Image

സ്ത്രീ- ധനം (രേഷ്മ ലെച്ചൂസ്)

Published on 14 September, 2023
സ്ത്രീ- ധനം (രേഷ്മ ലെച്ചൂസ്)

അമ്മിണിയമ്മ പത്രം നോക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ പീഡനത്തിൽ തുടർന്നു പെൺകുട്ടി ആത്മഹത്യാ ചെയ്തു.
"പാവം കുട്ടി. നല്ല ഓമനത്വം ഉള്ള കുട്ടി എങ്ങനെ തോന്നി അതിനോട് പോര് എടുക്കാൻ." ആ വാർത്ത വായിച്ച അമ്മിണിയമ്മ ആത്മഗതം ചെയ്തു.
"ഡി ഭാമേ എനിക്ക് ഒരു ചായ. ഭാമേ ഇവൾക്ക് ചെവി കേൾക്കാൻ പാടില്ലേ? ചായ ചോദിച്ചിട്ട് കൊറേ നേരം ആയല്ലോ?"
"ദാ വരുന്നു അമ്മേ...”
"തമ്പുരാട്ടിയെ വിളിച്ചു കൂവിയാൽ  ആണോ എഴുന്നൂളി വരാൻ പറ്റു."

"അമ്മേ ഞാൻ ഗർഭിണിയല്ലെ അതിൻ്റെ ബുദ്ധിമുട്ട് ഉണ്ട്."

"ഓ പിന്നെ! നീ ആണല്ലോ ആദ്യമായിട്ട് ഗർഭിണിയാകുന്നത്! കുറച്ചു പൊന്നു കൊണ്ട് വന്നതിന്റെ അഹങ്കാരമാ നിനക്ക്. എന്റെ മോനെ കറക്കി എടുത്തതും പോരാ അവൾ നിന്ന് ന്യായികരിക്കുന്നു. എന്റെ മോനു 30 പവനും 5 ലക്ഷം കിട്ടേണ്ടതാണ് അതാണീ നാശം ഇല്ലാതാക്കിയത്. തലയ്ക്കു പിടിച്ച പ്രണയമായിരുന്നല്ലോ. എൻ്റെ മോൻ്റെ വിധി, പിന്നെയൊരു കാര്യം പറഞ്ഞേക്കാം പാൽ വാങ്ങാനൊന്നും പൈസ ഇല്ല പത്തു രൂപ ഉണ്ടാക്കി വയ്ക്കുന്നതിന്റെ പാട് എനിക്കേ അറിയൂ. ഇവിടെ ഉള്ളത് കഴിച്ചാൽ മതി. എനിക്ക് എന്താണെന്ന് അറിയില്ല നല്ല നടുവേദന ഞാൻ ഒന്നു കിടക്കട്ടെ പിന്നെ, ചിക്കൻ  കറി വയക്കണം. എന്നിട്ട് പോയി കിടന്നാൽ മതി." അതും പറഞ്ഞ് അമ്മിണിയമ്മ ചായ ക്ലാസ് അവളുടെ കൈയിൽ കൊടുത്ത ശേഷം അകത്തേക്ക് പോയി.
അവൾക്ക് പറ്റുന്നത് പോലെ ഉണ്ടാക്കി, ഒരൽപം രുചി നോക്കി എല്ലാം പാകമാണെന്നുറപ്പ് വരുത്തി. ക്ഷീണം കാരണം മുറിയിൽ പോയി കിടന്നു. ആ  സമയത്ത് അമ്മിണിയമ്മ വന്നു മുളക് പൊടി വാരി ഇട്ടു. എന്നിട്ട് ഒന്നും അറിയാത്തത് പോലെ തിരിച്ചു പോയി. എല്ലാവരും ഉച്ചക്ക് ചോറ് ഉണ്ണാൻ ഇരുന്നപ്പോൾ ചിക്കൻ കറി എടുത്തു ചോറിൽ കഴിച്ചപ്പോൾ എരിവ് കാരണം  അങ്ങനെ തന്നേ ചോറ് മതിയാക്കി അച്ഛൻ എഴുന്നേറ്റ് പോയി. ഒന്നും മിണ്ടിയില്ല.

"കറി ആരാ വച്ചത്??" അച്ഛൻ അമ്മിണിയമ്മയോട് ചോദിച്ചു.
”നിങ്ങളുടെ മരുമോൾ അല്ലാതെ ആരാ??"
"ഉം." വേറെ ഒന്നും പറഞ്ഞില്ല. അപ്പൊ തുടങ്ങി മേളം. അതോടെ ഉള്ള വിശപ്പു പോയി കിട്ടി. അപ്പുറത്തിരുന്ന് പറയുന്നത്  കേൾക്കാം. "തിന്നുന്നവർക്ക് ഒന്നും അറിയണ്ട. മുളക് പൊടിയുടെയും സാധനങ്ങളുടെയും വിലയൊന്നും. നിങ്ങളുടെ പഴി ഞാൻ കേൾക്കണം. വല്ലതും പറഞ്ഞാൽ അമ്മായിയമ്മ പോരായി. ഞാൻ ഒന്നും പറയുന്നില്ല. അവനു ഇഷ്ടപ്പെട്ടു കെട്ടിയത് അല്ലെ. അനുഭവിക്കുക തന്നെ അല്ലാതെ ഞാൻ എന്ത് പറയാൻ!!" ഒരഞ്ചു മിനിറ്റ് നേരത്തേക്ക് പിന്നെ സംസാരമൊന്നുമുണ്ടായില്ല. എല്ലാം കഴിഞ്ഞെന്ന് കരുതിയപ്പോഴേക്കും മുറിയിലേക്ക് ഇരച്ചു കയറി വന്നു.
"ഡി ആദ്യത്തെ പ്രസവം പെൺ വീട്ടുക്കാരാ നോക്കേണ്ടത്. നിന്റെ കാര്യം നോക്കാൻ എനിക്ക് വയ്യ. നീ വീട്ടിൽ പോയി നിന്നോ. നിന്നെ നോക്കാനാ ഇളയതിനെ കൊണ്ടൊന്നും പറ്റില്ല പഠിക്കുന്ന കുട്ടിയാ. അവളുടെ ഭാവി കളയാൻ വയ്യ. ഇതൊന്നും പോയി അവന്റെയടുത്തെഴുന്നള്ളിക്കണ്ട കേട്ടലോ. 30പവനും 5ലക്ഷം രൂപ കിട്ടേണ്ട ചെറുക്കാനാ പറഞ്ഞിട്ട് എന്തിനാ? ഇവളെ പെണ്ണ് കാണാൻ ചെന്നയന്ന് മയക്കി എടുത്തു. എന്നിട്ട് കൊണ്ട് വന്നതോ. കുറച്ചു നക്കാപിച്ച പൊന്ന് ആർക്ക് വേണം അതൊക്കെ. പാത്രമൊക്കെ കഴുകി വച്ചിട്ട് കിടന്നാൽ  മതി. അവൾക്ക് പഠിക്കണം. എനിക്ക് ഒട്ടും വയ്യ. പിന്നെ നാളെ ദോശക്കുള്ള അരി അരച്ചു വയ്ക്കണം. നോക്കി നിൽക്കാതെ നീ ചെന്ന് പണിയെടുക്ക്."
മനസ്സ് കീറി മുറിച്ചിട്ട് അമ്മ പോയി ഞാനൊരു ഗർഭിണി അല്ലെ. എന്റെ അവസ്ഥ ഒന്നും മനസ്സിലാക്കാത്തത് എന്താ?? ഏട്ടനോട് എന്ത് പറയാനാ അവരെ അത്രക്ക് ഇഷ്ടമാ. അത് കഴിഞ്ഞേ ഞാനുള്ളു. ഗർഭിണിയായത് കൊണ്ട് ചെലവ്‌ കൂടും എന്ന് ചിറ്റ പറയുന്നത് ഞാൻ കേട്ടതാ. ചിറ്റ അമ്മയ്ക്ക് തുല്യമാണ്. എന്നിട്ടും അവരെന്താ എന്നോടിങ്ങനെ?? കല്യണം കഴിഞ്ഞു 8 മാസം കഴിഞ്ഞപ്പോ മുതൽ കേൾക്കുന്നതാ മച്ചി ആണെന്ന് പറഞ്ഞു  പരിഹസിക്കുന്നത്. ചിറ്റയുടെ കുത്തുവാക്ക് കേട്ട് മടുത്ത് സകല ദൈവങ്ങളെയും വിളിച്ച് അമ്മയും ആയി കഴിഞ്ഞപ്പോ.
ചെലവ്‌ കൂടുതലാ എന്ന് പറഞ്ഞു  ഓരോ പരദൂഷണം കൊണ്ട് വരും. അവർക്കും ഉണ്ടല്ലോ മോള്. അടുത്ത മാസമാ കല്യണം, വല്യ പണമുള്ള വീട്ടിലെ ചെറുക്കാനാ അതിന്റെ അഹങ്കാരവും ഉണ്ട് നന്നായി. ഓരോന്ന് ആലോചിച്ചു പണി തീർത്തു വന്നപ്പോൾ സമയം 11 മണി. മുറിയിൽ ചെന്നപ്പോ ഏട്ടൻ ഉറങ്ങിയിട്ട് ഇല്ല.
"എന്തായിരുന്നു അടുക്കളയിൽ പണി?"
"കുറച്ചു പാത്രം കഴുകാൻ പിന്നെ രാവിലത്തേക്ക് ദോശ അരച്ച് വയ്ക്കാൻ ഉണ്ടായിരുന്നു."

"ഉറക്കം കളഞ്ഞു നിൽക്കാൻ പാടില്ല വിശ്രമം വേണ്ട സമയം ആണ്. നാളെ എനിക്ക് വർക്ക്‌ കുറച്ചു ദൂരെയാ അതോണ്ട് നിന്നേം ഞാനങ്ങോട്ട് കൊണ്ട് പോകുന്നു. അവിടെ ചെറിയ വീട് എടുത്തു. കുറച്ചു ഡ്രസ്സ്‌ പാക്ക് ചെയ്തു വച്ചോ, ആരോടും ഒന്നും പറയണ്ട. പോകുമ്പോ അറിഞ്ഞാൽ മതി പറയേണ്ടത് ഞാൻ പറഞ്ഞോളാം."

"ഉം." മൂളുക മാത്രം  ചെയ്തു.
രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞു.
"എന്താടി രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞല്ലോ? എങ്ങോട്ടാ രാവിലെ  തന്നേ?"
"അതെനിക്ക് അറിയില്ല അമ്മേ ഏട്ടൻ പറഞ്ഞു റെഡിയാവാൻ."
"ഉം." അമ്മയൊന്ന് നീട്ടി മൂളി.

എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്നത്തിനിടയിൽ ഏട്ടൻ പറഞ്ഞു. ”ഞാനിവളെ കൊണ്ട് എന്റെ ജോലി സ്ഥലത്തേക്ക് പോകുന്നു. ഇവളെ വീട്ടു വേലക്കാരിയായി അല്ല എന്റെയേന്ത് പ്രതിസന്ധിയെയും തരണം ചെയാൻ കൂടെ നിൽക്കുന്ന എന്റെ ജീവന്റെ മറു പാതിയാണ്. എന്റെ ജീവന്റെ തുടിപ്പാണ്  അവളുടെ ഉദരത്തിലുള്ളതും."
"ഡാ ഇവളെ കൊണ്ട് പോയാലെങ്ങനാ?"
"അമ്മേടെ മൂത്ത മോളെ കെട്ടിച്ചു വിട്ട വീട്ടിലവളോട് ഇതു പോലെയാണോ ചെയ്തത്. അല്ലല്ലോ എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത് പറഞ്ഞേക്കാം. ഞാൻ നോക്കി കൊള്ളാം ഇവളെ. ജോലിയും കൂലിയും  ഉള്ളവന്നാ ഞാൻ. കേട്ടല്ലോ. എനിക്ക് സ്വർണ്ണത്തിലും പണത്തിലും ആർത്തി ഇല്ല. എന്റെ മറു പാതിയാണ് എന്റെ ആകെയുള്ള ധനം. അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞാ ഏറ്റവും വലിയ  മൂലധനം." ദേഷ്യത്തിൽ എല്ലാവരോടും അറുത്ത് മുറിച്ചു പറഞ്ഞ ശേഷം അവനെഴുന്നേറ്റു.
കുറച്ചു നേരത്തിന് ശേഷം അവനവളെ കൊണ്ട് അവളേയും കൂട്ടി അവിടെ നിന്നിറങ്ങി. ഇനി അവരുടെ പുതിയ ജീവിതത്തിലേക്ക്. ഇങ്ങനെയൊരു  തന്റേടമുള്ള ആണൊരുത്തൻ മതി അവൾക്ക് ഏത് കുരയും സ്വർഗ്ഗം ആയിരിക്കും. കാലം എത്ര മാറിയാലും ചില കൊടുക്കൽ വാങ്ങലുകൾക്ക് ബലിയാടുകൾ  പെൺകുട്ടികൾ ആയിരിക്കും. ഭാര്യയുടെ മനസ്സ് അറിയുന്ന ഭർത്താവ് ഉണ്ടെങ്കിൽ അത് മതി അവൾക്ക്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക