Image

പ്രേക്ഷകന് ഇഷ്ടമാകും ഈ 'കാസര്‍ഗോള്‍ഡ്'

സ്വന്തം ലേഖകന്‍  Published on 16 September, 2023
പ്രേക്ഷകന് ഇഷ്ടമാകും ഈ 'കാസര്‍ഗോള്‍ഡ്'

ധന സമ്പാദനത്തിന് ഏതു വഴിയും സ്വീകരിക്കുന്ന ചെറുപ്പക്കാര്‍ ഇന്ന് സമൂഹത്തിലെമ്പാടുമുണ്ട്. തട്ടിപ്പും വെട്ടിപ്പും നടത്തി അതില്‍ നിന്നും കോടികള്‍ സമ്പാദിക്കാന്‍ നെട്ടോട്ടമോടുന്ന മനുഷ്യരുണ്ട്. ആര്‍ബാട ജീവിതം നയിക്കാന്‍ പണം ആവശ്യമാണ്. അതുകൊണ്ടാണ് ചെറുപ്പക്കാര്‍ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് വേഗത്തില്‍ കടന്നു ചെല്ലുന്നത്. ഇത്തരം വാര്‍ത്തകള്‍ ധാരാളം നം ദിനപ്പത്രങ്ങളില്‍ വായിക്കാറുണ്ട്. അതു പോലെ നേരിന് നിരക്കാത്ത രീതിയില്‍ സത്യത്തിന്റെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് ധനം നേടി സമ്പന്നരാകാന്‍ തുനിഞ്ഞിറങ്ങുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച കാസര്‍ഗോള്‍ഡ്.. സ്വര്‍ണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട മാഫിയകളുടെയും കഥ പറയുകയാണ് മൃദുല്‍ പറയുന്നത്. 

ഒരച്ഛന്‍ തന്റെ മകന് ഉറങ്ങാന്‍ വേണ്ടി പറഞ്ഞു കൊടുക്കുന്ന സാരോപദേ കഥയോടെയാണ് ചിത്രത്തിന്റെ തുടക്കം. വരാന്‍ പോകുന്ന കഥയെന്തായിരിക്കുമെന്ന സൂചന ആ ഗുണപാഠകഥയിലുണ്ട്. കാസര്‍ഗോഡ്, ഗോവ, കണ്ണൂര്‍, മംഗലാപുരം എന്നിവിടങ്ങളിലാണ്കഥ നടക്കുന്നത്. ആല്‍ബി(ആസിഫ് അലി)യും നാന്‍സിയും ഗള്‍ഫില്‍ നിന്നും അനധികൃതമായി നാട്ടിലെത്തിക്കുന്ന സ്വര്‍ണ്ണത്തിന്റെ കാരിയര്‍മാരാണ്. പക്ഷേ ഒരു പ്രത്യേക ദൗത്യത്തിനിടയില്‍ അവരുടെ കൈയ്യില്‍ നിന്നും നഷ്ടപ്പെടുന്നു. സ്വര്‍ണ്ണം വീണ്ടെക്കാന്‍ ആല്‍ബിയും നാന്‍സിയും നെട്ടോട്ടമോടുന്നതിനിടയിലാണ് ഫൈസല്‍(സണ്ണി വെയ്ന്‍ ) അവര്‍ക്കിടയിലേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് നഷ്ടപ്പെട്ട സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്ന് നടത്തുന്ന പോരാട്ടങ്ങളും കരുനീക്കങ്ങളുമാണ് ചിത്രം പറയുന്നത്. 

കഥാപാത്രങ്ങളുടെ കാസ്റ്റിങ്ങ് മികച്ചതാണ്. എന്തിനും ഏതിനും ദേഷ്യപ്പെടുന്ന സ്വഭാവമള്ള ആല്‍ബിനെ ആസിഫ് അലി ഗംഭീരമാക്കി. വീട്ടിലെ പ്രാരാബ്ധങ്ങള്‍ കൊണ്ട് സ്വര്‍ണ്ണക്കടത്തിലേക്ക് വഴിതിരിഞ്ഞു വന്ന ഫൈസല്‍ എന്ന കഥാപാത്രം സണ്ണി വെയ്‌ന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. വില്ലന്‍ സ്വഭാവമുള്ള കഥാപാത്രമായെത്തുന്ന വിനായകനും തന്റെ റോള്‍ അതിഗംഭീരമാക്കിയിട്ടുണ്ട്. മാളിവിക ശ്രീനാഥാണ് നായിക. ഇവര്‍ക്കൊപ്പം സിദ്ദിഖ്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, സമ്പത്ത് റാം, പ്രശാന്ത് മുരളി, ജെയിംസ് ഏലിയ, സാഗര്‍സൂര്യ എന്നിവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. 

സ്വര്‍ണ്ണക്കടത്തും അധോലോകവുമൊക്കെ പ്രമേയമാക്കിയ സിനിമകള്‍ മലയാളത്തില്‍  ഇതിനു മുമ്പും ഇറങ്ങിയിട്ടുണ്ടെങ്കിലും കാസര്‍ഗോള്‍ഡ് അവതരണത്തിലെ പുതുമ കൊണ്ട് വേറിട്ടു നില്‍ക്കുന്നു. ആദ്യന്തം കഥ ചടുലമായി പറഞ്ഞു പോകുന്നതിനാല്‍ പ്രേക്ഷകന് വിരസത അനുഭവപ്പെടുന്നില്ല. വിഷ്ണു വിജയിന്റെ സംഗീതം കാസര്‍ഗോള്‍ഡിന്റെ കഥാപശ്ചാത്തലവുമായി ഇണങ്ങി നില്‍ക്കുന്നതും ദൃശ്യാനുഭവത്തിന് കൂടുതല്‍ മിഴിവേകുകകയും ചെയ്യുന്നു. ഛായാഗ്രഹണവും മികച്ച നിലവാരം പുലര്‍ത്തി. മികച്ച ആക്ഷന്‍ കൊറിയോഗ്രാഫിയാണ് മറ്റൊന്ന്. സംഘട്ടന രംഗങ്ങളിലെ പുതുമ രംഗപ്രവേശം പ്രേക്ഷകര്‍ ഈയിടെയായി ഇരു കൈയ്യും നീട്ടി സ്വീകരിച്ച മട്ടാണ്. അതു കൊണ്ടു തന്നെ ഈ ചിത്രത്തിലും ആക്ഷന്‍ രംഗങ്ങള്‍ ആസ്വാദ്യകരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. 

നായകന്‍ എന്തു തെറ്റ് ചെയ്താലും അതിനെ ഹീറോയിസമാക്കി അവതരിപ്പിക്കുന്ന പല ചിത്രങ്ങളും ഇതിനു മുമ്പ് പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്, മലയാളത്തില്‍ തന്നെ. എന്നാല്‍ ഈ ചിത്രത്തില്‍ നായകന്‍ ചെയ്യുന്ന തെറ്റുകള്‍ തെറ്റായി തന്നെ അവതരിപ്പിക്കുകയാണ് സംവിധായകന്‍. നേരായ വഴിക്കല്ലാതെയുള്ള ധനസമ്പാദനവും തട്ടിപ്പും വെട്ടിപ്പും തെറ്റു തന്നെയാണെന്നും സംവിധായകന്‍ സമര്‍ത്ഥിക്കുന്നു. മുഷിയാതെ രണ്ടു മണിക്കൂര് കണ്ടിരിക്കാവുന്ന ഒരു മികച്ച ചിത്രമാണ് 'കാസര്‍ഗോള്‍ഡ്' എന്ന് അടിവരയിട്ടു പറയാം.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക