മനോഹരമായ പീലികൾ വിടർത്തി ആൺമയിൽ നൃത്തമാടുന്നു. അതു കണ്ടു മനം കുളിർത്തു പെൺമയിൽ ചാരേ നിൽക്കുന്നു. കഴുത്തിനു ചുറ്റും സമൃദ്ധിയിൽ വളരുന്ന ഉജ്ജ്വലമായ കേസരങ്ങളും, ഒപ്പം ആകാര സൗഷ്ഠവവും സിംഹത്തിന് സിംഹിയേക്കാൾ സൗന്ദര്യം നൽകുന്നുണ്ട്. ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭരത മുനിയാണ് ഇന്ത്യൻ നാട്യകലയുടെ പിതാവ്. നമ്മുടെ ശാസ്ത്രീയ നൃത്തങ്ങളിൽ ഏറ്റവും പ്രശസ്തമായ ഭരതനാട്യം അദ്ദേഹത്തിൻ്റെ നാമത്തിലുമാണ്.
പിന്നെയെന്തേ മോഹിനിയാട്ട ഗവേഷണ പഠനത്തിനു ഡോ. ആർ.എൽ.വി രാമകൃഷ്ണനു പ്രവേശനം നൽകാൻ സർക്കാർ സ്ഥാപനമായ കേരള കലാമണ്ഡലം വൈമുഖ്യം കാണിച്ചത്? സംശയമില്ല, ഇത് ലിംഗസമത്വം പെണ്ണിന് നിഷേധിക്കപ്പെടുന്നു എന്ന പതിവു പല്ലവിയുടെ മറുവശം. നൃത്തലോകത്ത് പുരുഷ൯ അനുഭവിക്കുന്ന കൊടും വിവേചനമറിയാ൯ കലാഭവ൯ മണിയുടെ ഇളയ സഹോദര൯ കൂടിയായ നർത്തകനോടു തന്നെ സംസാരിക്കണം...
🟥 ആണായാൽ അയോഗ്യതയോ?
മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി ബിരുദം നേടുന്നതിനു മുന്നോടിയായി, എം.ഫിൽ പ്രോഗ്രാമിനുള്ള പ്രവേശനാർത്ഥം, 2007-ലാണ് ഒരുപാടു സ്വപ്നങ്ങളുമായി ഞാൻ കേരള കലാമണ്ഡലത്തിൽ പോയത്. അക്കാദമിക മാർഗങ്ങളിലൂടെ കലകളൊന്നും അഭ്യസിക്കാൻ ഭാഗ്യം ലഭിക്കാതിരുന്ന ചേട്ടനായിരുന്നു പ്രചോദന സ്രോതസ്സ്. അനിയനെങ്കിലും കലയിലൊരു ഡോക്ടറേറ്റ് എന്നതായിരുന്നു ചേട്ടൻ്റെ സ്വപ്നം. പക്ഷേ, നൃത്തമേഖലയിൽ പുരുഷനോടുള്ള വിവേചനത്തിൻ്റെ കഥ അവിടെ തുടങ്ങി. തിരഞ്ഞെടുപ്പു പരിശോധനകളിലെല്ലാം മുന്നിലായിരുന്നുവെങ്കിലും, എം.ഫിൽ അഡ്മിഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ അതിൽ എൻ്റെ പേരില്ലായിരുന്നു. പെൺകുട്ടികൾക്കൊപ്പം നൃത്തം പഠിയ്ക്കാൻ ഒരു ആൺകുട്ടിയെ അനുവദിക്കില്ലയെന്നാണ് അധികൃതർ കാരണം പറഞ്ഞത്. നാടൻപാട്ടു കലാകാരൻ എന്ന നിലയിൽ ചേട്ടന് ചെറിയൊരു അഡ്രസ്സ് ഉണ്ടായിരുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു സങ്കടം ധരിപ്പിക്കാൻ കഴിഞ്ഞു. ഒടുവിൽ പട്ടിക ജാതി/പട്ടിക വർഗത്തിനു വേണ്ടി റിസർവു ചെയ്ത സീറ്റുകളിലൊന്ന് പറയ സമുദായത്തിൽപെട്ട (പട്ടിക ജാതി) എനിയ്ക്കു നൽകാൻ കലാമണ്ഡലം അധികൃതരോട് സർക്കാർ നിർദ്ദേശിച്ചു. നൃത്തത്തോടുള്ള അഭിനിവേശം കൊണ്ടും, അഡ്മിഷൻ ആദ്യം നിഷേധിക്കപ്പെട്ടതിനാലും, പഠിക്കാനാണ് ഞാൻ വന്നിരിക്കുന്നതെന്നു തെളിയിക്കണമെന്നത് തീക്ഷ്ണമായൊരു ഇച്ഛയായിരുന്നു. നന്നായി പ്രയത്നിച്ചു, എം.ഫിൽ പരീക്ഷ ഒന്നാം റേങ്കോടെ പാസ്സായി. ഞാൻ ടോപ്പ് സ്കോറർ ആയിക്കൊണ്ടുള്ള ഫലം കലാമണ്ഡലം പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പോൾ എല്ലാം അട്ടിമറിക്കപ്പെട്ടു. എന്നെ ഏറ്റവും പിന്നിലാക്കിക്കൊണ്ടു മറ്റൊരു ലിസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഈ പട്ടാപ്പകൽ അനീതി കണ്ടു ഞാൻ ആകെ തളർന്നു പോയി. വ്യാകുലപ്പെട്ട ചേട്ടൻ വീണ്ടും മന്ത്രിയെ കണ്ടു പൊരുത്തക്കേടുകൾ ശ്രദ്ധയിൽപെടുത്തി. വിശദമായ പരിശോധനകൾക്കൊടുവിൽ, പഴയ റിസൾട്ടു തന്നെ പുനഃസ്ഥാപിക്കുവാൻ സർക്കാർ ഉത്തരവിറക്കി. അങ്ങനെ ഞാൻ വീണ്ടും ഒന്നാമനായി. ഡോ. എൻ.കെ. ഗീതയുടെ മാർഗനിർദ്ദേശത്തിൽ, 'ആട്ടത്തിലെ ആൺവഴികൾ -- മോഹിനിയാട്ടവുമായി ബന്ധപ്പെട്ട ഒരു അന്വേഷണം' എന്ന വിഷയത്തിൽ പി.എച്ച്.ഡി ബിരുദത്തിനുള്ള ഗവേഷണം ഞാൻ ആരംഭിച്ചു.
🟥 കലാമണ്ഡലത്തിൽ പുരുഷവിവേചനം
നമ്മുടെ ക്ലാസ്സിക് കലകൾ അഭ്യസിപ്പിക്കുവാൻ 1927-ൽ ആരംഭിച്ചു, 2006-ൽ കൽപിത സർവകലാശാലയായിത്തീർന്ന അഭിമാന സ്ഥാപനമായ കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടവും ഭരതനാട്യവും പഠിയ്ക്കാനും പഠിപ്പിയ്ക്കാനും ഇപ്പോഴും ആണുങ്ങൾക്കു പ്രവേശനമില്ല. നവോത്ഥാന നായക൯ കൂടിയായിരുന്ന മഹാകവി വള്ളത്തോൾ നാരായണ മേനോൻ അടിത്തറ പാകിയ ഒരു സർക്കാർ സ്ഥാപനത്തിലാണ് ഇതെന്നു ഓർക്കണം. പെൺകുട്ടികൾക്ക് കഥകളി കോഴ്സിന് അടുത്ത കാലത്ത് പ്രവേശനം നൽകിത്തുടങ്ങിയത് ഏറെ നന്നായി. പക്ഷേ, നൃത്ത ഫാക്കൽറ്റി ആൺകുട്ടികൾക്ക് അടഞ്ഞു തന്നെ കിടക്കുന്നു. കലാമണ്ഡലത്തിൽ ഞാൻ പഠിച്ചത് എം.ഫിൽ-പി.എച്ച്.ഡി ഇൻ്റഗ്രേറ്റഡ് കോഴ്സാണ്. ഇത് തികച്ചുമൊരു തിയറെറ്റിക്കൽ പഠനമാണ്. പ്രായോഗികമായ നൃത്ത പരിശീലനവുമായി ബന്ധപ്പെട്ടതല്ല. നൃത്ത സംബന്ധമായ ചർച്ചാക്ലാസുകളിലും സെമിനാറുകളിലും മറ്റും പങ്കെടുക്കുന്നതിൽ നിന്നു എന്നെ പല കുറി വിലക്കിയ 'ലിംഗനീതി' ഞാനിന്നു മറക്കുവാൻ ശ്രമിക്കുകയാണ്. മോഹിനിയാട്ടത്തിലെ എം.ഫിൽ പഠനത്തിന് സീറ്റു ലഭിയ്ക്കാൻ തുടക്കത്തിൽ നേരിട്ട തടസ്സവും, പിന്നീട് പരീക്ഷാഫലത്തിൽ ഉണ്ടായ ചാഞ്ചാട്ടവും സൂചിപ്പിക്കുന്നത് വിവേചന നികൃഷ്ടതയല്ലാതെ മറ്റെന്താണ്?
🟥 ആർ.എൽ.വി.കോളേജിൽ
തൃപ്പൂണിത്തുറയിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള ആർ.എൽ.വി.കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ നിന്നാണ് മോഹിനിയാട്ടത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവുമെടുത്തത്. കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജിൽ പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പിനു ചേർന്നത്, പഠിയ്ക്കാൻ മിടുക്കനായ കുട്ടി ഡോക്ടർ ആവണമെന്ന് ആരൊക്കെയോ പറഞ്ഞതുകൊണ്ടാണ്. നേരം പുലർന്നാൽ നിത്യവും കൂലിപ്പണിയ്ക്കു പോയിരുന്ന അച്ഛനമ്മമാർക്ക് നേർവഴി മക്കൾക്ക് കാട്ടിക്കൊടുക്കുവാനുള്ള വിജ്ഞാനമൊന്നും ഇല്ലായിരുന്നു. ബയോളജി ലേബിൽ, തവളയെയും പാറ്റയെയും കീറിമുറിക്കുന്നതു കണ്ടു മനംമടുത്ത ഞാൻ കൊടുങ്ങല്ലൂരിലെ കോളേജ് വിട്ടിറങ്ങിപ്പോന്നു. വഴിയിൽ ഉപേക്ഷിക്കപ്പെട്ട സോഡാക്കുപ്പി കോർക്കുകൾ പെറുക്കിയെടുത്തു, അവയുടെ നടുവിൽ ഓട്ട കുത്തി മാല പോലെയാക്കി ചിലങ്കയ്ക്കു പകരം പാദങ്ങളിൽ അണിഞ്ഞു അലക്ഷ്യമായി നൃത്തം ചെയ്തിരുന്ന ബാല്യസ്മരണ എൻ്റെ ചിന്തയിൽ വീണ്ടും ശക്തിപ്പെടാൻ തുടങ്ങി! ഞാൻ ആർ.എൽ.വി-യിൽ അഡ്മിഷനു ശ്രമിച്ചു. അഭിരുചി പരിശോധനയുടെ ഭാഗമായി, ഇൻ്റർവ്യൂ പാനലിലെ നൃത്താധ്യാപിക മോഹിനിയാട്ടത്തിലെ ഒരു ചുവട് കാണിച്ചു തന്നു, അതാവർത്തിക്കാൻ ആവശ്യപ്പെട്ടു. ഞാനത് കഴിയുന്നത്ര നന്നായി ആടിക്കാണിച്ചു കൊടുത്തു. പെൺകുട്ടികളേക്കാൾ മെയ് വഴക്കത്തിൽ ചെയ്യുന്നല്ലോയെന്ന് മുതിർന്ന അധ്യാപിക അഭിപ്രായപ്പെട്ടപ്പോൾ എൻ്റെയുള്ളിൽ കുളിരുകോരി! ആർ.എൽ.വി-യിൽ എനിയ്ക്കു പ്രവേശനം ലഭിച്ചു. പെൺകുട്ടികൾക്കൊപ്പം ഒരേയൊരു ആൺകുട്ടിയായി നിലകൊണ്ടു ഞാൻ മോഹിനിയാട്ടം പഠിച്ചു. മോഹന നൃത്തത്തിൻ്റെ ഉള്ളറകൾ തുറന്നുകണ്ടു. എം.എ. മോഹിനിയാട്ടം ഞാൻ ഒന്നാം റേങ്കോടെ വിജയിച്ചു. ഏറെ ഇഷ്ടത്തോടെ പേരിനൊപ്പം 'ആർ.എൽ.വി' എന്നൊരു വിശേഷണം ചേർക്കുകയും ചെയ്തു. ആർ.എൽ.വി-യിലും, കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയും കുറച്ചു കാലം അധ്യാപകനായി ജോലി നോക്കി. തുടർന്നാണ് കലാമണ്ഡലത്തിൽ ഗവേഷണ പഠനത്തിനു പോയത്.
🟥 ആത്മഹത്യയുടെ വക്കിൽ
കേരള സംഗീത നാടക അക്കാദമി 2020 സെപ്റ്റംബറിൽ 'സർഗഭൂമിക' എന്നൊരു കലാപരിപാടി നടത്തിയിരുന്നു. മഹാമാരിക്കാലത്ത് അവതരണങ്ങളൊന്നും ലഭിയ്ക്കാതെ വഴിമുട്ടിനിൽക്കുന്നവർക്ക് അവസരവും ധനസഹായവും നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. അക്കാദമിയിൽ പോയി പഠിപ്പും പരിചയവും രേഖപ്പടുത്തിയ അപേക്ഷ ഞാനും സമർപ്പിച്ചു. പക്ഷേ, തീരെ അപ്രതീക്ഷിതമായ പ്രതികരണമാണ് അതിനു ലഭിച്ചത്. പുരുഷന്മാർ മോഹിനിയാട്ടം ചെയ്യാറില്ല, പുരുഷന്മാർക്ക് മോഹിനിയാട്ടത്തിൽ യോഗ്യതകൾ ലഭിയ്ക്കില്ല, അക്കാദമിയുടെ പ്രവർത്തനങ്ങൾ അത്രയും കാലം മികവ് പുലർത്തിയിട്ടുണ്ട്, എനിയ്ക്ക് നൃത്തം ചെയ്യാൻ അവസരം നൽകിയാൽ അത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കും, അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും മുതലായ പ്രതികൂല മറുപടികളാണ് അക്കാദമി സെക്രട്ടറി പറഞ്ഞതായി ചെയർപേഴ്സൺ എന്നെ അറിയിച്ചത്. സെക്രട്ടറിയുടെ പി.എ ഇക്കാര്യങ്ങൾ അത്ര മയമില്ലാത്ത സ്വരത്തിൽ എന്നോടു നേരിട്ടു സംസാരിക്കുകയും ചെയ്തിരുന്നു. ഇതു കഷ്ടമാണ്. കൂലിപ്പണിയെടുത്തു ഉപജീവനം കഴിയ്ക്കുന്ന മതാപിതാക്കൾക്ക് ഒരു ജോഡി ചിലങ്കകൾ എനിയ്ക്കു വാങ്ങിത്തരുവാ൯ കഴിവില്ലാത്തതിനാൽ, മറ്റുള്ളവരുടെ ചിലങ്കകൾ കടം വാങ്ങി അണിഞ്ഞാണ് ഒരു കാലത്ത് ഞാൻ നൃത്തം ചെയ്തിരുന്നത്. ഓട്ടോറിക്ഷകൾ കഴുകിക്കൊടുത്തും, ചാണകം ചുമന്നും, പറമ്പുകൾ നനച്ചു കൊടുത്തും കാശു സ്വരൂപിച്ചു പിന്നീട് ഞാൻ സ്വന്തമായി ചിലങ്കകൾ വാങ്ങി, ഏറെ കഷ്ടപ്പെട്ടു മോഹിനിയാട്ടത്തിൽ മാസ്റ്റർ ഡിഗ്രിയും, എം.ഫിലും, ഡോക്ടറേറ്റും നേടി. എന്നാൽ, ഇതെല്ലാം വ്യാജമെന്ന രീതിയിലാണ് അധികൃതർ എന്നോട് പെരുമാറിയത്. മോഹിനിയാട്ട ചിലങ്കകളിൽ നിന്നു ഉതിരുന്നത് എൻ്റെ ഹൃദയ താളമാണെന്നു അവർ തിരിച്ചറിഞ്ഞില്ല. ഇതേപ്പറ്റി ഫൈസ് ബുക്കിൽ ഞാൻ ഇട്ട ഒരു പോസ്റ്റ് വൈറലായതോടെ, ഞാൻ അക്കാദമി സന്ദർശിച്ചിട്ടേയില്ലെന്നും, അങ്ങനെയൊരു അപേക്ഷ അവർക്കു ലഭിച്ചിട്ടില്ലെന്നും സെക്രട്ടറി പത്രങ്ങളിൽ വാർത്ത വരുത്തി, പൊതുജന മധ്യത്തിൽ എന്നെ നുണയനാക്കി. ആ അപേക്ഷയാണ് പിന്നീട് അവർ തന്നെ അവരുടെ ഫയലിൽ നിന്നു കണ്ടെടുത്തത്. പണിയൊന്നുമില്ലാത്ത കോവിഡുകാലത്ത് ഒരു സ്റ്റേജും, അതിനാൽ ലഭിക്കാവുന്ന ചെറിയൊരു പ്രതിഫലവും മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. പക്ഷേ, എല്ലാം തലകീഴായി മറിഞ്ഞു. അക്കാദമി മേലാളൻ്റെ നിന്ദ്യമായ സമീപനം ഉള്ളിലങ്ങനെ നീറിപ്പുകഞ്ഞു. അന്നു രാത്രി എനിയ്ക്ക് ഉറക്കം വന്നില്ല. പിരിമുറുക്കം. ഞാൻ മല്ലെ വിഷാദത്തിലേയ്ക്ക് വഴുതി വീണു. അമിത അളവിലുള്ള ഉറക്ക ഗുളികകൾ എനിയ്ക്ക് അഭയം തന്നു. ആദ്യം ചാലക്കുടി സർക്കാർ ആശുപത്രിയിലേയ്ക്കും, അവിടത്തെ ചികിത്സ കൊണ്ടു ബോധം തിരിച്ചു കിട്ടാതിരുന്നപ്പോൾ, അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലേയ്ക്കും എന്നെ കൊണ്ടുപോയി. ഐ.സി.യു-വിലെ മൂന്നു ദിവസത്തെ പരിചരണത്തിനൊടുവിൽ ഞാൻ ഏകദേശം സാധാരണ നിലയിലെത്തി. മനുഷ്യാവകാശ കമ്മീഷൻ കേസ് റജിസ്റ്റർ ചെയ്തു. സാംസ്കാരിക വകുപ്പു മന്ത്രി അക്കാദമിയോട് വിശദീകരണം ചോദിക്കുകയും, റിപ്പോർട്ട് നൽകാൻ സാംസ്കാരിക വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ആശുപത്രിയിൽ നിന്നു ഡിസ്ചാർജു ചെയ്തു വീട്ടിലെത്തിയതിൻ്റെ പിറ്റേ ദിവസം തന്നെ സാംസ്കാരിക വകുപ്പു സെക്രട്ടറി എന്നെ സന്ദർച്ചു വിവരങ്ങളെല്ലാം വിശദമായി ചോദിച്ചറിഞ്ഞു. വകുപ്പു സെക്രട്ടറിയുടെ ഉന്നതതല അന്വേഷണവും ഫലം കണ്ടില്ലെങ്കിൽ, മണ്ണെണ്ണ ഒഴിച്ചു സ്വയം തീ കൊളുത്തി മരിയ്ക്കുമെന്നു ഞാൻ അദ്ദേഹത്തോടു അസന്ദിഗ്‌ദ്ധമായി പറഞ്ഞു. പിന്നെ താമസം ഉണ്ടായില്ല, അക്കാദമിയ്ക്കു വീഴ്ച പറ്റിയെന്നു സർക്കാർ അറിയിച്ചു. ജീർണിച്ച ചിന്താഗതിക്കാരനായ അക്കാദമി യജമാനനെ സർക്കാർ തൽസ്ഥാനത്തു നിന്നു മാറ്റി. കലാകാരന്മാക്ക് അവർ അർഹിക്കുന്ന പരിഗണയും ആദരവും ഉറപ്പു വരുത്തണമെന്ന സർക്കാർ നിർദ്ദേശം അക്കാദമിയിൽ ഇനിയെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് ഇടവരുത്താതിരിക്കട്ടെ.
🟥 നൃത്തത്തിൽ ഒന്നാമത് പുരുഷൻ
പുരുഷന്മാരാണ് സ്ത്രീകളേക്കാൾ മനോഹരമായി നൃത്തം ചെയ്യുന്നത് എന്നതൊരു സാർവത്രിക സത്യം. കൂടുതൽ മെയ് വഴക്കവും മികവും പുരുഷൻ്റെ ആവിഷ്കാരത്തിനാണെന്ന് നർത്തകിയും നർത്തകനും ഒരുമിച്ചു അരങ്ങേറുങ്ങുന്ന വേദിയിൽ ഒന്നു ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഭാരതത്തിലെ ഏതു ക്ലാസ്സിക്കൽ നൃത്തത്തിൻ്റെ ചരിത്രമെടുത്തു നോക്കിയാലും, പുരുഷന്മാരാണ് ഇത്തരം കലകളെ ഒരു ആജീവനാന്ത സപര്യയായി കൊണ്ടുനടന്നിട്ടുള്ളതും. ശൃംഗാരം, ലാസ്യം, വിരഹം മുതലായ മോഹന ഭാവങ്ങൾ പാരസ്പര്യ വികാരങ്ങളാണ്. ആണും പെണ്ണും ഒരുമിയ്ക്കുന്നിടത്തു മാത്രമേ ഇവയെല്ലാം ഉള്ളു താനും. അതിനാൽ അവ ആണിനും പെണ്ണിനും ഒരുപോലെ വഴങ്ങും. ആണിന് ഇത്തിരി മികവ് കൂടും. അതിനു കാരണം വൈകാരികത ആദ്യമെത്തുന്നത് പുരുഷനിലാണ്. കൂടാതെ, ഏതു കാലത്തും പെണ്ണിനെ നൃത്തം അഭ്യസിപ്പിച്ചത് പുരുഷനുമാണ്. കലാമണ്ഡലത്തിൽ പോലും തുടക്കത്തിൽ നൃത്തശിക്ഷണത്തിന് പുരുഷന്മാരായിരുന്നു!
🟥 സ്ത്രീ കേന്ദ്രീകൃത കലയല്ല നൃത്തം
നൃത്തം ഒരു സ്ത്രീ കേന്ദ്രീകൃത കലയായി ചിത്രീകരിക്കാ൯ കാരണങ്ങൾ പലതാണ്. തൃപ്പൂണിത്തുറയിലെ ആർ.എൽ.വി.കോളേജിലും, കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയും, കൂടാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങളിലും, ആൺപെൺ വ്യത്യാസമില്ലാതെ ആർക്കും നൃത്തം അഭ്യസിക്കാൻ അവസരമുണ്ടെന്ന യാഥാർത്ഥ്യം നിലനിൽക്കെയാണ്, സംഗീത നാടക അക്കാദമിയിലുള്ളവർ എന്നെ മോഹിനിയാട്ടവുമായി ബന്ധപ്പെടുത്താൻ ശങ്കിച്ചു നിന്നത്, എൻ്റെ മോഹിനിയാട്ട ബിരുദങ്ങളിൽ സംശയം പ്രകടിപ്പിച്ചത്. മോഹിനിയാട്ടമെന്നാൽ മോഹിനിമാരുടെ ആട്ടമല്ലെന്ന് കലാമണ്ഡലം സ്ഥാപിച്ച വള്ളത്തോൾ പറഞ്ഞിട്ടു കാലമെത്രയായി? തെന്നിന്ത്യയിലെ പ്രാചീന ക്ഷേത്ര കലയായിരുന്ന ദാസിയാട്ടമാണ് ഭരതനാട്യത്തിൻ്റെയും മോഹിനിയാട്ടത്തിൻ്റെയും അടിസ്ഥാനമെങ്കിലും, തമിഴന്മാർ അതിനെ ഭരതനാട്യമെന്ന പേരിൽ വികസിപ്പിച്ചെടുത്തു രാജ്യത്തിൻ്റെ പര്യായമാക്കി മാറ്റി. നമ്മുടേതായ മോഹിനിയാട്ടം ഒരു സ്ത്രീ കേന്ദ്രീകൃത നൃത്തമെന്ന തോന്നലിൻ്റെ പ്രഥമ കാരണം തന്നെ ഈ നാമധേയമാണ്. മോഹിനിയാട്ടത്തിനു കൈരളി നൃത്തമെന്നു പുനർനാമകരണം ചെയ്യണമെന്നു മഹാകവി പല കുറി നിർദ്ദേശിച്ചതാണ്. കുറച്ചു കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുമായിരുന്നു. എന്നാൽ, മോഹിനിയാട്ടം മോഹിനിമാരുടെ മാത്രമായി ഇന്നും തുടരുന്നത് തൽപര പുരുഷന്മാരുടേയും, മോഹിനിയാകാൻ മോഹമുള്ള നർത്തകിമാരുടേയും പ്രതിപത്തികൊണ്ടാണ്. നൃത്തം ചെയ്യുന്ന സ്ത്രീകളുടെ ശരീരത്തിലേക്കല്ല നോട്ടമെത്തേണ്ടത്, മറിച്ച് അവർ ചെയ്യുന്ന അമൂല്യമായ ആ കലാരൂപത്തിലേയ്ക്ക് ആയിരിക്കണമെന്നാണ് മഹാകവി വള്ളത്തോൾ അഭിപ്രായപ്പെട്ടത്! ആസ്വദിക്കപ്പെടുന്നത് നാട്യത്തിലെ കാലാമൂല്യമെങ്കിൽ അത് പുരുഷൻ ചെയ്താൽ എന്താണ് വ്യത്യാസം? സംഘാടകർക്ക് എന്തേ നർത്തകിമാരോടിത്ര ഇഷ്ടക്കൂടുതൽ? നൃത്താവതരണങ്ങളിൽ കണ്ടുവരുന്ന പുരുഷവിരുദ്ധതയുടെ യഥാർത്ഥ കാരണം ഇവിടെ തിരഞ്ഞാൽ കാണാം!