Image

ആടിത്തുടങ്ങുന്ന പല്ലുകൾ (ചിഞ്ചു  തോമസ്)

Published on 10 September, 2023
ആടിത്തുടങ്ങുന്ന പല്ലുകൾ (ചിഞ്ചു  തോമസ്)

‘അമൈറയ്ക്കും  എന്നെപ്പോലെ മുന്നിൽ ഒരു പല്ലില്ല’. അത് എന്നോട് പറയുമ്പോൾ അവന് അന്നേരംതന്നെ അവളുടെ അടുത്തേക്ക് ഓടിപ്പോകാനും അവളെ അവന്റെ പല്ലില്ലാത്ത മോണ കാണിക്കാനും അതിയായി  കൊതിച്ചിരുന്നു. അവൻ  മോണയിൽ പുതുതായിയുണ്ടായ വിടവിലൂടെ നാക്ക് പുറത്തേക്ക് തള്ളിഇട്ടുകൊണ്ട് കണ്ണാടിയിൽ നോക്കി. പുതിയ പല്ല് പൊങ്ങിവരുമെന്ന് ഉറപ്പു വരുത്തി. 

അവൻ അല്പം പോലും വേദന സഹിക്കാൻ കഴിയുന്ന ആളല്ല. അതുകൊണ്ടുതന്നെ ആടുന്ന പല്ലിൽ ഒന്ന് തൊടാൻ കൂടി അവൻ എന്നെ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല.  ഇത് മൂന്നാമത്തെ പല്ലാണ് ഇളകി വരുന്നത്. ആദ്യത്തെ രണ്ടും പല്ല് ഡോക്ടർ  വേദന അറിയിക്കാതെ എടുത്തതാണ്. എന്നെ സംബന്ധിച്ചിടത്തോളം കുഞ്ഞുകുട്ടികളുടെ പല്ലെടുക്കാൻ ഒരു ഡോക്ടറിന്റെ ആവശ്യമില്ല. എന്റെ എല്ലാ പല്ലുകളും ഞാൻ തന്നെയാണ് എടുത്തിട്ടുള്ളത്. അതോടൊപ്പം  എന്റെ സഹോദരങ്ങളുടേയും. സഹോദരങ്ങൾ എന്റെ പല്ല് എടുത്തോ എന്ന് പറഞ്ഞു നിന്നു തന്നതായിരുന്നില്ല. പലതരം വേലത്തരങ്ങൾ ഉപയോഗിച്ച് അവരുടെ വാ തുറക്കുകയും എന്റെ വിരലുകൾ അനക്കമുള്ള പല്ലിൽ പിടിവീഴുകയും ചെയ്താൽ പിന്നെ ആ പല്ലുകൊണ്ടല്ലാതെ പിന്മാറ്റമുണ്ടായിരുന്നില്ല. പല്ലു ഇളകി വന്നാലുടൻ വീടിന്റെ  മേല്കൂരയിലേക്കു എറിയും. അങ്ങനെ ചെയ്താലേ  നല്ല പല്ലുകൾ ഉണ്ടാവുകയുള്ളൂ എന്ന് ആരോ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. 

ഇവ്വിധം ആത്മാർത്ഥതയോടെ പല്ലുകൾ എടുക്കുകയും മേൽക്കൂരയിലേക്ക് എറിയുകയും ചെയ്തിരുന്ന ഞാൻ എന്റെ മകന്റെ പല്ലുകൾ  ഡോക്ടറിനെക്കൊണ്ട് എടുപ്പിക്കുന്നു  എന്ന് പറയുന്നതുതന്നെ നാണക്കേടാണ്. 

അവൻ ഈ പരിപാടി എന്താണെന്ന് അറിയാത്ത സമയത്ത് നിഷ്കളങ്കതയോടെ എന്റെ  മുന്നിൽ ഒരു പ്രാവശ്യം വന്നിരുന്നു.  അവന്റെ പല്ല് ആട്ടി നോക്കിയപ്പോൾ നല്ലപോലെ ആടുന്നുമുണ്ട്. ഞാൻ എന്റെ വല്യ വിരലുകൾ അവന്റെ ചെറിയ പല്ലിന്റെ വേരിനെ പിടിക്കാൻ നോക്കി. പണ്ട് സഹോദരങ്ങളുടെ പല്ലു പറിച്ചിരുന്ന സമയത്തു എന്റെ വിരലുകൾ ചെറുതായിരുന്നു. ഇപ്പോൾ ആ കുഞ്ഞു പല്ലിനെ ശെരിക്കുമോന്നു പിടിക്കാൻ പോലും എന്റെ വല്യ വിരലുകൾക്ക് കഴിയുന്നില്ല. അതിനുള്ള സ്ഥലം അവന്റെ വായിലുമില്ല. ഞാൻ എങ്ങനൊക്കെയോ അവന്റെ പല്ലൊന്നു വലിച്ചു. അവൻ എന്റെ അടുത്തുനിന്നും ജീവനും കൊണ്ടോടി. 

അവൻ നേരെ സഹായത്തിനായി അവന്റെ അപ്പന്റെയടുത്തു ചെന്നു. ഒരു തുള്ളി ചോര കണ്ടാലോചെറിയ ഒരു മുറിവ് കണ്ടാലോ പോലും  തല കറങ്ങി വീഴുന്ന എന്നാൽ ഏത് അന്താരാഷ്ട്ര പ്രശ്നങ്ങളേയും സംയമനത്തോടെ നേരിടുകയും ചെയ്യുന്ന വൈരുദ്ധ്യമായ സവിശേഷതകളുള്ള അവന്റെ അപ്പൻ അവനെ മുന്നിൽ നിന്ന് ഓടിച്ചു വിട്ടു. അവന്റെ കുഞ്ഞമ്മയാകട്ടെ തന്റെ അടുത്തു വരുന്ന ശരീരത്തിന്റെ ഏത് ഭാഗവും നിഷ്പ്രയാസം തുന്നിക്കെട്ടുകയും  മനുഷ്യ ജീവൻ രക്ഷിക്കുകയും ചെയ്യുമെങ്കിലും  പല്ല് ആടുന്നതു കണ്ടാൽ കണ്ണടച്ചുകളയും.

അവന്റെ ആടുന്ന പല്ലു കണ്ട് അവൾ കണ്ണടച്ചു, ‘അയ്യോ മാറ്, എടാ നിന്റെ അമ്മയുടെ അടുത്തു പോ, എന്റെ പല്ലും നിന്റെ അമ്മതന്നെയാണ് എടുത്തത് ‘ , അതു പറഞ്ഞ് അവളും അവനെ ഓടിച്ചു വിട്ടു. പിന്നെയാണ് അവന് പല്ലെടുക്കാൻ  ഡോക്ടർ മതി എന്ന് പറഞ്ഞത്.  

സമയങ്ങൾ പിന്നെയും നീങ്ങി. അവന്റെ പല്ല് സൂഷം പറഞ്ഞാൽ മൂന്നാമത്തെ പല്ല് ആടി തുടങ്ങിയ സമയം. പെട്ടെന്നൊരാശയം എന്നിലുദിച്ചു. അവൻ ഉറങ്ങിക്കിടക്കുന്ന നേരങ്ങളിൽ അവന്റെ വാ തുറന്ന് ആടുന്ന പല്ല് ഞാൻ  ചെറുകെ ആട്ടാൻ തുടങ്ങി. കുറേ രാത്രികളിൽ ഞാനീ പണി തുടർന്നു. ഒരു ദിവസം വെളുപ്പിനെ പല്ല് ആട്ടിക്കൊണ്ടിരുന്നപ്പോൾ അവൻ കണ്ണ് തുറന്നു. ഞങ്ങൾ പരസ്പരം നോക്കി. കള്ളി വെളിച്ചത്തായ സുര്യൻ ഉദിച്ചിട്ടുപോലുമില്ലാത്ത സമയം. അവൻ വാ അടച്ചു കൈ വീശി എനിക്കിട്ടൊരെണ്ണം തന്നു. ഞാൻ ഒന്നും മിണ്ടാതെ കിട്ടിയതും വാങ്ങിച്ചുകൊണ്ട് മേൽക്കൂര നോക്കിക്കിടന്നു. ഇനിയും രാത്രികളുണ്ടല്ലോ ! ഞാൻ ആശ്വസിച്ചു. അന്ന് വെളുപ്പിനെ അവനെ പല്ലു തേപ്പിക്കുമ്പോൾ വീഴാറായി നിന്നിരുന്ന ആ പല്ല് വീണു. ഞാൻ അത് കഴുകിയെടുത്തു. അവന്റെ മറ്റ് രണ്ട് പല്ലുകളും മേല്കൂരയിലോ ഒന്നും എറിഞ്ഞു കളയാതെ എന്റെ ഡ്രോയറിൽത്തന്നെ സൂക്ഷിച്ചിരുന്നു. അതിന്റെ കൂട്ടത്തിൽ അവന്റെ മൂന്നാമത്തെ പല്ലും കൂടി വെച്ചു. 

എന്റെ പല്ലുകൾ അമ്മക്ക് എന്തിനാണ്?
സൂക്ഷിച്ചു വെക്കാൻ.
എന്തിന് ?
എന്നും കാണാൻ.
ഞാൻ വല്യതാകുമ്പോൾ എനിക്ക് എന്റെ പല്ലുകൾ തരുമോ ?
തരാം, ഞാൻ പറഞ്ഞു.

ഈ പ്രാവശ്യം ഞാൻ പല്ലു പറിച്ചത് എത്രെയോ വർഷങ്ങൾക്ക് ശേഷമാണ്. അന്ന് ഞാനൊരു കുട്ടി. ഇന്ന് എന്റെ ചിന്തകൾ മാറി. ഞാൻ മധ്യവയസ്കയായി. ഇതൊക്കെ എന്റെ മകന്റെ പല്ലുകളും. അവന്റെ പല്ല് പൊഴിയുമ്പോൾ അവൻ വളരുന്നു എന്ന ചിന്ത എനിക്ക് സന്തോഷം നൽകുന്നു. പിന്നെ അകാരണമായ ഒരു വിങ്ങലും ഉള്ളിലെവിടെയോ ഉണ്ടാകുന്നു. എന്തു കൊണ്ട് ഈ വിങ്ങൽ എന്നെനിക്കറിയാം. ഞാൻ അത് കണ്ടില്ല എന്ന് നടിക്കുന്നുമില്ല.  ഇനിയും കിളിച്ചുവരുന്ന നിന്റെ പല്ലുകൾ പൊഴിയും കാലം നിന്റെ പല്ലില്ലാ മോണ കാണാൻ ഞാൻ  ഈ ഭൂമിയിലില്ല  എന്ന തിരിച്ചറിവ് ! അന്ന് നീ ദുഖിതനായിരിക്കും എന്ന തിരിച്ചറിവ് ! അന്ന് നിന്റെ പല്ലില്ലാ മോണ മറ്റുള്ളവരെ കാണിക്കാൻ നീ ഓടില്ല എന്ന തിരിച്ചറിവ് എന്നെ അസ്വസ്ഥമാക്കുന്നു.
 
എന്റെ പിതാവിന് കുറച്ചു പല്ലും കൂടിയേ ബാക്കിയുള്ളൂ. ഞാൻ നാട്ടിൽ  പോയ സമയം പിതാവിന്  പല്ല്  വേദനയാണ് എന്ന് പറഞ്ഞപ്പോൾ യാന്ത്രികമായി ഞാൻ മറുപടി പറഞ്ഞു’ പല്ല് എടുക്കേണ്ടിവരും’ എന്ന് . അത് കേട്ടതും പിതാവ് വേദനയുള്ള ഭാഗം പൊത്തിപ്പിടിച്ചു. എനിക്കപ്പോൾ വിഷമമായി. പിന്നെ പിന്നെ വേദന കുറയുന്നു എന്ന് അദ്ദേഹം പറഞ്ഞു . അദ്ദേഹത്തിന്റെ അവശേഷിക്കുന്ന ബാക്കി  പല്ലുകൾ! 

ഞാൻ മധ്യത്തു നിൽക്കുകയാണ്. വിടരുന്ന മൊട്ടിന്റെയും വാടിത്തുടങ്ങിയ പൂവിന്റെയും മധ്യത്തിൽ.

Join WhatsApp News
T.C.Geevarghese 2023-09-10 22:36:58
This time it is not a woman"s story,man"s story,boys story. Good
Chinchu 2023-09-11 00:59:35
☺️ thanks
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക