വാഷിങ്ടണ്‍ ഡി.സി: ഇന്ത്യൻ വിദ്യാര്‍ഥിനി ജാഹ്‌നവി കണ്ടുലയുടെ മരണത്തില്‍ ചിരിച്ചുകൊണ്ട് യു.എസ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ വാക്കുകള്‍ക്ക് ക്ഷമാപണവുമായി സിയാറ്റില്‍ മേയര്‍ ബ്രൂസ് ഹാരെല്‍.
ജാഹ്‌നവി കണ്ടുല(23)യുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരാമര്‍ശമാണ് വ്യാപക വിമര്‍ശനമേറ്റുവാങ്ങിയത്. തുടര്‍ന്നാണ് മേയര്‍ ക്ഷമാപണവുമായി രംഗത്തെത്തിയത്.
നടന്ന സംഭവത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു വീഴ്ച ഉണ്ടാകാൻ പാടില്ലായിരുന്നെന്നും മേയര്‍ പറഞ്ഞു. ജാഹ്‌നവിയുടെ മരണത്തെ നിര്‍വികാരമായ രീതിയില്‍ പൊലീസ് ഉദ്യോഗസ്ഥൻ പരാമര്‍ശിക്കുന്നതിന്‍റെയും ചിരിക്കുന്നതിന്‍റെയും വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ചര്‍ച്ചകളുടെയും പ്രതിഷേധങ്ങളുടെയും അടിസ്ഥാനത്തിലാണ് മേയറുടെ ക്ഷമാപണം.
കഴിഞ്ഞ ജനുവരിയിലാണ് ആന്ധ്രാപ്രദേശ് സ്വദേശിയും ഈസ്റ്റ് യൂണിവേഴ്‌സിറ്റി ബിരുദധാരിയായ ജാഹ്‌നവി കണ്ടുല റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ സിയാറ്റില്‍ പൊലീസിന്‍റെ വാഹനം ഇടിച്ച് മരിച്ചത്. സിയാറ്റില്‍ പൊലീസ് ഓഫീസര്‍ ഡാനിയല്‍ ഓഡറിന്‍റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്.