Image

വറുതി : (കവിത : വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 13 September, 2023
വറുതി : (കവിത : വേണുനമ്പ്യാര്‍)

മറക്കാന്‍
മധുരിച്ച് കയ്പായ പ്രണയം മാത്രം
ബാക്കി

ഒറ്റപ്പെടലിനു കൂട്ടിരിക്കാന്‍
പേക്കിനാവുകളും

കുറിക്കാന്‍
പക്ഷെ.........

കുറിക്ക് കൊള്ളുന്ന
വാക്കെവിടെ

വാക്കില്‍ വിടരുന്ന
മൌനപുഷ്പങ്ങളെവിടെ

മൗനത്തിന് 
മുത്തമിടും വൃത്തമെവിടെ

കുറിക്കാന്‍
ഇവിടെ.........

കേള്‍ക്കാന്‍
ഇവിടെ കാതുമില്ല

ചിതാനാളങ്ങള്‍
കാണ്മാന്‍ കണ്ണുമില്ല

ഈണത്തിന്റെ അറുതിയില്‍
ചേതനയ്ക്ക് മാന്ദ്യമാകാം
പദങ്ങള്‍ക്ക് വറുതിയാകാം
ഇതെന്റെ നിയതിയാകാം

കുറിക്കാന്‍ വയ്യാത്തത്
മനസ്സില്‍
കൊറിച്ച് നടക്കാം

ശൂന്യതയുടെ ഉര്‍വ്വരതയിലും
മഹാപഞ്ഞം 
സാന്ദ്രഭാവങ്ങള്‍ക്ക്


ഉന്നതങ്ങളില്‍ നിന്നും
താഴോട്ട് 
ഒഴുകട്ടെ ചോര

അകലങ്ങളില്‍
കാത്തിരിക്കും
ഒരുപ്പുകടല്‍
അലകടല്‍
സങ്കടക്കടല്‍

കപ്പല്‍ച്ചേതങ്ങളുടെ കവിത 
കടലിന്റെ ഹൃദയത്തില്‍
കൊത്തി വെച്ചതാരാണ്

തീരത്തെഴുതിയത്
തിര വന്ന് ...........

തീരം കാണാത്ത
തിരയാണൊ കവി?

വിരല്‍ പേനയാക്കി
തീരത്തെഴുതിയതൊക്കെ
തിര വന്ന് മായ്‌ച്ചോളും
......മായ്ക്കട്ടെ......!
എന്നന്നേയ്ക്കുമായി
മായ്ച്ച് കളയട്ടെ

ഹൃദയം ഹൃദയത്തില്‍
കൊത്തിവെക്കുന്നതിനെ
മേഘരൂപികള്‍ 
അരുമയോടെ വിളിപ്പതെന്താണ്?

പ്രണയമെന്നൊ?
കവിതയെന്നൊ?

വേണുനമ്പ്യാര്‍

Join WhatsApp News
Sudhir Panikkaveetil 2023-09-13 13:49:55
ഒരു ഇടവേളക്ക് ശേഷം ശ്രീ വേണു നമ്പ്യാരെ കണ്ടതിൽ സന്തോഷം. "തീരം കാണാത്ത തിരയാണോ കവി?" നല്ല ചോദ്യം. നല്ല imageries. തീരത്തണയുമ്പോൾ നേതി നേതി എന്നും പറഞ്ഞു വീണ്ടും നടുകടലിലേക്ക് അലയടിച്ച് പോയി വീണ്ടും തിരിച്ചു വരുന്നു. കവികൾ restless ആണ്.
വേണുനമ്പ്യാർ 2023-09-14 08:40:37
ശ്രീ സുധീർ പണിക്കവീട്ടിൽ, അങ്ങയുടെ സർഗാത്മക നിരീക്ഷണം വായിച്ചു. .നന്ദി, നമസ്കാരം!
Sethumadhavan 2023-09-16 17:34:40
കടലും കപ്പലും എല്ലാം കൂടി ഒരു offshore feeling ആയി... കടലിന്റെയും കവിതയുടെയും അഗാത ഗർത്ത ങ്ങൾ ഒന്നും അറിയില്ല.... പ്ലീസ് continue... Our best wishes
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക