സി.പി.എം മന്ത്രിമാർക്കെതിരെ ആഞ്ഞടിച്ചും നന്മ പ്രവർത്തികൾ ചെയ്തും ഷൈൻ ചെയ്ത്, ഉടനെ മന്ത്രിയാകാൻ കാത്തിരിക്കാൻ നടൻ കൂടിയായ ഗണേഷ് കുമാറിന് പെട്ടെന്നൊരു വില്ലൻവേഷം !പിണറായിക്ക് വെറുക്കപ്പെട്ടവനായി അറിയപ്പെട്ടിരുന്ന ഡൽഹി ദല്ലാൾ ടി.ജി നന്ദകുമാർ വഴിയാണ് പോലും സരിതയ്ക്ക് ലക്ഷങ്ങൾ കൊടുത്ത് സി.പി.എമ്മിന്റെ ഇച്ഛയ്‌ക്കൊത്ത് ആ 'മഹതി' തുള്ളിയത്. ഈ കേസിൽ സരിത മാപ്പുസാക്ഷിയായാലും ഞെട്ടേണ്ടതില്ല !
മന്ത്രിയാവാൻ കുപ്പായം തുന്നി കാത്തിരിക്കുന്ന ഗണേഷ്കുമാറിനെ ഇനി കോൺഗ്രസുകാർ വളഞ്ഞിട്ട് ആക്രമിക്കും. ഗണേഷും അദ്ദേഹത്തിൻറെ പിതാവ് ബാലകൃഷ്ണപിള്ളയുമാണ് സോളാർ കേസിൽ ഉമ്മൻചാണ്ടിയെ പ്രതിയാക്കാൻ ആദ്യം ആസൂത്രണം ചെയ്തത് പോലും ! സരിത ജയിലിലായിരുന്ന ആദ്യ കത്തിൽ ഉമ്മൻചാണ്ടിയുടെ പേരില്ലായിരുന്നു. ബാലകൃഷ്ണപിള്ള മന്ത്രിയായിരിക്കെ അദ്ദേഹത്തിൻറെ സെക്രട്ടറിയായി പ്രവർത്തിച്ച ശരണ്യമോഹനാണ് ഇതിനൊക്കെ വേണ്ട ഒത്താശകൾ നൽകിയത്. എന്തിനേറെ, സരിതയെ മോഹന്റെ വീട്ടിൽ താമസിപ്പിച്ചാണ് രാഷ്ട്രീയ നേതാക്കളിൽ പ്രമുരായ പലരെയും പലരുടെയും താല്പര്യമനുസരിച്ച് നാറ്റിക്കാൻ ശ്രമിച്ചത് - ഇത് ആദ്യഘട്ടം
ദല്ലാൾ 'പണി' പിന്നീട് :
രണ്ടാം ഘട്ടത്തിലാണ് ദല്ലാൾ നന്ദകുമാർ വരുന്നത്. ഈ കക്ഷി വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹത്തിൻറെ സ്വന്തം ആളും, പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോൾ അദ്ദേഹത്തിന് വെറുക്കപ്പെട്ട ആളുമായിരുന്നു. ആലുവ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി വി.എസും ദല്ലാൾ നന്ദകുമാറും കൂടിക്കാഴ്ച നടത്തിയത് പിണറായി അന്ന് വലിയ സംഭവമാക്കിയത് മാന്യവായനക്കാർ ഓർക്കുന്നുണ്ടാകും. ഈ ദല്ലാൾ എങ്ങനെ പിണറായി നയിക്കുന്ന സി.പി.എമ്മിനു പ്രിയങ്കരനായി എന്നതിൽ അതിശയിക്കേണ്ട. നന്ദകുമാറിനു എന്നും ഭരണകക്ഷിയുടെ ഭാഗമാകാനാണ് ഇഷ്ടം. നന്ദകുമാർ വഴിയാണ് സരിതയ്ക്ക് പണം നൽകിയത്. 50 ലക്ഷം രൂപയെങ്കിലും ഇങ്ങനെ സരിത വാങ്ങിയതായി സരിതയുടെ സഹായി പറയുന്നു. കുതന്ത്രം മെനയുന്ന ഒരു ദല്ലാളിനെയായിരുന്നല്ലോ അന്ന് സി.പി.എമ്മിന് ആവശ്യം. പിണറായിക്കെതിരെയുള്ള ലാവ്‌ലിൻ കേസ് പൊലിപ്പിക്കാൻ വി.എസ് പ്രയോജനപ്പെടുത്തിയത് ടി കക്ഷിയെ തന്നെ എന്നത് പോലും മറന്നായിരുന്നു പുതിയ ബാന്ധവമെന്ന് ചുരുക്കം.
പത്രസമ്മേളനം ; കുമ്പസാരം :
ആദ്യഘട്ടത്തിൽ സരിത ഉമ്മൻചാണ്ടിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസിൽ അന്ന് ഉമ്മൻചാണ്ടിയുമായി പിണങ്ങി നിന്നിരുന്ന പി സി ജോർജിനെയും ദല്ലാളിന്റെ നിർദേശപ്രകാരം കൂട്ടു പിടിച്ചിരുന്നു. അന്ന് ഉമ്മൻചാണ്ടി ധരിച്ചിരുന്നത് കള്ളിമുണ്ട് (ലുങ്കി) ആണെന്നും സരിത ധരിച്ചത് കറുത്ത നിറത്തിലുള്ള ഷിഫോൺ സാരിയാണെന്നും സരിത പി.സിയ്ക്ക് എഴുതി കൊടുത്തിരുന്നു പോലും! ദല്ലാൾ മുഖേന തന്നെയാണ് സരിതയുടെ കത്ത് പി.സിയ്ക്ക് നൽകുന്നത്. എന്തായാലും ആദ്യം ഒരു പത്രസമ്മേളനം നടത്തി ഉമ്മൻചാണ്ടിക്കെതിരെ പി.സി ജോർജ്ജ് എടുത്തു ചാടിയെങ്കിലും അന്ന് 70 പിന്നിട്ട പാവം ഒരു മനുഷ്യനെ വ്യക്തിഹത്യ ചെയ്യുന്നത് പാപമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാകാം സത്യ ക്രിസ്ത്യാനിയായ പി.സി പിന്മാറി. എന്തായാലും ഇക്കാര്യം ഏതെങ്കിലും പാതിരിക്ക് മുൻപിൽ കുമ്പസാരിച്ചു കാണും.
ഇനിയാണ് അങ്കം :
പതിനൊന്ന് വർഷമായി സി.പി.എം നടത്തിവരുന്ന ഭീകരമായ വ്യക്തിഹത്യ ഒരു വലിയ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾക്ക് ആരോപിക്കാനും സി.ബി.ഐ റിപ്പോർട്ട് വച്ച് പ്രചാരണം പൊലിപ്പിക്കാനും കഴിഞ്ഞിരുന്നെങ്കിൽ ഭൂരിപക്ഷം ഇരട്ടിയാക്കാമായിരുന്നില്ലേ എന്നാണ് കോൺഗ്രസുകാർ തന്നെ ഇപ്പോൾ ചോദിക്കുന്നത്. ഉമ്മൻചാണ്ടി തന്നെ നേരിട്ട് മത്സരിച്ചത് പോലെയുള്ള ഒരു പ്രചാരണം കോൺഗ്രസിന് കാഴ്ചവെക്കാനായത് തന്നെ നന്നായി എന്ന് കരുതി അവർക്ക് ആശ്വസിക്കാം. ഇനി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസമെങ്കിലും കോൺഗ്രസ് അത് ശക്തമായി ഏറ്റെടുത്ത് മുന്നോട്ട് നീങ്ങും. പിണറായിക്കും ഗണേശ് കുമാറിനും എതിരായിരിക്കും ശരങ്ങൾ. മരിച്ചുപോയ ബാലകൃഷ്ണപിള്ളയുടെ പേരും പരാമർശിക്കപ്പെടും.
വിഴുപ്പ് അലക്കില്ല; അലക്കും
രമേശ് ചെന്നിത്തലയും മുരളിയും ഇലക്ഷനു ശേഷം പറയാം എന്ന് പറഞ്ഞത് എന്താണെന്ന് വെളിപ്പെടുത്തി. രണ്ടു നായന്മാരെ കൂടി ചേർത്ത നാല് നായന്മാർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ വരണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്ന് രണ്ടുപേർക്കും ബോധ്യമായി. സ്ഥിരം ക്ഷണിതാവായ രമേശ് വിഴുപ്പലക്കിനില്ലെന്നും, വിഴുപ്പുണ്ടെങ്കിൽ അത് കൂടുതൽ നാറുമെന്നതു കൊണ്ട് വിഴുപ്പ് അലക്കികൊണ്ടേയിരിക്കും എന്ന് ക്ഷണിതാവ് പോലുമല്ലാത്ത മുരളിയും മൊഴിഞ്ഞത് അർത്ഥവത്തായി.
അടിക്കുറിപ്പ് : ഒടുവിൽ മൊയ്തീൻ നിയമസഭയിൽ പങ്കെടുക്കാതെ ഇന്ന് ഇ.ഡി യ്ക്ക് മുന്നിൽ ഹാജരായി. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്സും സി.പി.എമ്മിന് ബാധ്യതയാകുന്നു. എല്ലാംകൊണ്ടും സഖാക്കൾക്കിത് ശനിദശ.
കെ.എ ഫ്രാന്‍സിസ്