ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ തള്ളി ഗൂഡാലോചനക്കേസ്സില്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒന്നിച്ചു നെഞ്ചുവിരിച്ചു നിന്നു പ്രഖ്യാപിക്കാന്‍ വൈകുന്നത് എന്തിന് ? ചോദിക്കുന്നത് സി.പി.എമ്മുകാരല്ല, സാക്ഷാല്‍ കോണ്‍ഗ്രസുകാരാണ്. അതോ ദല്ലാളിന്റെ ഉമ്മാക്കിയില്‍ ഇവര്‍ പേടിച്ചോ ?
ദല്ലാള്‍ നന്ദകുമാര്‍ സി.പി.എമ്മിനു വേണ്ടി രമേശ് ചെന്നിത്തലയെയും തിരുവഞ്ചൂരിനെയും ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ ബോധപൂര്‍വ്വം കൂട്ടി കെട്ടുമ്പോള്‍, ഈ രണ്ടു മുന്‍ ആഭ്യന്തര മന്ത്രിമാരും അത് നിഷേധിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്യാത്തത് എന്തു കൊണ്ട്? തടവിലുള്ള ഒരു സ്ത്രീ വിലാസം എഴുതാതെ മജിസ്ട്രേറ്റിന് സമര്‍പ്പിക്കാന്‍ 21 പേജുള്ള ഒരു കത്ത് എഴുതിയാല്‍, അവരുടെ അഭിഭാഷകനായ ഫെനി അതെങ്ങനെ ബാലകൃഷ്ണപിള്ള നിയോഗിച്ച ആള്‍ക്ക് കൈമാറും? മജിസ്ട്രേറ്റിനായിരുന്നില്ലേ കത്ത് എത്തിക്കേണ്ടിയിരുന്നത്?
ഇപ്പോഴത്തെ ഭരണപക്ഷം ഗൂഡാലോചനക്കേസ് അന്വേഷിക്കില്ല. അവര്‍ക്ക് അതുകൊണ്ട് ഒരു നേട്ടവുമുണ്ടാക്കാനില്ല. അന്വേഷിച്ചാല്‍ ചിലപ്പോള്‍ ഇ.പിയുടെയും, സജിയുടെയും ഇടപെടലുകളുണ്ടെന്ന് വരികയും ചെയ്യാം. ഒരുപക്ഷേ പ്രതിപക്ഷമാകട്ടെ മുന്‍ രണ്ട് ആഭ്യന്തര മന്ത്രിമാരുടെ ഇമേജ് അഥവാ പോയാലോ എന്ന പേടിയിലും.
ദല്ലാള്‍ തന്നെ ഗൂഢാലോചന കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പതനം ഇരുവരും ആഗ്രഹിച്ചുവെന്ന് പറഞ്ഞതല്ലാതെ മറ്റൊരു തെളിവും ഹാജരാക്കിയിട്ടില്ല. ചാണ്ടി ഉമ്മനാകട്ടെ, പാര്‍ട്ടിയുടെ ഏറ്റവും ജൂനിയര്‍ എം.എല്‍.എ എന്ന നിലയ്ക്ക് ചെന്നിത്തലയുടെയും തിരുവഞ്ചൂരിന്റെയും ഇഷ്ടക്കേടിനു നിന്നു കൊടുക്കാനാകുമോ ? ചാണ്ടി ഉമ്മന്റെ അമ്മയും പെങ്ങമ്മാരും ഉമ്മന്‍ ചാണ്ടി നിരപരാധിയാണെന്ന് തെളിഞ്ഞ നിലയ്ക്ക് ഗൂഡാലോചനയുടെ കാര്യത്തില്‍ പാര്‍ട്ടി പറയാതെ ഒരു ശ്രമവും നടത്തുകയില്ല. അവര്‍ക്ക് ചാണ്ടി ഉമ്മന്റെ വളര്‍ച്ചയല്ലേ ഇനി പ്രധാനം.
പൊതുജനങ്ങള്‍ക്ക് വേണമെങ്കില്‍ കോടതിയില്‍ പോകാം. അത് ആരെങ്കിലും പോകും, പോകാതിരിക്കില്ല. പോയില്ലെങ്കില്‍ ആ ഗൂഡാലോചന വെളിച്ചം കാണുകയുമില്ല. ഇതിനിടെ 'പ്രതിനായിക' എന്ന പേരില്‍ സരിത തന്റെ ആത്മകഥയെഴുതുന്നു.
ഇറങ്ങാന്‍ മടി:
ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് മന്ത്രിമാരുടെ ടീമില്‍ നവംബറില്‍ അഴിച്ചുപണി വേണ്ടി വരും. വൈദ്യുത മന്ത്രി കൃഷ്ണന്‍കുട്ടിക്ക് പകരം മാത്യു ടി. തോമസും, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പകരം കടന്നപ്പള്ളിയും, ആന്റണി രാജുവിനു പകരം ഗണേഷ് കുമാറുമാണ് ധാരണയനുസരിച്ച് മന്ത്രിമാരാകേണ്ടത്. ഗണേഷിനെ മന്ത്രിയാക്കുന്നതില്‍ സി.പി.എമ്മില്‍ ചിലര്‍ക്ക് എതിരഭിപ്രായമുണ്ടെങ്കിലും അദ്ദേഹം മന്ത്രിയാകും. ട്രാന്സ്പോര്ട്ടിലല്ല വനം വകുപ്പിലാണ് ഗണേശിന് താല്പര്യം. ശശീന്ദ്രന് ട്രാന്‍സ്പോര്‍ട്ട് നല്കി വനം ഗണേശിന് നല്‍കാനാണ് സാധ്യത. കൃഷ്ണന്‍കുട്ടി തല്ക്കാലം മാറാന്‍ സന്നദ്ധനല്ല. മാത്യു ടി തോമസും സംഘവും അതിനു പൊടിക്ക് സമ്മതിക്കുകയുമില്ല.
സി.പി.എമ്മിലും ചില അഴിച്ചുപണികള്‍ ഉണ്ടാകാം. ഷംസീറിനെ റിയാസിന് മുമ്പേ മന്ത്രിയാക്കാത്തതില്‍ ഖിന്നതയുള്ളവര്ക്കായി ആ 'മിത്തി'നെ ആരോഗ്യ മന്ത്രിയാക്കി വീണയെ സ്പീക്കറാക്കാനാണ് പരിപാടി എന്നും കേള്‍ക്കുന്നു. ചുരുങ്ങിയപക്ഷം വീണക്ക് അത് വിശ്വാസമായിട്ടില്ല. അവരത് മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തു. കൂട്ടത്തില്‍ പിണറായി മുഖ്യമന്ത്രിസ്ഥാനം റിയാസിനെ ഏല്‍പ്പിക്കുമോ എന്നും അറിയില്ല.
അടിക്കുറിപ്പ്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ.ഡി പല തവണ ചോദ്യം ചെയ്ത പി.എ ജിഞ്ചോര് എ.സി മൊയ്തീനെ ശരിക്കും കുടുക്കാവുന്ന തെളിവുകളാണ് നല്‍കുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ മൊയ്തീനും, കാടയും, അരവിന്ദാക്ഷനും കൂട്ടുനിന്നുവെന്ന് ചാനലുകാരോടെല്ലാം ജിഞ്ചോര് പറഞ്ഞു. റിട്ട. എസ്.പിയെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പുകമറയിലാക്കിയാണ് ജിഞ്ചോറിന്റെ മൊഴി. ഇപ്പോള്‍ പോലീസും അന്വേഷണ ഏജന്‍സിയും മാത്രമല്ലല്ലോ മാധ്യമങ്ങളും തെളിവ് ശേഖരണം നടത്തും. പോലീസുകാരെക്കാള്‍ കൂര്മതയോടെ കേസന്വേഷണം നടത്തുന്ന റിപ്പോര്‍ട്ടര്‍മാര്‍ ചാനലുകളില്‍ ഉണ്ടല്ലോ.
കെ.എ ഫ്രാന്‍സിസ്