Image

സ്നേഹസ്പന്ദനം (കഥ: ബീന ബിനിൽ, തൃശൂർ)

Published on 08 September, 2023
സ്നേഹസ്പന്ദനം (കഥ: ബീന ബിനിൽ, തൃശൂർ)

യാദൃശ്ചികമായാണ് ദേവി സൂപ്പർമാർക്കറ്റിൽ എത്തിയപ്പോൾ ഫ്ലോറൻസ് ആന്റിയെ കണ്ടത് . ഏകദേശം ഏഴുവർഷം മുമ്പാണ് പരസ്പരം കണ്ടത് , പിന്നീട് അമേരിക്കയിലായിരുന്നു. ഇപ്പോൾ നാട്ടിലെത്തിയതാണ് എന്നെ കണ്ടതും മനസ്സിലായില്ല വിളിച്ചപ്പോഴാണ് മോളേ എന്ന് പറഞ്ഞ് എന്നെ തിരിച്ചറിഞ്ഞത്, മക്കളൊക്കെ ഇത്രയായില്ലേ? നീ ധൈര്യവതി തന്നെ. അവന്റെ വീട്ടുകാർ എന്നു പറഞ്ഞ് ആന്റി മുൻകാല കാര്യം പറഞ്ഞു തുടങ്ങി.

ആ മരണ വീട്ടിൽ നിന്ന് ഏറ്റവും അവസാനം ഇറങ്ങിപ്പോയത് അവന്റെ അപ്പനും അമ്മയും സഹോദരങ്ങളുമായിരുന്നു  ,ദേവിയിൽ എല്ലാം ഒരു ഓർമ്മ പോലെ അവശേഷിച്ചു അല്ലേ? ആന്റി ചോദിച്ചു ,ഓർമ്മകളും അനുഭവങ്ങളും പുസ്തകങ്ങൾ ആയി പുറത്തിറങ്ങുമ്പോഴാണ് ഓരോരുത്തരും ഓർക്കുക ആന്റി, "ഈ സ്ത്രീ ഇത്രമാത്രം അനുഭവിച്ചല്ലോ എന്ന് അതിനുമപ്പുറം വായിക്കുന്നവർ ഓർക്കും അല്ലെങ്കിൽ ആത്മഗതമോ മറ്റോ ആരോടെങ്കിലും പറയും ഈ കാലത്തും ഇങ്ങനെയൊക്കെയുള്ള മനുഷ്യർ ഉണ്ടല്ലോ എന്ന്"ദേവിയുടെ വേദനകൾ പിഞ്ഞു കീറിയ തുണികൾ പോലെ പൊടിയുന്നു.

തെളിഞ്ഞ ആകാശത്തെ നോക്കി നെടുവീർപ്പിട്ടു കൊണ്ട് അവൾ ആന്റി പറയുന്നതിൽ മൂളിയിരുന്നു .    "വേറെ എന്തുണ്ട് എനിക്ക് സൂക്ഷിക്കാനായി ആന്റി,ഏകാന്തതയെ പ്രണയിച്ച് ബോധിസത്വം പൂകിയ നനുത്ത ഓർമ്മകളും അനുഭവങ്ങളും അല്ലാതെ "

പ്രപഞ്ചമാകുന്ന ഈ സുന്ദരമായ ഗൃഹത്തിൽ വെട്ടി തിളങ്ങുന്നതും ഇടതടവില്ലാതെ വീശുന്ന നനുത്ത കാറ്റിൽ വെള്ളത്തുള്ളികളുടെ മൃദു സ്പർശനത്തിലും ഭൂമിയിലെ ഓരോ നിമിഷത്തിലും "നിന്റെ കൂടെ തന്നെയാണ് ഞാനും സഞ്ചരിക്കുന്നത് "എന്ന് ദേവിയുടെ അനുഭവം പറയുന്നത് കേട്ടതും ഫ്ലോറൻസ് ആന്റി അവളെ ആലിംഗനം ചെയ്തതും ആന്റിയുടെ കണ്ണുകൾ നിറഞ്ഞു.

അവർ അവിടെയടുത്തുള്ള ഒരു Ice Cream പാർലറിൽ കയറി ഐസ്ക്രീമും ജൂസും വാങ്ങി മക്കളുമായി സംസാരിച്ചും മറ്റു പ്രധാന കാര്യങ്ങൾ ചർച്ച ചെയ്തും ഇരുന്നു.ചില സമയങ്ങളിൽ അവളുടെ നിയന്ത്രണം വിട്ട കരച്ചിൽ കണ്ടുകൊണ്ട് ആന്റി പറഞ്ഞു , ദേവിയുടെ ബന്ധുക്കൾ പോകുമ്പോൾ ഇവിടെ നിന്നെയും മക്കളെയും ഒറ്റയ്ക്കാക്കി പോകുമെന്ന് അയൽവക്കകാരും നാട്ടുകാരും കരുതിയില്ലാട്ടോ. പോട്ടെ മോളെ നിനക്കെല്ലാം നേരിടാനുള്ള കരുത്ത് കിട്ടിയല്ലോ?എന്നാലും സണ്ണിയുടെ വീട്ടുകാർ ഒരിക്കലും ഈ കൊച്ചു കുഞ്ഞുങ്ങളെയും നിന്നെയും ഒറ്റയ്ക്കാക്കി പോകാൻ പാടില്ലായിരുന്നു . അവർ പോകുമ്പോൾ അദ്ദേഹം മരിച്ചിട്ട് അഞ്ചു ദിവസമല്ലേ ആയുള്ളൂ.

ഏഴു വർഷങ്ങൾക്ക് ശേഷമാണ് ദേവി ഇന്ന് ഫ്ലോറൻസ് ആന്റിയേ വീണ്ടും കണ്ടുമുട്ടിയത് , അവൾ ചോദിച്ചു ആന്റി  ഒന്നും മറന്നിട്ടില്ല അല്ലേ?
എങ്ങിനെ മറക്കും ദേവി അവൻ അത്രയും നല്ലവനായിരുന്നു.നിന്നിൽ പ്രായത്തിന്റെ ജനാനരങ്ങൾ എന്നിലും അതെല്ലാം ബാധിച്ചിട്ടുണ്ട് കുട്ടി.വിശേഷങ്ങൾ ഒത്തിരി നേരം ഇരുന്ന് സംസാരിച്ചപ്പോഴും സണ്ണിയുടെ പെരുമാറ്റം സ്വഭാവം എത്ര നല്ലവനായിരുന്നു തുടങ്ങിയ കാര്യങ്ങൾ പല ആവർത്തി ആന്റിപറഞ്ഞു കൊണ്ടേയിരുന്നു.

കുറച്ചു ദൂരം ഞങ്ങൾ കാറുമായി മുന്നോട്ടു പോയി ,അങ്ങനെ ആന്റിയുടെ വീട്ടിൽ സ്വൈര്യ സഞ്ചാരവും സംസാരവും തുടർന്നു.ഞാനും വാക്കുകളാകുന്ന ജാലക വാതിലിലൂടെ ജീവിതത്തിന്റെ യാത്രാവഴിയിൽ ഉണ്ടായിരുന്ന പ്രതിസന്ധികളുടെ കെട്ടുകൾ പൊട്ടിച്ച് സംസാരിച്ചുകൊണ്ടിരുന്നു.ആന്റിയുടെ സാന്നിധ്യത്തിൽ ഒരു ദിവസത്തിന്റെ പകുതി സമയവും കഴിഞ്ഞുപോയത് അറിയാതെ ദേവി പൊടുന്നനെ ചാടി എഴുന്നേറ്റു യാത്രപറഞ്ഞ് ഇറങ്ങാൻ തുടങ്ങി,വീണ്ടും കാണാമെന്ന വാക്കുകളാൽ അവിടം വിട്ടിറങ്ങിയ അവർ വണ്ടിയോടിച്ച് മുന്നോട്ട് നീങ്ങവേ , മക്കൾ കാറിൽ ഇരുന്നു മയങ്ങി. എവിടെ നിന്നോ അവളുടെ മനോഹരമായ പാട്ടിൻ വരികൾ ജല തരംഗങ്ങൾ പോലെ അനുഗമിക്കുന്നതായി അനുഭവപ്പെട്ടു. മക്കളും പാട്ടിന്റെ ഈരടികളിലൂടെ യാത്ര തുടർന്നു.

ഓരോ പകലും രാത്രിയും കഴിയും തോറും ദേവിക്ക് കൂട്ടായിട്ട് അദ്ദേഹത്തിന്റെ "വീണ്ടും സഖി പാടുന്നു "......എന്ന ഗസൽ വരികൾ യാത്രയിലും ഏകാന്തതയിലും ഒറ്റയാവലിലും കൂടെയുണ്ടല്ലോ അതുമതി ധാരാളം എന്ന സ്വയം പറഞ്ഞുകൊണ്ട് വണ്ടിയുടെ സ്റ്റിയറിംഗ് അവളുടെ കൈവെള്ളയിൽ ചലന താളത്തെ നിയന്ത്രിക്കുന്നുണ്ടായിരുന്നു.

പലപ്പോഴും അദ്ദേഹം ഇല്ലാതായത് അറിയാത്തത് ആ ശബ്ദംകൂടെ കേൾക്കുന്നത് കൊണ്ടാണ് എന്ന് എനിക്കറിയാം.പാടുന്ന കാലം തൊട്ടേ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ഏറെയും വേദനയുടെ ഭാവം ആണെങ്കിൽ , ആ വേദനയ്ക്ക് മാധുര്യം ഉണ്ടായിരുന്നു.തെളിനീരുറവ പോലെയുള്ള ചില ഭാവങ്ങളും ഉണ്ട് മാത്രമല്ല ചില പാട്ടിൻ വരികൾ എന്റെ തന്നെയുമാണ്.പാടുന്ന നിമിഷങ്ങളിൽ അദ്ദേഹം ഏതോ പാരമ്യതയിൽ താഴ്ന്നു പോകും ചുറ്റുമുള്ള പ്രകൃതിയെയോ മനുഷ്യരെയോ അറിയാത്ത ആഴത്തിൽ നിർവൃതിയിൽ അകപ്പെട്ടു പോവുകയാണ് പതിവ്.ജീവിതത്തിലെ ഏറ്റവും തീവ്രമായ വികാരമായി അദ്ദേഹം കണ്ടിരുന്നത് പ്രണയത്തെ ആയിരുന്നു.

ആ പ്രണയമാണ് അദ്ദേഹത്തെ പാടാൻ പഠിപ്പിച്ചതും ദേവിയെ പിന്തുടർന്ന് സ്വന്തമാക്കിയതും,ജീവിച്ചതും.യാത്രയിൽ പാതകൾക്കിടയിലൂടെ പിരിഞ്ഞു പോകുന്ന വഴികളെ പോലെ അദ്ദേഹത്തിന്റെ യാത്ര കഴിഞ്ഞപ്പോൾ പാട്ട് മാത്രം ബാക്കിയാക്കി അദ്ദേഹം പോയതല്ലേ ഉള്ളൂ.ആരാലും കാണാതെ എന്നാൽ മാത്രം കാണപ്പെട്ടവൻ ആയി പാട്ടുമായി ഇന്നും എന്നെ പിന്തുടരുന്ന ഉണ്ടല്ലോ അദ്ദേഹം എന്നവൾ ഓർത്തു.

സായാഹ്നത്തിന്റെ അരുണിമയിൽ ആകാശ താരങ്ങളെ നോക്കി ആ മുളംകൂട്ടങ്ങൾക്കിടയിലെ  ഇടവഴികളിലൂടെ അവളുടെ കാർ മുന്നോട്ട് നീങ്ങവേ ചുറ്റുമുള്ള മരങ്ങളിൽ നിന്ന് ധാരാളം പക്ഷികൾ കൂട്ടമായി പറന്നുയർന്നു ആനന്ദത്തോടെ പോകുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു.ഒരു നിശ്ചിത ദൂരം കഴിഞ്ഞപ്പോൾ അവയെല്ലാം കാണാമറയത്തായി.ഈ ദിവസവും ഇതാ തീരാറായിരിക്കുന്നു. ഓരോദിന രാത്രങ്ങൾ ഇങ്ങനെ പുറകോട്ട് സഞ്ചരിക്കുകയാണ് ഒപ്പം ഞാനും കൂടെ അദ്ദേഹത്തിൻറെ ഗസലുകളും നിർത്താതെ പാടി കൊണ്ടിരിക്കുന്നു.

"രാത്രിയും പോകും പ്രിയേ വീണ്ടും പുലരി പിറക്കുന്നു ഇന്നലത്തെ നിശ നീയെങ്ങിനെ കഴിച്ചുകൂട്ടി എന്ന് നീ ഓർക്കുക.
സന്തോഷമല്ലാതെ മറ്റൊന്നും നേടേണ്ടതില്ല പ്രിയേ , എന്നും ഉദിച്ചുയരുന്ന സൂര്യനെപ്പോലെ നിന്റെ മുഖം പ്രകാശപൂരിതം ആകുകയും പൂപോലെ ചിരി തൂക്കുകയും വേണം, എന്ന് അദ്ദേഹം നേരിട്ട് അവളോട് പറയുന്നതായി തോന്നിയതിൽ അത്ഭുതവും ആശ്ചര്യവും അനുഭവപ്പെട്ടതും അവൾ തിരിഞ്ഞു നോക്കാതെ വണ്ടി നിർത്തി വീടിനകത്തേക്ക് കയറിപ്പോയി.
ഒപ്പം അമ്മയെ ഗാഢമായി മനസ്സിലാക്കിയ മക്കളും അപ്പയോടൊത്ത് കുറേക്കാലം ജീവിച്ചില്ലെങ്കിലും അവരിൽ അപ്പയുടെ സ്നേഹ സ്പന്ദനങ്ങൾ തുടിച്ചു കൊണ്ടേയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക