G20 കഴിഞ്ഞു, സമാധാന പൂർണ്ണമായി. തുടങ്ങുന്നതിനുമുൻപ് എന്തൊക്കെ ബഹളങ്ങളായിരുന്നു. അതും ഒരു പേരിനെ ചൊല്ലി. G20 കഴിഞ്ഞുള്ള ഇന്ത്യയും, അതിനു മുൻപുള്ള ഇന്ത്യയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? 20 വർഷം മുമ്പുള്ള ഇന്ത്യയും, 200 വർഷം മുൻപുള്ള ഇന്ത്യയും, 500 വർഷം മുൻപുള്ള ഭാരതവുമായോ?
"ഭാരതമെന്ന പേർ കേട്ടാൽ,അഭിമാന പൂരിതമാകണം അന്ത:രംഗം.
കേരളമെന്നു കേട്ടാലോ?,തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ."
എത്ര കാവ്യാത്മകമാണ് ഈ വരികൾ. കേരളത്തിൻ്റെ പേര് കേരൾ , അല്ലെങ്കിൽ കേരള എന്നുള്ളതു മാറ്റി, കേരളം എന്ന് ഇപ്പോഴത്തെ കേരള സർക്കാർ മാറ്റിയപ്പോൾ അതിൽ വളരെയധികം സന്തോഷവും, ഉന്മേഷവും അനുഭവപ്പെട്ടു, കൂടാതെ സർക്കാറിനോട് പ്രത്യേക മതിപ്പും തോന്നി.എന്നാൽ അതേ അർത്ഥവ്യാപ്തിയിൽ ഇന്ത്യ, അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്ന പേരുകൾ മാറ്റി, ഭാരതം എന്ന് ആക്കിയാൽ അനുഭവപ്പെടുമോ?
ഹിന്ദുസ്ഥാൻ, ഇന്ത്യ, ഭാരതം, ഈ മൂന്നു പേരിൽ ഏതാണ് ഉത്തമമായ പേര് എന്ന് ചോദിച്ചാൽ പെട്ടന്ന് ഉത്തരം പറയുവാൻ സാധിക്കുമോ? ഒരു രാജ്യത്തിന് ഈ മൂന്നു പേരുകൾ എങ്ങനെ കിട്ടി?
കൈലാസപർവ്വതത്തിൽ നിന്നുത്ഭവിച്ച്, ഇന്ത്യയുടെ ഉത്തര പശ്ചിമ ഭാഗം വഴി ഒഴുകി, മുഴുനീളെ പാകിസ്ഥാനിലൂടെ സഞ്ചരിച്ച്, അറേബ്യൻ സമുദ്രത്തിൽ ചേരുന്ന നദിയാണ്, 'സിന്ധു'. ഒരു കാലഘട്ടത്തിൽ നദികളെ കേന്ദ്രീകരിച്ചായിരുന്നു, ജനവാസം. അതുകൊണ്ട് തന്നെ ആയിരിക്കണം, ക്രിസ്തുവിന് ഏതാണ്ട് മൂവായിരത്തി മുന്നൂറ് വർഷങ്ങൾക്കു മുൻപ് സിന്ധു നദീതീരങ്ങളിൽ, ജനങ്ങൾ തിങ്ങിപ്പാർത്തിരുന്നത്. അന്നത്തെ പ്രധാന നഗരങ്ങളായിരുന്നു, ഹാരപ്പയും, മോഹെൻജോ_ ദാരോയും. ഈ കാലഘട്ടം സിന്ധു നദീതട സംസ്ക്കാരം എന്നാണറിയപ്പെട്ടിരുന്നത്.
സിന്ധു എന്നത് സംസ്കൃത വാക്കാണ്, അർത്ഥം നദി , സമുദ്രം അങ്ങനെ പോകുന്നു. എന്നാൽ പേഴ്സിയൻ ജനതയ്ക്ക്, സിന്ധു എന്ന് ഉച്ചരിക്കാൻ ബുദ്ധിമുട്ടായതു കൊണ്ട് അവർ, ഇന്ദു നദീതട സംസ്കാരം എന്ന് പറഞ്ഞു തുടങ്ങി. Indus valley civilization എന്നുള്ളത് ഇന്ത്യ (India ) എന്നായി മാറി. ഇന്ദു എന്നുള്ളത് പറഞ്ഞ് പറഞ്ഞ് കാലക്രമേണ ഹിന്ദു ആയി മാറി. പിന്നീട് ഇന്ദു നദീതട സംസ്കാരം പിൻതുടരുന്നവരെ ഹിന്ദു എന്നും, അവർ താമസിക്കുന്ന സ്ഥലത്തെ ഹിന്ദുസ്ഥാൻ എന്നും പറഞ്ഞു തുടങ്ങി എന്ന് കരുതുന്നവർ ഉണ്ടെങ്കിലും,ഇന്ദു എന്നുള്ളത് ഗ്രീക്ക് , റോമൻ ആൾക്കാർക്ക് പറയാൻ ബുദ്ധിമുട്ടായതു കൊണ്ട് , അത് ഹിന്ദു എന്നും , ഹിന്ദുസ്ഥാൻ എന്നും ആയി മാറി, എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്നാൽ ഇന്ത്യാ പാക് വിഭജന സമയത്ത്, പാകിസ്ഥാനികൾ പറഞ്ഞത്, "ഞങ്ങൾ പാകിസ്ഥാനികൾ, അവർ (ഇന്ത്യക്കാർ) ഹിന്ദുസ്ഥാനികൾ " എന്നാണ്.
പരിഷ്കൃതർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദേശികൾ, അവരുടെ നോട്ടത്തിൽ അപരിഷ്കൃതരായ ജനങ്ങളെ കണ്ടപ്പോൾ, ഇൻഡ്യൻസ് എന്ന് കളിയാക്കി വിളിച്ചതും ആകാം. ഇൻഡ്യ എന്ന പേര് നമ്മൾ ഉപേക്ഷിച്ചാൽ, പാകിസ്ഥാൻകാർ അതേറ്റെടുത്താലോ?
ഇനി ഭാരതം എന്ന പേരോ? 320 ബി.സി. യിൽ അലക്സാണ്ടർ ഭാരതം ആക്രമിക്കുന്ന സമയത്ത് ചാണക്യൻ പുരൂരവസ്സിനോടും, മഗധ് ഭരിച്ചിരുന്ന ധനാനന്തിനോടും, മറ്റു രാജാക്കന്മാരോടും പലവട്ടം ആവശ്യപ്പെട്ടു ഒരുമിച്ച് നിന്ന്, ഒറ്റക്കെട്ടായി, അഖണ്ഡഭാരതം എന്ന നിലയ്ക്ക് യുദ്ധം ചെയ്താൽ അലക്സാണ്ടറെ തോല്പിക്കുവാൻ സാധിക്കും എന്ന്. എന്നാൽ അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് ആരും വില നൽകിയില്ല. അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു. അലക്സാണ്ടർ വിജയശ്രീലാളിതനായി മടങ്ങുകയും ചെയ്തു. ഇതിൽ കുപിതനായ ചാണക്യൻ, ചന്ദ്രഗുപ്ത മൗര്യൻ എന്ന ഒരു സാധാരണ വ്യക്തിയെ, വ്യക്തമായ ബോധത്തോടെയും, ആത്മവിശ്വാസത്തോടേയും പരിശീലിപ്പിച്ച് ചക്രവർത്തിയാക്കുകയും, വിക്രമാദിത്യൻ എന്ന പേരിൽ സാമ്രാജ്യം വിസ്തൃതമാക്കുകയും അഖണ്ഡഭാരതമെന്ന സങ്കല്പത്തോട് നീതി പുലർത്തുകയും ചെയ്തു.
എന്നാൽ അതിനും മുൻപ് 2000 ബി.സി. യിൽ ഭാരതം ഭരിച്ചിരുന്നത് ഭരത എന്ന ഒരു ഗോത്രവർഗ്ഗമായിരുന്നു എന്നും അവരിൽ നിന്നാണ് ഭാരതം എന്ന പേർ വന്നത് എന്നും പറയുന്നു. രാമായണത്തിൽ രാമൻ്റെ സഹോദരനായിരുന്നു ഭരതൻ. മഹാഭാരതത്തിൽ ശകുന്തളയുടേയും ദുഷ്യന്തൻ്റേയും പുത്രനായിരുന്ന 'ഭരതൻ' ഭരിച്ചിരുന്ന രാജ്യം. ഋഷഭൻ്റെ പുത്രൻ, 'ഭരതൻ' ഭരിച്ചിരുന്ന രാജ്യം. എന്നൊക്കെയുള്ളതും കാരണങ്ങളായി പറയുന്നു എന്നുള്ള കാര്യവും ഈ അവസരത്തിൽ ഓർമ്മിപ്പിക്കട്ടെ.
എന്താണ് ഇന്ത്യ എന്ന വാക്കിൻ്റെ അർത്ഥം? പ്രത്യേകിച്ച് അങ്ങനെ ഒരർത്ഥം പണ്ഡിതന്മാർ ആരും വ്യാഖ്യാനിച്ചതായി അറിവില്ല. Indus valley Civilization എന്നുള്ളത് വിദേശികൾക്ക് പറയുവാനുള്ള എളുപ്പത്തിന് ഇന്ത്യ എന്ന് പേരിട്ടു, എന്ന് നാം വിശ്വസിച്ചു പോന്നു. പക്ഷെ, അപരിഷ്കൃതർ എന്ന വാക്കായി, അവർ നമ്മളെ കളിയാക്കി വിളിച്ചതാണെന്ന പക്ഷം ശക്തമായി തന്നെ നിലനിൽക്കുമ്പോഴും. എന്നാൽ ഭാരതം എന്ന പേരിന് (സംസ്കൃത പദത്തിനു്) വളരെ അർത്ഥവ്യാപ്തി ഉള്ളതായിട്ടാണ് അറിയാൻ സാധിച്ചത്. പല പണ്ഡിതരും പല തരത്തിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. വിസ്താരഭയം കൊണ്ട് ചിലതു മാത്രം പറയട്ടെ. "ഭായ രതാം ഇതി ഭാരതം "
‘ഭ’ എന്നത് വെളിച്ചം , അറിവ് , ജ്ഞാനം , ജ്ഞാനോദയം. അറിവു തേടുന്നവർ അല്ലെങ്കിൽ ജ്ഞാനോദയം പിൻതുടരുന്നവർ , അങ്ങനെയുള്ളവർ വസിക്കുന്ന സ്ഥലം ഭാരതം, അല്ലേ?
ഇനി അല്പം സംഗീതാന്മകമായി നോക്കിയാൽ ഭാ - ഭാവം, ര - രാഗം, ത - താളം. അങ്ങനെ ഭാവവും രാഗവും താളവും ഒത്തുചേർന്ന ഭാരതം. "ഭാ " ശോഭ, അഴക്. "രതം" സന്തോഷം, രസം . അഴക് നൽകുന്ന സന്തോഷം.
മറ്റൊരർത്ഥം "ഭാ '' എല്ലാ വേദങ്ങളിലും ശോഭിക്കുന്നതും, "ര" എല്ലാ ജീവികളിലും താൽപര്യം ഉള്ളതും, "ത" എല്ലാ തീർത്ഥങ്ങളേയും തരിക്കുന്നതും. "ഭാരത" എന്നാൽ പഞ്ചഭൂതങ്ങളിൽ ശ്രേഷ്ടമായ അഗ്നി എന്നും, പ്രകാശത്തിൽ (ജ്ഞാനത്തിൽ) തല്പരനായവനെന്നും, അങ്ങനെ എത്രയെത്ര അർത്ഥങ്ങൾ.
ഒരു പേരിലെന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും, അവർക്ക് ഏത് പേരായാലെന്ത്? ഒന്ന് ചോദിക്കട്ടെ , ഇതിൽ ഏതു പേരാണ് നല്ലത്? ഒന്നു ചിന്തിച്ചാലോ?