Image

എച്-1 ബി വിസ അടിമത്തമെന്നു രാമസ്വാമി, നിർത്തലാക്കുമെന്നു വാഗ്ദാനം (പിപിഎം) 

Published on 17 September, 2023
എച്-1 ബി വിസ അടിമത്തമെന്നു രാമസ്വാമി, നിർത്തലാക്കുമെന്നു വാഗ്ദാനം (പിപിഎം) 

 

കൂലി കൊടുക്കുന്ന അടിമത്തമാണ് എച്-1 ബി വിസ സംവിധാനമെന്നു ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി വിവേക് രാമസ്വാമി. 2024ൽ താൻ പ്രസിഡന്റായാൽ അതു നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ പഴയ മരുന്നു കമ്പനിക്കു 29 പ്രാവശ്യം ഈ വിസ ഉപയോഗിച്ച് മികച്ച പ്രഫഷനലുകളെ കൊണ്ടു വന്നിട്ടുണ്ടെന്നു രാമസ്വാമി വെളിപ്പെടുത്തി. ആ താത്കാലിക വിസാ സംവിധാനം ബന്ധപ്പെട്ട എല്ലാവര്ക്കും ദോഷമാണ്. "ചങ്ങലയിട്ട് ആളുകളെ കൊണ്ടുവരുന്ന ഏർപ്പാട് യുഎസ് നിർത്തണം." 

ലോട്ടറി സംവിധാനവും നിർത്തലാക്കണം. മെറിറ്റ് അടിസ്‌ഥാനത്തിൽ മാത്രമേ പ്രവേശനം അനുവദിക്കാവൂ. 

എച്-1ബി ജീവനക്കാരെ കൊണ്ടുവരുന്ന കമ്പനികൾക്കു മാത്രം മെച്ചം കിട്ടുന്ന ഏർപ്പാടാണെന്നു രാമസ്വാമി (38) പറഞ്ഞു. "അതു ഞാൻ ഇല്ലാതാക്കും."

രാമസ്വാമിയുടെ റോയ്‌വാന്റ് സയൻസസ് എന്ന മുൻ കമ്പനി 2018നും 2023നും ഇടയിൽ എച്-1ബി വിസയിൽ 29 പേരെ കൊണ്ടു വന്നതായി കുടിയേറ്റ വകുപ്പിന്റ രേഖകളിൽ ഉണ്ടെന്നു 'പൊളിറ്റിക്കോ' പറയുന്നു.  

ഇമിഗ്രെഷൻ വോയ്‌സ് എക്‌സിൽ (മുൻ ട്വിറ്റർ) കുറിച്ചു: ഞങ്ങൾ വിവേക് രാമസ്വാമിയുമായും സത്യം പറയുന്ന മറ്റെല്ലാവരുമായും പൂർണമായി യോജിക്കുന്നു.  എച്-1ബി വിസ കൂലി കൊടുക്കുന്ന അടിമത്തമാണ്. കമ്പനിക്കു മാത്രമാണ് അതിന്റെ മെച്ചം. അതു നിർത്തേണ്ട കാലമായി." 

രേഖകൾ ഇല്ലാത്ത അഭയാർഥികളുടെ യുഎസിൽ ജനിച്ച മക്കളെ നാട് കടത്തും എന്നു പറയുന്ന രാമസ്വാമി പലപ്പോഴും അതിരു കടക്കുന്നുവെന്നു 'പൊളിറ്റിക്കോ' ചൂണ്ടിക്കാട്ടി. 

എച്-1ബി വിസ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത് ഇന്ത്യയിൽ നിന്നുള്ളവരാണ്. ഈ സംവിധാനത്തിലുള്ള പിഴവുകൾ അടയ്ക്കാൻ നിയമനിർമാണത്തിന് യുഎസ് കോൺഗ്രസിൽ ഇന്ത്യൻ അമേരിക്കൻ റെപ്. രാജ കൃഷ്ണമൂർത്തി ബിൽ കൊണ്ടുവന്നിട്ടുണ്ട്.

Ramaswamy vows to end H-1 B visas 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക