Image

അത് എന്റെയും ജീവനായിരുന്നു ... പുസ്തക പരിചയം : ആൻസി സാജൻ

സിൽജി .ജെ. ടോം Published on 11 September, 2023
 അത് എന്റെയും ജീവനായിരുന്നു ... പുസ്തക പരിചയം : ആൻസി സാജൻ

ഡോ. കുഞ്ഞമ്മ ജോർജ്ജിന്റെ പുസ്തകം , ' അത് എന്റെയും ജീവനായിരുന്നു ' ഇന്നലെ കോട്ടയം ഐ.എം. എ. ഹാളിൽ പ്രകാശനം ചെയ്യപ്പെട്ടു.
ഇ മലയാളിയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച് വായനക്കാരുടെ ഹൃദയം കവർന്ന ഈ മെഡിക്കൽ ഡയറി കോഴിക്കോട് മാക്ബത്ത് ആണ് പുസ്തകമാക്കിയത്.
ഇ മലയാളിയെ പ്രതിനിധീകരിച്ച് ആൻസി സാജൻ നടത്തിയ പുസ്തക പരിചയം വായിക്കാം.


വേദിയിലും സദസ്സിലുമുള്ള ബഹുമാന്യരായ ഏവർക്കും ഏറ്റം വിനീത നമസ്കാരം.

ഏറെ ഹൃദ്യമായ ഒരു ആത്മഹർഷമാണ് ഇവിടെ കൂടിയിരിക്കുന്ന നമുക്കേവർക്കും ഇപ്പോൾ അനുഭവവേദ്യമാകുന്നത്.

ഡോക്ടർ സമൂഹം പൊതു സമൂഹത്തിന്റെ ജീവനെ നിലനിർത്താൻ സഹായിക്കുന്നവരാണ്. അവർ വിദഗ്ധരായ ഡോക്ടർ ആയിരിക്കണം എന്നതാണ് നാം ആഗ്രഹിക്കുന്നതും.
അവർ എഴുത്തുകാർ ആയില്ലെങ്കിലും നാമത് കാര്യമാക്കുന്നില്ല.
എന്നാൽ മികച്ച ഡോക്ടർ ആരാധ്യയായ ഒരു എഴുത്തുകാരിയും കൂടിയാകുന്നത് എത്രമേൽ അത്ഭുതവും സന്തോഷവുമാണ് നമുക്ക് പ്രദാനം ചെയ്യുന്നത്.

സാഹിത്യത്തിൽ സർഗ്ഗധനരായ എല്ലാ ഡോക്ടർമാർക്കും സ്നേഹാഭിവാദ്യങ്ങൾ !

ഡോക്ടർമാർ എഴുതുന്നത് നമുക്ക്  വായിച്ചെടുക്കാൻ കഴിയില്ല എന്നതാണ് സാധാരണ അനുഭവം. 

മെഡിക്കൽ ജേർണലുകളിൽ വരുന്ന അവരുടെ വൈദ്യ വൈജ്ഞാനിക നിരീക്ഷണങ്ങൾ അതിനോട് ബന്ധമില്ലാത്തവരായ നാം വായിച്ചെന്നും വരില്ല.

പിന്നെ, മെഡിക്കൽ സ്റ്റോറുകാർക്ക് മാത്രം വായിക്കാൻ കഴിയുന്ന കുറിപ്പടികളാണവയെന്നാണ് നാം വിചാരിക്കുന്നത്. . 
വെളുത്ത കടലാസിൽ വളച്ചു പുളച്ചൊരു എഴുത്തു രീതി. അത്യാന്താധുനികമായ ചികിൽസാ രീതികൾ പുലരുന്ന ഇന്ന് ഡോക്ടർമാരുടെ പഴയ കുറിപ്പടികൾക്കും വംശനാശം സംഭവിച്ചു കഴിഞ്ഞു എന്നതും ഓർക്കാം. 
ലോകത്ത് എല്ലാം എത്ര മാറി.  ഡോക്ടർമാരുടെ എണ്ണം എത്രയെത്ര വർധിച്ചു.
ഒപ്പം രോഗികളും രോഗങ്ങളും എത്ര ഇരട്ടിയായി..
എല്ലാം കാലത്തിനനുസരിച്ച മാറ്റങ്ങളായി കരുതാം.

ഡോ. കുഞ്ഞമ്മ ജോർജ്ജ് എഴുതി സമൂഹത്തിനായി പകരുന്നതാക്കെ വായിക്കുമ്പോൾ ആർദ്രതയോലുന്ന ഒരു ലോകത്തെത്തുകയാണ് നാം .
നിർമ്മലമായ മമതയും സ്നേഹവും നിറച്ചു വച്ച് അതീവ ഹൃദ്യമായ ഭാഷയിൽ, നമ്മുടേതെന്നും കൂടി വിചാരിച്ച് നാം സ്നേഹിച്ചു പോകുന്ന ഒരുപാട് അനുഭവങ്ങളുടെ ജീവക്കൂടുകൾ തന്നെയാണവ.

ഓരോ താളിലും ഓരോരോ അനുഭവങ്ങൾ നിറച്ചു വച്ച അക്ഷരപ്പെട്ടിക്ക് ശേഷം 'അത് എന്റെയും ജീവനായിരുന്നു , എന്ന് ഉള്ളിലുള്ള ഓരോ ജീവിതത്തെയും ചേർത്തു നിർത്തുന്ന പുതിയ പുസ്തകം ഇന്ന് പ്രകാശിതമായിരിക്കുകയാണ്.

ഈ പുസ്തകങ്ങളുടെവായനയ്ക്ക് ശേഷം പ്രസാദ ഭാവമുള്ള സ്മൃതികളിൽ കണ്ണീരും കയ്പ്പും തുളുമ്പി നിൽക്കുന്നുണ്ടെങ്കിൽ , നമ്മുടെ നെഞ്ചിൽ ഇതാണ് ജീവിതം , എന്ന് പറഞ്ഞ് ഉയരുന്ന നെടുവീർപ്പുകൾ ബാക്കിയാവുന്നുണ്ടെങ്കിൽ 
ഈ പുസ്തകത്തിന്റെ പരിശുദ്ധിയാവും അതിന് പരിമളം പരത്തുന്നത്.
കാരുണ്യക്കൊന്തയുടെ എണ്ണിച്ചൊല്ലലുകൾ എന്നും ഞാൻ പറയും.

ഓരോ രോഗിയും അനന്യർ ആണ് (unique). പല പല പാഠങ്ങളാണവർ ഡോക്ടർമാർക്ക് പറഞ്ഞും പഠിപ്പിച്ചും തരുന്നത്. രോഗിയും ചിലപ്പോൾ അവരുടെ കുടുംബവും ചേർന്നു കഴിഞ്ഞാൽ പല ഏടുകളുള്ള ഒരു പുസ്തകമാകും അത്. 
മനസ്സിൽ കുളിർമയുള്ള ഡോക്ടർമാർക്ക് മാത്രമേ ഇതു പാഠങ്ങൾ ആകുന്നുള്ളു എന്നതാണ് സത്യം.

രോഗിയുടെ ആരോഗ്യ പ്രശ്നങ്ങൾ ഡോക്ടർക്ക്
സോഷ്യോ ഇക്കണോമിക്ക് ഇഷ്യൂസ് കൂടിയാണ്.
അവരുടെ ആരോഗ്യം ധനസ്ഥിതി ഇതെല്ലാം ഡോക്ടർ കാണുകയും അറിയുകയും ചെയ്യേണ്ടി വരുന്നു. പ്രത്യേകിച്ചും മുൻപുള്ള കാലങ്ങളിൽ.
അനുഭവങ്ങൾ പറയാൻ കുഞ്ഞമ്മ ഡോക്ടറുടെ മുന്നിൽ തന്നെ വരേണ്ടവരായിരുന്നു അവരെല്ലാം .

അല്ലി സജിത എന്നൊരു ഫേസ്ബുക്ക് സുഹൃത്തിനെ ഇവിടെ ഓർക്കുന്നു. ഡോക്ടർക്കും എനിക്കും അല്ലി കൂട്ടുകാരി ആയിരുന്നു. കാൻസർ പിടിപെട്ട അല്ലി ഇടയ്ക്കെല്ലാം വിളിക്കുമായിരുന്നു.
വേദനകൾ പറഞ്ഞ് കരയുമായിരുന്നു.

ഡോ. കുഞ്ഞമ്മയോടൊപ്പം ഞാനും പോയിരുന്നു മട്ടാഞ്ചേരിയിലെ അല്ലിയെ കാണാൻ .
മണിക്കൂറുകൾ ഞങ്ങൾ സംസാരിച്ചിരുന്നു.

അത്രവേഗം അല്ലി പോയ് മറയുമെന്ന് കരുതിയതേയില്ല. 

ഡോക്ടർ എല്ലാ രോഗികളോടും ഇങ്ങനെയാവണമെന്നില്ല..
തിരഞ്ഞെടുക്കപ്പെട്ടവർ അരികിലേക്ക് വരികയാണ്.

കോട്ടയം മെഡിക്കൽ കോളേജിലെ പൂർവികരെല്ലാവരും നല്ല അധ്യാപകരും മനുഷ്യസ്നേഹികളുമാണെന്ന് കുഞ്ഞമ്മ ഡോക്ടർ സാക്ഷ്യം പറയുന്നു. അതും സുകൃതമായി കരുതുന്നു.

രോഗത്തിന്റെ മേലുള്ള വിജയങ്ങളിൽ വാക്കുകൾക്കപ്പുറത്ത് , സന്തോഷം കൊണ്ട് മരിച്ചു കളയാൻ തോന്നുന്ന നിമിഷങ്ങളാണ് യഥാർത്ഥ ഡോക്ടർക്ക് ലഭിക്കുന്ന ധന്യതയും അഭിമാനവും.

രോഗിയുടെ കോൺഫിഡൻസിന് കൈ കൊടുക്കുന്ന ഡോക്ടർ ആനന്ദിക്കുകയാണ്.

എല്ലാവരെയും ചേർത്തു നിർത്താൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. ചിലരെ പരാശക്തി നമ്മുടെ മുൻപിൽ കൊണ്ടു നിർത്തും. അരൂപിയുടെ കാറ്റ് നമ്മളെ പൊതിയും.
അവരെ നമ്മൾ ചേർത്തുപിടിക്കും.

സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഏറ്റം സാധാരണക്കാരുമായി ഇടപെടേണ്ടവരാണ്. അവരുടെ ആധികൾ വ്യാധികൾക്കൊപ്പം പ്രാധാന്യമർഹിക്കുന്നു. മനുഷ്യനോടുള്ള അനുകമ്പയും കാരുണ്യവുമാണ് ആ ഡോക്ടർമാരെ വ്യത്യസ്തരാക്കുന്നത്.

ഡോക്ടറായില്ലയെങ്കിൽ പ്രശസ്തയായ ഒരെഴുത്തുകാരിയായേനെ ഡോ. കുഞ്ഞമ്മ എന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ ഞാനങ്ങനെ കരുതുന്നില്ല. ഉള്ളിലെ എഴുത്തുകാരിയുടെ നന്മകളാണ് കുഞ്ഞമ്മ ജോർജ്ജിനെ മികച്ച ഡോക്ടറായി മാറാൻ സഹായിച്ചത് എന്നും മികച്ച ഡോക്ടറുടെ കരുണയും ആർദ്രതയുമാണ് മനുഷ്യസ്നേഹത്തിന്റെ കഥകളെഴുതാൻ ഡോക്ടറെ പ്രാപ്തയാക്കിയതെന്നുമാണ് എന്റെ വിചാരം.

ഇത്രമാത്രം തിരക്കുകളും തീക്ഷ്ണമായ ആശങ്കകളും നിറഞ്ഞ ജീവിതത്തെ ബാലൻസ് ചെയ്ത് നിർത്തിയത് വായിച്ചു കൂട്ടിയ പുസ്തകങ്ങൾ നൽകിയ കരുത്തുമായിരിക്കണം.
വാങ്ങിച്ചു കൂട്ടുക എന്നതിലുപരി വായിച്ച് ഹൃദയത്തിലാക്കുകയായിരുന്നു പുസ്തകങ്ങളെല്ലാം. 
ഇപ്പോഴും താനൊരു വായനക്കാരിയാണെന്ന് പറയാനാണ് ഡോക്ടർക്ക് ഇഷ്ടമെന്നു തോന്നുന്നു.

വായിക്കാൻ സമയമില്ല എന്റെ സ്വപ്നങ്ങളൊക്കെയും ഞാനുപേക്ഷിക്കുകയാണ് എന്ന് വിലപിക്കുന്നവരുടെ ഭൂരിപക്ഷത്തിനുള്ളിൽ നിന്നുകൊണ്ട് കുഞ്ഞമ്മ ഡോക്ടർക്ക് ഇവിടെ ഒരു ഹൃദയ നമസ്കാരം നൽകുകയാണ് ഞാനിപ്പോൾ.

അക്ഷരപ്പെട്ടിയിലെ മാറ്ററുകളെല്ലാം ആദ്യം വായിച്ചപ്പോൾ വളരെ സന്തോഷവും മതിപ്പുമാണ് ഡോക്ടറോട് തോന്നിയത്. എത്രയും വേഗം ഇത് പുസ്തകമാക്കണം എന്ന ആഗ്രഹം സഫലമായത് സന്തോഷം ഇരട്ടിയാക്കി. 

അതുപോലെ , മെഡിക്കൽ ഡയറി എഴുതുന്നു എന്നറിഞ്ഞപ്പോഴും ഏറ്റം സന്തോഷമായി. അത് ഇ മലയാളിയിലൂടെ ആഴ്ചതോറും പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞതിലും വായനക്കാരിൽ നിന്നും ലഭിച്ച നല്ല സ്വീകരണത്തിലും  അത്യധികം അഭിമാനമനുഭവിക്കാനും കഴിഞ്ഞു.

പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും ഏറ്റം വേഗം അത് വായനക്കാരിലെത്തിക്കുന്നതിനും സഹായിച്ചവർക്കൊക്കെയും നന്ദി. 

പ്രത്യേകിച്ച് മക്ബത്ത് പബ്ളിക്കേഷന്.
ഇനിയും അർഹതയുള്ള എഴുത്തുകാരെ ഉയർത്തിക്കൊണ്ടുവരാൻ ഷഹനാസിന് കഴിയട്ടെ എന്നാശംസിക്കുന്നു.

കാലഘട്ടങ്ങളുടെ ചിത്രം ലഭിക്കാൻ ചരിത്രാന്വേഷകർ അതത് കാലത്തിറങ്ങിയിട്ടുള്ള പുസ്തകങ്ങൾ തേടും.
ഡോ.കുഞ്ഞമ്മയും നമ്മളേവരും ജീവിക്കുന്ന ഈ കാലഘട്ടത്തെ സാക്ഷ്യപ്പെടുത്താൻ അക്ഷരപ്പെട്ടിയും അത് എന്റെയും ജീവനായിരുന്നു എന്ന ഇന്നത്തെ പുസ്തകവും മുന്നിൽ നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അനേകമനേകം കൂരിരുട്ടുകൾക്കിടയിൽ വെളിച്ചമായി നിൽക്കട്ടെ ഡോക്ടറുടെ പുസ്തകങ്ങൾ.

ഇനിയും എഴുതാനുണ്ട് കഥകൾ.
അനേകം നല്ല കാഥികർക്കൊപ്പം ഡോക്ടറും എഴുത്ത് തുടരട്ടെ എന്നതാണ് പ്രാർത്ഥന .

കൊടും വെയിലത്തു പെയ്യുന്ന മഴ പോലെ ഈ പുസ്തകത്തിന്റെ സ്നേഹമഴ നമ്മെ കുളിർപ്പിക്കട്ടെ. 

മികച്ച ഭാഷയും ഹൃദ്യമായ ശൈലിയും കൊണ്ട് ധന്യമാണ് ഇത് എന്റെയും ജീവനായിരുന്നു എന്ന ഈ പുസ്തകം.

അനസ്തേഷ്യ ലോകത്തിലെ മഹാവ്യസനങ്ങളുടെയും സങ്കടങ്ങളുടെയും സന്തോഷങ്ങളുടെയും രസങ്ങളുടെയും രഹസ്യങ്ങളുടെയുംഈ അനുഭവ സമാഹാരം  വിപുലമായി വായിക്കപ്പെടുകയും വെളിച്ചത്തിന്റെ വിളക്കുമരമായി സമൂഹത്തിൽ നിലകൊള്ളുകയും ചെയ്യട്ടെ.

മഹത്തായ ഒരു രാത്രിവിരുന്നിൽ പങ്കെടുത്തു കൊണ്ടെന്ന പോലെ
ചന്ദ്രപ്രഭ നിറഞ്ഞ തെളിഞ്ഞ ആകാശത്തെ നോക്കി നിന്നുകൊണ്ട് ഡോക്ടറോട് പറയാൻ ഞാനാഗ്രഹിക്കുന്നു.
പ്രിയപ്പെട്ട ഡോക്ടർ നിങ്ങൾ ഞങ്ങളുടെ ജീവിതത്തെ എത്ര ധന്യമാക്കി.

വിലപ്പെട്ട ഈ അവസരം എനിക്കായി നീക്കി വച്ച ഡോക്ടർക്കും
കേട്ടിരുന്ന നിങ്ങൾക്ക് 
ഏവർക്കും നന്ദി.

 

https://macbethpublications.com/product/athu-enteyum-jeevanayirunnu/

 അത് എന്റെയും ജീവനായിരുന്നു ... പുസ്തക പരിചയം : ആൻസി സാജൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക