'വികസനത്തിന്റെ വസന്തോത്സവ'മായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന ജയ്ക്ക് സി തോമസിന്റെ മുദ്രാവാക്യം കടമെടുത്ത പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ പാരമ്പര്യത്തെ ഒരിക്കല്‍ കൂടി പരിരംഭണം ചെയ്തുകൊണ്ട് ചാണ്ടി ഉമ്മനെ ആദ്യമായി നിയമസഭയിലേക്കയച്ചു.
വോട്ടെണ്ണല്‍ തുടങ്ങി മൂന്നുമണിക്കൂറിനുള്ളില്‍ ഉമ്മന്‍ചാണ്ടിക്കു ജീവിതകാലമത്രയും ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം അനായാസേന മറികടക്കാന്‍ ചാണ്ടി ഉമ്മന്‍ സാധിച്ചു. 2012ല്‍ സുജ സൂസന് ജോര്‍ജിന്റെ മേല്‍ നേടിയ 33,325 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ നിഷ്പ്രഭമായത്.
(ഇനിമുതൽ നേരെ ചൊവ്വേ)
ദേശീയ നേതാക്കളെ കളത്തിലിറക്കി ബിജെപി നടത്തിയ പ്രചാരണം കൊണ്ട് പുല്‍ക്കൊടിയുടെ പ്രയോജനം ലഭിച്ചില്ല. അവരുടെ ആകെ വോട്ട് 11,494 ല്‍ നിന്ന് കൂപ്പുകുത്തി. എല്‍ഡിഎഫ് ന് ലഭിച്ച ആകെ വോട്ടു യുഡിഎഫ് നേടിയതിന്റെ പകുതിപോലും ആയില്ല. തന്മൂലം ബിജെപിയുടെയും എല്‍ഡിഎഫിന്റെയും വോട്ടുകള്‍ ഒരുപോലെ യുഡിഫിയുഡിഎഫിലേക്കൊഴുകി.
പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകള്‍ ഒന്നടങ്കം യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചു. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിനോടൊപ്പം പോയ അകലക്കുന്നം, കൂരോപ്പട, പാമ്പാടി, പുതുപ്പള്ളി, മണര്‍കാട്, വാകത്താനം എന്നീ പഞ്ചായത്തുകളാണ് ഇത്തവണ മറുപക്ഷം ചേര്‍ന്നു ചരിത്രം തിരുത്തിയത്.
(പിന്തുണച്ച കുടുംബത്തിനൊപ്പം)
മണര്‍കാട് സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് പെരുനാള് സമാപിച്ച വെള്ളിയാഴ്ച്ച യാഥാര്‍ത്ഥത്തില്‍ പുതുപള്ളി വലിയ പള്ളിയിലെ ഗീവര്‍ഗീസ് പുണ്യവാളന് മറ്റൊരു പെരുനാള് ആഘോഷിക്കുകയാണ് ഈ വിജയത്തോടെ. വിജയം ഉറപ്പിച്ചയുടന്‍ ചാണ്ടിഉമ്മന് പള്ളിയിലെ പിതാവിന്റെ കബറിടത്തിലെത്തി മുട്ടുകുത്തി സന്തോഷാശ്രുക്കളുടെ നറുമലരുകള്‍ അര്‍പ്പിച്ചു.
സഭയില്‍ മൃഗീയ ഭൂരിപക്ഷം ഉള്ള പിണറായി ഗവര്മെന്റിനു എതിര് പക്ഷത്തുണ്ടായ ഈ വിജയം അല്പവും ഭീഷണിയല്ല. എങ്കിലും 24-ല്‍ ലോകസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കോണ്‍ഗ്രസ്സിന് ഇത് ശക്തി പകരും. ഒപ്പം കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആഞ്ഞടിച്ചതുപോലെ പിണറായി ഗവര്‍മെന്റിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ജനവികാരമാണ് പുതുപ്പള്ളിയില്‍ പ്രതിഫലിച്ചതെന്ന ആക്ഷേപം ഗവര്‍മെന്റിനെ എ പ്പോഴും അലട്ടിക്കൊണ്ടിരിക്കും.
(എതിരാളിയോടൊപ്പം ഒരേ വേദി)
രാഹുല്‍ ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ ഭാരത് ജോഡോ യാത്രയില്‍ കൂടെ സഞ്ചരിച്ച ആളെന്ന നിലയില്‍ അദ്ദേഹം അമേഠിയോടൊപ്പം വയനാട്ടിലും മത്സരിച്ചാല്‍ ആദ്യന്തം കൂടെയുണ്ടാവും ചാണ്ടിഉമ്മന്. 37 കാരനായ ചാണ്ടിക്കും 57കാരനായ രാഹുലിനും ഒരു പൊതു സ്വഭാവമുണ്ട്. ഇരുവരും അവിവാഹിതരാണ്.
മോഡി ഭരണകൂടത്തെ പുറത്താക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചണിനിരത്തിയ 'ഇന്‍ഡ്യാ' മുന്നണിയില്‍ കോണ്ഗ്രെസും സിപിഎമ്മും ഒന്നിച്ചുള്ളതിനാല്‍ കേരളത്തില്‍ ഇരുകക്ഷികളുടെയും സമവാക്യങ്ങള്‍ ഇനിയും ഉരുത്തിരിയാനിരിക്കുന്നതേ ഉള്ളു. ഇവിടെ ബിജെപിയ്ക്കെതിരെ പടവാളുതിര്ക്കുന്ന രണ്ടുകൂട്ടരും തത്ക്കാലം കേരളരാഷ്രീയത്തിലെ വൈരുധ്യങ്ങളായി തുടരും.
(അപ്പയുണ്ടായിരുന്ന ക്രിസ്മസ്)
വികസനം നല്ലതുതന്നെ. സംശയമില്ല. 2006ല്‍ കോട്ടയത്ത് നിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇപ്പോഴത്തെ ഏറ്റുമാനൂര്‍ എംഎല്‍എയും സഹകരണ, രജിസ്ട്രേഷന് മന്ത്രിയുമായ വിഎം വാസവന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വിളിച്ച് കൂട്ടിയ ഒരു വികസന സെമിനാര്‍ ഞാന്‍ ഓര്‍ക്കുന്നു. അതില്‍ ആവേശത്തോടെ പങ്കെടുത്ത ആള് ആണ് ഞാന്‍.
അന്ന് സെമിനാറില്‍ വിതരണം ചെയ്ത വര്‍ണോജ്വലമായ ബ്രോഷര്‍ (പഠനരേഖ) ഇന്നും കളയാതെ സൂക്ഷിച്ചിട്ടുണ്ട്. ശിവകാശിയില്‍ അച്ചടിച്ചതാവണം. ഒന്നിന് അമ്പത് രൂപയെങ്കിലും ആയിക്കാണും. നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയ ഭേദമെന്യ ജനങ്ങള്‍ ഒന്നിച്ച് നീങ്ങണം എന്നാഹ്വാനം ചെയ്ത ബ്രോഷറില്‍ എന്തെല്ലാം സ്വപ്ന പദ്ധതികളാണ് അവതരിപ്പിച്ചിരുന്നത്!
(രാഹുലിനൊപ്പം വയനാട്ടിൽ )
ഒരു ഉദാഹരണം മാത്രം പറയട്ടെ. കോട്ടയം നഗരഹൃദയത്തില്‍ ഗതാഗതക്കുരുക്കു ഒഴിവാക്കാനായി വാസവന്റെ പിന്‍ഗാമിയും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊണ്ട് വന്നു പണി പകുതിപൂര്ത്തിയാക്കിയ ആകാശപ്പാത ഇന്നും തുരുമ്പെടുത്ത് നോക്കുകുത്തിയായി നില്ക്കുന്നു.
തിരുവഞ്ചൂരിനെതിരെ 2021ല്‍ മത്സരിച്ച് പരാജയപ്പെട്ട അഡ്വ, അനില്‍കുമാറും വോട്ടറെടുപ്പിനു തൊട്ടു മുമ്പ് വര്‍ണഭംഗിയുള്ള ഒരു പ്രകടനപത്രിക വിതരണം ചെയ്തിരുന്നു. അതില്‍ എടുത്ത് കാണിച്ചിരുന്നത് ഈ ആകാശപ്പാത തന്നെ. തിരുവഞ്ചൂരിന്റെ കെടുകാര്യസ്ഥത തുറന്നു കാട്ടുവാന്‍. കോണ്‍ഗ്രസ്കാരനായ തിരുവഞ്ചൂര്‍ ഇന്ന് എംഎല്‍എ. പക്ഷെ രാഷ്ട്രീയ ഭേദമെന്യേ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ എന്തുകൊണ്ട് അനില്‍ പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷം ശുഷ്ക്കാന്തി കാട്ടുന്നില്ല?
ഇത്തവണത്തെ മത്സരത്തില്‍ പുതുക്കി പണിയാത്ത ഒരു തടിപ്പാലം തന്റെ മണ്ഡലത്തില്‍ ആയിരുന്നിട്ടും പുതുപ്പള്ളി മണ്ഡലത്തിലേതാണെന്നു കാട്ടി വാസവനും സഖാക്കളും കൊട്ടിപ്പാടി നടക്കുകയുണ്ടായി. ഏതു മണ്ഡലത്തിലായാലും പാലം അതേപടി കിടക്കുന്നു. വികസനം പറയുന്ന വാസവന് എന്തുകൊണ്ട് ആ തടിപ്പാലം മാറ്റി നല്ലതൊന്നും നിര്‍മ്മിക്കുന്നില്ല?
പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ പുതുപ്പള്ളി ഉള്‍പ്പെടെ ആറിലും ഇടതുപക്ഷമാണ് ഭരിക്കുന്നത്. വികസനമന്ത്രം ഉദ്ഘോഷിച്ചു ഗവര്‍മെന്റ് തുടര്‍ച്ചയായി രണ്ടാം ഊഴം നേടിയിട്ടും പുതുപ്പള്ളിയിലെ പഞ്ചായത്തുകളില്‍ കാണുന്ന വികസന മുരടിപ്പിന് യഥാര്‍ത്ഥത്തില്‍ ഉത്തരവാദികള്‍ ഈ പഞ്ചായത്തുകളും ഗവര്മെന്റുമല്ലേ?
വോട്ടിങ്ങുകഴിഞ്ഞപ്പോള് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ സമ്മതിദായകരോട് ചോദിച്ചു: വികസനത്തിനോ വ്യക്തികള്‍ക്കോ വോട്ടു ചെയ്തതത്? വികസനത്തിന് എന്ന് ഉത്തരം നല്കിയവര് നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പില്‍ മനം മടുത്തവര്‍ ആണെന്ന് കരുതിയാല്‍ തന്നെ അതൊന്നും കണക്കാക്കാതെ ചാണ്ടി ഉമ്മന്‍ വോട്ടുചെയ്തു എന്ത് കൊണ്ട് എന്ന് ജയ്ക്ക് സി തോമസ് ആലോചിക്കണം.
ഒരു മോഡല്‍ കൂടിയായി പ്രവര്‍ത്തിച്ചിട്ടുള്ള അച്ചു ഉമ്മന്റെ വേഷവിധാനങ്ങളെക്കുറിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപം ഉന്നയിച്ചവര്‍ക്കും ഒമ്പതുമാസം ഗര്‍ഭിണിയായ ഗീതു തോമസിനെ ഇറക്കി വോട്ടു ചോദിച്ചതിനെ പരിഹസിച്ചവര്‍ക്കും വോട്ടര്‍മാര്‍ ഒരേ ഒരു ഉത്തരം നല്കി: അതൊന്നും ഞങ്ങള്‍ കണക്കാക്കിയതേ ഇല്ല.
കോട്ടയത്ത് നിന്ന് പുതുപ്പള്ളി വഴി കറുകച്ചാലിനോ മല്ലപ്പള്ളിക്കോ കോഴഞ്ചേരിക്കോ പത്തനംതിട്ടക്കോ ശബരിമലക്കോ പുനലൂര്ക്കോ തിരുവനന്തപുരത്തിനോ പോകുന്നവര്‍ക്കറിയാം പുതുപ്പള്ളി കവലയിലെ യാത്രാദുര്ഘടം. വലതുപക്ഷം ഭരിച്ചിട്ടും ഇടതുപക്ഷം ഭരണം പിടിച്ചെടുത്തിട്ടും ആ കുരുക്കു അഴിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ചാണ്ടി ഉമ്മാന്റെ ആദ്യപരിശ്രമം അതിനായിരിക്കട്ടെ.
അമേഠിയില്‍ ജയിച്ച ശേഷം രാഹുല്‍ അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്നതിന്റെ പേര് പറഞ്ഞാണ് സ്മൃതി ഇറാനി അവിടെ അട്ടിമറി വിജയം നേടിയത്. ഇത്രയും കാലം ഒരു വലിയ പിതാവിന്റെ നിഴലില്‍ കഴിഞ്ഞിരുന്ന ചാണ്ടി ഉമ്മനു ഇനി അതു പറ്റില്ല. മണ്ഡലത്തിലെ ഒരോ ആവശ്യത്തിനും വേണ്ടി ഓടിനടക്കണം. ജയ്ക്കിനും ഒരു വാണിങ് ആണിത്. കല്യാണം കഴിഞ്ഞപ്പോള്‍ സ്വന്തം പള്ളിയെയോ പള്ളിക്കാരെയെയോ ജയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആക്ഷേപം ഉണ്ട്.
ഞാന്‍ കഴിഞ്ഞ ദിവസം ഇടുക്കിയിലെ പാഞ്ചാലിമേടിനടുത്ത് ഒരു ഹെര്‍മിറ്റേജ് (സന്യാസാശ്രമം എന്നര്‍ത്ഥം) സന്ദര്‍ശിച്ചു. പാലാ കത്തോലിക്കാ രൂപതയിലെ ഓക്സിലറി ബിഷപ് സ്ഥാനം പരിത്യജിച്ചു മലമുകളിലെ ആ കൊച്ചു വീട്ടില്‍ പ്രാര്‍ഥനയും ജപമാലയുമായി കഴിയുന്ന ജേക്കബ് മുരിക്കന്‍ എന്ന പിതാവിനെ കാണാന്‍.
ആശ്രമത്തിനു മുമ്പില്‍ പാര്‍ക് ചെയ്ത ടൊയോട്ട ഗ്ലാന്‍സാ കാറില്‍ നിന്ന് ഇറങ്ങിവന്നു പിതാവിനെ അഭിവാദ്യം ചെയ്തവരില്‍ ഒരാള്‍ പാലായിലെ സിപിഎം ഏരിയാ സെക്രട്ടറി പിഎം ജോസഫ് എന്ന അപ്പച്ചന്. കാര്‍ ഓടിച്ചിരുന്ന കൂട്ടുകാരന് ജോയ് ചേര്‍പ്പുങ്കല്‍ സര്‍വഥാ പള്ളിയില്‍ തന്നെ. മൂന്നു മണിക്ക് ഉണര്‍ന്നു രണ്ടുമണിക്കൂര്‍ പ്രാര്‍ത്ഥനക്കു ശേഷം തയ്യാറാക്കിയ ചൂടു കഞ്ഞിയും പയറുകറിയും അച്ചാറും പിതാവു തന്നെ ഞങ്ങള്‍ക്ക് വിളമ്പി.
പോകുന്നതിനു മുമ്പ് കാറില്‍ വിശ്വാസികള്‍ സംഭാവന ചെയ്ത പവിഴം, നിര്‍മ്മല്‍ അരിയുടെ പാക്കറ്റുകള്‍ പിതാവ് അവരെ ഭരമേല്പിച്ചു. അവരതു ഭരണങ്ങാനത്തെ സ്നേഹഭവന് കോണ്‍വന്റിലും ഇടപ്പാടിയില്‍ കൈപ്പന്‍പ്ലാക്കല്‍ അനാഥാലയത്തിലും വിതരണം ചെയ്തു. പിതാവ് പാലാ അരമനയില്‍ കഴിഞ്ഞിരുന്ന കാലത്ത് ആരംഭിച്ച സൗഹൃദത്തിന്റെ മുറിയാത്ത കണ്ണികള്ആണ് അപ്പച്ചനും ജോയിയും.
സിദ്ധാന്തം വേറെ, വിശ്വാസം വേറെ. ജയക് ഇനിയും അതൊക്കെ തിരിച്ചറിയണം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദത്തിനു പഠിച്ച കാലത്ത് സിഎംഎസ് കോളജിലെ ബെഞ്ചും ഡസ്കും കണ്ണാടി ജനാലകളും തല്ലിപ്പൊളിച്ചതു പോലെ അല്ല. ഇത് കേരളമാണ്. എല്ലാവരും എല്ലാം കാണുന്നുണ്ട്. വിശ്വാസം വെറും മിത്തല്ല!
കുര്യന് പാമ്പാടി
Engish Summary : Thunder of spring for Chandiputran in Pudupalli