Image

അവസാനമില്ലാത്ത ഓൺലൈൻ വായ്പാക്കുരുക്ക് (ദുർഗ മനോജ്)

Published on 17 September, 2023
അവസാനമില്ലാത്ത ഓൺലൈൻ വായ്പാക്കുരുക്ക് (ദുർഗ മനോജ്)

നാലംഗ കുടുംബത്തിൻ്റെ ആത്മഹത്യാവാർത്തയുടെ ചൂടുമാറിയിട്ടില്ല, അതിനു മുൻപ് വയനാട് നിന്നും മറ്റൊരു വാർത്ത കൂടി പുറത്തു വരുന്നു. അജയരാജ് എന്ന അരിമുള സ്വദേശിയായ ഗൃഹനാഥൻ്റെ ആത്മഹത്യയും ഓൺലൈൻ വായ്പാത്തട്ടിപ്പിനെത്തുടർന്നാണ് എന്ന് സംശയിക്കുന്നു. അജയരാജ് മരിച്ച അന്ന് അദ്ദേഹത്തിൻ്റെ കോൺടാക്ടിൽ സേവ് ചെയ്ത ചില ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും ലഭിച്ചിരുന്നു. തുടർന്ന് അവർ പോലീസിൽ പരാതി നൽകി. അശ്ലീല സന്ദേശം വന്ന നമ്പറിലേക്ക് പോലീസ് അജയരാജിൻ്റെ മരണവാർത്ത അറിയിച്ചു. നല്ല തമാശ എന്നായിരുന്നു അതിനു ലഭിച്ച മറുപടി. പന്ത്രണ്ടക്ക ഇൻ്റർനെറ്റ് നമ്പറിൽ നിന്നാണ് മെസേജുകൾ വരുന്നത്.

സംസ്ഥാനത്ത് ആയിരക്കണക്കിനു പേരാണ് ഓൺലൈൻതട്ടിപ്പ് വായ്പാ സംഘങ്ങളുടെ പിടിയിൽ പെട്ടിരിക്കുന്നത്. ഇതിൻ്റെ ബുദ്ധികേന്ദ്രം ചൈനയും തായ് വാനുമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പു സംഘം ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഇടനിലക്കാരെ സജ്ജമാക്കുകയാണ് ആദ്യം ചെയ്യുന്നത്. അവരാണ് വായ്പ എടുക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അശ്ലീലസന്ദേശം അയക്കുകയും ചെയ്യുന്നത്. കേരളത്തിൽ തട്ടിപ്പിന് ഇരയാകുന്നതിൽ കൂടുതലും സ്ത്രീകളാണ്. വൻ പലിശയും കൂട്ടു പലിശയുമാണ് വായ്പ എടുക്കുന്നവരെ കാത്തിരിക്കുന്നത്. ഭീഷണി ഒഴിവാക്കുകയും പണം നഷ്ടമാകുന്നതു തടയുകയും വേണമെന്നതാണ് പരാതി നൽകുന്നവരുടെ പോലും ആവശ്യം. കേസുമായി മുന്നോട്ടു പോകുന്നത് മാനഹാനിക്കു കാരണമാകും എന്ന ഭയവും അതിനൊരു  കാരണമാണ്.
പ്രതികൾ രാജ്യത്തിനു പുറത്തുള്ളവരായതിനാൽ യഥാർത്ഥ ആസൂത്രകരിലേക്ക് അന്വേഷണം എത്താറില്ല. വിവിധ ഏജൻസികളുടെ സഹായത്തോടെയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.ഇന്ത്യയിലെ തട്ടിപ്പ് പല തലങ്ങളിലായി വിവിധ സംസ്ഥാനങ്ങളിലെ ഇടനിലക്കാരിലൂടെയാണ്. ഒരു വിഭാഗം തങ്ങളുടെ ബാങ്ക് അക്കൗണ്ട് തട്ടിപ്പിനായി നൽകുന്നു. ഒരു കൂട്ടർ കാൾ സെൻറർ പോലെ പ്രവർത്തിക്കുന്നു. വായ്പ എടുക്കുന്ന ആദ്യഘട്ടത്തിൽ മാന്യമായ ഇടപെടൽ ആവും നടത്തുക. എന്നാൽ അടുത്ത ഘട്ടം ഭീഷണിയുടേതാണ്. ലോൺ എടുക്കുന്നവരുടെ മോർഫ് ചെയ്ത ചിത്രം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കുകയാണ് ഇവരുടെ പ്രധാന ഭീഷണി.
അംഗീകൃത സ്ഥാപനങ്ങളിലൂടെ അല്ലാതെ വായ്പ എടുക്കില്ലെന്ന് തീരുമാനിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ യാതൊന്നും ഈ പ്രതിസന്ധിക്കു പരിഹാരമായില്ല എന്നതാണ് സത്യം. ഇവിടെ കബളിപ്പിക്കപ്പെടാതിരിക്കാൻ പഠിക്കാം നമുക്കിനിയെങ്കിലും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക