പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനല്ല ഉമ്മന്‍ചാണ്ടിയാണ് മത്സരിക്കുന്നതെന്ന ഇമേജ് ഉണ്ടാക്കി സഹതാപതരംഗം പ്രയോജനപ്പെടുത്തുകയാണ് വി.ഡി സതീശന്‍ ചെയ്തത്. തൃക്കാക്കരയിലെ പൂ പോരാഞ്ഞ് പുതുപ്പള്ളിയിലെ പൂന്തോട്ടം തന്നെ സതീശന് സ്വന്തം!
ഇത്രയേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ ജയിച്ചതിനു പിന്നില്‍ സഹതാപതരംഗമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ ചിട്ടയോടെ ഇലക്ഷന്‍ യന്ത്രം പ്രവര്‍ത്തിപ്പിച്ചു എന്നതിന്റെ ക്രെഡിറ്റ് നല്‍കേണ്ടത് വി.ഡി സതീശന് തന്നെ. പി.ടി തോമസിന്റെ മരണശേഷം തൃക്കാക്കരയില്‍ ചെയ്തത് പോലെ തന്നെ സതീശന്‍ തന്നെയായിരുന്നു പ്രവര്‍ത്തനങ്ങള്‍ പുതുപ്പള്ളിയിലും ഏകോപിപ്പിച്ചത്.
ഭൂരിപക്ഷം കുറയ്ക്കാന്‍ :
എല്ലാ കാലത്തെയും പോലെ സി.പി.എം ചിട്ടയായി പ്രവര്‍ത്തിച്ചു. പക്ഷേ, പ്രവര്‍ത്തകരായ സഖാക്കളെല്ലാം ഇത്തവണ ശ്രദ്ധിച്ചത് ജയിക്കാനല്ല ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറയ്ക്കാനായിരുന്നു ശ്രമിച്ചത്. നേരത്തെ ഈ കോളത്തില്‍ പറഞ്ഞതുപോലെ അഡ്വ. അനില്‍കുമാര്‍ ചികിത്സാപിഴവ് തുടങ്ങിയ ആരോപണങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയപ്പോള്‍ വാസവനും പാര്‍ട്ടിയും പുതുപ്പള്ളിയുടെ വികസനം മുഖ്യ അജണ്ടയാക്കി. കഴിഞ്ഞ 7 വര്‍ഷത്തെ വികസനം കരുതിക്കൂട്ടി മുരടിപ്പിച്ചത് ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരല്ലേ എന്ന ചോദ്യത്തോടെ യു.ഡി.എഫ് അതിനെ നേരിട്ടു. ഫലത്തില്‍ പുതുപ്പള്ളിയുടെ വികസന ചര്‍ച്ചകളൊന്നും അവിടെ ഫലിച്ചതേയില്ല. ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയിലെ ജനങ്ങളുടെ ഒഴുക്ക് ചാനലുകളില്‍ കണ്ടത് അവരുടെ മനസില്‍ നിറഞ്ഞു നിന്നു. തങ്ങളുടെ നാട്ടുകാരന്‍ മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ദൃശ്യങ്ങള്‍ അവരെങ്ങനെ മറക്കാന്‍ ?
സര്‍ക്കാരിനെ പറ്റി വന്ന അഴിമതിക്കഥകള്‍ പുറത്തുവരികയും അതിനൊന്നും മറുപടി ഇല്ലാത്തതും നാട്ടുകാരുടെ മുന്നില്‍ വലിയ അപരാധമായി മാറി. അതിനൊക്കെ പുറമേ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പിണറായിയുടെ പ്രഥമ മന്ത്രിസഭയിലെ അംഗമായ മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിച്ചതും സതീശന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസുകാര്‍ വലിയ ചര്‍ച്ചയാക്കിയല്ലോ.
അടിക്കുറിപ്പ് : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ആലത്തൂര്‍ മുന്‍ എം.പിയായ പി.കെ ബിജുവിനെയും കൂടി കൊണ്ടുവരാനാണ് കോണ്‍ഗ്രസ് നീക്കം. അനില്‍ അക്കരയാണ് മൊയ്തീന് പിന്നാലെ ബിജുവിനെയും തട്ടിപ്പുകേസിലെ പ്രതിയാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത്.
കെ.എ ഫ്രാന്‍സിസ്