നിന്നിടം താഴ്ന്നു പോയെങ്കിൽ എന്നൊരാവസ്ഥയിലൂടെ
കടന്നു പോയിട്ടുണ്ടോ...
മലർന്നു കിടക്കുമ്പോ
ആകാശത്തിന്റെ അരികടർന്ന്
ഇടനെഞ്ചിൽ വീണെങ്കിലെന്ന്
ഓർത്തു പോയിട്ടുണ്ടോ...
തെരുവ് നിരങ്ങുമ്പോ
ഒരു വണ്ടി നിയന്ത്രണം വിട്ട്
പാഞ്ഞു കയറിയെങ്കിലെന്ന്...
ഉരുണ്ടു കൂടുന്ന
മഴത്തുള്ളികളിൽ ഓരോന്നിലും
ഒരു പ്രളയമുണ്ടായെങ്കിലെന്ന്..
ഒരു കൊടുങ്കാറ്റ്
മലയിറങ്ങി വന്ന്
കശക്കി മറിച്ചെങ്കിലെന്ന്...
കണ്ണിൽ കാണുന്നതിൽ
ഏറ്റവും വലിയ മരം
കടപുഴകി ആകെ അരച്ചു കളഞ്ഞെങ്കിലെന്ന്...
അത്രമേൽ..
അത്രമേൽ...
നിസ്സഹായരായി..
നിന്ദിക്കപ്പെട്ടവനായി..
ഉയിരിനെ സ്വയമുരിയാൻ
കഴിയാതെ
തളർന്നു പോയിട്ടുണ്ടോ...
ഉണ്ടെങ്കിൽ പിന്നെ
"നിങ്ങളെ കുന്തിരിക്കം മണക്കുന്നെ" ന്ന്
പറയുന്നവരെ
തുറിച്ചു നോക്കുന്നതെന്തിനാണ്..