അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത ചാനലുകാർ ഇതുവരെ ചാണ്ടി ഉമ്മന് വിട്ടു പോയിട്ടില്ല. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച അന്നുമുതൽ ചാണ്ടി ഉമ്മന്റെ പുതുപ്പള്ളിയിലെ വീടിനുപുറത്തു ടെന്റ് കെട്ടി താമസം തുടങ്ങി മുഴുവൻ ചാനലുകാർ. ചാണ്ടി ഉമ്മൻ തെരഞ്ഞെടുപ്പു പര്യടനം ആരംഭിച്ചത് തുറന്ന ജീപ്പിൽ ആയിരുന്നു. ജീപ്പിൽ നിന്ന് പ്രസംഗിച്ചുകൊണ്ടിരുന്ന ചാണ്ടി ഉമ്മന്റെ അടുത്തേയ്ക്കു ചാനൽ റിപ്പോര്ട്ടര്മാർ വാശിച്ചു ചാടിക്കയറി. കുറച്ചുപേർ താഴെ വീണു. ജീപ്പിന്റെ കമ്പിയിൽ മുറുകെ പിടിച്ചിരുന്നതുകൊണ്ട് ചാണ്ടി ഉമ്മൻ വീണില്ല. അതോടെ ചാണ്ടി ഉമ്മൻ ഓട്ടം തുടങ്ങി.
പള്ളികളിലേയ്ക്കും അമ്പലങ്ങളിലേയ്ക്കും കടകളിലേയ്ക്കും പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ വീടുകളിലേയ്ക്കും ചാണ്ടി ഉമ്മൻ ഓടിക്കയറി. ഭാരത് ജോടോ യാത്രയിൽ മൂവായിരത്തിയഞ്ഞൂറു കിലോമീറ്റർ ചെരുപ്പിടാതെ ഓടിയ ചാണ്ടി ഉമ്മന് പുതുപ്പള്ളി ഓട്ടം നിസാരമായിരുന്നെങ്കിലും ചാനലുകാർ ചാണ്ടിയ്ക്കു ഒപ്പമെത്താൻ വളരെ ബുദ്ധിമുട്ടി. പലരും പാതിവഴിയിൽ ഓട്ടം നിർത്തി. തെരഞ്ഞെടുപ്പു ദിവസവും ചാണ്ടി ഉമ്മൻ വെറുതെ ഇരുന്നില്ല. എല്ലാ ബൂത്തുകളിലേയ്ക്കും ഓടി. വൈകുന്നേരം വീട്ടിൽ വരുമ്പോൾ പിടിക്കാം എന്നുകരുതി വീടിനു പുറത്തു കാത്തുനിന്ന ചാനലുകാരെ വെട്ടിച്ചു കട്ട തമിഴ് സിനിമ ഫാനായ ചാണ്ടി ഉമ്മൻ പാലായിലെ തിയേറ്ററിൽ രജനികാന്തിന്റെ മാസ് ചിത്രം ജയ്ലർ കാണുവാൻ പോയി. വിവരം എങ്ങനെയോ മണത്തറിഞ്ഞ ചാനലുകാർ അവിടെയും എത്തി.
വോട്ടെണ്ണൽ ദിവസം ചാനലുകാർക്കിരിക്കുവാൻ വീടിന്റെ മുറ്റത്തു പന്തൽ കെട്ടി കസേരയും ഇട്ടുകൊടുത്തു ചാണ്ടി ഉമ്മൻ വീടിനുള്ളിൽ കയറി വാതിലടച്ചു. ഭൂരിപക്ഷം മുപ്പത്തിനാലായിരം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന ചാണ്ടി ഉമ്മൻ നേരെ ഓടി പുതുപ്പള്ളി പള്ളിയിലേയ്ക്ക്. പിറകെ ഓടി ചാനലുകാർ. പിടികൊടുക്കാതെ വീണ്ടും ഓടി ചാണ്ടി ഉമ്മൻ മണർകാട് പള്ളിയിലേയ്ക്കും അമ്പലത്തിലേയ്ക്കും. ഒടുവിൽ ചാണ്ടി ചാനലുകാർക്ക് പിടികൊടുത്തു. എല്ലാം കഴിഞ്ഞു ശരിയ്ക്കൊന്നു ഉറങ്ങാമെന്നു വിചാരിച്ചപ്പോൾ ആണ് എല്ലാ ചാനലുകാരുടെയും ഡിമാൻഡ് എല്ലാവർക്കും ഇന്റർവ്യൂ വേണം. അതിനും ഇരുന്ന് കൊടുത്തു ചാണ്ടി. എല്ലാ ചാനലുകാർക്കും അറിയേണ്ടത് മുപ്പത്തിയെഴു വയസ്സായി മുപ്പത്തിയേഴായിരം ഭൂരിപക്ഷം കിട്ടി എന്താണ് പെണ്ണ് കെട്ടാത്തത്. പ്രണയം ഉണ്ടായിരുന്നോ ചാണ്ടി മനസ്സിൽ പറഞ്ഞു കാണും ഇങ്ങനെ ആണേൽ ഇവർ എന്നെ ഇനിയും ഓടിയ്ക്കും. ഒടുവിൽ അറിയുവാൻ കഴിഞ്ഞത് പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു ഓടുവാൻ ഉള്ള തയ്യാറെടുപ്പിലാണ് ചാണ്ടി ഉമ്മൻ. ചാണ്ടിയ്ക്കൊപ്പം എങ്ങനെ ഓടിയെത്തും എന്ന ആശങ്കയിൽ ആണ് ചാനലുകാർ
കടപ്പാട്: ഒരു പുതുപ്പള്ളി നിവാസി