Image

രോഗവും ഭക്ഷണവും:  ചില ആരോഗ്യ  ചിന്തകൾ (ഇന്ദു മേനോൻ)

Published on 17 September, 2023
രോഗവും ഭക്ഷണവും:  ചില ആരോഗ്യ  ചിന്തകൾ (ഇന്ദു മേനോൻ)

രോഗം വരുമ്പോൾ മനുഷ്യർ രോഗം നൽകുന്നതിനേക്കാൾ അധികം ക്ഷീണിതരാകുന്നത് നല്ല ഭക്ഷണത്തിൻറെ കുറവുകൊണ്ടാണ്. രോഗികളാകുമ്പോൾ നാം നിത്യം കഴിക്കുന്ന എല്ലാ ഭക്ഷണങ്ങൾക്കും ബദലായി ലഘുവായ കഞ്ഞി , ഓട്സ് പോലെയുള്ള ആഹാരങ്ങൾ മാത്രം നമ്മൾ കഴിയ്ക്കുന്നു. വായ്ക്ക് രുചിയില്ലാത്തതും ഓക്കാനം വരുന്നതും ചവയ്ക്കാനാകാത്തതും അങ്ങനെ പലതുണ്ട് കാരണങ്ങൾ
വലിയ ഗംഭീരമെന്ന് ഘോഷിച്ചു ആശുപത്രികൾ നൽകുന്ന ഡയറ്റ് ഫുഡ് ഉണ്ട്. അതും കണക്ക് തന്നെ കഞ്ഞി/ ഓട്ട്സ്/ മുത്താറിയും ചെറിയ രണ്ടു ടീസ്പൂൺ ഉപ്പേരിയും കറിയും മാത്രമാണ് അതിലുണ്ടാകുന്നത്. രോഗികളുടെ ഡയറ്റ് സമീകൃതമാക്കാതെ/നന്നാക്കാതെ അവരുടെ ആരോഗ്യത്തെ നിലനിർത്തുവാൻ സാധിക്കുകയില്ല.
വൃദ്ധരായ രോഗികളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും പച്ചപരമാർത്ഥമാണ്. മേലാസകലം നീര് വന്ന് ഹോസ്പിറ്റലിൽ പോകുമ്പോൾ നീരു കുറയാനുള്ള മരുന്നു കഴിക്കുന്നതിന്റെ ഫലമായി സകല ഇലക്ട്രോലൈറ്റും നീരിനൊപ്പം നഷ്ടപ്പെട്ടു പോയി ഇലക്ട്രോലൈറ്റ് വേരിയേഷൻ വരുന്നു. പൊട്ടാസ്സ്യം , സോഡിയം എന്നിവ കുറയുന്നു. ഇലക്ട്രോലൈറ്റ് കൊടുത്തതിനുശേഷം ഭക്ഷണത്തിൽ ഷുഗറിൻറെ അംശം ഉപ്പിന്റെ അംശം എന്നിവ കൂടുമ്പോൾ ഉണ്ടാകുന്ന അടുത്ത പ്രശ്നം ഉണ്ടാകുന്നു. ഭക്ഷണം ലഘൂകരിക്കുമ്പോൾ കൃത്യമായ ഭക്ഷണം ലഭിക്കുന്നില്ല. ഒപ്പം മരുന്നുകളും വരുന്നതോടുകൂടി രോഗി പൂർണമായും അവശതയിലേക്ക് മാറുന്നു. ഇതിനെ പരിഹരിയ്ക്കാനുള്ള മാർഗ്ഗം സത്യത്തിൽ എളൂപ്പമാണ്.
സമീകൃതമായ ആഹാരം കണ്ടെത്തുക. ഈ സംഗതി ഞാൻ കണ്ടുപിടിക്കുന്നത് വർഷങ്ങൾക്ക് മുമ്പ് തന്നെ എൻറെ അമ്മയ്ക്ക് സുഖമില്ലാത്തപ്പോഴാണ്. എങ്ങനെ ഈ പ്രതിസന്ധി പരിഹരിക്കാം എന്ന പരീക്ഷണം ചെന്നെത്തിയത് എന്നെ എല്ലാവരും കളിയാക്കുന്ന ശക്തിമിക്സ്സ് എന്ന പുതിയ ഒരു ആഹാരത്തിലാണ്.
രോഗിയായി കിടക്കുന്ന  പലർക്കും ഞാൻ എൻറെ ശക്തി മിക്സ്  നൽകി അവരെ പരീക്ഷണ വസ്തുക്കളാക്കി. എന്നെ പേടിച്ചും എന്റെ ഇരക്കൽ കണ്ട് പാവം തോന്നിയും പലരും രോഗാവസ്ഥയിൽ ശക്തിമിക്ക്സ് വാങ്ങിക്കഴിച്ചു. അത് അവരിൽ ഉണ്ടാക്കിയ ഊർജ്ജം ചെറുതായിരുന്നില്ല.
എന്റെ പരീക്ഷണ പ്രാരംഭ കാലത്ത് പലതരം എതിർപ്പുകൾ എൻറെ കുടുംബത്തിൻറെ അകത്തു നിന്നു തന്നെ എനിയ്ക്ക് ശക്തിയായി കിട്ടിയിരുന്നു.
“കൊല്ലുമോടീ?”
“ചാകുവോ?”
“തട്ടിപ്പോകുമോ?” എന്നെല്ലാം പരിഹസിച്ചാണ് ഇവരെല്ലാം ശക്തിമിക്ക്സ് തിന്നത്.
ഒരിക്കൽ ശക്തിമിക്ക്സ്സിന്റെ പരീക്ഷണനിർമ്മാണകാലത്ത് കടുകിൽ അത്ഭുതമുണ്ടെന്നു എനിയ്ക്കു തോന്നി. ഞാൻ ലേശം കടുക് അരച്ച് ചേർത്ത് പുതിയ മിക്ക്സ് ഉണ്ടാക്കി. ഈ പരീക്ഷണത്തിന് വിധേയയായ അമ്മു ഭയങ്കരമായി ശർദ്ദിക്കുകയും അവളുടെ വയറ്റിലെ മാലിന്യം പോകുകയും അവളുടെ കഠിനതരമായ വയറുവേദന മാറുകയും ചെയ്തു. ആ മിക്ക്സ്സിനു എന്റെ അനുജൻ ഗുൽജാ സിം സിം എന്നു പേരിട്ടു. എന്തെങ്കിലും തിന്ന് വയറ്റിനു പിടിക്കാത്ത മനുഷ്യർക്ക് ഛർദ്ദിച്ച് ആമാശയം തുറന്ന് ഒരു നിഡേറിയന്റെ ജീവിതം നൽകുന്ന അത്ഭുതമരുന്നിലു ചേർന്ന പേരാണ് ഗുൽജാ സിംസിം.
അമ്മുവിന്റെയും ഹരിയുടെയും രോഗകാലങ്ങളിൽ ഈ സംഭവത്തിനു ശേഷം എന്റെ ശക്തിമിക്ക്സ് കുടിക്കുവാൻ അവർ തയ്യാറായില്ല.
“എൻറെ വയ്യാത്ത കുട്ടികളെ ആണോ നീ പരീക്ഷിക്കുന്നത്?” എന്ന് അമ്മ ദേഷ്യപ്പെട്ടു.
“എന്നെയോ നീ ഒരു വഴിയ്ക്കാക്കി”
 ദുഷ്ട! അമ്മയ്ക്ക് വയ്യാത്തപ്പോഴും ഞാൻ സ്നേഹത്തോറ്റെ ശക്തി മിക്ക്സ് കൊടുക്കുമായിരുന്നു എൻറെ വെറുപ്പിക്കൽ ആലോചിച്ചു മാത്രം അമ്മ അത് കുടിച്ചു. ജാനു വല്യമ്മയോട് എൻറെ ശക്തിയെക്കുറിച്ച് അപവാദം പറഞ്ഞു കൊണ്ടാണ് കുടിച്ചത് എങ്കിലും അരമണിക്കൂറിനകം ഫലം കിട്ടി.
“ഇവളെ ശത്തിമിക്ക്സ് ഉഷാറാണല്ലോ”!
അമ്മയ്ക്ക് എന്റെ ശക്തി തിരിച്ചറിയാൻ കഴിഞ്ഞു. അതിനു ശേഷം പരിഹസിയ്ക്കുമെങ്കിലും എപ്പോൾ രോഗം വന്നാലും അമ്മ  മിക്സ് കഴിക്കാൻ തയ്യാറായി.
പി ജി /ബി എഡ് ഹോസ്റ്റലുകളിലെ കുട്ടികളാണ് എൻറെ ശക്തി മിക്സിന്റെ ഭയങ്കര ഇരകളായി തീർന്നത്. പ്രായോജകർ..
തളർന്നു കിടക്കുന്നവർ, പരീക്ഷയ്ക്ക് പോകാനാകാത്തവർക്കൊക്കെ അത്യധികം ആശ്വാസമായി ഈ മിക്ക്സ്സ്. ഗൾഫിൽ തന്താരുള്ള പെൺകുട്ടികൾ ഉള്ളതിനാൽ ഇങ്രീഡിയൻസ്സിനു വിഷമമുണ്ടായേ ഇല്ല.
പരീക്ഷാകാലത്ത് പനി വരുന്നവർ വരുന്നവർ വാങ്ങി കഴിച്ചിട്ട് പോയി. പേടി മാറാൻ ചിലരിത് ചെറുതേനിൽ ചാലിച്ചു കഴിച്ചു. വൈവയ്ക്ക് കരുത്തേകാൻ ബോട്ടിലിലാക്കി കൊണ്ടു പോയി. ഇതിന്റെ കഥകൾ പിന്നീടെഴുതാം.
സാംക്രമിക രോഗങ്ങളും മഹാമാരികളും പടരുന്ന ഈ കാലത്ത് രോഗം അധികരിക്കാതിരിക്കാൻ ആശുപത്രിയിൽ പോയി കിടക്കാതിരിക്കാനും ഇനി ആശുപത്രിയിൽ കിടന്നാൽ തന്നെ സമീകൃതമായ ആഹാരം ലഭിക്കാനും എന്റെ ശക്തി മിക്സ് പ്രയോഗിക്കാവുന്നതാണ്
ശക്തിമിക്സ്
ആവശ്യമുള്ള സാധനങ്ങൾ
1. റാഗിപ്പൊടി, ഗോതമ്പ് പൊടി സോയ, ചോളം, ഓട്സ്, ചാമ, (ഗോതമ്പ് പൊടി സോയയ്ക്ക് പകരം അമൃതം പൊടിയും ചേർക്കാവുന്നതാണ്) ഒരുനേരത്തേക്കാണ് ഉണ്ടാക്കുന്നത് എങ്കിൽ എല്ലാം ഒന്നര രണ്ട് ടീസ്പൂൺ മാത്രമേ എടുക്കാൻ പാടുള്ളൂ
2. അണ്ടിപ്പരിപ്പ്- നാല്, ബദാം- 5, വാൾനട്ട്- 2 മത്തൻ കുരു, സൂര്യകാന്തിക്കുരു എന്നിവ ലഭിക്കുന്നുണ്ടെങ്കിൽ അവയും ആവാം
3.ഈത്തപ്പഴം- 5, ഉണക്കമുന്തിരി -5 ബ്ലൂബെറി /റാസ്ബെറി/ആപ്രിക്കോട്ട് എന്നിവ കിട്ടിയാൽ വിതറാം
4. ചിക്കൂസ്റ്റ/ മോറിസ്/ റോബസ്റ്റ/ ചെറുപഴം എന്നിവ ചെറുത് വലുതാണെങ്കിൽ പകുതി.
5. സീസണൽ ഫ്രൂട്ട് പേരയ്ക്ക ആപ്പിൾ എന്നിവ ചെറിയ ചെറിയ കഷ്ണങ്ങൾ ഉപയോഗിക്കാം
 മിക്സഡ് ഫ്രൂട്ട് ആണ് വേണ്ടത് ഡയബറ്റിക് ആയ വ്യക്തികളാണ് എങ്കിൽ പേരക്ക കക്കിരിക്കാ എന്നിവ ഉപയോഗിക്കാം
6. കോഴിമുട്ട ഒന്ന് പൈൽസ് രോഗിയാണ് എങ്കിൽ താറാവു മുട്ട ഒന്ന്
ഇവയെല്ലാം മിക്സിയിൽ നന്നായി അടിച്ചു ചേർക്കണം
അതിനുശേഷം അടുപ്പത്ത് ചട്ടിയിൽ ഒരു കാൽ ടീസ്പൂൺ വെണ്ണ തേച്ച് ചേർക്കുക.കൊളസ്ട്രോൾ അധികം ഉള്ള രോഗിയാണ് എങ്കിൽ വെള്ളം ഒഴിച്ചാൽ മതി.
ഇതിലേക്ക് ഈ മിക്സ് ചേർക്കുക. വെരകിയെടുക്കണം. ഭയങ്കരമായി വേവിക്കാതിരിക്കുക.
ശേഷം പാൽ ഉപയോഗിക്കാൻ പറ്റുന്നവരാണ് എങ്കിൽ പാല് ഉപയോഗിക്കുക.
ഇറക്കിവെച്ച ശേഷം ചിയാ സീഡ്, ഫ്ലാക്ക്സ് സീഡ്, അനാർ, മത്തൻ ഗുരു സൂര്യകാന്തി കുരു എന്നിവ ചേർക്കുക. വളരെ ആവശ്യമായ നിലയിലുള്ള രോഗി അല്ല എങ്കിൽ ചവയ്ക്കാനും മറക്കാനും എല്ലാം സാധിക്കുന്ന രോഗിയാണ് എങ്കിൽഡ്രൈ ഫ്രൂട്ട് എല്ലാം പൊടിച്ച് ഇവിടെ ചേർത്താൽ മതിയാകും.
മുളപ്പിച്ച ചെറുപയർ/ മുതിര/ കടല/ മമ്പയർ എന്നിവ ഇതിൽ വിതറാവുന്നതാണ്. ചവയ്ക്കാൻ കഴിയാത്ത രോഗിയാണ് എങ്കിൽ കൈകൊണ്ട് ഉടച്ചു വേണം ഇത് മിക്സിയിൽ ചേർക്കാൻ . അരയ്ക്കേണ്ടതില്ല.
ഇലക്കറികൾ കഴിക്കുന്ന രോഗിയാണ് എങ്കിൽ വേവിച്ച ചീര, കാബേജ്, കോളിഫ്ലവർ പൊടിച്ചത് എന്നിവ ഇവിടെ മിക്സ് ചെയ്യാവുന്നതാണ്.വയസ്സായവർക്കും കുട്ടികൾക്കും ആണ് എങ്കിൽ ഇത് ചേർക്കേണ്ടതില്ല
രോഗിക്ക് കഴിക്കാൻ സാധിക്കുന്നതിനനുസൃതമായി കട്ടിയായി അല്ലെങ്കിൽ ദ്രവരൂപത്തിലോ ഈ ശക്തിമിക്ക്സ് കൊടുക്കാവുന്നതാണ്
എന്റെ ശക്തിമിക്ക്സ്സ് ഉണ്ടാക്കലിനെ എപ്പോഴും കളിയാക്കുന്ന, മകൻറെ ആയമ്മ അക്കുവിവിനു  കഠിനതരമായ പനിയുംടോൺസിലിറ്റിസം വന്നു.
“നിങ്ങൾ എന്താണ് കലക്കി കൊടുക്കുന്നത്?” എന്ന് എപ്പോഴും എന്നോട് ചോദിക്കുന്ന അവൾക്ക് ഞാൻ ശക്തിമിക്ക്സ് കലക്കി. അവൾ ഒരു ഭക്ഷണവും കഴിക്കുന്നുണ്ടായിരുന്നില്ല.
ശക്തി മിക്സ് ദ്രവരൂപത്തിൽ നല്ല ചൂടിലാണ് ഞാൻ കൊടുത്തത്. ഒരു ഗ്ലാസ് എങ്ങനെയോ കഴിച്ചു. ചീത്ത പറഞ്ഞതിന്റെ ഫലമായി വീണ്ടും അല്പം കൂടി കഴിച്ചു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ശരീരത്തിന്റെ വിറയലും ക്ഷീണവും പതിയെ മാറി തുടങ്ങി. അവൾ ശക്തിമിക്ക്സ്സിന്റെ ആരാധികയായി മാറി.
ടോൺസിൽ പഴുപ്പ് അധികമായപ്പോൾ വീണ്ടും അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നിങ്ങൾ ഈ നാല് ദിവസവും എങ്ങനെയാണ് ഭക്ഷണം കഴിച്ചത് ?
“ഡോക്ടർ ഞാൻ ഭക്ഷണം ഒന്നും കഴിച്ചില്ല. ശക്തി മിക്സ് മാത്രമാണ് കഴിച്ചത്” ഡോക്ടർ അത്ഭുതപ്പെട്ടു.
“അതെന്ത് കുന്തമാണ്?”
“ചേച്ചി രോഗികൾക്കും കുട്ടികൾക്കും പ്രായമായവർക്ക് വേണ്ടി ഉണ്ടാക്കുന്ന ആഹാരമാണ് ശക്തി മിക്സ് .”
മൊത്തത്തിൽ കേട്ടപ്പോൾ ഡോക്ടർ ചിരിച്ചു.
“ചെലവ് കൂടുതലാണ്”
“അണ്ടിപ്പരിപ്പും ബദാംപരിപ്പും വാൾനട്ടും മാത്രമാണ് ചിലവേറിയ ബാക്കിയൊന്നും അത്ര ചെലവേറിയ അല്ല.”
ഇനി മറ്റൊന്ന് ഇത് അല്പം ബട്ടർ തേച്ച് ബേക്ക് ചെയ്തെടുത്താൽ നല്ല ഒന്നാന്തരം കുക്കീസ് ആകും എന്നുള്ളത് മറ്റൊരു സത്യം. അൽപ്പം മധുരം ചേർത്താൽ നന്നാവും.
“എലീറ്റിസ്റ്റ് ഭക്ഷണമാണ് ഇതൊക്കെ”
അവൻ എന്നെ കളിയാക്കി.
“ആണെങ്കിൽ ആണ്. രോഗികൾക്കും അവശർക്കും കുഞ്ഞുങ്ങൾക്കും വയസ്സന്മാർക്കും അല്ലാതെ മറ്റാർക്കാണ് നമ്മൾ എലീറ്റിസ്റ്റ് ഭക്ഷണം കൊടുക്കുക ?അതിനു വരുന്ന എന്ത് ചിലവും സാധൂകരിക്കത്തക്കതാണ്”
“പിന്നെ ഒരു എലേറ്റസ്റ്റ്  ഞായം. അവൻ വീണ്ടും അതുതന്നെ ആവർത്തിച്ചു. കുഞ്ഞുങ്ങളുടെ ഡയറ്റിലും ഞാൻ ശക്തിമിക്ക്സ് ഉൾപ്പെടുത്തിയിരുന്നു.
“എടാ പരനാറി നിനക്ക് പ്രായമായി രോഗമായി കിടക്കുന്ന സമയത്ത് നീ ഡെയിലി കഴിക്കാൻ പോകുന്ന ഒരു ആഹാരത്തെ കുറിച്ചാണ് നീ ഇത് പറയുന്നത് എന്നു ഓർമ്മിച്ചോ.”
“ഉയ്യോ കുട്ട്യേ” അവൻ തലയിൽ കൈ വെച്ചു.
“ഞാനല്ലേ നിന്നെ വയസ്സാകുമ്പോൾ നോക്കുക? ഞാനല്ലേ നിനക്ക് ആഹാരം തരിക.?” അവനെന്നെ കണ്ണിമ ചിമ്മാതെ കൗതുകത്തോടെ നോക്കി.
“ഓഹ് എന്റെ കുട്ട്യേ..” അവന്റെ കണ്ണുകളിൽ പ്രേമം നിറഞ്ഞു.
അനന്തരം അവൻ തെളിഞ്ഞ പൊൻപുഞ്ചിരിയോടെ രോഗമോ വാർദ്ധക്യമോ വരാൻ വേണ്ടി അത്ഭുത മന്ത്രങ്ങൾ ചൊല്ലി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക