Image

പുതുപ്പള്ളി നൽകുന്ന പാഠം (നടപ്പാതയിൽ ഇന്ന്- 94: ബാബു പാറയ്ക്കൽ)

Published on 10 September, 2023
പുതുപ്പള്ളി നൽകുന്ന പാഠം (നടപ്പാതയിൽ ഇന്ന്- 94: ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ, പുതുപ്പള്ളിയിൽ പിള്ളേച്ചന്റെ പ്രവചനം കൃത്യമായിരുന്നല്ലോ. 35000 എന്ന് പറഞ്ഞത് 37000 ആയെന്നേയുള്ളൂ. അതെങ്ങനെ സാധിച്ചു?"
"എടോ, ഇന്നത്തെ രാഷ്ട്രീയ കേരളം മനസ്സിലാക്കുന്ന ആർക്കും സാധിക്കുന്ന കാര്യമാ അത്."
"എന്നാലും, പുതുപ്പള്ളിയിലെ ജനങ്ങൾ ഭയങ്കര പണിയാണല്ലോ പിള്ളേച്ചാ കാണിച്ചത്? മുഖ്യമന്ത്രി വരെ വന്നു പ്രസംഗിച്ചിട്ടും ഇത്ര നാണം കേട്ട തോൽവി ആയിപ്പോയല്ലോ."
"അത് തന്നെയാണെടോ പ്രശ്‌നം. ജീവിച്ചിരുന്നപ്പോൾ ഉമ്മൻചാണ്ടിയെ അതിദാരുണമായി വേട്ടയാടിയ വ്യക്തി പുതുപ്പള്ളിയിൽ വന്നു വീണ്ടും അവർക്കു വോട്ടു ചെയ്യണമെന്നു പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്നാലോചിച്ചാൽ മതി. ഏതായാലും അദ്ദേഹം കൂടുതൽ വരാതിരുന്നത് നന്നായി."
"എന്തായാലും അദ്ദേഹം ജനങ്ങൾ തെരഞ്ഞെടുത്ത കേരളത്തിന്റെ മുഖ്യമന്ത്രി അല്ലേ?"

"ജനങ്ങൾ തെരഞ്ഞെടുത്തതാണെന്നുള്ള ബോധ്യം അങ്ങേർക്കും ഇല്ലല്ലോ. ജനങ്ങൾ തെരഞ്ഞെടുത്തിട്ടു ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ 42 കാറിന്റെ അകമ്പടി എന്തിനാടോ? ഇതേ ജനങ്ങൾ തെരഞ്ഞെടുത്ത ഉമ്മൻ ചാണ്ടി യാതൊരു എസ്കോർട്ടും ഇല്ലാതെ അവരുടെ ഇടയിൽ ഇടപഴകി നടന്നവനാണെടോ!"
"എന്തായാലും ഇത് ഒരു ഒന്നൊന്നര ഭൂരിപക്ഷമായിപ്പോയി! എന്നാലും എന്റെ പിള്ളേച്ചാ, ഈ ബി ജെ പി ക്ക് ഇതുപോലെ വോട്ടു കുറഞ്ഞു പോയതെങ്ങനെയാ?"
"ബി ജെ പി മാത്രമല്ലെടോ, മൂന്നു രാഷ്ട്രീയ പാർട്ടികളും ഇതിൽ നിന്നും പഠിക്കേണ്ടതാണ്. ബി ജെ പി യുടെ കാര്യത്തിൽ  മാത്രമാണെങ്കിൽ പല കാരണങ്ങളുണ്ട്. പ്രധാനമായും അവരുടെയെല്ലാം പ്രിയങ്കരനായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓർമ്മ. രണ്ട്, അവരുടെ സ്ഥാനാർഥി."

"ഇങ്ങനെ പോയാൽ കേരളത്തിൽ ബി ജെ പി ക്ക് അക്കൗണ്ട് തുറക്കാൻ ഇനിയും വളരെ നാൾ കാത്തിരിക്കേണ്ടി വരുമല്ലോ."
"ഒരുവിധം കേരളത്തിൽ ചില അടിയൊഴുക്കുകളിലൂടെ അവരുടെ നില മെച്ചപ്പെട്ടു വരികയായിരുന്നു. ചില രാഷ്ട്രീയ സാമൂഹിക ധ്രുവീകരങ്ങളിലൂടെ ഏതാണ്ട് വേരുറപ്പിക്കാൻ തുടങ്ങിയതാണ്. അപ്പോഴാണ് മണിപ്പൂർ വിഷയം ഉണ്ടായതും ബി ജെ പി നേതാക്കൾ അതിനെ ന്യായീകരിച്ചു സംസാരിച്ചതും. പിന്നെ നേതൃത്വത്തിലുള്ള അസ്വാരസ്യങ്ങളും പടലപ്പിണക്കങ്ങളും പാരവെയ്പ്പുകളും. ഇനിയും കേരളത്തിൽ ബി ജെ പി ക്കു വേര് പിടിക്കണമെങ്കിൽ നേതൃത്വം മാറണമെടോ. കഴിവുള്ള എത്രയോ ആളുകളുണ്ട് ആ പാർട്ടിയിൽ! അവരെയൊക്കെ സമയാസമയം വെട്ടിനിരത്തുകയല്ലേ? വടക്കേ ഇന്ത്യ പോലെയല്ല കേരളം. ഇവിടെ സാമുദായിക സൗഹാർദ്ദം ആഴത്തിലുള്ളതാണ്. കേന്ദ്രത്തിൽ നിന്നുള്ള ചില പ്രവൃത്തികൾ സംഗതികൾ വഷളാക്കുന്നുമുണ്ട്. ഉദാഹരണത്തിന് ഏകീകരണ സിവിൽ കോഡ്. ഇപ്പോൾ ഇന്ത്യയുടെ പേര് മാറ്റി ഭാരത് ആക്കിയില്ലേ? ഇതൊക്കെ രാജ്യത്തിൻറെ നല്ലതിനു വേണ്ടിയാണെങ്കിൽ അത് ജനങ്ങളെ യഥാക്രമം ബോധ്യപ്പെടുത്തേണ്ടതായും ഉണ്ട്. അതില്ലാത്തതു കൊണ്ടാണ് കൂടുതലായും തെറ്റിദ്ധരിക്കപ്പെടുന്നതും എതിരാളികൾക്ക് അത് കൂടുതൽ വഷളാക്കാനും സാധിക്കുന്നത്."
"അതുകൊണ്ടാണ് ഇപ്പോൾ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 യിൽ ഇന്ത്യ പങ്കെടുക്കുന്നില്ലെന്ന് ചില മാധ്യമങ്ങൾ എഴുതിയത്!"
"പുതുപ്പള്ളിയിലെ ദാരുണമായ തോൽവി സി പി എം ന് ഏറ്റ കനത്ത ഒരു പ്രഹരമല്ലേ, പ്രത്യേകിച്ച് ഈ തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നു പാർട്ടി സെക്രട്ടറി തന്നെ അവിടെ വന്നു പറഞ്ഞപ്പോൾ?"

"ഇയാൾ പറഞ്ഞത് ശരിയാണ്. ഇപ്പോൾ നടക്കുന്നത് മഹത്തായ ഭരണമാണെന്ന് കുറെ അണികൾ വാഴ്ത്തിപ്പാടുന്നതല്ലാതെ യഥാർത്ഥ ചിത്രം എന്താണെടോ? അടിമുടി അഴിമതി, കള്ളക്കടത്ത്, സ്വജന പക്ഷപാതം, പിൻവാതിൽ നിയമനങ്ങൾ, കുത്തഴിഞ്ഞ വിദ്യാഭ്യാസ മേഖല, തറ പറ്റിയ ആരോഗ്യ രംഗം എന്നു തുടങ്ങി മാസപ്പടി വരെ ആകെ പ്രശ്‌നങ്ങൾ ആണെന്നല്ലേ മാധ്യമങ്ങൾ പറയുന്നത്? എനിക്കിതിലൊന്നും വിശ്വാസമില്ലായിരുന്നു. എന്നാൽ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ മൗനം പാലിക്കുന്ന മുഖ്യമന്ത്രി ഒരു പത്ര സമ്മേളനം നടത്തിയിട്ട് ആറു മാസമായി എന്ന് പറയുമ്പോൾ എവിടൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട് എന്നത് സത്യമല്ലേ എന്നു സാധാരണക്കാർ ചിന്തിക്കില്ലേ? ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിനുത്തരം നൽകാതെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ പിടിച്ചു ജയിലിൽ അടയ്ക്കുവാൻ കൂടി തുടങ്ങിയതോടെ ആളുകൾക്കു വെറുപ്പായെടോ. ഇനിയും രണ്ടര വർഷം എങ്ങനെ സഹിക്കും എന്നാണവർ ചിന്തിക്കുന്നത്."

"അത് അപകടമല്ലേ പിള്ളേച്ചാ? കമ്മ്യൂണിസം ഇന്ന് പേരിനെങ്കിലും ആകെയുള്ളത് കേരളത്തിലാണ്. അതും പോയാൽ അതൊരു നഷ്ടമല്ലേ?"
"തീർച്ചയായും ഇയാൾ പറഞ്ഞത് ശരിയാണ്. കേരളത്തിന്റെ പുരോഗമനപരമായ യാത്രയിൽ വിപ്ലവാത്മകമായ പല തീരുമാനങ്ങളും എടുത്തു സമൂഹത്തിന്റെ താഴേക്കിടയിൽ കിടന്നവരെ ഉയർത്താൻ കമ്മ്യൂണിസ്റ്റുകൾ വഹിച്ച പങ്ക് നിർണ്ണായകമാണ്. പക്ഷേ, അന്ന് കമ്മ്യൂണിസ്ററ് നേതാക്കന്മാർ ആത്മശുദ്ധിയുള്ളവരും പാർട്ടി വിധേയത്വം ഉള്ളവരുമായിരുന്നു. ഇന്നോ, കമ്മ്യൂണിസ്റ് സിദ്ധാന്തങ്ങളുടെ മുഖംമൂടി അണിഞ്ഞു വ്യക്തിഗത ആരാധനയിലും വിധേയത്വത്തിലും കമ്മ്യൂണിസ്ററ് പ്രത്യയ ശാസ്ത്രങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന നടപടികളാണ് നടപ്പിലാക്കുന്നത്. പിന്നെ എങ്ങനെ ശരിയാകും?"

"എന്നിട്ടെന്താ പിള്ളേച്ചാ പാർട്ടിയിൽ ആരും ഇതൊന്നും ചോദ്യം ചെയ്യാനോ തിരുത്താനോ ശ്രമിക്കാത്തത്?"
"കൂടെ നിൽക്കുന്നവർക്ക് അതിന്റേതായ ചില ഗുണങ്ങളുണ്ടെടോ. അതില്ലാത്തവർക്കു ഭയവും! അതാണ് അധികാരത്തിന്റെ ഗുണം! പിന്നെ, മറ്റു രാഷ്ട്രീയ പാർട്ടികളും വിഭിന്നമല്ലല്ലോ. തമ്മിലടിച്ച്‌ അവരും നശിക്കയല്ലേ? അതുകൊണ്ട് വീണ്ടും സുവർണ്ണാവസരമുണ്ട്. ജെയ്ക്കിന് പുതുപ്പള്ളിയല്ലെങ്കിൽ മറ്റൊരു മണ്ഡലം അത്രേയുള്ളൂ. ഇപ്പോഴുള്ള പ്രശ്‌നങ്ങളൊക്കെ അധികം താമസിയാതെ തന്നെ ജനങ്ങൾ മറക്കും. അതാണ് മലയാളിയുടെ ഗുണം."
"എങ്കിൽ പിന്നെ കാണാം, പിള്ളേച്ചാ." 
"ശരി, അങ്ങനെയാകട്ടെ."
_________________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക