കല്യാണമൊക്കെ ഉറപ്പിച്ചു.
പള്ളീല് പോയി കുമ്പസാരം എന്നൊരു ചടങ്ങുണ്ട്.
അവൾ പ്രാർത്ഥിച്ച് കുമ്പസാരക്കൂട്ടിൽ മുട്ടു കുത്തി കൈകൾ കൂപ്പി.
അച്ചൻ ആശീർവദിച്ച് പാപങ്ങളെല്ലാം ഏറ്റു പറയാൻ ആവശ്യപ്പെട്ടു.
അവൾ പറഞ്ഞു തുടങ്ങി.
ഒന്നാമത്തെ പാപം
അമ്മച്ചിയോട് അനുസരണക്കേട് കാട്ടിയിട്ടുണ്ട്
രണ്ടാമത്തെ പാപം
അനിയനോട് വഴക്കിടാറുണ്ട്
മൂന്നാമത്തെ പാപം
അയൽപക്കത്തെ കോഴികളെ ആട്ടിയോടിക്കാറുണ്ട്
നാലാമത്തെ പാപം
പെരുന്നാളിന് കോഴിയെ കൊന്ന് കൂട്ടാൻ വച്ചിട്ടുണ്ട്
"കഴിഞ്ഞച്ചോ.. "
അപ്പോ അച്ചൻ ചോദിച്ചു
"വേറൊരു പാപവും ചെയ്തിട്ടില്ലേ ന്ന്."
"എന്ത് പാപമാ?"
"ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?"
"നേരെ ചൊവ്വേ ഒരാണുങ്ങളുടെ മുഖത്ത് പോലും നോക്കിയിട്ടില്ലച്ചോ.. "
പിന്നെ അച്ചന്റെ ചോദ്യങ്ങൾ കേട്ട് അവൾ അമ്പരന്നുവെങ്കിലും അച്ചനല്ലേ എന്ത് പറയാന്ന് വിചാരിച്ച് മിണ്ടാതിരുന്നു.
"കുട്ടി ഒന്നു കൊണ്ടും പേടിക്കേണ്ട. കുമ്പസാര രഹസ്യങ്ങൾ ആരും വെളിപ്പെടുത്തില്ല. പറഞ്ഞോളു. വേറൊരു പാപവും ചെയ്തിട്ടില്ലേ.. "
അവൾ കുമ്പസാരക്കൂട്ടിൽ നിന്നും മെല്ലെ എഴുന്നേറ്റ് അച്ചന്റെ നേരെ ചെന്ന് പറഞ്ഞു.
"ഉവ്വച്ചോ. ഒരു പാപം ചെയ്തു പോയ്..
അച്ചൻ ആകാംക്ഷയോടെ ആ പാപം എന്താന്ന് തിരക്കി.
അവൾ പറഞ്ഞു.
ഈ കുമ്പസാരക്കൂട്ടിൽ വന്ന് അച്ചനോട് കുമ്പസാരിച്ചു എന്ന ഒരു പാപം മാത്രം അച്ചോ..
അവൾ പള്ളിയങ്കണത്തിൽ നിന്നും ഇറങ്ങി പോരുമ്പോൾ കുരിശിൽ നിന്നും കർത്താവിറങ്ങി വന്ന് ഇങ്ങനെ പറഞ്ഞു:
"നിങ്ങളിൽ പാപം ചെയ്തവർ കുമ്പസാരിക്കട്ടെ.."
പൊടുന്നന്നെ അച്ചൻ കുമ്പസാരക്കൂട്ടിൽ നിന്നും ഇറങ്ങിയോടി..!!