Image

നവാസുദ്ദീൻ സിദ്ദീഖിയുടെ സിനിമകൾ (ഇന്ദു മേനോൻ)

Published on 12 September, 2023
നവാസുദ്ദീൻ സിദ്ദീഖിയുടെ സിനിമകൾ (ഇന്ദു മേനോൻ)

നവാസുദ്ദീൻ സിദ്ദീഖിയുമായുള്ള എൻറെ ആത്മബന്ധം ആരംഭിക്കുന്നത് 2013 ലാണ്. കോലാലമ്പൂരിലേക്കുള്ള ഒരു യാത്രയ്ക്കിടയിൽ അവിചാരിതമായാണ് സംഭവിച്ചത്. സാധാരണക്കാരനായ ഒരു മനുഷ്യൻറെ മുഖവും കണ്ണുകളും ചേഷ്ഠകളുമുള്ള അതിന്ദ്രിയമാന്ത്രികനായ അഭിനേതാവാണ് അദ്ദേഹമെന്ന് ഞാനന്ന് ആദരവോടെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
 സിനിമാക്കാരോട് പ്രത്യേകിച്ച് സിനിമയിലെ പുരുഷന്മാരോട് എക്കാലവും അകലം സൂക്ഷിച്ചിരുന്ന ഞാൻ നവാസുദ്ദീൻ സിദ്ദിഖിയുമായി വളരെ അടുത്ത ബന്ധം ആരംഭിച്ചു. സാധാരണ സിനിമ നടന്മാരോട് തോന്നുന്ന ക്രഷോ പ്രേമമോ ആയിരുന്നില്ല അത്. എന്നാൽ സവിശേഷമായ ആ ബന്ധം എന്താണ് എന്ന് മനസ്സിലാക്കാൻ എനിക്ക് സാധിച്ചതും ഇല്ല. ഗോസിപ്പ് കോളങ്ങളിലും മറ്റും നിരന്തരമായി നവാസുദ്ദീൻ ഇടം പിടിച്ച് തുടങ്ങിയ ഒരു കാലവും ആയിരുന്നു അത്. മറ്റു മനുഷ്യരോട് തോന്നുന്ന ഒരു വെറുപ്പോ ദേഷ്യമോ എന്നിട്ടും എനിക്ക് അയാളോട് തോന്നുകയുണ്ടായില്ല. നിവിയെന്ന പേരിന് ആത്മാവിൽ തന്നെ ഇടമുണ്ടായിരുന്നു.
2016 ലെ മുംബൈ യാത്രയിൽ വെച്ച് നവാസുദ്ദീൻ സിദ്ദീഖിയെ വീണ്ടും കാണുകയുണ്ടായി. ഒരു സിനിമയെ കണ്ടു. പേര് ഇപ്പോഴും എനിക്ക് ഓർമ്മയില്ല നഗരത്തിൽ ചിലന്തിവലകൾ പോലെ മുളച്ചുപൊന്തിയ അടുത്തടുത്ത വീടുകളുടെ ദൃശ്യങ്ങൾ. ആരാലും ഉപേക്ഷിക്കപ്പെട്ട്, ഏകാകിയായി, റേഡിയോ നന്നാക്കിയും എന്തൊക്കെയോ ഇലക്ട്രിക് വർക്കുകൾ ചെയ്തും അങ്ങനെ ജീവിക്കുന്ന ഒരു കഥാപാത്രം. അത് നിവിയാണ് അഭിനയിച്ചത്. ഏകാകി, സർവ്വംഗ പരിത്യാഗി. തീർത്തും ഉപേക്ഷിക്കപ്പെട്ടവൻ. എന്നാൽ തീർത്തും രക്ത ബന്ധുക്കളില്ലാത്തതല്ല. ബന്ധുക്കളുമയാളെ ഉപേക്ഷിച്ചു കളത്തിരിക്കുന്നു. ഇടയ്ക്ക് അയാളുടെ സഹോദരൻ വന്ന് അദ്ദേഹത്തിന്റെ കൈവശം ഇരിക്കുന്ന അമ്മയുടെ പഴയ ആഭരണം മകൾക്കായി വാങ്ങിച്ചു കൊണ്ടുപോകുന്നുണ്ട്. അയാളെ ശ്രദ്ധിയ്ക്കുന്നു പോലുമില്ല. ഒരു പഴയ ആഭരണത്തിന്റെ പോലും വിലയില്ല അയാൾക്ക്.
അയാളസ്വസ്ഥനാണ്. ഭയചകിതനാണ്. അപ്പുറത്തെ വീട്ടിലെ ഒരു മതിലിനപ്പുറത്ത് രക്ഷിതാക്കളാൽ പീഡിപ്പിക്കപ്പെട്ട ഒരാൺകുട്ടി നിലവിളിക്കുന്നുവെന്നതായിരുന്നു അയാളുടെ പ്രശ്നം.  കാതുകളിൽ അശരണമായ ആൺകുട്ടിനിലവിളി സദാ മുഴങ്ങിക്കൊണ്ടിരുന്നു.
സർവീലൻസ് ക്യാമറ ഫിറ്റ് ചെയ്തു കൊണ്ടും മതിലിനിപ്പുറം നിന്ന് ആശ്വാസവാക്കുകൾ പകർന്നു കൊണ്ടും അയാളവനെ ആശ്വസിപ്പിക്കുന്നുണ്ട്. അയാൾ  ഓരോ നിമിഷവും ആ കുട്ടിയെ രക്ഷിതാക്കളുടെ ക്രൂരതയിൽ നിന്നും രക്ഷിയ്ക്കുവാൻ  ശ്രമിച്ചുകൊണ്ടിരുന്നു.
പിന്നീടാണ് കഥയുടെ ചുരുളഴിയുന്നത്. ആ വീട്ടിൽ ഉമ്മയും ഉപ്പയും സുന്ദരനായ ഒരു കുഞ്ഞുമായിരുന്നു ഉണ്ടായിരുന്നത്. അവനു ചെറിയ ഒരു അനിയൻ ഉണ്ടായിട്ടുണ്ട്.  ഉമ്മയെ അടിക്കുന്നതും അവമതിക്കുന്നതും ദ്രോഹിക്കുന്നതും പതിവാക്കിയ ബാപ്പയോട് കഠിനമായ അമർഷമുണ്ട് ഈ ബാലന്. എന്നാൽ അവൻ തീർത്തും നിസ്സഹായനാണ്. തന്റെ ഉമ്മയ്ക്ക് വേണ്ടി ഈ ബാലൻ എപ്പോഴും വേദനിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നു. സ്കീസോഫ്രീനിയയുടേതായ വേരുകളും തണ്ടുകളും ഇലകളും പൂക്കളും അവനിൽ പൊടിച്ചുണർന്നുകൊണ്ടേയിരുന്നു.
അയൽപക്കക്കാരനായ ആൾ ഭയന്നത് തന്നെ സംഭവിച്ചു. എന്നും രാത്രിയിൽ അകാ‍ാരണമായി അടി വാങ്ങി മുറിവേറ്റ് അവശനായി കിടന്നുറങ്ങിയിരുന്ന ആ ബാലൻ ഒരു രാത്രിയിൽ തലയിണ കൊണ്ട് അമർത്തി തൻറെ അച്ഛനെ കൊന്നുകളയുന്നു. ഉമ്മയ്ക്ക് വേണ്ടിയും കുടുംബത്തിനുവേണ്ടിയും ആണ് അവനത് ചെയ്യുന്നതെങ്കിലും അവന്റെ മനോരോഗം അവൻറെ ഉന്മാദം അവനെ ഒറ്റുകൊടുക്കുന്നു. ഒറ്റയ്ക്കാക്കുന്നു.
മറ്റൊരിടത്ത് പ്രേക്ഷകൻ ഒരു സത്യം മനസ്സിലാക്കുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട കുറ്റവാളിയായി തീർന്ന അതേ ബാലനാണ് ഇപ്പുറത്ത് ഇലക്ട്രോണിക് കടയിൽ വർക്ക് ചെയ്യുന്ന ഈ അശരണനായ മനുഷ്യൻ. അയാളുടെ ചിന്തകൾ കലങ്ങി പോയിരുന്നു ബുദ്ധിയും തോന്നലുകളും സദാ അപ്പുറത്തെ മതിലിനപ്പുറത്തുനിന്നും ആക്രമിക്കപ്പെടുന്ന ബാല്യത്തോടുള്ള സഹതാപത്താൽ നിറഞ്ഞിരുന്നു.
ആ സിനിമയ്ക്കിടയിൽ ഞാൻ കരയുവാൻ ആരംഭിച്ചു നവാസ് സിദ്ദീഖക്ക് ശിവ മാമയുടെ മുഖഛായയാണ് ഉള്ളത് എന്ന് മനസ്സിലായ നിമിഷമായിരുന്നു അത്. ഏതോ അദൃശ്യരൂപികളോട് സദാ സംസാരിച്ചു കൊണ്ടിരുന്ന എൻറെ പ്രിയപ്പെട്ട അമ്മാവൻ. രോഗമുഖത്ത് നവാസുദ്ദീൻ സിദ്ദീഖിയ്ക്കും ശിവമാമയ്ക്കുമുള്ള ഒരേ രൂപം, ഒരേശൈലി ഒരേഭാവമൊക്കെ എന്നെ കരയിപ്പിച്ചു കൊണ്ടേയിരുന്നു.
ശിവമാമ മരിച്ചുപോയി. അദ്ദേഹം നൽകിയ ഓർമ്മകളും സ്നേഹവും വേദനയും മാത്രം ബാക്കിയായി. എത്ര സുന്ദരനായി ജനിച്ചാലും എത്ര പ്രിയപ്പെട്ടവനായി വളർന്നാലും എത്ര നന്നായി പഠിച്ചാലും എത്ര മികവോടെ ജോലി നേടിയാലും എല്ലാവരുടെയും പ്രതീക്ഷ ആയാലും ഒരൊറ്റ നിമിഷത്തെ ഒരു ചലനം മതി ഒരു ജീവിതം അപ്പാടെ മാറി പോകുവാൻ എന്ന് ശിവമാമ എന്നെ പഠിപ്പിച്ചു. ഒരു നിമിഷത്തിനു ബദലായി 65 വർഷകാലത്ത് ജീവിതത്തിൽ ഒന്നുമില്ലായ്മയുടെയും ശൂന്യതയുടെയും ഇടങ്ങളിൽ അല്പം കവിതയും അതിലേറെ ഉന്മാദവും നിറച്ച് ഒന്നും അവശേഷിപ്പിക്കാതെ അദ്ദേഹത്തിനു പോകേണ്ടി വന്നു.
ഞാൻ കേശവേന്ദ്ര നായിക്ക് എന്ന ആളുടെ കഥ എഴുതി. ആ കുട്ടിക്കൊലയാളിക്ക് നവാസുദ്ദീൻ സിദ്ദിഖിയുടെ മുഖമായിരുന്നു എന്റെ മനസ്സിൽ എക്കാലത്തും ഉണ്ടായിരുന്നത്. മൃതദേഹ വിൽപ്പനയും എല്ലാം അവയവങ്ങളുടെ വില്പനയും നടത്തുന്ന അതിക്രൂരനായ കേശവേന്ദ്ര എന്ന റിപ്പർ. മൃതിനിർവേദം എന്ന ആ കഥയ്ക്ക് വെബ്സീസ് ഭാഷ്യം വിവർത്തനം ചെയ്യെ വേണ്വേട്ടൻ എന്നോട് ക്ഷുഭിതനായി.
“ ഇത്രയും വയലൻസ് എന്തിനാണ്? ഇത്രയും ശരീരം കിട്ടിയിട്ട് എന്തുണ്ടാക്കാനാണ്ഞാൻ എംബിബിഎസ് കഴിഞ്ഞ ആളാണ്. ഒരിടത്തും ശവശരീരങ്ങൾക്ക് അതിപ്പോ കഡാവാർ പർപ്പസ്സിന്നണെങ്കിലും  ആവശ്യമില്ല”
മൃതിനിർവേദത്തിന്റെ ഓരോ ഘട്ടങ്ങളിലും അതിലെ വയലൻസ് യുക്തിയില്ലായ്മ എന്നിവയെക്കുറിച്ച് പറഞ്ഞു എന്നെ വെറുപ്പിച്ചു കൊണ്ടേയിരുന്നു. അതിൽ പ്രശ്നങ്ങൾ പരിഹരിച്ച് പരിഹരിച്ച് ഞാൻ അത് ഇഴഞ്ഞ് പൂർത്തിയാക്കി.
“ഇങ്ങനെത്തെ ഴോണറൊക്കെ നിങ്ങളെ ജെനെറേഷനേ സഹിക്കാനാവൂ”
“ഞങ്ങൾ കാണുന്ന ലോകം ഇത്തരത്തിലാണ്. അതിൽ വയലൻസ്സുണ്ട്” ഞാൻ പറഞ്ഞു.
അതിനും എത്രയോ ശേഷം ആണ് ഞാൻ ഹഡ്ഡിയെന്ന സിനിമ കാണുന്നത്. ഹഡ്ഡിയെന്നാൽ അസ്ഥിയാണ്. എല്ല്, മാംസം അടർന്നു പോയിക്കഴിഞ്ഞും ശരീരത്തിന്റേതായി അവശേഷിക്കുന്ന അസ്ഥി. മജ്ജക്കടലിന്റെ രഹസ്യയിരമ്പം ഉള്ളിൽ സദാ സൂക്ഷിയ്ക്കുന്ന ഹഡ്ഡി.
നിങ്ങൾക്ക് വയലൻസിനോട് ഭയമോ ഭീതി കലർന്നസ്നേഹമോ അതിനോടനുതാപമോ സഹതാപമോ ഇല്ലായെങ്കിൽ, നിങ്ങൾ ഒരു ദുർബലനായ മനുഷ്യനാണ് എങ്കിൽ ഒരിക്കലും നിങ്ങൾ എന്ന സിനിമ കാണരുത്. ഇതൊരു സ്പോയിൽ അലെർട്ട് കൂടിയാണ്.
വൃദ്ധനായ ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തുന്ന ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ ഒരു വ്യക്തിയുടെ ശബ്ദം കേട്ടുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.
“ഞങ്ങളുടെ അനുഗ്രഹം എത്രത്തോളം തീവ്രമാണോ ഞങ്ങളുടെ ശാപം എത്രത്തോളം തീവ്രമാണോ അതിലും അതിതീവ്രമാണ് ഞങ്ങളുടെ പ്രതികാരം. നീ എന്തിനാണ് എന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്തത് ?എന്ന് കേൾക്കാം. അതേ നഗരത്തിൽ തന്നെ തൊട്ടപ്പുറത്ത്
അതിക്രൂരനായ ശവങ്ങളെ മോഷ്ടിക്കുന്ന ഹഡ്ഡിയെ നമുക്ക് കാണാം. അലഹബാദിലെ ചെറു നഗരിയിൽ രണ്ടുപേർ ചേർന്ന് നടത്തുന്ന പൈശാചികമായ ശവവേട്ട കൂടുതൽ ലാഭകരമായി ചെയ്യുവാൻ വേണ്ടി അവരിരുപേരും ഡൽഹിയിലേക്ക് പോവുകയാണ്.
ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ ക്രിമിനൽ പ്രശനങ്ങളും കാണിക്കുന്നതിനൊപ്പം ട്രാൻസ്ജെൻഡർ മനുഷ്യർ മുഴുവൻ ക്രൂരത ചെയ്യുന്നവരും കള്ളത്തരം ചെയ്യുന്നവരുമായ ഗ്യാങ്സ്റ്റർമാരാണ് എന്ന് തുടക്കത്തിലെ ഒന്ന് രണ്ട് സീനുകൾ പ്രേഷകരെ തെറ്റിദ്ധരിപ്പിച്ചിരുന്നുവെങ്കിലും അടുത്തടുത്ത സീനുകളിൽ നിന്നുതന്നെ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ മറവിൽ ക്രോസ് ഡ്രസ്സ് ചെയ്യുകയും ട്രാൻസ് വ്യക്തികളായി അഭിനയിക്കുകയും ചെയ്യുന്ന ഒരു സംഘം കള്ളത്തെമ്മാടികളുടെ ക്രൈമിന്റെയും വയലൻസിന്റെയും രഹസ്യം മറനീക്കി വരുന്നത് കാണാം.
ട്രാൻസ്ജെൻഡർ മനുഷ്യരെയും മറ പിടിച്ച് പ്രമോദ് അലാവാത് എന്ന ഒരു രാഷ്ട്രീയക്കാരൻ നടത്തുന്ന കുറ്റകൃത്യങ്ങളുടെ കഥയാണ് യഥാർത്ഥത്തിൽ ഇത്. ഹഡ്ഡിയ്ക്ക് ചേരേണ്ടതും ഇതേ പ്രമോദിന്റെ കൂടെ തന്നെ. കൂടുതൽ പൈസയുണ്ടാക്കണമെന്നതു തന്നെ ലക്ഷ്യം
ക്രൂരത ചെയ്യാനുള്ള തൻറെ മികവിലും കൊലപാതകം, എക്സിക്യൂഷൻ എന്നിവയിലെ കഴിവിലും കാണിക്കുന്ന മികവ് അയാളെ ഡൽഹി ഗ്യാങ്ങിലേക്ക് എളുപ്പത്തിൽ സ്വീകാര്യനാക്കുന്നു.
തൻറെ കൂട്ടുകാരനെ ബസ്സിൽ നിന്ന് തള്ളിയിട്ട് കൊന്ന ഹഡ്ഡി, ഒരു കാരണവുമില്ലാതെ പോലീസുകാരനെ കൊല്ലുന്ന ഹഡ്ഡി, എന്ത് കുറ്റകൃത്യം ചെയ്യുവാൻ പാകപ്പെട്ടവനാണ് എന്ന് കൊള്ള സംഘത്തിന് ബോധ്യമാകുന്നുണ്ട്.
പ്രമോദിനം ഇന്ദ്രനും ഇലക്ഷന് നിൽക്കുവാൻ ആവശ്യമായ 20 കോടി രൂപ സമ്പാദിക്കുവാൻ ശവങ്ങളുടെ ബിസിനസ് നടത്തുകയാണ് അവർ. മുതലാളിമാർക്ക് മാത്രമറിയുന്ന ഈ രഹസ്യം ഇടയിൽ നിൽക്കുന്ന, അവർക്കായി പണിയെടുക്കുന്ന സുഹൃത്തുക്കളായ കൊള്ളക്കാർക്ക് അറിയുകയില്ല.
ഹഡ്ഡി ഡൽഹിയിലെ ഫാക്ടറിയുടെ ചുമതല ഏറ്റെടുക്കുന്നു. ഇതിനിടെ ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി പ്രവർത്തിക്കുന്ന ഇർഫാൻ എന്ന ചെറുപ്പക്കാരനെ ഹഡ്ഡി രഹസ്യമായി നോക്കുന്നുണ്ട്. ചില രംഗങ്ങളിൽ നിന്ന് ഇർഫാൻ എന്ന ചെറുപ്പക്കാരനുമായി ഹഡ്ഡി മുമ്പെപ്പോഴോ പ്രേമത്തിലായിരുന്നുവെന്ന് നമ്മൾക്ക് മനസ്സിലാവുന്നുമുണ്ട്.
അന്ന് ഹരി ആയിരുന്ന ഹഡ്ഡി ഇർഫാന് മുന്നിൽ ഹരികയായിരുന്നു.
പോകപ്പോകെ കഥ പ്രേക്ഷകനു മുന്നിൽ അനാവൃതമാവുകയാണ്. വലിയ ഒരു പ്രോജക്ടിന് പ്രമോദിനു ഭൂമി വിട്ടു കൊടുക്കാത്ത രേവതിയമ്മയും അവരുടെ ഹിജറ ഖരാനയും പ്രമോദിനു തലവേദനയായിട്ട് നാളെ കുറെയായി.
ചെറിയ കുട്ടിയായിരുന്നപ്പോൾ പെൻഷൻ കിട്ടിയതിന് ഗ്രാമം തൂക്കിക്കൊല്ലാൻ ശ്രമിച്ച ഹരി എന്ന ബാലകനെ അതേ രേവതിയമ്മയാണ് രക്ഷിക്കുന്നത്. അലിവിന്റെയും സ്നേഹത്തിന്റെയും ആൾരൂപമായ രേവതിയമ്മ എല്ലാ റ്റ്രാൻസ് മനുഷ്യരുടെയും അമ്മയാണ്.
ഹരി ഹരികയാകുന്ന എല്ലാ നിമിഷത്തിലും അമ്മ അവൾക്കൊപ്പമുണ്ട്. കഠിനമായ ശസ്ത്രക്രിയയെ മാസങ്ങൾ എടുത്താണ് ഹരിക മറികടന്ന് പോകുന്നത്.
സദാ രക്തസ്രാവം വരുന്ന ഒരു സ്ത്രീയുടലായി, ദുരബലയായി മാറിയ ഹരിക സ്വയം ആർത്തവവതിയായി തീർന്നതുപോലെ രക്തസ്നാതയാകുന്നു.  ഹരികയായി മാറിയ ഹരി ചോരയിൽ കുതിർന്ന കാലുകൾ അകത്തി നടന്ന് തന്റെ പ്രേമത്തിനു വേണ്ടി മഹാ ത്യാഗങ്ങൾ സഹിക്കുന്നു
ഹരികയുടെയും ഇർഫാന്റെയും കല്യാണത്തിന്റെ അന്നാണ് പ്രമോദ് അലാവത്ത് ഖരാനയിലേയ്ക്ക് കയറി വരുന്നത്. താഴെ രേവതിയമ്മ മുതൽ ആ ഖരാനയിലെ മുഴുവൻ ട്രാൻസ്ജെൻഡർ മനുഷ്യരെയും പ്രമോദും സംഘവും വെടിവെച്ച് കൊല്ലുന്നു. ആ ഖരാനയിൽ അവശേഷിയ്ക്കുന്ന ഒരേയൊരു ജീവനായി ഹരിക മാത്രം
ചോരയൊഴുകുന്ന നടുമുറ്റത്തേയ്ക്കു പാഞ്ഞെത്തുന്ന ഹരിക അവളുടെ പൊട്ടും പുടവയും ഉപേക്ഷിക്കുന്നു. മുടി വെട്ടി കളയുന്നു. ഇർഫാനെ ഉപോലും ഉപേക്ഷൈച്ച് അവ്ൾ പലായനം ചെയ്യുന്നു. അവൾ ക്രമേണ ഹഡ്ഡിയായി പരിവർത്തനപ്പെടുന്നു.
 പലതരം തന്ത്രങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയും തന്റെ ശത്രുക്കളെ മുഴുവൻ കൊന്നൊടുക്കുന്ന ഹഡ്ഡിയോടുള്ള പ്രതികാരമായി പ്രവീൺ അലവത്ത് ഇർഫാനെ ജീവനോടെ തീമുറിയിൽ ഇട്ട് ചുട്ടു കളയുന്നുണ്ട്. തീച്ചേമ്പറിൽ ഇരുന്ന് മാംസം മുഴുവൻ തിളങ്ങിക്കനൽ നിറമായി പിന്നെയുണങ്ങി കേവല ഹഡ്ഡിയായി കരിഞ്ഞ് കിടക്കുന്ന ഇർഫാനിലേക്ക് ഇഴഞ്ഞ് നീങ്ങുന്ന വെടിയേറ്റ് മൃത പ്രായയായ ഹരിക പ്രേക്ഷകനെ ഭയപ്പെടുത്തുകയും കരയിക്കുകയും ചെയ്യും.
എല്ലാ പ്രതികാരവും അവസാനിച്ചു. എല്ലാ ശത്രുക്കളും മരിച്ചുവെന്നു എന്ന് നമ്മൾ കരുതുന്നിടത്ത് ഭൂമി പൂജ ചെയ്തുകൊണ്ടിരിക്കുന്ന പ്രമോദിന്റെ അരികിലേക്ക് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ നിരവധി മനുഷ്യർ കടന്നു വരുന്നു.
ക്രൂരമായ വധശിക്ഷാമുറയാണ് ഹഡ്‌ഡി പ്രമോദിന് വിധിക്കുന്നത്. പ്രമോദിനെ ക്രൂരമായി കൊല്ലുന്നതോടെ കഥ സാധാരണമായി പരിണമിക്കുന്നു. അവസാനിയ്ക്കുന്നു.
നവാസുദ്ദീൻ സിദ്ദീഖിയുടെ അഭിനയം വളരെ ശക്തമായൊരു ടൂളാണ്. ഒരേ ശരീരത്തിൽ വളരെ സൂക്ഷ്മമായി മൂന്ന് കഥാപാത്രങ്ങളിഴയുന്നത് പ്രേഷകനു കാണാം.
നിസ്സഹായനായ ഹരിയും പ്രേമലോലുകയായ ഹരികയും പകയുടെ ദേവതയായ ഹഡ്ഡിയും
ഈ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് നവാസുദ്ദീൻ സിദ്ദീഖ്ഖിയ്ക്ക് തന്നെയാണ്. അയാൾ ഒരു മുസ്ലിം ആയതുകൊണ്ട് ഒരുപക്ഷേ വല്ല ആദ്യപുരുഷന്മാരും ആ അവാർഡ് കൊണ്ടുപോയേക്കാം.
അതിലൊന്നും ഒരു കാര്യവുമില്ല നവാസുദ്ദീൻ സിദ്ദീഖി അയാളുടെ അഭിനയം സിനിമ ലോകത്ത് ഒരു ചക്രവർത്തിയാണ് എന്നതിൽ ഒരു സംശയവുമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക