Image

ദല്ലാളിലൂടെ കേസ് ഇ.പിയിലേക്കോ ?  : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 14 September, 2023
ദല്ലാളിലൂടെ കേസ് ഇ.പിയിലേക്കോ ?  : (കെ.എ ഫ്രാന്‍സിസ്)

ദല്ലാള്‍ കളിക്കുന്നത് ഇ.പിയുടെ പിന്തുണയോടെയല്ലേ എന്ന് സതീശന് സംശയം ! പിണറായി ഗെറ്റ് ഔട്ട് അടിച്ചു വിട്ട  ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലേക്ക് അമ്മയുടെ പിറന്നാളിന്  ഇ.പി എന്തിനു പോയി എന്നാണ് സതീശന്റെ ചോദ്യം. അതും ഗോവിന്ദന്‍ മാഷിന്റെ ജാഥയുടെ സ്വീകരണ ദിവസം. അത് ഒഴിവാക്കിയായിരുന്നു ഈ രഹസ്യ സന്ദര്‍ശനം. 

ദല്ലാള്‍ നന്ദകുമാര്‍ ഇന്നലെ പത്രസമ്മേളനം നടത്തിയത് ഇ.പി ജയരാജിന്റെയും സജി ചെറിയാന്റെയും നിര്‍ദ്ദേശപ്രകാരമാണെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നു. പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ മുറിയിലേക്ക് കയറിവന്ന ദല്ലാളിനെ ഗെറ്റ്ഔട്ട് അടിച്ചു വിട്ട ആളുടെ വീട്ടിലേക്ക് ഗോവിന്ദന്‍ മാഷിന്റെ യാത്രയില്‍ പോലും പങ്കെടുക്കാതെ ഇ.പി ജയരാജന്‍ പോയത് എന്തിനാണെന്ന് സതീശന്‍ തിരിച്ചു ചോദിക്കുന്നു. ദല്ലാളിന്റെ  അമ്മയുടെ പിറന്നാളായിരുന്നല്ലോ ജാഥയെക്കാള്‍ ഇ.പിയ്ക്ക് പ്രധാനം. ചെന്നിത്തലയെയും തിരുവഞ്ചൂരിനെയും ഈ ഗൂഢാലോചനയിലേക്ക് വലിച്ചിഴക്കാന്‍ പാഴ്ശ്രമം നടത്തുന്നത് 21 പേജുള്ള പരാതി 25 പേജാക്കി മാറ്റിയത് പോലുള്ള തിരിമറി തന്നെയെന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നു. 

അതിനിടെ വെള്ളാപ്പള്ളിയും തിരുവഞ്ചൂരിനും ഗണേഷ് കുമാറിനെതിരെ തിരിഞ്ഞു. തിരുവഞ്ചൂരിന്റെ  നിറം തന്നെയാണ് അദ്ദേഹത്തിന്റെ മനസ്സിനുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ അധിക്ഷേപം. മാത്രമല്ല അദ്ദേഹത്തെ ജയിപ്പിച്ച വോട്ടര്‍മാരെയും വെള്ളാപ്പള്ളി ശപിച്ചു. ഇതിനിടെ ഇരയുടെ അഭിഭാഷകനായിരുന്ന ഫെനിയും ചില വെളിപ്പെടുത്തലുകള്‍ നടത്തി. കേസ് സജീവമാക്കി നിര്‍ത്താന്‍ ഇ.പി ജയരാജനും സജി ചെറിയാനും ചോദിക്കുന്ന തുക നല്‍കാമെന്ന്  തന്നോട് പറഞ്ഞതായി വെളിപ്പെടുത്തിയതും സി.പി.എമ്മിന് ക്ഷീണമായി. ദല്ലാള്‍  നന്ദകുമാര്‍ സരിതക്ക് 50 ലക്ഷം രൂപ നല്‍കി കത്തുകള്‍ ഏറ്റുവാങ്ങിയത് സി.പി.എമ്മിന്റെ പണമാണെന്ന് അറിയാതിരിക്കാനാണ് അദ്ദേഹം ഒന്നേകാല്‍ ലക്ഷം രൂപയാക്കി കുറച്ചതെന്ന് സംസാരമുണ്ട്. ഈ കളിയില്‍ ദല്ലാള്‍  ശരിക്കും കളിച്ചു പോലും! ലാവ്ലിന്‍ കേസില്‍ വി.എസിനു വേണ്ടി പിണറായിക്കെതിരെ എന്തൊക്കെ ചെയ്തുവോ അതു പോലെ തന്നെ പിണറായിക്ക് വേണ്ടി ദല്ലാള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കളിച്ചു എന്നാണ് കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നത്. ഈ കേസില്‍ മുഖ്യപ്രതി പിണറായിയായിരിക്കെ  അന്വേഷണം പിണറായി സര്‍ക്കാര്‍ നടത്തേണ്ട, സി.ബി.ഐ തന്നെ നടത്തട്ടെ എന്നാണ് സതീശന്റെ  നിലപാട്. 

എങ്ങനെയെങ്കിലും : 

മോന്‍സന്‍ മാവുങ്കലിന്റെ കേസില്‍ കൂട്ടുപ്രതിയാക്കിയതിന് പിന്നാലെ കോഴിക്കോട്ടെ  വിജിലന്‍സും   കോണ്‍ഗ്രസ് അധ്യക്ഷന്‍ സുധാകരനെ ഇന്ന് ചോദ്യം ചെയ്തു. ചിറക്കല്‍ സ്‌കൂള്‍ ഏറ്റെടുത്ത്  കെ.കരുണാകരന്റെ പേരിലാക്കാന്‍ 16 കോടി രൂപ പിരിച്ചെടുത്തു സ്വന്തമാക്കിയെന്നാണ് മുന്‍ ഡ്രൈവര്‍ പ്രകാശ് ബാബുവിന്റെ  2021 ലെ പരാതി. അത് പൊടിതട്ടിയെടുത്താണ് അന്വേഷണം. കഴിഞ്ഞ 15 വര്‍ഷത്തെ സ്വത്തുസമ്പാദനം വിജിലന്‍സ് അന്വേഷിക്കും. ഈ കേസിലെങ്കിലും സുധാകരനെ പിടികൂടാനാകുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. 

പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അഴിമതിക്കേസ് തെളിഞ്ഞാല്‍ 6 മാസമല്ല ആജീവനാന്ത തെരഞ്ഞെടുപ്പിന് വിലക്കേര്‍പ്പെടുത്തുമെന്ന നിര്‍ദ്ദേശം അമിക്കസ്‌ക്യൂറി സുപ്രീം കോടതിയിയ്ക്ക് സമര്‍പ്പിച്ചു. അതു നിയമമായാല്‍ ഏത് അഴിമതി തെളിഞ്ഞാലും എത്ര വലിയ നേതാവിനും  പിന്നെ തിരഞ്ഞെടുപ്പുകളില്‍  മത്സരിക്കാനാവില്ല. ഇപ്പോള്‍ തന്നെ എത്രയെത്ര ഇമ്മാതിരി കേസുകളാണ് ഇന്ത്യയാകെ നടക്കുന്നത്. 

കര്‍ഷകര്‍ക്ക് ആശ്വാസം : 

കര്‍ഷകര്‍ക്ക് തെല്ലൊരു ആശ്വാസം. കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ 2008 മുതല്‍ ആദായ നികുതി അടയ്ക്കണമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഈ ബാങ്കുകളെ സഹകരണ ബാങ്കുകളായി കാണരുതെന്നാണ് കോടതി പറയുന്നത്. കേരളത്തിലെ 74 ബാങ്കുകള്‍ക്ക് 600 കോടി രൂപ ആദായ നികുതി അടക്കേണ്ട. 

അടിക്കുറിപ്പ് : ഉച്ചഭക്ഷണം നല്‍കി ഹെഡ്മാസ്റ്റര്‍മാര്‍ തുലഞ്ഞു, അവര്‍ കോടതിയിലെത്തി. കുടിശ്ശികയിലെ  50 ശതമാനം (81 കോടി 73 ലക്ഷം രൂപ) ഉടനെ സര്‍ക്കാര്‍ അനുവദിച്ചു. അധ്യാപക സംഘടന സമ്മതിച്ചില്ല. രണ്ടാഴ്ചക്കകം മുഴുവന്‍ തുകയും നല്‍കാമെന്ന്  സര്‍ക്കാര്‍ കോടതിക്ക് ഉറപ്പു നല്‍കി.കേസ്  30ന് മാറ്റി. അപ്പോള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക്  വേറൊരു പരാതി. 8 രൂപയ്ക്ക്  എങ്ങനെ ഒരു കുട്ടിക്ക് ഫുഡ് കൊടുക്കും ? ആഴ്ചയില്‍ ഒരു മുട്ടയും 300 എം.എല്‍ പാലും കൊടുക്കണ്ടേ ? ഒരു കുട്ടിയ്ക്ക് പത്തു രൂപ എന്ന് കോടതി പറഞ്ഞാല്‍ അവര്‍ രക്ഷപ്പെട്ടു.

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക