ഞായറാഴ്ചത്തിരക്കിൽ
കണ്ടു.
നാടാർ പള്ളിക്കു മുന്നിൽ
നിറംമങ്ങിയ സാരിയിൽ
കറുത്തു മെലിഞ്ഞൊരുടൽ.
അയൽക്കൂട്ടത്തിലൊരുവൾ
പുറം പണിക്കാരി
വിമെൻസ് ഹോസ്റ്റലിന്റെ
മതിലിൽ ചാരി നിൽക്കുമാ
ഉടലൊരു കണി.
ഗസ്റ്റ് ഹൗസിന്നപ്പുറത്തെ
കൈവരിയിൽ പിടിച്ചവൾ
ചിലപ്പോൾ സ്വയം
മറന്നു നിന്നു
കുട്ടിക്കാലത്ത് കണ്ട ജഡത്തെ ഓർമ്മിപ്പിച്ചതിനാൽ ഒന്നും മിണ്ടാനെനിയ്ക്ക്
കഴിഞ്ഞതേയില്ല.
ഭർത്താവു മരിച്ചെന്നും
സമനില തെറ്റിയെന്നും
ആരൊക്കെയോ പറഞ്ഞു.
പക്ഷെ, ഇപ്പോൾ എനിയ്ക്കു കാണാം.
ആ ഉടലിന്നു മുന്നിൽ
അഴിഞ്ഞു വീഴുമെൻ
കവിതയുടെ പൊയ്മുഖം .