1970-80 കാലത്ത് യുവതീയുവാക്കളുടെ ഹരമായിരുന്ന മലയാള സിനിമയിലെ റൊമാന്റിക് നായകൻ ജോസ് എന്നറിയപെടുന്ന ജോസ് കുര്യൻ ഹ്രസ്വകാല സന്ദർശനത്തിന് ന്യൂ യോർക്കിൽ എത്തുന്നു. നീണ്ട ഇടവേളക്കു ശേഷമാണു ജോസിന്റെ ഈ സന്ദർശനം.
തിരുവനന്തപുരം സ്വദേശിയായ ജോസിന്റെ പിതാവ് എം സ് കുര്യൻ, കേരള ഹൈ കോർട്ടിലെ മുതിർന്ന അഭിഭാഷകൻ ആയിരുന്നു. മാതാവ് ഡൽഹിയിൽ സ്കൂൾ ടീച്ചറും.
ദേശീയ അവാർഡ് നേടിയ ചെമ്മീൻ സിനിമയുടെ ഡയറക്ടർ രാമു കാര്യാട്ടാണ് ജോസിനെ ആദ്യമായി ദ്വീപ് എന്ന മൂവിയിലൂടെ രംഗത്തെത്തിക്കുന്നത്. അതിലെ, 'കടലേ നീല കടലേ..' എന്ന ഗാനം പ്രായ ഭേദമെന്യേ മലയാളികൾ ഇപ്പോഴും കൂടെ കൂട്ടുന്നു.
ജോസിന്റെ പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിലെ പഠന കാലത്താണ് രാമു കാര്യാട്ടുമായുള്ള അടുപ്പം. ആദ്യ മൂവിക്കു ശേഷം 90 വരെ തൊണ്ണൂറ്റിയേഴോളം സിനിമകളിൽ അഭിനയിച്ചു.
ഏറ്റവും കൂടുതൽ സിനിമയിൽ അഭിനയിച്ചത് അംബികയോടൊപ്പം. 18 സിനിമകളിൽ. സീമയോടൊപ്പം ഏതാണ്ട് അത്രയും തന്നെ മൂവികളിൽ. കൂടുതൽ സിനിമകളിലും ഡയറക്ടർ ആയിരുന്നത്, ഐ വി ശശി. ജോസ് - അംബിക, ജോസ് - സീമ കൂട്ടുകെട്ട്കളിൽ വളരെയേറെ മൂവികൾ പിറന്നു. മീൻ എന്ന സിനിമയിലെ സംഗീതമേ നിൻ പൂഞ്ചിറകിൽ... എന്ന ഗാനം, ഗാനമേളകളിൽ സ്ഥിരമായി അവതരിക്കപ്പെടുന്നു. ഈ ഗാന രംഗം ഇപ്പോഴും ജയൻ അഭിനയിച്ചതാണെന്നു കാണികൾ കരുതുന്നുവന്നതാണ് സങ്കടകരം .
തപം, ആയിരം മുത്തങ്ങൾ അടക്കം തമിഴിൽ 3 സിനിമകൾ. ഒന്നിൽ അംബികയുടെ സഹോദരി രാധ, മറ്റൊന്നിൽ ചട്ടക്കാരി തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ച ലക്ഷ്മിയോടൊപ്പം. ആയിരം മുത്തങ്ങൾ എന്ന തമിഴ് സിനിമയുടെ നിർമാതാവ് ചട്ടക്കാരി സിനിമയിലെ നായകൻ മോഹൻ ആയിരുന്നു. മലയാള സിനിമ ഉമാ നിലയത്തിൽ നായികയായി രാധ വേഷം അണിഞ്ഞു.
പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിലെ ജോസിന്റെ സീനിയർ ആയിരുന്നു തമിഴ് സിനിമയിലെ സ്റ്റൈൽ മന്നൻ രജനി കാന്ത്. പഠനശേഷം സർട്ടിഫിക്കറ്റ് വാങ്ങുന്നത് എം ജി ആറിൽ നിന്നും.
രതീഷ്, മമ്മൂട്ടി, സുകുമാരൻ, പ്രേം നസീർ, മധു, ശങ്കർ അടക്കം നിരവധി താരങ്ങളോടൊപ്പം നിരവധി സിനിമകൾ. 'ഞാൻ ഞാൻ മാത്രം,' 'എനിക്ക് ഞാൻ സ്വന്തം,' 'തുഷാരം,' 'കാവൽമാടം,' 'വര്ണപ്പകിട്ട്,' 'ജാഗ്രത,' 'ആറാട്ട്,' അങ്ങിനെ നീളുന്നു ഓര്മിച്ചെടുക്കാവുന്ന സിനിമകൾ.
അഭിനയിക്കാൻ നിർമാതാക്കളെ തേടിപ്പോകുന്ന രീതിയോ പി ആറോ വർക്കോ ഒന്നും തന്നെ തനിക്കില്ലായിരുന്നു എന്ന് ജോസ് തന്നെ വെളിപെടുത്തുന്നു. തന്നെ തേടി വരുന്ന അല്ലെങ്കിൽ കിട്ടുന്ന സിനിമകളിൽ മാത്രം അതിനയിക്കുക. ഈ അടുത്ത കാലത്തു മോഹൻ ലാലിനോടൊപ്പം കനൽ എന്ന മൂവിയിൽ അഭിനയിച്ചിരുന്നു. ഹണി റോസ് ആയിരുന്നു നായിക.
ജോസിന് മൂന്നു മക്കൾ. രണ്ടു പേർ വിവാഹിതർ. ഭാര്യ സൂസൻ തിരൂപനന്തപുരത്തു കോളേജ് പ്രിൻസിപ്പൽ. എന്റെ അനുജൻ രാജന്റെ (എബ്രഹാം ചെറിയാൻ ) അമ്മായിയപ്പന്റെ അനുജന്റെ മകളാണ് സൂസൻ. എന്റെ പിതാവിന്റെ ഫസ്റ്റ് കസിൻ ഡോ കെ എം ചെറിയാനോടൊപ്പം കുറേനാൾ സൂസൻ ജോലി നോക്കിയിരുന്നു.
സെപ്തംബര് 14 നു ജെ ഫ് കെ യിൽ എത്തുന്നു ജോസ്, 10 ദിവസത്തോളം എന്നോടൊപ്പം ഉണ്ടാകും. 24 നു തിരിച്ചുപോകുന്നു.
ജോസുമായി സംസാരിക്കാനോ ബന്ധപെടാനോ ആഗ്രഹിക്കുന്നവർക്ക് 845 659 3724 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.