യാത്രകളുടെ ശേഷിപ്പുകൾ- തുടർച്ച ….
ഫിന്‍ലാന്‍ഡ് യാത്രാവിവരണ പുസ്തകമായ ‘കുഞ്ഞിളം ദ്വീപുകള്‍’ മലയാളത്തിലെ സഞ്ചാരസാഹിത്യകൃതികളില്‍ വച്ച് ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. അതുല്യം എന്ന് തന്നെ ഇതിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. ബാള്‍ട്ടിക് സമുദ്രപുത്രിയായ ഫിന്‍ലാന്‍ഡിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളില്‍ നിന്നു തുടങ്ങി ഫിന്‍ലാന്‍ഡിന്‍റെ സംസ്കൃതികളിലൂടെ കാലികമായ അരങ്ങുകളിലേക്കെത്തുന്ന വിധമാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. വിശിഷ്യാ ആ നാടിന്‍റെ ഗ്രാമീണ
ചാരുത, അവിടുത്തെ ജനങ്ങളുടെ സാംസ്കാരികത്തനിമ എന്നിവയെല്ലാം ഒരു മാലയിലെന്നപോലെ യാത്രികന്‍ കോര്‍ത്തുകെട്ടിയിരിക്കുന്നു.
ഇതിനൊപ്പം കലാസാഹിത്യ ആരോഗ്യഭരണ രംഗങ്ങളെക്കുറിച്ചും ആ മേഖലകളില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച് രാജ്യത്തെ ഉന്നതിയിലെത്തിച്ച പ്രതിഭാധനരെയും ഈ യാത്രാപുസ്തകത്തില്‍ കണ്ടെത്താനാകും. അതുകൊണ്ട് തന്നെ കാരൂരിന്‍റെ മറ്റുയാത്രാപുസ്തകങ്ങളുടെ മുഖ്യപ്രത്യേകത ഈ പുസ്തകത്തിലും സവിശേഷമായൊരു അനുഭവം പങ്കിടുന്നുണ്ട്. അത് വൈജ്ഞാനിക സംസ്കാരത്തിനു ലഭ്യമാകുന്ന ഒരപൂര്‍വ്വ ബഹുമതി കൂടിയാണ്. ‘കുഞ്ഞിളം ദ്വീപുകള്‍’ വൈജ്ഞാനിക സാഹിത്യ ത്തിനു കൂടി മുതല്‍ക്കൂട്ടുള്ള ഒരു പുസ്തകമാണ്.
ഫിന്‍ലാന്‍ഡിലേക്കെത്തും മുന്‍പ് ഓര്‍മ്മകളുടെ ഒരു വഴിയമ്പലം അതീവഹൃദ്യമായ ഭാഷയില്‍ കാരൂര്‍ വരച്ചിടുന്നുണ്ട്. അത് ബാല്യകാലസ്മരണയാണ്. കാരൂര്‍ എഴുതുന്നത് ശ്രദ്ധിക്കുക. ‘ബാല്യത്തില്‍ ഞാന്‍ തികഞ്ഞ വികൃതിയായിരുന്നു. നിരന്തരം അടിവാങ്ങുന്നവന്‍. അതുകൊണ്ട് തന്നെ ക്രിസ്മസ് അപ്പൂപ്പന്‍ ഒരിക്കലുമെനിക്ക് സമ്മാനം തന്നില്ലെന്ന് പറഞ്ഞാല്‍ കേള്‍ക്കില്ലെന്ന് തോന്നിയതുകൊണ്ടാകും. ഇത്തരം കഥകള്‍ ആരും പറഞ്ഞു തന്നിട്ടുമില്ല. പക്ഷേ, എന്‍റെ ബാല്യത്തിലും നാട്ടില്‍ ക്രിസ്മസ് ഗായകസംഘത്തിനൊപ്പവും റോഡിലൂടെ പാട്ടുപാടിയും മറ്റും ക്രിസ്മസ് അപ്പുപ്പന്‍ വീട്ടില്‍ എത്തിയിരുന്നു. കുടവയറും അറ്റം വളഞ്ഞവടിയും വെള്ളത്താടിയും ചുവപ്പുകോട്ടും ചുവപ്പ് തൊപ്പിയും ബെല്‍റ്റുമൊക്കെ അണിഞ്ഞ ക്രിസ്മസ് ഫാദര്‍ ഇന്നും മനസ്സിലുണ്ട്.’ സാന്താക്ലോസിനെ തേടി ഫിന്‍ലാഡിലേക്ക് യാത്രതിരിക്കും മുന്‍പ്, ആ യാത്രയ്ക്ക് എത്രയോ മുന്‍പ് അനുഭവിച്ച ഓരോര്‍മ്മ അവതരിപ്പിക്കുകയാണ് യാത്രികന്‍. ഈ ഓര്‍മ്മയെഴുത്തിന്‍റെ യാഥാര്‍ത്ഥ്യത്തിലേക്ക് കാരൂര്‍ നടന്നുകയറുന്നത്. ഫിന്‍ലാന്‍ഡിന്‍റെ ആരെയും കൊതിപ്പിക്കുന്ന മഞ്ഞുമലകളെയും താഴ്വാരങ്ങളെയും കണ്ടുനടക്കുമ്പോള്‍ ഈ യാത്രികനുള്ളില്‍ അഭിരമിക്കുന്നൊരു അഭിജാത സംസ്കാരമുണ്ട്. ആ സംസ്കാരത്തെയാണ് ഓരോ യാത്രയില്‍ നിന്നും കാരൂര്‍ കണ്ടെടുക്കുന്നത്. ഇത് എഴുത്തുകാരായ മറ്റു യാത്രികര്‍ ചെയ്യാത്ത ഒരു കാര്യമാണ്. അവര്‍ കാണുന്ന കാഴ്ചയെ വളരെ യാന്ത്രികമായി വിശദീകരിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ കാരൂരിലെ യാത്രികന്‍ കണ്ടതും കേട്ടതുമായ നിമിഷങ്ങളെ വൈകാരികമായി സ്വീകരിക്കുന്നു. കണ്ടതും കേട്ടതും സത്യമായി തന്നെ അവതരിപ്പിക്കുന്നു. അവിടെ കാരൂരിന് മുന്‍വിധികളില്ല. ഉള്ളത് കണ്‍മുന്നില്‍ കണ്ട സത്യം മാത്രമാണ്. ആ സത്യത്തെയാണ് എല്ലാക്കാലവും കാരൂരിലെ എഴുത്തുകാരനും യാത്രികനും പിന്‍തുടരുന്നത്. ആദ്യ അദ്ധ്യായത്തില്‍ തന്നെ ഒരു പ്രധാനവിഷയം കാരൂര്‍ അവതരിപ്പിക്കുന്നുണ്ട്. അത് നാടുകാണാന്‍ ഇറങ്ങിത്തിരിച്ച ഒരാള്‍ കൈയ്യില്‍ ഒരു പുസ്തകം കരുതേണ്ടതുണ്ടോ എന്നാണാ ചോദ്യം ആ ചോദ്യത്തെ ലോകത്തിന്‍റെ വായന സംസ്കാരത്തെ ഒരു പരിച്ഛേദം നിലയിലാണ് കാരൂര്‍ അവതരിപ്പിക്കുന്നത്. “യാത്രകളില്‍ പുസ്തകങ്ങള്‍ കൂടെ കൊണ്ടുപോവുക ബ്രിട്ടീഷുകാരന്‍റെ വിശ്വാസ പ്രമാണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് ബ്രിട്ടീഷ് വിദ്യാഭ്യാസം ചെറുപ്പം മുതല്‍ കുട്ടികളില്‍ ഊട്ടി ഉറപ്പിക്കുന്ന ഒരു ഗുണമാണ്. ഇന്ത്യയില്‍ വായനയ്ക്ക് പകരം മതമൗലികവാദങ്ങളും വളമിട്ടു വളര്‍ത്തുന്നു.” ഇതു പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ഒരു യാത്രികന് പറയേണ്ട ആവശ്യമില്ല. കണ്ട് പോകുന്ന സ്ഥലവിവരണമാണ് പലപ്പോഴും സഞ്ചാരികള്‍ യാത്രാപുസ്തകങ്ങളില്‍ പകര്‍ത്തി വയ്ക്കാറുള്ളത്. എന്നാല്‍ യാത്രാപുസ്തകങ്ങളിലെ അംഗീകൃതപാരമ്പര്യങ്ങളെയാകെ ഉടച്ചുകളഞ്ഞുകൊണ്ട് പ്രമേയ കേന്ദ്രിതമായ മറ്റൊരു ആശയത്തിനു കൂടി കാരൂരിലെ യാത്രികന്‍ വഴി മരുന്നിടുന്നു. ഇത് മൗലികമായൊരു തനിമയാണ്. കണ്ടുപോകുന്ന കാഴ്ചകള്‍ക്ക് സമാന്തരമായി വ്യത്യസ്തങ്ങളായ ആലോചനാവിഷയങ്ങള്‍ കൂടി കാതോര്‍ക്കുന്ന ഒരു എഴുത്തനുഭവമാണിത്. ഇത്തരം വിവിധ വിഷയങ്ങള്‍, അതിന്‍റെ ആധികാരികതയോടെ കാരൂര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
മരണമില്ലാത്ത കരിങ്കല്‍ ദേവാലയവും സഞ്ചാരികളുടെ പറുദീസ യായ സുമലിന്നയും സൗന്ദര്യം വിളമ്പുന്ന ദ്വീപുകളും ഹെല്‍സിങ്കിയിലെ സ്വര്‍ഗ്ഗീയ താക്കോലും അനുഭവിച്ചുള്ള യാത്ര കൗതുകം എന്ന പോലെ തന്നെ വിജ്ഞാനപ്രദവുമാണ്. ഈ യാത്ര സംസ്കൃതിയിലേക്കുള്ള മടക്കയാത്ര കൂടിയാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരദ്ധ്യായമാണ് ഫിന്‍ലന്‍ഡിന്‍റെ പൈതൃകസ്വത്തായ അറ്റെനെ മ്യൂസിയത്തെക്കുറിച്ചുള്ളത്. മ്യൂസിയത്തിലേക്കുള്ള മനോഹരമായ വഴിത്താരയുടെ മദ്ധ്യേ ഫിനിഷ് കവിയും കഥാകാരനും പത്രപ്രവര്‍ത്തകനുമായ ഈനിലേയ്നോയുടെ മാര്‍ബിള്‍ പ്രതിമ കണ്ടകാര്യം യാത്രികന്‍ രേഖപ്പെടുത്തു ന്നുണ്ട്. വെറുതെ ആ പ്രതിമകണ്ട് പോവുകയല്ല കാരൂര്‍. ഈനിലേയ്നോയെക്കുറിച്ച് അര്‍ത്ഥദീപ്തവും സംക്ഷിപ്തവുമായൊരു വിവരണം കൂടി നല്‍കിയ ശേഷമാണ് യാത്രികന്‍ മുന്നോട്ടു നീങ്ങുന്നത്. ഈ സംക്ഷിപ്തവിവരണം സുദീര്‍ഘമായൊരു പ്രബന്ധത്തിന്‍റെ സിനോപ്സിസ് അല്ലെ എന്നു തോന്നി. കാരണം ഈനിലേയ്നോയെപ്പോലെ പ്രതിഭാധനനായ ഒരാളുടെ സര്‍ഗ്ഗാത്മകജീവിതത്തെ ഇത്ര ചുരുക്കി അവതരിപ്പിക്കുന്നതെങ്ങനെ. ഈ സന്ദേഹത്തെയാണ് കാരൂര്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ മറികടന്നത്. മറ്റൊന്ന്, വിഖ്യാതനായ ഈനിലേയ്നോ മലയാളത്തില്‍ പ്രസിദ്ധീകൃതമായ ഒരു വിശ്വസാഹിത്യകോശങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നു കൂടി പറയേണ്ടതുണ്ട്. അദ്ദേഹത്തിന്‍റെ കവിതകള്‍ പോലും ഭാഷാന്തരീകരിച്ച് മലയാളത്തില്‍ വന്നിട്ടില്ല എന്നു തിരിച്ചറിയുമ്പോഴാണ് കാരൂരിനെപ്പോലുള്ളവര്‍ ചെയ്യുന്ന മഹത്തായ സേവനത്തിന്‍റെ മൂല്യം നാം തിരിച്ചറിയുന്നത്. കാരൂരിന്‍റെ യാത്രാ വിവരണങ്ങളിലെല്ലാം ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ജീവിക്കുന്ന, ജീവിച്ചിരുന്ന വലിയ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന ഒരു സംസ്കാ രമുണ്ട്. ഷെയ്ക്സ്പിയര്‍, ഡിക്കന്‍സ് തുടങ്ങിയവരൊഴികെയുള്ളവര്‍ പലപ്പോഴും മലയാളിക്ക് അത്ര സുപരിചിതരായിരിക്കണമെന്നില്ല. എന്നാല്‍ കാരൂര്‍ നമ്മുടെ ശ്രദ്ധയില്‍ അത്ര പെട്ടെന്ന് കയറിക്കൂടിയിട്ടില്ലാത്ത മഹാവ്യക്തിത്വങ്ങളെ ആധികാരികമായി തന്നെ പരിചയപ്പെടുത്തുകയും അവരുടെ മഹത്തായ കൃതികളെ അതിന്‍റെ ഗൗരവതലത്തില്‍ ഉദാത്തമായി തന്നെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇത് മഹത്തായ ഒരു സാഹിത്യ സേവനം തന്നെയാണ്.