കാലത്ത് ഓഫീസിൽ പോകാനുള്ള ധൃതിയിൽ ഒരുങ്ങുമ്പോഴാണ് കോളിംഗ്ബെൽ മുഴങ്ങിയത്.ഈ തണുത്ത വെളുപ്പാൻ കാലത്ത് ആരാണാവോ എന്ന ചിന്തയോടെ ഞാൻ വാതിൽ തുറന്നു.വെളുക്കെ ചിരിച്ചു കൊണ്ട് ഒരാൾ നിൽക്കുന്നു.വലിയ പരിചയമൊന്നുമില്ല,പക്ഷേ ചിരി ആയിരം ജന്മങ്ങളുടെ പരിചയത്തിലാണ്.
’’സാറിനെന്നെ മനസ്സിലായില്ലെന്ന് തോന്നുന്നു ഞാനാണ് കുറച്ചു കിഴക്കു വശം താമസിക്കുന്ന സത്യനേശൻ..’’ എന്നിങ്ങനെ അയാൾ പരിചയപ്പെടുത്തിയിട്ടും സത്യമായിട്ടും എനിക്ക് സത്യനേശനെ അത്രയ്ക്കങ്ങോട്ട് മനസ്സിലായില്ല.അഥവാ ചെറിയ പരിചയമുണ്ടെങ്കിൽ തന്നെ ഓർത്തു വരുമ്പോഴേയ്ക്കും എന്റെ ബസ്സും ട്രെയിനുമൊക്കെ പോകും.
‘’ഞാൻ വന്നത് മകളുടെ കല്യാണം വിളിക്കാനാണ്.അടുത്ത ഞായറാഴ്ച്ചയാണ്,സാറ് കുടുംബസമേതം തലേന്നു തന്നെ വരണം,. മറക്കരുത്…’’ എതോ അടുത്ത ബന്ധുവിനെ ക്ഷണിക്കും പോലെ കാര്യമായിട്ടാണ് വിളി.’’അന്ന് വേറൊരു കല്യാണമുണ്ട് എന്നാലും നോക്കട്ടെ..പിന്നെ കോവിഡൊക്കെയല്ലേ,ഞങ്ങൾ വരികയണെങ്കിലും തലേന്ന് രാത്രിയേ വരൂ,അതാകുമ്പോൾ അധികം ആൾക്കാർ കാണില്ലല്ലോ?’’
പലരോടും തട്ടാറുള്ള ഒരു നമ്പർ ഞാൻ സത്യനേശനോടും തട്ടി,അതാകുമ്പോൾ പോകാൻ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ലല്ലോ?
‘’ഒന്നും പറയണ്ട സാറേ,കോവിഡിനു മുമ്പ് ഉറപ്പിച്ചു വെച്ചതാ,നിയന്ത്രണങ്ങൾ തീരാൻ കാത്തിരിക്കുകയായിരുന്നു..വെള്ളി,ശനി,ഞായർ..ഇങ്ങനെ മൂന്നു ദിവസമായിട്ടാ വിളി..അതാകുമ്പോൾ ആളുകൾ മൂന്നു ദിവസമായിട്ടല്ലേ വരൂ,ഏതായാലും നിങ്ങൾ തലേന്ന് തന്നെ വരണം.എന്നാൽ ഞാനിറങ്ങട്ടെ കുറച്ചു വീടുകൾ വിളിക്കാനുണ്ട്,’’ ചായ കൂടിച്ചിട്ട് പോകാം എന്ന് ഭംഗി വാക്കൊന്നും പറഞ്ഞില്ല,ഇനി അത് കാര്യമായിട്ടെടുത്ത് അയാൾ ചായ കുടിക്കാനിരുന്നാൽ എന്റെ കാര്യം അവതാളത്തിലായതു തന്നെ.
കല്യാണം കഴിക്കുന്നതും വിളിക്കുന്നതും നടത്തുന്നതുമൊക്കെ നല്ലതു തന്നെ പക്ഷേ ഒരു പരിചയമില്ലാത്തവരെയും ഇത്ര കാര്യമായിട്ട് വിളിക്കേണ്ട കാര്യമുണ്ടോ എന്ന് എനിക്ക് ഇതിനിടയിൽ ഒരു സംശയവും തോന്നാതിരുന്നില്ല,അതും കോവിഡ് ഭീതിയിൽ കഴിയുന്ന ഈ കാലത്ത്.. ചിലർ .നമ്മളെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിൽ ലെറ്റർ ബോക്സിൽ ഒരു കത്തിട്ടിട്ട് പൊയ്ക്കളയും.
ആരാണെന്ന് നമ്മൾ തിരക്കി പിടിച്ച് വരുമ്പോഴാണറിയുന്നത് പരിചയമുണ്ടായിട്ട് വിളിച്ചതൊന്നുമല്ല, വഴിയേ പോയ വഴി ലെറ്റർ ബോക്സ് കണ്ടപ്പോൾ ഇട്ടേക്കാം എന്ന് കരുതി ഒരു ക്ഷണക്കത്ത് ഇട്ടതാണ്.നാട്ടിൽ നിന്ന് മാറി താമസിച്ചപ്പോൾ കല്യാണം വിളികൾ കുറയും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു..എന്നാൽ കല്യാണം പേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി കല്യാണം എന്നു പറഞ്ഞതു പോലെയായി കാര്യങ്ങൾ.
അങ്ങനെ സത്യനേശന്റെ മോളുടെ കല്യാണ നാളും വന്നു.തലേന്ന് പകൽ കണ്ടപ്പോഴേ അയാൾ ഓർമ്മിപ്പിച്ചു,വൈകിട്ട് വീട്ടിലേക്ക് വരുന്ന കാര്യം മറക്കല്ലേ സാറേ..വൈകിട്ട് മാർക്കറ്റിൽ പോയി തിരിച്ചു വരുമ്പോഴേയ്ക്കും വിണ്ടും സത്യനേശൻ,’’എന്താ സാറേ,അങ്ങോട്ട് വരുന്നില്ലേ..’’ എന്തായാലും ഇത്രയൊക്കെ നിർബന്ധിച്ച് വിളിച്ച സ്ഥിതിയ്ക്ക് പോകാതിരിക്കുന്നത് ശരിയല്ല.ഭാര്യയോട് കാര്യം പറഞ്ഞു,ഇന്ന് രാത്രി ഭക്ഷണമൊന്നും ഉണ്ടാക്കണ്ട. രാത്രിയായപ്പോൾ ഭാര്യയേയും മക്കളെയും കൂട്ടി സത്യനേശന്റെ വീട് തപ്പിപ്പിടിച്ചു ചെന്നു.
ഞങ്ങളെ കണ്ടപ്പോൾ ചിരിക്കു പകരം അയാളുടെ മുഖത്ത് എന്തോ ഒരു വല്ലായ്മ.’’അല്ല,സാർ ഇപ്പോഴാണോ വരുന്നത്,നേരത്തെ വിളിച്ചപ്പോൾ വന്നിരുന്നെങ്കിൽ ..’’ സത്യനേശൻ അർദ്ധോക്തിയിൽ നിർത്തി.’’സത്യനേശൻ ഇത്ര കാര്യമായിട്ട് വിളിച്ച സ്ഥിതിയ്ക്ക് വീട്ടിൽ പോയി കുടുംബസമേതം തന്നെ വന്നേക്കാമെന്ന് കരുതി’’ അതും കൂടി കേട്ടപ്പോൾ അയാളുടെ മുഖം കൂടുതൽ വിവർണ്ണമായി.അകത്തേക്ക് പോയ അയാൾ കുറച്ചു കഴിഞ്ഞാണ് തിരിച്ചു വന്നത്.കോവിഡായതു കൊണ്ടാകാം വലിയ തിരക്കൊന്നും കാണുന്നില്ല,,പുറത്തു നിന്ന് ഉള്ളവരെന്ന് പറയാൻ ഞങ്ങൾ മാത്രം.
‘’സാറിന് വെള്ളമോ ചായയോ?’’ എന്ന ചോദ്യവുമായാണ് പിന്നെ അയാൾ വന്നത്.ഇപ്പോൾ വെള്ളമൊന്നും കുടിക്കാൻ നേരമില്ല,കുട്ടികൾ വിശന്നിരിക്കുകയാവും കഴിക്കാനെന്തെങ്കിലും ഉണ്ടെങ്കിൽ എടുക്ക് സത്യനേശാ എന്ന് പറയാനാണ് എനിക്കു തോന്നിയത്..
‘’ഇനിയിപ്പോൾ വെള്ളമൊന്നും വേണ്ട ‘’ ഞാൻ പറഞ്ഞതു കേട്ടിട്ടും ഒരു ഇളിഭ്യച്ചിരിയോടെ അയാൾ നിൽക്കുകയാണ്.അത്രയുമായപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് എനിക്കും തോന്നി.ഭക്ഷണം തീർന്നു കാണണം.അയാളുടെ പരുങ്ങൽ കണ്ടപ്പോഴേ അത് മനസ്സിലാക്കേണ്ടതായിരുന്നു.ഇപ്പോഴെങ്കിലും മനസ്സിലാക്കിയത് ഭാഗ്യം,ഇപ്പോൾ വീട്ടിൽ ചെന്ന് അരിയിട്ടാലും അർദ്ധരാത്രിയ്ക്ക് മുമ്പെങ്കിലും അത്താഴം കഴിക്കാം..സ്വാതന്ത്ര്യം മാത്രമല്ല,ചിലപ്പോൾ അത്താഴവും അർദ്ധരാത്രിയിലാവാം എന്ന് എനിക്ക് മനസ്സിലായി.ഭക്ഷണം തീർന്നെന്ന് പറയാൻ അവർക്കുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഞാൻ പറഞ്ഞു. ‘’സത്യനേശാ,.ഭക്ഷണമൊന്നും എടുക്കേണ്ട,ഞങ്ങൾ വീട്ടിൽ നിന്ന് കഴിച്ചിട്ടാണ് ഇറങ്ങിയത്.’’ അതു കേട്ടപ്പോൾ അയാളുടെ ആശ്വാസം കാണേണ്ടതു തന്നെയായിരുന്നു. ‘’എങ്കിൽ വെള്ളമെങ്കിലും കുടിച്ചിട്ട് പോകാം സാറേ..’’
‘’വേണ്ട,ഞങ്ങളിറങ്ങട്ടെ ..’ സത്യനേശനോട് യാത്ര പറഞ്ഞ് ’ വീട്ടിലേക്ക് നടക്കുമ്പോൾ ഭാര്യ പറഞ്ഞു, ‘’എനിക്ക് വയ്യ, ഇനി ഈ പാതിരായ്ക്ക് അടുക്കളയിൽ കയറാൻ..ഹോട്ടലിൽ പോയി പാഴ്സൽ എന്തെങ്കിലും വാങ്ങിയിട്ട് വാ,വെറുതെ ആരെങ്കിലും ചിരിച്ച് കാണിച്ചെന്ന് വെച്ച് പാതിരാത്രി സദ്യ കഴിക്കാൻ പോയിരിക്കുന്നു.’’ കൂടുലൊന്നും പറയാതെ അവൾ നിറുത്തിയത് വിശപ്പു കൊണ്ടാകും.ഏതായാലും ഇനി ഹോട്ടൽ തന്നെ ശരണം. ഇപ്പോൾ നേരത്തെ അടക്കുന്നതു കാരണം അതും ഉറപ്പു പറയാൻ കഴിയില്ല. ഭാര്യയെയും മക്കളെയും വീട്ടിൽ വിട്ടിട്ട് അവിസ്മരണീയമായ ഒരു കല്യാണ സ്മരണയുമായി ആ തണുത്ത രാത്രിയിൽ.ഹോട്ടലുകളൊന്നും അടച്ചിരിക്കല്ലേ ഈശ്വരാ എന്ന ആത്മാർഥ പ്രാർത്ഥനയോടെ ഞാൻ ഹോട്ടൽ തേടി യാത്രയായി..