Image

ഓർമ്മകൾ വീണ്ടും പൂക്കുമോ? ( ഓർത്തു നോക്കാം : മിനി ബാബു )

Published on 13 September, 2023
ഓർമ്മകൾ വീണ്ടും പൂക്കുമോ? ( ഓർത്തു നോക്കാം  : മിനി ബാബു )

ചെറിയ ചെറിയ കാര്യങ്ങൾ luxury ആയിരുന്നൊരു കാലമുണ്ടായിരുന്നു. ചെറുപ്പത്തില് അപൂർവമായിട്ടും വല്ലപ്പോഴും മാത്രം കിട്ടിയിരുന്ന കാര്യങ്ങൾ, പിന്നീട് മുതിർന്നപ്പോ ആവശ്യമുള്ളപ്പോഴൊക്കെ ആകാമെന്ന് ആയപ്പോ പോയ കാലം recreate ചെയ്യാനുള്ള ശ്രമമൊക്കെ  നടത്താറുണ്ട്.

 വറുത്തകപ്പലണ്ടിപൊതി അതൊരു കുട്ടിക്കാല സ്മരണയാണ്. വല്ലപ്പോഴും ഒക്കെ ഉന്തുവണ്ടിയിൽ വിൽപ്പന നടത്തുന്ന കച്ചവടക്കാരൻ. അതിലും വല്ലപ്പോഴും മാത്രം വാങ്ങി തന്നിരുന്ന ഒരു ബാല്യം.  എന്തുകൊണ്ട് കപ്പലണ്ടി വില്പനക്കാരനെ കാണുമ്പോഴൊക്കെ വാങ്ങിയില്ല എന്ന് ചോദിച്ചാൽ, പണ്ടൊക്കെ അങ്ങനെയായിരുന്നു. ആകാമെങ്കിലും ചെയ്യില്ലായിരുന്നു. വാങ്ങില്ലായിരുന്നു.  ആ ഒരു ജനറേഷൻ എന്തോ അതിലൊക്കെ ഒരു ശരികേട്  കണ്ടിരുന്നു.

 ആഗ്രഹങ്ങളൊക്കെ ആഗ്രഹിക്കുമ്പോൾ സാധിച്ചാൽ,  അത് സഫലമാകുന്നതിന്റെ  ഇടയ്ക്കുള്ള ആ ഒരു കാലയളവ് ഉണ്ടല്ലോ അതാണ് ഏറ്റവും മനോഹരം. അത് നഷ്ടമാകും. ആഗ്രഹിക്കുന്നതും ആഗ്രഹിക്കുന്നത് കാത്തിരിക്കുന്നതുമാണ്  ഏറ്റവും മനോഹരം. അതിന്റെ മധുരം കിട്ടിക്കഴിഞ്ഞാൽ ഉണ്ടാവില്ല. ആഗ്രഹം എന്നയാ   പ്രോസസ്സ് ഉണ്ടല്ലോ. . . അതാണ് ഗംഭീരം.

 പറഞ്ഞുവന്നത് വറുത്തകപ്പലണ്ടി പൊതിയെ  കുറിച്ചാണ്. സ്കൂൾ പഠനകാലത്തും  കോളേജ് പഠനകാലത്തും വല്ലപ്പോഴും ഒക്കെ ഇത് വാങ്ങിയിരുന്നു. വല്ലപ്പോഴും ഒക്കെ മാത്രമേ ഉന്തുവണ്ടിക്കാരെ കണ്ടുമുട്ടിയിട്ടുള്ളൂ.

 എം എയ്ക്ക് SB യിൽ പഠിക്കുന്ന കാലം. ഒരിക്കൽ ഞങ്ങൾ വൈകിട്ട് സ്പെഷ്യൽ ക്ലാസ്സ് കഴിഞ്ഞ് പോവുകയായിരുന്നു. Assumption കോളജിനും ഹോസ്റ്റലിനും ഇടയ്ക്കുള്ള വഴിയിൽ വെച്ച് കപ്പലണ്ടി കച്ചവടക്കാരനെ കണ്ടു. എനിക്കായിരുന്നു അത്യാവശ്യം. ഞങ്ങൾ അയാളുടെ പുറകെ ഓടി. വാങ്ങിച്ചു. അതുകഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ ദൂരത്ത് നിന്ന് Vattakulam Achan വരുന്നു. അതിലും സ്പീഡിൽ ഞങ്ങൾ ഓടിയും നടന്നും ഹോസ്റ്റലിൽ എത്തി. പിറ്റേദിവസം Achan അത് ക്ലാസ്സിൽ പറയുകയും ചെയ്തു. അച്ചന് അത് വലുതായിട്ട് ഇഷ്ടം ആയിട്ടില്ലായിരുന്നു.

പിന്നീട് രണ്ടു വർഷങ്ങൾക്കു മുമ്പ്  SB കോളജിൽ ഒരു Alumni മീറ്റിങ്ങിന് പോവുകയുണ്ടായി.  Vattakulam Achan നെയും Puchayil Achan നെയും കണ്ടപാടെ ഓടിച്ചെന്നു. എത്രയോ തവണ ഇവരുടെ റൂമുകളിൽ ഞങ്ങൾ പോയിട്ടുണ്ട്. ഇവരുടെ കയ്യിന്ന് സ്പെഷ്യൽ നോട്സ് ഒക്കെ മേടിച്ചിട്ടുണ്ട്. അതൊക്കെ കാരണം  ഒരിക്കലും എന്നെ മറക്കില്ല എന്ന് തോന്നി. പക്ഷേ രണ്ടുപേർക്കും  എന്നെ യാതൊരു ഓർമ്മയുമില്ല. എനിക്ക് ആകെ വിഷമമായി. ഏതാണ്ട് രണ്ടാഴ്ചയോളം മനസ്സിൽ കൊണ്ടുനടന്നു. ഞാനും പഠിപ്പിക്കുന്ന എല്ലാ കുട്ടികളെയും ഓർത്തിരിക്കുന്നില്ലല്ലോ എന്നോർത്ത് സമാധാനിച്ചു.

അങ്ങനെ ഇപ്പോൾ  കപ്പലണ്ടി പൊതി ആവശ്യമുള്ളപ്പോഴൊക്കെ മേടിക്കാമെ ന്നായി. എല്ലാ ദിവസവും ഇത് കച്ചവടക്കാരൻ കൊണ്ടുപോകുന്നതും കാണുന്നു.  എന്നും അല്ലെങ്കിൽ അടുപ്പിച്ചു ഒക്കെ ഇത് മേടിച്ചു കഴിഞ്ഞാൽ അതിന്റെ രസവും പുതുമയും റൊമാൻസും അങ്ങ് പോകും. എങ്കിലും വല്ലപ്പോഴും മേടിക്കും. അതിന്റെ രുചിയേക്കാളും അപ്പുറം, ഓർമ്മകൾക്കുള്ള രുചിയാണ്. ഇത് കഴിച്ചിട്ടുള്ള പല സന്ദർഭങ്ങളിലൂടെയും കടന്നു പോകും. ഒന്നും മിണ്ടാതെ ആണ് ഞാൻ ഇത് കഴിക്കുക. കാരണം മനസ്സിൽ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി ദൃശ്യങ്ങൾ വന്നു പോയിക്കൊണ്ടിരിക്കുന്നു. അതിന് തടസ്സം വന്നാൽ ആകെ വിഷമമാകും.

 ചെറുപ്പത്തിൽ ചെയ്ത പല കാര്യങ്ങളും നമ്മൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് അതിനോടുള്ള അമിതയിഷ്ടം കൊണ്ടല്ല, പിന്നെയോ ഓർമ്മകൾ വീണ്ടും പൂക്കുമോ എന്ന് നോക്കാനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക