മലയാളിയുടെ വിഭവങ്ങള്‍ വെറും രുചിക്കൂട്ടല്ല. അവ നല്‍കുന്ന ചില സന്ദേശങ്ങളുണ്ട് - ഇന്നത്തെ ട്രെയിന്‍ യാത്രയില്‍ കുറിച്ചത്
*പുട്ട്*
കുഴലിനുള്ളില്‍
ഇരിക്കുമ്പോഴാണ്
സംഘബലം
ഉണ്ടായിരുന്നത്
പിന്നില്‍ നിന്ന്
കുത്തിയപ്പോഴാണ്
ഒറ്റപ്പെട്ടു പോയത്
*ഇഡ്ഡലി*
ഉള്ളു പൊള്ളിയപ്പോഴാണ്
സ്വന്തം ശക്തി
തിരിച്ചറിഞ്ഞത്
*ദോശ*
എത്ര
പരത്തിയാലും
അതിര് തെറ്റിക്കാത്ത
സത്യം
*ഉഴുന്നു വട*
ചില കുഴികള്‍
അപകടമല്ല
അതൊരു
അടയാളമാണ്
*ഉപ്പുമാവ്*
ഒരു മാവും
ചേര്‍ത്തിട്ടില്ലെങ്കിലും
വീണ ദുഷ്‌പ്പേര്
പെട്ടെന്ന് പോകില്ല
*ചപ്പാത്തി*
തൊട്ട് തലോടും തോറും
നേര്‍ത്ത് വരുന്ന
മനക്കട്ടി
*സാമ്പാര്‍*
ശാന്തനായിരുന്നു
ഉപ്പും മുളകും
കണ്ണിലെറിഞ്ഞപ്പോഴാണ്
പ്രതികരിച്ചതും
തിളച്ച് മറിഞ്ഞതും
*അവിയല്‍*
ചേര്‍ത്ത് പിടിച്ചാല്‍
പല രുചികളെ
ഒറ്റ രുചിയാക്കാമെന്ന
പാഠം പറയുന്നു
*ചോറ്*
ചോറ്റ് ചെമ്പ്
എത്ര അഹങ്കരിച്ചാലും
ചോറാകണമെങ്കില്‍
അവസാനം
തല കുനിക്കണം
*പപ്പടം*
അകം പൊള്ളിയാല്‍
ദുര്‍ബലനും
രൂപവും
ഭാവവും മാറും
*വെള്ളം*
കുടിച്ചില്ലെങ്കിലും
ചില സാന്നിധ്യങ്ങള്‍
ഒരു ശക്തിയാണ്
*പായസം*
ആരുണ്ടാക്കിയാലും
മധുരത്തിന്
ഒറ്റ രുചിയേ ഉള്ളു
*നാക്കില*
തുടച്ച് വിളമ്പി
തുടച്ച് ഭക്ഷിച്ച്
ഒടുവില്‍
തൊടിയിലേക്ക്
രാജൻ കിണറ്റിങ്കര