Image

നവ മാധ്യമങ്ങളും എഴുത്തുകാരും ( കാലികം : രാധാകൃഷ്ണൻ കാര്യക്കുളം )

Published on 11 September, 2023
നവ മാധ്യമങ്ങളും എഴുത്തുകാരും ( കാലികം : രാധാകൃഷ്ണൻ കാര്യക്കുളം )

ഡിജിറ്റൽ വിപ്ലവം മാധ്യമ രംഗത്ത് പുതു തരംഗം സൃഷ്ടിച്ചിട്ട് അധികമായില്ല.

എന്നും, സ്വന്തം പോലെ തൊട്ടടുത്ത് സ്വയം നിയന്ത്രണത്തിൽ വ്യവഹരിച്ച് പോകാൻ പാകത്തിൽ,നില നിന്ന് കരുത്തേകുകയാണ് ഈ മാധ്യമം.

ശിലകളിൽ നിന്ന് ചെമ്പിലും, മണ്ണിലും, എഴുത്തോലയിലും, പത്രക്കടലാസിലും കടന്ന് ഡിജിറ്റലിൽ എഴുത്ത് എത്തിയപ്പോൾ, നമ്മൾ ഏറെ സ്വാതന്ത്ര്യം അനുഭവിക്കയാണ്.ഇതോടെ അച്ചടി മാധ്യമത്തിൻ്റെ പ്രതാപകാലത്തിന് ഏറെക്കുറെ മങ്ങലേറ്റും കൊണ്ടിരിക്കുന്നു.

കാലത്തിൻ്റെ മാറ്റങ്ങളെ  അംഗീകരിക്കാനും, സ്വീകരിക്കാനുമുള്ള മനസ് നമ്മൾക്കുണ്ട്.

പത്രപ്രവർത്തനവും സാഹിത്യവും അച്ചടി മാധ്യമം കയ്യടക്കി വച്ചിരുന്ന കാലത്ത്;
എഴുത്തുകാർക്ക് - പ്രത്യേകിച്ച്, സാഹിത്യത്തിന്.... അതിൻ്റെ വളർച്ചയ്ക്കും പ്രകാശനത്തിനും വളരെയേറെ കടമ്പകളിൽ കഴിവുകൾ തെളിയിക്കേണ്ടതായിട്ടുണ്ടായിരുന്നു.

കൈപ്പുസ്തകങ്ങൾ പോലുള്ള ചെറിയ മാധ്യമങ്ങളിൽ പോലും ഇടം കിട്ടണമെങ്കിൽ,കഴിവു മാത്രം പോരാ., കുറെ അടുപ്പവും ഒടപ്പവുമൊക്കെ വേണമായിരുന്നു.

അതുണ്ടാവുന്നത് പെട്ടെന്നാവില്ല. നിരന്തരം എഴുതിയെഴുതി കടലാസും പേനയും തപാലുമായി, ഒന്നല്ല പല തവണ പരീക്ഷണ പറക്കലു നടത്തിയെങ്കിലേ, ആനുകാലികങ്ങളിൽ പോലും ഒരു കഥയോ, കവിതയോ വരികയുള്ളു.

ആദ്യമായിട്ടെഴുതി, തപാലിൽ അയച്ച് എഴുത്തുകാരനെന്ന ( എഴുത്തുകാരി ) പേര് സമ്പാദിക്കാമെന്നു വച്ചാ .., ഒറ്റയടിക്ക് സർവസാധാരണയായി അത് സംഭവിച്ചെന്ന് വരില്ല. മടക്കത്തപാൽ മുദ്രവച്ചാല്, പോയതുപോലെ അത് രണ്ടാഴ്ച കഴിഞ്ഞ് കയ്യിൽ തിരിച്ചെത്താം.
തിരിച്ചു വരുമ്പോൾ നിരാശരാകാതിരുന്നാൽ, ഭാഗ്യം.
ചിലർ അതോടെ എഴുത്ത് താഴെത്ത് വച്ചെന്നിരിക്കും.
കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ഒരാഴ്ചകൊണ്ടും, രണ്ടാഴ്ച കൊണ്ടും, ഒരു മാസം കൊണ്ടും ദ്വൈമാസം കൊണ്ടുമൊക്കെ പുറപ്പെടുന്ന ആനുകാലികങ്ങൾക്ക് പരിമിതികളുണ്ടെന്നുള്ളത് വാസ്തവം.

ആനുകാലികങ്ങളുടെ പേജിനും, ഉള്ളടക്കത്തിനുമുള്ള നിശ്ചിത സ്പെയിസിനെ മാനിക്കേണ്ടതുണ്ട്.
ഈ സ്പെയിനുള്ളിൽ വേണം ആനുകാലികം അണിയിച്ചൊരുക്കേണ്ടതും.

ഇതിൽ.. അതാത് പത്രാധിപ സമിതിയുടെ തീരുമാനപ്രകാരം കാലോചിത മാറ്റങ്ങൾ ഉണ്ടാകാമെങ്കിലും, ഉള്ളടക്കത്തിലെ കാഴ്ചകൾക്ക് ഓരോന്നിനും ക്ലിപ്തത ഉണ്ടായിരിക്കും.
ചിലപ്പോൾ, ചിലതിൽ... ഒരു കവിത, ഒരു കഥ, ഒരു ലേഖനം (അത് സചിത്ര ലേഖനവുമാകാം ), നോവലുകൾ അഞ്ചും ആറും ( അതിൽ കൂടുതലുമാകാം ), കാർട്ടൂൺസ്, ചില ചെറു കുറിപ്പുകൾ എന്നിങ്ങനെ കാണാം.

മറ്റു ചിലവയിൽ..,, നോവലിന് അതി പ്രധാന്യം കാണില്ല. ഒന്നോ രണ്ടോ .
പിന്നെ, രണ്ടോ മൂന്നോ ചെറുകഥകൾ, അതുപോലെ കവിതകൾ, ബാലപംക്തി,   ലേഖനങ്ങൾ, പത്രാധിപക്കുറിപ്പ്.

ദിനംപ്രതി ധാരാളം കവിതകളും കഥകളും ലേഖനങ്ങളും നോവലുകളും വരുന്നിടത്ത് ,എത്രയെണ്ണം കൊള്ളാവുന്നതുണ്ടാകും, എത്രയെണ്ണം തിരഞ്ഞെടുക്കേണ്ടി വരും.
ഊഹിക്കാവുന്നതേയുള്ളു .
വരുന്നതിൽ, പലതും ഒരു കഴമ്പുമില്ലാതെ വലിച്ചു നീട്ടുന്നവയാകും.
ചിലപ്പോൾ, ചിലതൊക്കെ വായനയുടെ ഒര് പരിസരത്തും കൂട്ടിമുട്ടിക്കാതെ വരുന്നതും, അക്ഷരത്തെറ്റുകൾ കുമിഞ്ഞുകൂടുന്നതുമായിരിക്കും.

പത്രാധിപരുടെ മനസ്സൊന്നലിഞ്ഞ്, അല്പം കഴമ്പുള്ളതെന്ന് തോന്നുന്ന ഒരെണ്ണം എടുത്താൽ, തന്നെ .. അദ്ദേഹത്തിന് ആയുധമെടുത്ത് കുനുകുനെ കഷണിച്ച് നല്ലെതെന്ന് തോന്നുന്ന ഭാഗം മിനുക്കിയെടുക്കേണ്ടി വരും.
അത് കഷ്ടതയാണ്.
പലരും ചെയ്യില്ല. ചവിറ്റുകുട്ടയിലിടും.സ്റ്റാമ്പൊണ്ടെങ്കിൽ തിരിച്ചയക്കും.

ഇങ്ങനെ സർജറിക്ക് വിധേയമാക്കുന്നത് ഇവരുടെ കുറ്റമല്ല. ഇത്തിരിയൊക്കെ അന്തസോടെ ഇറക്കണമെങ്കിൽ, ഇതൊക്കെ ചെയ്തേ പറ്റൂ..
അതുകൊണ്ടാണ് എഴുതി തെളിഞ്ഞവർക്ക് കൂടുതൽ അവസരങ്ങൾ കിട്ടുന്നത്. പിന്നെ അവരുടെ പ്രശസ്തിയും.

പ്രശസ്തിയിലെത്തിയവരെല്ലാം, നീണ്ട നാളെത്തെ പ്രയത്നവും പരിചയവും കൊണ്ടു തന്നെയാണ്.

 അടുത്തത് പുസ്തക പ്രസാധകരാണ്. അവരോടടുത്താൽ .. എഴുതുന്നതെന്തും സ്വീകരിക്കണമെന്നില്ല. മിക്കവരും പ്രൊഫഷണലായി പേരെടുത്തിട്ടുള്ളവരായിരിക്കും. അവരും അവരുടെ മാർക്കറ്റ് ഇമേജിന് കോട്ടം തട്ടുന്നതെന്ന് തോന്നുന്ന രചനകൾ സ്വീകരിക്കില്ല.
പിന്നെന്തു ചെയ്യും?

അപ്പോഴാണ് സമാന്തര പ്രസാധകരെ സമീപിക്കുക.
അവർക്ക് ഒരു കുഴപ്പമേ ഉള്ളു.
കൃതി പ്രസിദ്ധീകരിക്കണമെങ്കിൽ, അവരാവശ്യപ്പെടുന്ന തുക കൊടുക്കണം.
കാരണം, അവരാരും സാമ്പത്തിക ഭദ്രത ഉള്ളവരായിരിക്കില്ല.
എങ്കിലും, എഴുത്തുകാർക്ക് അവർ സംതൃപ്തിയും, ചെറിയ വിപണ സാധ്യതകളും ഒരുക്കി കൊടുക്കും.
ചിലർ എഴുത്തുകാരെ ചൂഷണം ചെയ്യുകയും ചെയ്യും.
ഇവിടെയാണ് നാം ഇന്നത്തെ നവമാധ്യമവും അതിലുടെ കിട്ടുന്ന സ്വാതന്ത്ര്യവും എത്ര വലുതാണെന്ന് തിരിച്ചറിയുക.

അന്ന് കിട്ടാത്ത അവസരങ്ങൾ, ഇന്ന് നവ മാധ്യമത്തിൽ തുറന്നു കിടക്കുകയാണ്.
എഡിറ്റിംഗ് ഇല്ല.
തിരിച്ചുവരവില്ല.
അയക്കുന്നത്, ആ നിമിഷം പ്രകാശിക്കുകയാണ്.
ഇവിടെ വിലസുന്ന പല എഴുത്തുകാർക്കും അതിൻ്റേതായ അഹങ്കാരം ഉണ്ടോന്ന് പോലും തോന്നും.
മറ്റൊന്ന്, ഇവിടെ എഴുതുന്നവർക്ക്, അവർ എഴുതുന്നതൊന്നും ചോദ്യം ചെയ്യാൻ പാടില്ലെന്ന വിചാരവും ഉണ്ട്.
തങ്ങൾ എഴുതുന്നതെല്ലാം ശരിയെന്ന വിചാരിപ്പ് എല്ലാവരിലും രൂഢമൂലമാണ്.
ചെറിയ പിഴവ് സഹ എഴുത്തുകാർ ചൂണ്ടിക്കാട്ടിയാൽ ., തിരുത്തലിന് അംഗീകരിക്കാതെ പലരും തിരിച്ച് ചോദ്യം ചെയ്ത് ബഹളം വയ്ക്കും. അല്ലെങ്കിൽ നിസഹരണം കാണിക്കും. അതുമല്ലെങ്കിൽ, പറയുന്നവരെ അകറ്റി മാറ്റും, അകന്നു മാറും.

ഭൂരിപക്ഷവും വിദ്യാസമ്പന്നരാണെങ്കിലും, എഴുത്ത് പരിചയക്കുറവ് ഇവർ അംഗീകരിക്കില്ല.
അരക്കവികൾ പോലും ഗരിമ കാട്ടി, ഈ മാധ്യമ വയലിൻ്റെ വരമ്പത്തുകൂടി, തിരുത്തലില്ലാതെ നടക്കുകയാണ്.

സാരമില്ല.
സ്വാതന്ത്ര്യം കൂടിപ്പോയി.
മിത്രങ്ങളല്ലേ .., എഴുത്തിൽ പക്വത വരുമ്പോൾ, പറഞ്ഞതെല്ലാം ബോധ്യമാകും.

പിണങ്ങരുതേ ...
സ്നേഹിക്കാം   നമുക്ക് .. സൗഹൃദങ്ങളെ..
ആശംസകൾ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക