Image

ഒരു തേര്‍ഡ് പാര്‍ട്ടി കാന്‍ഡിഡേറ്റിന് കരുത്താര്‍ജ്ജിക്കുവാന്‍ കഴിയുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 15 September, 2023
ഒരു തേര്‍ഡ് പാര്‍ട്ടി കാന്‍ഡിഡേറ്റിന് കരുത്താര്‍ജ്ജിക്കുവാന്‍ കഴിയുമോ? (ഏബ്രഹാം തോമസ്)

വാഷിംഗ്ടണ്‍: മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് വൈതരണികള്‍ മറികടന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുകയും പ്രസിഡന്റ് ജോ ബൈഡന്‍ ഡെമോക്രാറ്റിക് നോമിയായി രംഗത്തെത്തുകയും ചെയ്താല്‍ വോട്ടര്‍മാരുടെ പ്രശ്‌നം വര്‍ധിക്കുകയേ ഉള്ളൂ എന്ന് രാഷ്ട്രീയ നിരീക്ഷകരില്‍ ഒരു വലിയ വിഭാഗം കരുതുന്നു. ഒര ചാനല്‍ പരസ്യത്തില്‍ പറയുന്നതു പോലെ ഇനിയും ഒരു നാല് വര്‍ഷം ഭരണസാരഥ്യം തൃപ്തികരമായെങ്കിലും വഹിക്കുവാനുള്ള മാനസിക ആരോഗ്യം ഉണ്ടോ എന്ന് വോട്ടര്‍മാരില്‍ ഒരു വിഭാഗം ചിന്തിക്കുന്നു. മറുവശത്ത് നാല് കേസുകളും 91 ക്രിമിനല്‍ ചാര്‍ജ്ജുകളും നേരിടുന്ന ട്രമ്പിന് 'മുഴുവന്‍ സമയ' പ്രസിഡന്റാകാന്‍ കഴിയുമോ എന്ന ചോദ്യത്തിനാണ് പ്രസക്തി.

ഇവര്‍ക്ക് പകരം നിലവിലെ സംവിധാനത്തില്‍ യോഗ്യനായ ഒരു പകരക്കാരനെ കണ്ടെത്താനാവില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. എന്നാല്‍ മറ്റ് രണ്ട് നേതാക്കള്‍ പകരക്കാരായി ഉയര്‍ന്നു വരുന്നുണ്ട്, ഇവരുടെ വെല്ലുവിളികള്‍ കരുത്താര്‍ജ്ജിക്കുമോ എന്ന കാത്തിരിപ്പിലാണ് നിരീക്ഷകര്‍. ബൈഡനുള്ള ജനപിന്തുണ കുറയുന്നതായാണ് ദിനംപ്രതി പുറത്തു വരുന്ന അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പിന്തുണയ്ക്കുന്നവരില്‍ ഏറിയ പങ്കും ട്രമ്പ് വിരുദ്ധ വികാരത്തിന്റെ ബഹിര്‍സ്ഫുരണമാണ് കാട്ടുന്നത്. ഇവിടെയാണ് മൂന്നാമതൊരു പാര്‍ട്ടി സ്ഥാനാര്‍ത്ഥി രംഗത്ത് വന്നാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് പ്രസക്തി.

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പും മുന്‍ തിരഞ്ഞെടുപ്പുകളെപ്പോലെ ഒരു നേരിയ മാര്‍ജിന്‍ വിജ്യത്തിലേക്കാവും നീങ്ങുക. 2020 ലെ തിരഞ്ഞെടുപ്പില്‍ ബൈഡന്‍ ജയിച്ചത്(ജയം എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ട്രമ്പ്) അംഗീകരിച്ചിട്ടില്ല) 4 പെഴ്‌സന്റേജ് പോയിന്റുകള്‍ക്കാണ്. കറുത്ത വര്‍ഗക്കാരായ പുരുഷന്മാര്‍ ഒന്നടങ്കം  ബൈഡന് വോട്ടു ചെയ്തില്ല. ഒരു ചെറിയ ശതമാനം ട്രമ്പിന് വോട്ടു ചെയ്തിട്ടുണ്ടാകുമെന്ന് കരുതുന്നു. ഏതാണ്ട് മുഴുവന്‍ കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളും ബൈഡനെ പിന്തുണച്ചപ്പോള്‍ നാമമാത്രമായ ശതമാനം കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ ട്രമ്പിന് വോട്ടു ചെയ്തു എന്നു കരുതുന്നു. ഈ പശ്ചാത്തലത്തില്‍ കറുത്ത വര്‍ഗ്ഗക്കാരന്‍ കോണല്‍ വെസ്റ്റ് ചലഞ്ച് ടു ബൈഡന്‍ ഫോര്‍ ബൈഡന്‍, സിവില്‍ റൈറ്റ്‌സ് ആക്ടിവിസം എന്നീ മുദ്രാവാക്യങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത് ബൈഡന്റെ കറുത്ത വര്‍ഗക്കാരുടെ വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കിയേക്കും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോര്‍ണല്‍ വെസ്റ്റ് നിലപാട് മാറ്റി ബൈഡന് പിന്തുണ പ്രഖ്യാപിക്കും എന്ന് കരുതുന്നവരുണ്ട്.

റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ ശ്രദ്ധേയമായ പല പ്രഖ്യാപനങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. നായകപരിവേഷം ആര്‍എഫ്‌കെ ജൂനിയറിന് പലരും ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ ബൈഡന് എതിരായി ഈ കെന്നഡിക്ക് ചാന്‍സ് ഉണ്ടാവില്ല. നിലവിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സംവിധാനത്തില്‍ തനിക്ക് നീതി ലഭിക്കില്ല എന്ന് ജൂനിയറിന് പരാതിയുണ്ട്. താന്‍ മത്സരിച്ച ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പ് റിഗ് ചെയ്തു എന്ന പരാതിയുമായി മുന്നോട്ടു പോകും എന്ന് ജൂനിയര്‍ പറയുന്നു. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആര്‍എഫ്്‌കെ ജൂനിയര്‍ തേര്‍ഡ് പാര്‍ട്ടി കാന്‍ഡിഡേറ്റായി മത്സരിക്കുവാനുള്ള സാധ്യത തള്ളാനാവില്ല. ജൂനിയര്‍ മത്സരിച്ചാല്‍ ബൈഡന്റെയും ട്രമ്പിന്റെയും കുറെ വോട്ടുകള്‍ നേടിയേക്കും. പക്ഷെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പു ബാലറ്റില്‍ പേര് വരാന്‍ ആവശ്യമായ യോഗ്യതകള്‍ നേടുക വിഷമകരമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക