Image

പാക്കിസ്ഥാനിലെ മുൻ യുഎസ് അംബാസഡർക്കു  ഫെഡറൽ കോടതി $93,350 പിഴയടിച്ചു

Published on 17 September, 2023
പാക്കിസ്ഥാനിലെ മുൻ യുഎസ് അംബാസഡർക്കു  ഫെഡറൽ കോടതി $93,350 പിഴയടിച്ചു

ഖത്തറിന് അനധികൃതമായ സഹായം നൽകി എന്ന കുറ്റത്തിനു പാക്കിസ്ഥാനിലെ മുൻ യുഎസ് അംബാസഡർ റിച്ചാർഡ് ഗുസ്താവ് ഓൾസനു ഫെഡറൽ കോടതി $93,350 പിഴയടിച്ചു.  

36 മാസത്തെ പ്രൊബേഷനും വിധിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിൽ പുതിയ പ്രശ്നങ്ങൾ ഉണ്ടാവാതിരുന്നാൽ അദ്ദേഹത്തിനു ജയിലിൽ പോകാതെ കഴിയാം.

പ്രസിഡന്റ് ബരാക്ക് ഒബാമയാണ് 2012ൽ ഓൾസനെ ഇസ്ളാമാബാദിൽ നിയമിച്ചത്. അഫ്ഘാനിസ്ഥാനിലേക്കുള്ള പ്രത്യേക യുഎസ് പ്രതിനിധി എന്ന ചുമതല കൂടി നൽകി. 


ഡി സി യിലെ ഫെഡറൽ കോടതി മുൻപാകെ ഓൾസൻ കുറ്റങ്ങൾ സമ്മതിച്ചിരുന്നുവെന്നു ജസ്റ്റിസ് ഡിപ്പാർട്മെൻറ് പറയുന്നു. അദ്ദേഹത്തിന്റെ ചുമതലയുമായി ബന്ധപ്പെട്ട രണ്ടു പെരുമാറ്റ പ്രശ്നങ്ങളാണ് കണ്ടത്. തെറ്റായ വിവരങ്ങൾ എഴുതി വച്ചു എന്നതാണ് ഒരു കുറ്റം. രണ്ടാമതായി, യുഎസ് ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഉപദേശങ്ങൾ ഒരു വിദേശ രാജ്യത്തിനു നൽകി. 

ജോലിയിൽ ഇരിക്കെ ഒരു ബിസിനസുകാരന്റെ കൈയ്യിൽ നിന്നു ഓൾസൻ ആയിരക്കണക്കിനു ഡോളറിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയെന്നും ഡി ഓ ജെ പറയുന്നു. അതു പക്ഷെ എഫ് ബി ഐ ചോദിച്ചപ്പോൾ അദ്ദേഹം വെളിപ്പടുത്തിയില്ല. 

ആ ബിസിനസുകാരൻ പാക്കിസ്ഥാനിൽ ജനിച്ച യുഎസ് പൗരനാണ്. പല ഏർപ്പാടുകളിലും മധ്യസ്ഥനാണ്. ഇമാദ് സുബേരി എന്നാണ് അയാളുടെ പേരെന്നു 'വാഷിംഗ്‌ടൺ പോസ്റ്റ്' പറഞ്ഞു. നിയമവിരുദ്ധമായി തിരഞ്ഞടുപ്പിൽ പണം കൊടുത്തു എന്ന കുറ്റത്തിനു 2021ൽ അദ്ദേഹത്തെ 12 വർഷത്തെ തടവിനു ശിക്ഷിച്ചു. 

ഓൾസൻ ജോലി വിട്ട ശേഷം അദ്ദേഹത്തിനു വിദേശ ഗവൺമെന്റുകളുമായി ബന്ധം പാടില്ലെന്ന ചട്ടം ഉണ്ടായിരുന്നു. പക്ഷെ ആ കാലഘട്ടത്തിലും ഇമാദ് സുബേരി അദ്ദേഹത്തിനു പ്രതിമാസം $20,000 വീതം നൽകിയിരുന്നു.  

മറ്റു ഗൾഫ് രാജ്യങ്ങളുമായി 2017ൽ ഖത്തർ കലഹിച്ചപ്പോൾ ഖത്തറിനെ യുഎസ് സഹായിക്കണം എന്ന നിലപാട് ഓൾസൻ കൈക്കൊണ്ടു. 

ഒരു പാക്ക് പൗരനിൽ നിന്നു ഉപഹാരങ്ങൾ സ്വീകരിച്ചു എന്ന കുറ്റം കഴിഞ്ഞ വർഷം ഏപ്രിലിൽ ഓൾസൻ ലോസ് ആഞ്ചലസ്‌ ഫെഡറൽ കോടതിയിൽ സമ്മതിച്ചിരുന്നു. അദ്ദേഹം ലണ്ടനിലേക്കു പറന്നു. അവിടെ താമസിച്ചു ഒരു ബഹ്‌റൈനി ബിസിനസ്‌കാരനുമായി ബന്ധപ്പെട്ടു $300,000 കരാർ ഉണ്ടാക്കാൻ ശ്രമിച്ചു. അതു നടന്നോ എന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് പറയുന്നില്ല. ആരാണ് ബഹ്‌റൈനി എന്നും വ്യക്തമല്ല. 

മെഡിസിൻ ബെയർ ഇന്റർനാഷണൽ എന്ന കമ്പനി വഴി ഓൾസൻ $20,000 സമ്പാദിച്ചിട്ടുണ്ടെന്നു കോടതി രേഖകളിൽ കാണുന്നു. 
 
പാക്കിസ്ഥാനിൽ അംബാസഡർ ആയിരുന്ന റോബിൻ റഫായേലിന്റെ പേരിലും ജസ്റ്റിസ് ഡിപ്പാർട്മെന്റ് അന്വേഷണം നടത്തിയിരുന്നു. പാക്കിസ്ഥാനു രഹസ്യ വിവരങ്ങൾ നൽകി എന്നായിരുന്നു ആരോപണം. 2014ൽ അവരുടെ വീട്ടിൽ എഫ് ബി ഐ റെയ്‌ഡ്‌ നടത്തി. എന്നാൽ അവധിയിൽ പോകാൻ നിർദേശിച്ചതല്ലാതെ മറ്റു നടപടിയൊന്നും എടുത്തില്ല. 2016ൽ അവർ നിരപാധിയാണെന്നു ഡി ഓ ജെ അവരെ അറിയിച്ചു. 

Court fines former US envoy to Pakistan $93K 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക