ഒരാഴ്ചയായിട്ട് എന്നും മഴയാണ്. വെയിലിന്റെ അകമ്പടിയോടെ ഒരു ചെറു ചാറലോടെയാവും തുടക്കം. പിന്നെ, മനസ്സിൽ കുഴിച്ചുമൂടിയ സർവ്വദുഖങ്ങളെയും ആവാഹിച്ചെടുക്കാനെന്നപോലെ ആകാശം പെട്ടെന്നിരുണ്ടുമൂടി ദിക്കുകളെ മറച്ച് ആർത്തലച്ചങ്ങു പെയ്യും.
ഞാനൊന്നും അറിഞ്ഞില്ലേയെന്ന ഭാവത്തിൽ
ഒന്നു മയങ്ങാനൊരു ഉച്ചത്തോർച്ച. ഉറക്കപ്പിച്ചോടെ പിടഞ്ഞെണീറ്റു വീണ്ടും കുടഞ്ഞിടുകയായി തുളളിക്കൊരുകുടം
കണക്കെ പിന്നെയും പേമാരി.
പെയ്ത്തുവെള്ളം
വയലുകളെ ഒട്ടുമുക്കാലും വിഴുങ്ങി
റോഡിലേക്കും കടന്നുകയറിയിട്ടുണ്ടെന്ന് പളളിയിൽ പോയിട്ടു വന്ന സാറാന്റി
പറയുന്നതു കേട്ടു..
"ഇന്നുകൂടി ഇതുപോലെ നിന്നു പെയ്താൽ
നമ്മുടെ പറമ്പിലേക്കും വെള്ളം കടന്നുകയറിക്കളയും.."
"ഇങ്ങോട്ടെങ്ങും വെള്ളമെത്തില്ലാന്റീ.2018 ലെ വെള്ളപ്പൊക്ക
ത്തിൽ പോലും പറമ്പിന്റെ അതിരിൽ മുട്ടിനിന്നതേയുളളൂ."
വർഷങ്ങൾക്കുമുൻപ്, ധ്രുവന്റെ കയ്യുംപിടിച്ച് ഈ വീടിന്റെ പടികയറുമ്പോൾ വെയിലിനോടൊപ്പം ചാറ്റൽ മഴയുണ്ടായിരുന്നു. ഓടിപ്പോയ്ച്ചെന്ന് നിലവിളക്ക് കത്തിച്ചു കയ്യിലേക്ക് തരുമ്പോൾ ധ്രുവന്റെ അമ്മയുടെ കണ്ണുകൾ സജലങ്ങളായിരുന്നു..
നാട്ടുകാരും വീട്ടുകാരും അറിയാതെ ഒരു പെണ്ണിനെ വിളിച്ചുകൊണ്ടുവന്നിരിക്കുകയല്ലേ..
പിന്നീടിങ്ങോട്ട്
എത്രയെത്ര പെരുമഴകളിൽ കുളിരുകോരി.. എത്ര വേനലുകളിൽ വിയർപ്പൊഴുക്കി..
സ്വപ്നങ്ങളിൽ
മഞ്ഞുറഞ്ഞുവീണു
മരവിച്ചുപോയി..
ജാതകദോഷം..
ഞങ്ങൾ ചേരാൻ
പാടില്ലായിരുന്നത്രേ..
"എന്റെ കുഞ്ഞിനെ കുരുതിക്കു കൊടുത്തവൾ...!"
ധ്രുവന്റെ അമ്മയുടെ
കുത്തുവാക്കുകൾ
കാലങ്ങൾക്കിപ്പുറവും മഴയെ ഭേദിച്ചുകൊണ്ട് ചെവിയിൽ മുഴങ്ങുകയാണ്...
"കാൽക്കാശിനു ഗതിയില്ലാത്തിടത്തൂന്നു വിളിച്ചിറക്കി
കൊണ്ടുവരികയല്ലാരുന്നോ..
അനുഭവയോഗമുണ്ടായോ..
അവന്റെയൊരു കുഞ്ഞിനെ പ്രസവിക്കാൻപോലും കഴിയാതിരുന്ന
മച്ചി.. " കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും തുടരുമ്പോഴും
മരിച്ചുപോയ മകന്റെ ഭാര്യയോട്, എങ്ങും പോകാനിടമില്ലാത്തവളോട് അമ്മയുടെ കരുതൽ..
കിടക്കാടം മരുമകൾക്ക് ഇഷ്ടദാനമായി എഴുതിവച്ചു.
ഓരോ മഴയും പായൽ പിടിക്കാൻ തുടങ്ങുന്ന ഓർമ്മകളെ
വീണ്ടും വീണ്ടും ചുരണ്ടിയെടുക്കുകയാണ്.
കർക്കിടത്തിലെ
ആ ഇരുണ്ട മഴ ദിവസം...
ഞായറാഴ്ച, പൊതുവേ അലസതയുടെ ദിവസമാണ് ധ്രുവന്.
വിളിച്ചില്ലെങ്കിൽ ഉച്ചവരെ കിടന്നുറങ്ങിക്കളയും..
പതിവു തെറ്റിച്ച് അന്ന് നേരത്തെയുണർന്ന് അടുക്കളയിലേക്കു വന്നത്, " നല്ല തലവേദന" എന്നു പറഞ്ഞുകൊണ്ടായിരുന്നു. " ഏറെ വൈകിയും കമ്പ്യൂട്ടറിനു മുന്നിലിരുന്നതുകൊണ്ടാവും...
ചായയും വാങ്ങിക്കുടിച്ച് വീണ്ടും പോയി കിടന്നു..
അടുക്കളജോലികൾ പെട്ടെന്നു കഴിച്ച് ചെല്ലുമ്പോൾ ധ്രുവൻ ഗാഢനിദ്രയിലാണ്ടു കഴിഞ്ഞിരുന്നു. വിളിക്കാൻ തോന്നിയില്ല. പനിക്കുന്നുണ്ടാവുമോ..
നെറ്റിയിലും കഴുത്തിലും കൈവച്ചുനോക്കി..
ചൂടില്ല..
പുറത്ത് ശക്തമായ മഴ..വീശിയടിക്കുന്ന കാറ്റും. അമ്മ ധ്രുവന്റെ ചേച്ചിയുടെ വീട്ടിലേക്കു പോയതാണ്.
ധ്രുവനോടു പറ്റിക്കിടന്ന് ഉറക്കത്തിലേക്കു വഴുതിയതറിഞ്ഞില്ല. ശക്തമായ ഒരിടിയുടെ പെരുമ്പറയിൽ ഞെട്ടിയുണർന്നു.
പകലിന്റെ സമയസൂചി മദ്ധ്യാഹ്നം കടന്നിരിക്കുന്നു.
ഉണർത്തിയേക്കാം.
കുലുക്കിവിളിച്ചിട്ടും പ്രതികരണമില്ല..
ദേഹം തണുത്തിരുന്നു.
ശരീരം അനക്കമറ്റിരിക്കുന്നു. ധ്രുവന്റെ ജീവൻ തന്നെ കൂട്ടാതെ എപ്പൊഴോ പറന്നകന്നിരുന്നു....
പുറത്ത് മഴ പെയ്തുകൊണ്ടിരിക്കുന്നു. വയലിന്നക്കരെ കുന്നിൻ മുകളിൽ നിന്നും ഇരുളിന്റെ നേർത്ത വിരലുകൾ മഴയെ വകഞ്ഞു മാറ്റിത്തുടങ്ങി.
മഴയുടെ ദ്രുതതാളം
അയഞ്ഞു തുടങ്ങി.
മഴത്തുളളികൾ വീണുടഞ്ഞു ചിതറിയ പെയ്ത്തുവെള്ളം ഒഴുകിയകലുകയാണ്.
പെയ്യാൻ മറന്ന കണ്ണുകൾ അന്ധാളിപ്പോടെ തുറന്നു നിന്നു..
കാഴ്ചകളെല്ലാം മങ്ങി..
ഇരുട്ടായി..