ദമ്മാം/ തിരുവനന്തപുരം: ഹൃദയാഘാതം മൂലം ദമ്മാമില്‍ വെച്ച് നിര്യാതനായ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദല്ല മേഖല കമ്മിറ്റി പ്രസിഡന്റും, ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന സനു മഠത്തിലിന്റെ കുടുംബത്തിന് നവയുഗത്തിന്റെ സാമ്പത്തിക സഹായം കൈമാറി.
സനുവിന്റെ കുടുംബത്തിനുള്ള അടിയന്തര സഹായമായി നവയുഗം പ്രവര്‍ത്തകര്‍ ശേഖരിച്ച ഫണ്ട്, തിരുവനന്തപുരം കടയ്ക്കല്‍ അയിരക്കുഴിയിലുള്ള സനുവിന്റെ വീട്ടിലെത്തി മന്ത്രി ജെ ചിഞ്ചുറാണി സനുവിന്റെ ഭാര്യ മിനിയ്ക്ക് കൈമാറി. നവയുഗം നേതാക്കളായ ശ്രീകുമാര്‍ വെള്ളല്ലൂര്‍, ഹുസ്സൈന്‍ കുന്നിക്കോട്, ഉണ്ണി മാധവം, അബ്ദുള്‍ കലാം, എ.ആര്‍.അജിത്ത്, നിസാര്‍ കുന്നിക്കോട്, ബക്കര്‍, അമീര്‍, പ്രവാസി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സുലൈമാന്‍, പ്രവാസി ഫെഡറേഷന്‍ നേതാക്കളായ രാധാകൃഷ്ണന്‍, വിജിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നവയുഗത്തിന്റെ ആദ്യകാലം മുതല്‍ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ച സനു മികച്ച സംഘടകപാടവം കൊണ്ട് കിഴക്കന്‍ പ്രവിശ്യയുടെ സാമൂഹ്യ,സാംസ്‌ക്കാരിക,ജീവകാരുണ്യ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ദല്ല മേഖലയില്‍ നട്ടെല്ല് സനുവിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. തൊഴില്‍ പ്രശ്‌നങ്ങളാലും, രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. സ്വന്തം വരുമാനത്തില്‍ നിന്നും പണം ചിലവാക്കി മറ്റുള്ളവരെ സഹായിക്കാന്‍ ഒരിയ്ക്കലും മടിയ്ക്കാത്ത സനു മഠത്തില്‍, നിറഞ്ഞ പുഞ്ചിരിയും, ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃത്ത് വലയവും സമ്പാദിച്ചിരുന്നു.
അയിരക്കുഴി മഠത്തില്‍ വീട്ടില്‍ പരേതനായ സഹദേവന്‍ പിള്ളയുടെയും, രാധാമണി അമ്മയുടെയും മകനാണ്. പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ മൃദുല്‍ മകനാണ്.
ഫോട്ടോ: മന്ത്രി ചിഞ്ചുറാണി മിനിയ്ക്ക് നവയുഗത്തിന്റെ സഹായധനം കൈമാറുന്നു.