Image

ഐതിഹാസികമായ മട്ടാഞ്ചേരി സമരത്തിന്റെ ജീവൻ ഇന്നും തുടിക്കുന്നു : അഡ്വ. രാജി പി ജോയ്

Published on 15 September, 2023
ഐതിഹാസികമായ മട്ടാഞ്ചേരി സമരത്തിന്റെ ജീവൻ ഇന്നും തുടിക്കുന്നു : അഡ്വ. രാജി പി ജോയ്

തുറമുഖത്തെ പ്രാകൃതമായ ചാപ്പ സമ്പ്രദായത്തിനും കങ്കാണിപ്പണിക്കും എതിരെ മട്ടാഞ്ചേരിയിൽ തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും ഇന്നേയ്ക്ക് 70 വയസ്സ്.

1953 സെപ്റ്റംബർ 15ന് കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതൃത്വത്തിൽ തുറമുഖത്ത്‌ നടത്തിയ സമരത്തെ ഭരണക്കാർ നേരിട്ടത് തോക്കുകൊണ്ടാണ്‌. സെയ്‌ത്‌, സെയ്‌താലി, ആന്റണി എന്നീ തൊഴിലാളികൾ രക്തസാക്ഷികളായി.

തുറമുഖത്ത്‌ രാവിലെ കൂലിവേലയ്‌ക്കായി എത്തുന്ന തൊഴിലാളികൾക്കിടയിലേക്ക്‌ കങ്കാണിമൂപ്പൻ ചാപ്പയെന്നറിയപ്പെടുന്ന ലോഹത്തുട്ടുകൾ എറിയും. അത്‌ കിട്ടുന്നവർക്കുമാത്രമാണ്‌ ജോലി. ഈ ലോഹത്തുട്ടുകൾക്കായി തൊഴിലാളികൾക്ക്‌ പരസ്‌പരം മല്ലടിക്കേണ്ടിവന്നിരുന്നു. ഇതിനെതിരെ തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധിച്ചപ്പോൾ അവരെ പിരിച്ചുവിട്ടാണ്‌ കങ്കാണിമാർ പകരം വീട്ടിയത്‌. ഇതിൽ പ്രതിഷേധിച്ച്‌ മട്ടാഞ്ചേരി ഈരവേലിയിൽ കൂട്ടംകൂടിയ തൊഴിലാളികൾക്കുനേരെയാണ് പൊലീസ്‌ വെടിവച്ചത്.

സെയ്‌തും സെയ്‌താലിയും സംഭവസ്ഥലത്തുതന്നെ രക്തസാക്ഷികളായി.

അറസ്‌റ്റിലായ ആന്റണി ക്രൂരമായ പൊലീസ്‌ മർദനത്തെതുടർന്ന്‌ മരിച്ചു.

'കാട്ടാളന്മാർ നാടുമുടിച്ച്‌ നാട്ടിൽ തീമഴ പെയ്‌തപ്പോൾ പട്ടാളത്തെ പുല്ലായ്‌ക്കരുതിയ മട്ടാഞ്ചേരി മറക്കാമോ?’ എന്ന്‌ നാടകപ്രതിഭ പി ജെ ആന്റണി എഴുതിയ വരികളിൽ ഐതിഹാസികമായ മട്ടാഞ്ചേരി സമരത്തിന്റെ ജീവൻ ഇന്നും തുടിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക