ്ടിവരുമെന്നാണ്. അറ്റ്ലാന്റാ കോടതി മുറികളില്‍ മറ്റ് 18 കുറ്റാരോപിതര്‍ക്കൊപ്പം കാത്തിരിക്കുന്നതിനിടയില്‍ ഒരു ഫെഡറല്‍ കുറ്റം ഉള്‍പ്പെടെ ചാര്‍ത്തപ്പെട്ടിരിക്കുന്ന മറ്റ് മൂന്ന് ക്രിമിനല്‍ കേസുകളുടെ പുരോഗതിയും നിര്‍ണായകമാകും.
ഫുള്‍ടണ്‍ കൗണ്ടി സുപ്പീരിയര്‍ ജഡ്ജ് സ്‌കോട്ട് മക്കഫിയുടെ കോടതിയിലാണ് ട്രംപിന്റെയും മറ്റു 18 പേരുടെയും കേസുകള്‍ നടക്കുക. ട്രംപിന്റെ പ്രചരണ വിഭാഗം അറ്റോര്‍ണിമാരായിരുന്നു കെന്നത്ത് ജെചെസ് ബ്രോ, സിഡ്‌നി പവല്‍ എന്നിവരും 18 പേരില്‍ ഉള്‍പ്പെടുന്നു. ചെസ് ബ്രോയും, പവലും തങ്ങളുടെ കേസുകള്‍ പ്രത്യേകം പ്രത്യേകം വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളും സാക്ഷികളും ഒന്നായതിനാല്‍ പ്രത്യേക വിചാരണകള്‍ നടത്താനാകില്ലെന്ന് ഡെപ്യൂട്ടി ഫുള്‍ട്ടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി വില്‍ വൂടണ്‍ വാദിച്ചു. മക്കഫി, ചെസ്ബ്രോക്കും പവലിനും ഒക്ടോബര്‍ 23നാണ് ജോയിന്റ് ട്രയല്‍ ഡേറ്റായി നല്‍കിയിരിക്കുന്നത്. ട്രംപിനും മറ്റ് ആരോപിതര്‍ക്കും ഇതേ വിചാരണ തീയതി തന്നെ നല്‍കണമെന്ന് വില്ലിസിന്റെ ഓഫീസ് വാദിക്കുന്നു.
ട്രംപും മറ്റ് ചില ആരോപിതരും ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തങ്ങള്‍ക്ക് വിചാരണ നേരിടാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വാദിക്കുന്നു. ഒറ്റക്കോ പ്രതികളെ കൂട്ടമായിട്ടോ വിചാരണ ചെയ്യുന്നതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് മക്കഫി വ്യക്തമാക്കി. ഫുള്‍ടണ്‍ കൗണ്ടി ഗ്രാന്‍ഡ് ജൂറി കഴിഞ്ഞമാസമാണ് 41 കുറ്റകൃത്യങ്ങള്‍ ട്രംപ് ഉള്‍പ്പെടെ 19 പേരില്‍ ചുമത്തിയത്. മക്കഫിക്ക് ഈ കേസ് നല്‍കിയതിനു ശേഷം ആദ്യമായാണ് പ്രോസിക്യൂട്ടര്‍മാര്‍ അദ്ദേഹത്തിനു മുന്നില്‍ ഹാജരാവുന്നത്. ഈ വര്‍ഷമാണ് മക്കഫി കോടതി ബെഞ്ചിലെത്തിയത്. ഇതിനുമുന്‍പ് സ്റ്റേറ്റ് ഇന്‍സ്‌പെക്ടര്‍ ജനറലും, ഫെഡറല്‍ സ്റ്റേറ്റ് പ്രോസിക്യൂട്ടറും ആയിരുന്നു. വില്ലീസിന്റെ കീഴിലും ജോലി ചെയ്തിട്ടുള്ളതിനാല്‍ അവരുടെ സ്വാധീനം ഉണ്ടാവാം എന്ന് ചിലര്‍ ആരോപിക്കുന്നു. കേസ് അപ്പീലിന് പോയാല്‍ ഇതൊരു വാദമായി പ്രതിഭാഗം ഉയര്‍ത്തിയേക്കും.
എബ്രഹാം തോമസ്
Engish Summary : Will Trump have to spend his campaign days inside a courtroom?