Image

ഓമന ജന്മങ്ങൾ (കഥാമത്സരം: എല്‍ എസ്  അശോക്) 

Published on 18 September, 2023
ഓമന ജന്മങ്ങൾ (കഥാമത്സരം: എല്‍ എസ്  അശോക്) 

വര :പി ആര്‍ രാജന്‍ 


" എന്റമ്മോ! "

വീട്ടുമുറ്റത്തുള്ള  ചെടികൾ നനച്ചു കൊണ്ടിരിക്കുമ്പോഴാണ്   കണങ്കാലിന്റെ പിൻഭാഗത്ത് എന്തോ കടിച്ചതു പോലെ തോന്നിയത് !

നന്നായി  വേദനിച്ചതിനാൽ  ഞാൻ ഒന്നു തിരിഞ്ഞു നോക്കി.

പിച്ചാത്തി മുന കൊണ്ടെന്ന പോലെ ഒരു മുറിവു് ചോരയും ഒഴുകുന്നുണ്ട് . എന്താണ് സംഭവിച്ചതെന്ന് അറിയാൻ  ഞാൻ പരതി നോക്കി .

അതാ!

എന്നെ പിന്നെയും ആക്രമിയ്ക്കാനായി ചിറകു കുടഞ്ഞ് അവൻ അങ്ങിനെ നിൽക്കുകയാണ്!

വീട്ടിലെ  ഗിരിരാജപൂവൻകോഴി.

പക്ഷി രാജനെപ്പോലെ! തലയുയർത്തിപ്പിടിച്ച് തികഞ്ഞ ശൗര്യത്തോടെ അടുത്ത ആക്രമണത്തിന് കോപ്പിട്ടു കൊണ്ട്  മുന്നോട്ടടുക്കുകയാണ് അവൻ!

ഗിരിരാജയിനത്തിൽ പെട്ട പൂവൻകോഴികൾക്ക് ആക്രമണവാസനയുണ്ട് എന്ന് കേട്ടറിഞ്ഞിരുന്നത് ഇപ്പോൾ  അനുഭവത്തിലറിഞ്ഞു.

അവൻ എന്നെ ആക്രമിക്കാനുള്ള  പ്രകോപനമെന്തെന്ന്  മനസ്സിലായതേയില്ല.

ഒരു  സൂചന പോലുമില്ലാതെയാണ്  ആക്രമണം!

വീണ്ടും എന്റെ നേർക്കു പാഞ്ഞു  വരുന്ന ആ തെമ്മാടിക്കോഴിയുടെ  അടുത്ത ഒരു കൊത്ത് കൊള്ളാതിരിക്കാനായി  ഒറ്റച്ചാട്ടത്തിന് ഞാൻ  വീട്ടിൽ കയറി വാതിൽ അടച്ചു .

വാതിൽപ്പാളിയുടെ വിടവിലൂടെ ഒരിറ്റു ഭയത്തോടെ തന്നെ അവന്റെ 'ആക്ഷൻ ' ഞാൻ കണ്ടു നിന്നു.

"അതുകൊണ്ടരിശം തീരാഞ്ഞവനാ -

പുരയുടെ ചുറ്റും മണ്ടി നടന്നു."

എന്ന കുഞ്ചൻ നമ്പ്യാർ  വരികൾ ഓർമ്മയിൽ വരും വിധം അവൻ ഒന്നു പുരയുടെ ചുറ്റും കറങ്ങി നടന്ന ശേഷം വാതിൽക്കൽ തന്നെ വന്നു കാത്തു നിന്നു . എന്നെ ഒന്നുകൂടി കൊത്തിയേ അടങ്ങൂ എന്ന നിലയിൽ അങ്ങനെ നോക്കി നിൽക്കുകയാണ്.

അവന്റെ പരാക്രമങ്ങളും എന്റെ പരിഭ്രമവും ചാട്ടവും മറ്റും  നോക്കി രസിച്ചിരുന്ന  ഭാര്യയും കേവലം പത്തു വയസ്സു മാത്രമുള്ള  മകൾ അമ്മുക്കുട്ടിയും  ചിരിയോടു ചിരി തന്നെ!

എനിക്കാകെയമർഷവും അപകർഷതാ ബോധവും തോന്നി.

എൻ്റെ  'എസ്കേപ്പിങ്ങ് ആക്ഷൻ ' അവർക്ക്  സമൃദ്ധമായി ചിരിക്കുവാൻ വകയുണ്ടാക്കിക്കഴിഞ്ഞു.

ഇപ്പോഴും അവസാനിച്ചിട്ടില്ല അവരുടെ പരിഹാസം കലർന്ന ചിരി.

ആ നേരത്തു തന്നെ  മകളുടെ കൂട്ടുകാരികൾ 'ഡാൻസ് പ്രാക്ടീസി' നായി   ഗേറ്റിനടുത്തെത്തി മതിൽക്കെട്ടിനകത്തേയ്ക്ക് കയറാനുള്ള ഊഴം കാത്തു  പുറത്തു നിൽക്കുന്നുണ്ടായിരുന്നു .

കോഴിയുടെ ആക്രമണ പരമ്പരയും എൻ്റെ  പ്രതിരോധവും തൽഫലമുണ്ടായ പരിഭ്രമവും   അവർക്കും ചിരിക്കാൻ ആവോളം വകയുണ്ടാക്കിക്കഴിഞ്ഞു.

ഗേറ്റ് തുറന്ന് അകത്തേക്ക് കയറാൻ ധൈര്യപ്പെടാതെ ,  കോഴിയുടെ നീക്കവും ശ്രദ്ധിച്ച്  അവരും അവിടെത്തന്നെ  നിന്നു.

ഗിരിരാജനാകട്ടെ എന്തോ കാര്യമായ നേട്ടമുണ്ടാക്കിയതു പോലെ വിജയശ്രീലാളിതനായി ചിറക് കുടഞ്ഞു ഭംഗിയാർന്ന തന്റെ  കഴുത്തു നീട്ടി ഒന്നു കൂകി  ഒരു യുദ്ധകാഹളം കൂടി മുഴക്കി .

"  കേറിപ്പോര് പിള്ളാരെ , ചില പ്രത്യേകതരമാൾക്കാരെ മാത്രേ ഇവൻ കൊത്തുള്ളു.  നിങ്ങളെയൊന്നും അവനുപദ്രവിക്കത്തേയില്ല."

പരിഹാസച്ചുവ ചേർത്ത വാക്കുകൾ വീണ്ടും ! ഭാര്യയുടെ വാക്കുകൾ കുട്ടികൾക്ക് ധൈര്യം പകർന്നു .

ചിരിയടക്കിക്കൊണ്ട് മകൾ അമ്മുക്കുട്ടിയും അമ്മയുടെ പക്ഷം ചേർന്നു.

'അവൾക്കാണെങ്കിൽ, അമ്മയുടെ മടിയിൽ ഇരിക്കയും വേണം അച്ഛൻ്റെ കൂടെ നടക്കുകയും വേണം ' എന്ന മട്ടാണ്.

ഗിരിരാജന് ഇപ്പോഴും ശൗര്യം കുറഞ്ഞിട്ടില്ല .

കഴിഞ്ഞ ദിവസം വീടിനടുത്തെത്തിയ   ഒരു ആക്രിക്കാരൻ ഇവന്റെ സാന്നിദ്ധ്യമറിയാതെ ഗേറ്റ് തുറന്ന്  അകത്തേയ്ക്ക് കയറുന്നതും   നിമിഷ നേരത്തിൽ   ജീവനും  കൊണ്ട് പുറത്തേക്ക് പായുന്നതും ഞാൻ എന്റെ കണ്ണു കൊണ്ട് കണ്ടതാണ്.

ഭാഗ്യം കൊണ്ടാണ് ഗിരിരാജൻ്റെ കൊത്തു കിട്ടാതെ  അയാൾ രക്ഷപെട്ടത്.

" ഇതെന്നാ സാറെ , പുലിക്കുണ്ടായ ഇനമോ  മറ്റോ ആണോ ഇത് ?"

 ബാൽക്കണിയിൽ നിന്നിരുന്ന എന്നെ നോക്കി പുലമ്പിക്കൊണ്ടാണ് അയാൾ ഓടിയത്!

പക്ഷേ, അന്നദായകനായ എന്നെപ്പോലും  അവൻ കൊത്തുമെന്ന് തീരെ പ്രതീക്ഷിച്ചതല്ല.

ഇനിയിപ്പോ -

"ഈ വീട്ടിൽ കോഴിയുണ്ട് , സൂക്ഷിയ്ക്കുക "

എന്ന ഒരു ബോർഡു ഗേറ്റിനു പുറത്ത് വച്ചാലോ എന്ന ചിന്ത ഉള്ളിലുയർന്നു.

ആലോചിച്ചത് ഭാര്യയോടാണ്.  

അപ്പോൾ തന്നെ മറുപടിയും കിട്ടി.

" ങാ... അത് കൊള്ളാം. നല്ല ചേലായി!  അത് വായിച്ചിട്ടു വേണം  ആൾക്കാര് മറ്റു വല്ലോം ചിന്തിക്കാൻ! "

ആ വാക്കുകളിലടങ്ങിയ പരിഹാസലാഞ്ഛന എന്റെ കാലു വേദന ലേശം കൂട്ടിയതേയുള്ളു.

കാല് തടവിക്കൊണ്ടിരുന്ന എന്നെ നോക്കിയുള്ള അവളുടെ  പരിഹാസച്ചിരിക്ക് മൂർച്ച അൽപ്പം കൂടിയോ എന്ന സംശയമില്ലാതില്ല. അസഹ്യത ഞാൻ ഏതായാലും   മറച്ചുവച്ചു.

ഗൗരവക്കാരനും  ലേശം മസിലു പിടിത്തക്കാരനുമായ ഭർത്താവിന് ഇങ്ങനെയൊരു അമളി പറ്റിയത് അവൾ ശരിക്കും  ആസ്വദിക്കുന്നുണ്ടായിരുന്നു എന്ന് തോന്നി.

ഉടനെ തന്റെ  എന്റെ മനസ്സിൽ മറ്റൊരു സംശയം ഉദിക്കുകയായിരുന്നു!

കോഴി കൊത്തേറ്റാൽ പേ പിടിക്കുമോ ?"  അണ്ണാൻ ,വാവൽ എന്നിവയൊക്കെ കടിച്ചാൽ പേവിഷ ബാധ വരാൻ സാദ്ധ്യതയുണ്ടെന്നറിയാം .

"കോഴി കൊത്തീന്നു പറഞ്ഞ് എങ്ങനാ ഒരു ആശുപത്രീല് ചെല്ലണ്ത് ?   ആശു‌പത്രിക്കാര് എന്തു വിചാരിക്കും!  "

ഞാൻ കുഴപ്പത്തിലായി ! 

ഏതായാലും പേയ് പിടിച്ച് ചത്താലും  വേണ്ടില്ല. ഇക്കാരണോം പറഞ്ഞ്  ആശുപത്രീ പോകാൻ എനിക്ക്  താൽപ്പര്യമില്ല!

ആശൂത്രീ ചെന്നാൽ കോഴീടെ കൊത്തു കൊണ്ട് ചികിൽസ തേടുന്നവനെക്കാണാൻ കാണികൾ ഉൽസാഹിക്കുന്നതായ രംഗം ഞാൻ ഭാവനയിൽ കണ്ടു.

പെട്ടെന്നു തന്നെ,  അത്  വേണ്ട എന്നു തന്നെ തീരുമാനിച്ചു.

''ആധിയോളം വലിയ വ്യാധിയില്ല."

കോഴി കൊത്തിയാൽ വിഷമില്ലെന്ന് അവസാനം മനസ്സിലങ്ങ്  ഉറപ്പിച്ചു .

ഗ്രാമശ്രീ ഇനത്തിൽ പെട്ട ഏതാനും നാടൻ മുട്ടക്കോഴികളെ  കാർഷിക പരിപോഷണ പദ്ധതി പ്രകാരം  കുറച്ചു നാൾ മുമ്പാണ് വീട്ടിൽ കൊണ്ടുവന്നത് .

അതിൽ ഒരെണ്ണം പൂവനായിരുന്നു .

നല്ല ഭംഗിയുള്ള തൂവലുകളുള്ള ഒരു പൂവൻകോഴി.

ഒൻപതു പിടകളുമായി ഗ്രാമ ശ്രീപൂവൻ സസുഖം വാഴുകയായിരുന്നു .

കോഴി രാജ്യത്തിൽ ബഹുഭാര്യാത്വമുണ്ട്. അവിടെ നിയമം വേറെയാണ്!

എതിരില്ലാതെ അവൻ സസുഖം വാഴുമ്പോളാണ് -

ഒത്ത ശരീരവും ഭംഗിയുള്ള തലപ്പൂവും വർണ്ണത്തൂവലുകളുമൊക്കെയുള്ള  ഗിരിരാജയിനത്തിൽ പെട്ട  ഘടാഘടനായ ഒരു പൂവൻ, വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയത്.

എവിടെ നിന്നോ ഒറ്റപെട്ട് വഴിതെറ്റി വന്നതാണവൻ.

ഗ്രാമശ്രീ കോഴി സാമ്രാജ്യത്തിലേയ്ക്ക്  അവൻ  മതിൽ ചാടി രംഗപ്രവേശം ചെയ്യുകയായിരുന്നു.

വന്നയുടനെ അവൻ  പിടക്കോഴികളുമായി ചങ്ങാത്തം കൂടാൻ തുടങ്ങി .

അവന്റെ വരവു തന്നെയൊരാഘോഷമായിട്ടായിരുന്നു .

ഒരു രാജാവിൻ്റെ ഗമയോടെ തന്നെ!

വരുത്തൻ കോഴിയുടെ ശേഷിക്കും രൂപഭംഗിക്കും  മുന്നിൽ നമ്മുടെ ഗ്രാമശ്രീ പൂവൻ ഒന്നുമല്ലാതായി മാറി!

സ്വാഭാവികമായും ,അഴകും ശേഷിയും കൂടുതലുള്ള ഗിരിരാജന്റെ പുറകേ പിടകൾ പോയിത്തുടങ്ങി. 

കരുത്തിനും  സൗന്ദര്യത്തിനും  പിറകെയാണല്ലോ  ഈ ലോകമെന്നും സഞ്ചരിച്ചിട്ടുള്ളത്!

ഗ്രാമശ്രീ പൂവന് ഇവന്റെ കടന്നു കയറ്റവും പിടകളെ ആകർഷിക്കുന്ന രംഗവും കണ്ടിട്ട്  ഒട്ടും സഹിച്ചതേയില്ല .

അവൻ ഗിരിരാജനുമായി യുദ്ധമാരംഭിച്ചു.

 പോരുകോഴികളുടെ ശൗര്യത്തിൽ പൂവൻമാർ പറന്നു പൊങ്ങി, കാലുകൾ കൊണ്ട് അന്യോന്യം  മാന്തിക്കീറി തൂവലുകൾ പറത്തി ചോരയൊലിപ്പിച്ചു.

അധികാരവും കിരീടവുമുറപ്പിക്കാനുള്ള പോരാട്ട വീര്യമായിരുന്നു അവിടെ കണ്ടത് .

ലോകത്തിന്റെ നേർക്കാഴ്ച്ച തന്നെ!

ഒരു പക്ഷേ എല്ലായ്പ്പോഴും ഏറെ കൊത്തു കൊണ്ട് ചോര തെറിച്ച് തോൽവിയോടെ പിൻ വാങ്ങുന്നത്  ഗ്രാമശ്രീ പൂവനായിരുന്നു.

വീട്ടിൽ അതിക്രമിച്ചു കയറി വന്ന  വിദേശ കോഴി വീട്ടിലെ പൂവനെ ഉപദ്രവിക്കുന്നത്  കണ്ടിട്ട് ഭാര്യക്ക് പെരുത്ത കലി കയറി .

അവനെ കണ്ടാലപ്പോൾ തന്നെ ഓടിച്ചു വിടലായി  അവളുടെ തൊഴിൽ .

പക്ഷേ,  ഒളിച്ചും പാത്തും പിന്നെയും അവൻ മതിൽ ചാടി രംഗപ്രവേശം ചെയ്തു കൊണ്ടേയിരുന്നു.

കാല ക്രമേ ഭാര്യയാകട്ടെ  ഭംഗിയുള്ള വരുത്തൻ കോഴിയെ ഇഷ്ടപ്പെടാൻ തുടങ്ങി.  അവനോട് അവൾ ചങ്ങാത്തമായി.

അവന്റെ ആകാരവടിവിലും ഭംഗിയിലും അവളും വീണു.

കോഴിപ്പോര് നിത്യേന തുടരുകയും ചെയ്തു.

എന്നും ഗിരിരാജന്റെ കൊത്തു കൊണ്ടു

ഗ്രാമശ്രീ പൂവൻ തീരെ  അവശനായി.

അവൻ ഒരു മൂലയിലേക്ക് ഒതുങ്ങി മാറി!

മനുഷ്യരിൽ എന്ന പോലെ കോഴി ലോകത്തിലും  ശേഷിയും കരുത്തുമാണ് അധികാരത്തിന് അടിസ്ഥാനം.

ഗിരിരാജൻ്റെ ആക്രമണത്തിൽ  തുരുതുരാ തോറ്റ് പിൻവാങ്ങുന്ന  ഗ്രാമ ശ്രീ പൂവനെ  കണ്ടപ്പോൾ ഭാര്യ പറഞ്ഞു.

" രണ്ടു പൂവൻമാർ ഒരേ സമയം ഈ വീട്ടിൽ വാഴില്ല , ഗ്രാമശ്രീ പൂവൻ ഏതു സമയോം  മറ്റവന്റെ കൊത്തു കൊണ്ട് ചാകാനിടയൊണ്ട് .

അതിനാല്  ഒരെണ്ണത്തിനെ ഇവിടന്ന് ഉടനെ മാറ്റണം! "

അവൾ വിശദീകരണം തുടർന്നു.

"ഗ്രാമശ്രീപൂവനെക്കാൾ കാണാൻ നല്ലത് ഗിരിരാജനാണ് .അതിനാൽ അവനെ ഇവിടെ നിർത്തി ഗ്രാമശ്രീ പൂവനെ    നമ്മക്കൊഴിവാക്കാം അല്ലേ!"

അവളങ്ങനെ പറഞ്ഞെങ്കിലും

മകൾ അമ്മുക്കുട്ടിക്ക് ഒട്ടും താൽപ്പര്യമില്ലാത്ത വിഷയമാണതെന്ന് എനിക്കറിയാം .

ഓമനിച്ചു വളർത്തിയതിനാൽ  ഒരു കോഴിയെ പോലും വെട്ടുകാർക്കോ  മറ്റാർക്കെങ്കിലുമോ  കൊടുക്കാനവൾക്കിഷ്ടമല്ല.

മാത്രമല്ല അമ്മുക്കുട്ടിക്ക് വളർത്തുകോഴികൾ ഉറ്റ കളിത്തോഴരുമാണ്.

ഇറച്ചിക്കായി വിറ്റു എന്നറിഞ്ഞാൽ അവൾ കലാപമുണ്ടാക്കും .

അത്രയ്ക്ക് ജീവനാണ്  കോഴികളെ.

പക്ഷേ  ഒരുത്തനെ എങ്ങനെയും  ഒഴിവാക്കണമെന്ന്  ഭാര്യ പറഞ്ഞത്

എനിക്കും അനുകൂലിക്കേണ്ടി വന്നു.

ഭാര്യ എന്തഭിപ്രായം പറഞ്ഞാലും അന്തിമവാക്ക് ഭർത്താവായ എന്റെതാണ് .

എന്നത്തെയും പോലെ അങ്ങനെ തന്നെയാകട്ടെ എന്ന് ഞാൻ അന്തിമവാക്ക് ചൊല്ലി.

പരുക്കു പറ്റിയ ഗ്രാമശ്രീ പൂവനോട് അമ്മുക്കുട്ടിക്ക്  പ്രത്യേക പരിഗണനയുള്ളതിനാൽ,  അവൾ കലാപമുണ്ടാക്കുമോ എന്ന ഭയവുമുണ്ട്. 

ഒഴിവാക്കൽ നടപടി സൂത്രത്തിൽ തന്നെ  നടപ്പിലാക്കണം.

അടുത്ത ദിവസം  ഗ്രാമശ്രീ തലവനെ  പിടികൂടി ഒരു കാർഡ് ബോർഡു പെട്ടിയ്ക്കുള്ളിലാക്കി ഭാര്യയെയും  മകളെയും  കൂട്ടി  അല്പമകലെയുള്ള ഭദ്രകാളീ ക്ഷേത്രത്തിലേയ്ക്ക് ഞാൻ   കാറിൽ  പുറപ്പെട്ടു .

പെട്ടിക്കകത്ത്  കോഴിയെക്കണ്ടതും   എന്താണ് കാര്യമെന്നന്വേഷിച്ചിരുന്നു മകൾ.

അവളുടെ പ്രിയപ്പെട്ട കോഴിക്ക് അസുഖമെല്ലാം മാറി കരുത്തനാവാൻ  അമ്പലനടയിൽ ഒന്നു കാണിക്കാനാണെന്നാണ് പറഞ്ഞു വച്ചത് .

ഭദ്രകാളി ക്ഷേത്രത്തിൽ കോഴികളെ പറപ്പിച്ച് നടയിരുത്തുന്ന ഒരു വഴിപാടുണ്ടായിരുന്നു .

ഗ്രാമശ്രീയെ അപ്രകാരം ക്ഷേത്രനടയിൽ  പറപ്പിച്ച്   ഒഴിവാക്കുകയായിരുന്നു എന്റെ ലക്ഷ്യം .

കാർ അമ്പലത്തിലെത്തിക്കഴിഞ്ഞു. കോഴിയെ പെട്ടിയിൽ നിന്ന് ഞാൻ കയ്യിലെടുത്തു .

എന്താണ് നടക്കുന്നതെന്നറിയാത്ത കോഴിത്താനാകട്ടെ , ശാന്തശീലനായി, ഒരു ശല്യവുമില്ലാതെ എന്റെ കയ്യിലൊതുങ്ങിയിരുന്നു .

ഞാനവന്റെ ശിരസ്സിൽ തലോടി .

സമൃദ്ധമായ ഭക്ഷണവും കഴിച്ച്  ഭാര്യമാരുമായി യഥേഷ്ടം  രമിച്ചു കൊണ്ട് വളരെ ആസ്വദിച്ചാണ് ഇത്രയും നാൾ അവൻ വളർന്നിരുന്നത്!

ഗിരിരാജൻ വന്നു കയറിയതാണ്  അവന്റെ കഷ്ടകാലത്തിന് ആരംഭം കുറിച്ചത് .

ഞങ്ങൾ നൽകിയിരുന്ന നല്ലയിനം തീറ്റ അവൻ്റെ  ആകാര സൗഷ്ഠവത്തിന് തിളക്കമേറ്റിയ ഒരു ഘടകമായിരുന്നു .

ഞാൻ   അവനെയും എടുത്തു കൊണ്ട് അമ്പലം പ്രദക്ഷിണം ചെയ്തു .

ഭാര്യയും മകളും എന്നെ അനുധാവനം ചെയ്തു .

അമ്പലത്തിൽ ഇതിനകം  നടയിരുത്തപ്പെട്ട അനേകം കോഴികൾ പരിസരമാകെ ചുറ്റിക്കറങ്ങി നടക്കുന്നത് കാണാമായിരുന്നു .

പല കോഴികളും  അനാരോഗ്യം കൊണ്ടു നടക്കാൻ പോലും ശേഷിയില്ലാത്തവയായി കാണപ്പെട്ടു.

തുവൽ കൊഴിഞ്ഞും കാഷ്ഠവും  അഴുക്കും  പുരണ്ടും വിശുദ്ധിയുടെ പര്യായപദമായ അമ്പലമുറ്റത്ത് പ്രാഞ്ചി പ്രാഞ്ചി അവ നടക്കുന്നുണ്ടായിരുന്നു .

ക്ഷേത്രം സന്ദർശിക്കാൻ വരുന്ന  ഭക്തന്മാർ കൊടുക്കുന്ന മലർപൊരിയാണ് അവറ്റകൾക്ക് കിട്ടുന്ന  പ്രധാന ഭക്ഷണം എന്ന് ഞാൻ മനസ്സിലാക്കി . അല്ലാതെ അവിടെ പ്രത്യേകിച്ച് ഭക്ഷണ സംവിധാനമൊന്നും അവയ്ക്കായില്ല.

നടയിരുത്തപ്പെട്ട കോഴികളുടെ ശിഷ്ട ജീവിതത്തെക്കുറിച്ച് ആശങ്കപ്പെടാനുള്ള മനസ്സ് നടതള്ളുന്നവർക്കുണ്ടാവില്ലല്ലോ!

ആവശ്യമായ സംരക്ഷണവും ഭക്ഷണവും  വിതരണം ചെയ്യാനും നടയിരുത്തപ്പെട്ട കോഴികളെ പരിപാലിക്കാനുമുള്ള  സൻമനസ്സും   ഭക്തൻമാർക്കില്ല; അധികാരികൾക്കും ഇല്ല .

ഭക്തൻമാരുടെ ഏതെങ്കിലും പ്രാർത്ഥന സാധൂകരിച്ചതിന്റെ അനന്തരഫലമാണ് ഇക്കാണുന്ന വഴിപാട് കോഴികൾ .

നിറഞ്ഞ ഭക്തിയോടെ എറിഞ്ഞു കൊടുക്കുന്ന മലർപൊരി കിട്ടുവാൻ

 നടയിരുപ്പുകോഴികൾ ആർത്തി പിടിച്ച്  മത്സരിക്കുന്നതും പരസ്പരം കൊത്തു പിടിക്കുന്നതും  ഞാൻ കണ്ടു.

അവറ്റകളുടെ  വിശപ്പിന്റെ ആഴം   വ്യക്തമാക്കുന്ന ആ ദയനീയ  ദൃശ്യം എൻ്റെ മനസ്സിൽ  സങ്കടത്തിന്റെ കരി നിഴൽ വീഴ്ത്തി.

ഏതൊക്കെയോ വീടുകളിൽ വളരെ  നല്ല രീതിയിൽ കഴിഞ്ഞിരുന്ന കോഴികളാണ് നടയിരുത്തപ്പെട്ട ശേഷം ഒരു നേരത്തെ ആഹാരത്തിനായി ഇവിടെ  പരസ്പരം കൊത്തുപിടിക്കുന്നത്.

നിലനിൽപ്പിനായുള്ള സമരം!

ക്ഷേത്രം വക രസീതെഴുതിയ ശേഷം,  മനോഹരമായ വർണ്ണത്തൂവലുകൾ നിറഞ്ഞ, ആകാര സൗഷ്ടവമാർന്ന , ഗ്രാമശ്രീ  പൂവനെ സർവ്വ ഐശ്വര്യവും ഞങ്ങളുടെ കുടുംബത്തിന്

ലഭിക്കുമാറാകട്ടെ എന്നു പ്രാർത്ഥിച്ച്  ഞാൻ  ദേവിക്ക് മുന്നിൽ പറത്തി; കോഴി സമർപ്പണം പൂർത്തിയാക്കി.

അവിടത്തെ  അന്തേവാസികളായ എല്ലാ കോഴികളിലും വച്ച് ഭംഗിയിലും ആരോഗ്യത്തിലും ഞങ്ങളുടെ  കോഴി മുന്നിൽ  നിന്നു.

എന്താണ് സംഭവിക്കുന്നതെന്ന് ഒരു പക്ഷേ ആദ്യമവന് പിടി കിട്ടിയില്ല തന്നെ! 

ഇത്രയും നാൾ തനിക്കുണ്ടായിരുന്ന  സുഖകരമായ ആവാസ വ്യവസ്ഥ  അവന് നഷ്ടപ്പെടുകയാണെന്ന വിവരം  മനസ്സിലാക്കാൻ അപ്പോൾ അവന് കഴിവില്ലായിരുന്നു.

പറന്ന് താഴെയിറങ്ങിയയുടൻ അവൻ പരിസരമെല്ലാം  തലയെടുപ്പോടെ  നിന്നു കൊണ്ട്  നിരീക്ഷിച്ചു.

ചുറ്റും എല്ലുന്തിയ പട്ടിണിപ്പാവങ്ങളായ പിടകളെ കണ്ടിട്ട് അവന് അത്ര ബോധിച്ചില്ല.

തൻ്റെ പഴയ സുന്ദരികളായ കൂട്ടുകാരികളെ അന്വേഷിച്ചു അവൻ   കൂകിക്കൂകി തലങ്ങും വിലങ്ങും പാഞ്ഞു  നടന്നു.

ക്ഷേത്രപരിസരം മുഴുവൻ അവന് കാണാനായത്  അപരിചിതരെ തന്നെ!

ദുർലഭമായ ഭക്ഷണത്തിന്റെ ഒരു പങ്കുപറ്റാൻ ഒരാൾ കൂടി എത്തി എന്ന ധാരണയിൽ  പ്രതിഷേധിച്ചു കൊണ്ട്    കോഴിക്കൂട്ടങ്ങൾ ഒരുമിച്ചു കൂടി അവനെ കൊത്തിയോടിച്ചു .

പക്ഷേ അവനതിലൊന്നുമായിരുന്നില്ല ശ്രദ്ധ .

തന്റെ  പരിചിതമായ ആവാസ കേന്ദ്രവും  ഭാര്യമാരുമെവിടെയാണെന്നായിരുന്നു  അപ്പോഴും അവൻ പരതിയത്.

തികച്ചും അപരിചിതമായ ഈ സ്ഥലം  അവനെ കാര്യമായി വിഷമിപ്പിച്ചു.

കുറെ കഴിഞ്ഞ് നിരാശാബോധത്തോടെ  വന്ന് എന്റെ മുഖത്തേയ്ക്ക്  ഒന്നു   നോക്കി.

ഹൃദയ ഭേദകമായിരുന്നു ആ നോട്ടം.

ഭക്തൻമാർ വല്ലപ്പോഴും എറിഞ്ഞു കൊടുക്കുന്ന മലർപൊരിക്കു വേണ്ടി ഇവിടെയും യുദ്ധം ചെയ്യണമെന്ന കാര്യം മാത്രം അവ അന്നവനറിഞ്ഞതേയില്ല.

അവൻ്റെ ദയനീയത നിറഞ്ഞനോട്ടം കാണാൻ കെൽപ്പില്ലാതെ ഞാൻ മുഖം തിരിച്ചു.

കാര്യങ്ങളൊന്നും പിടികിട്ടാതെ  മകൾ അമ്മുക്കുട്ടി മിഴിച്ചു നിന്നിരുന്നു .

അടുത്ത ദിവസം തന്നെ പൂജ കഴിഞ്ഞ് കോഴിയെ തിരികെ കിട്ടുമെന്ന് അവളെ ഒരു വിധം ധരിപ്പിച്ച്  ഞങ്ങൾ വീട്ടിലേക്ക് മടങ്ങി .

രണ്ടു ദിവസമായിട്ടും കോഴിയെ തിരികെ കൊണ്ടു വരാത്തതിൽ അവൾ സങ്കടത്തോടെ  പ്രതിഷേധിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കോഴിയുടെ കാര്യം  അവൾ മറന്നു.

ഇടയ്ക്ക് , പറ്റുമ്പോൾ ഒരു ദിവസം അമ്പലത്തിൽ കൊണ്ടു പോയി കോഴിയെ കാണിക്കാമെന്ന്   പറഞ്ഞ് മകളെ ഞാൻ  സമാധാനിപ്പിച്ചിരുന്നു.

ഏതാനും  നാൾ കഴിഞ്ഞപ്പോൾ

ക്ഷേത്രത്തിന്  സമീപത്തുള്ള ഒരു സർക്കാരാഫീസിൽ  എനിക്ക് പോകേണ്ട ആവശ്യം വന്നു.

ഏതായാലും നടയിരുത്തിയ   ഞങ്ങളുടെ പൂവനെ ഒന്നു കണ്ടു കളയാമെന്ന് ഞാൻ കരുതി . ഞാനറിയാതെ എന്റെയുള്ളിൽ അവന്റെ വേർപാടിനെക്കുറിച്ചുള്ള  ദുഃഖം  കട്ടപിടിച്ചു കടന്നിരുന്നു. അതലിയിപ്പിച്ചു കളയണം!

ഒരു കവർ നിറയെ  മലർപൊരിയും വാങ്ങി  ഞാൻ ക്ഷേത്രാങ്കണത്തിൽ കയറി.

നടയിരുത്തപ്പെട്ട ഒരുപാട് കോഴികളിൽ വച്ച് അവനുണ്ടായിരുന്ന  ആകാരഭംഗിയും തലയെടുപ്പും മനസ്സിൽ കണക്കാക്കി  പെട്ടെന്ന് തന്നെ അവനെ  കണ്ടു പിടിക്കാനാവുമെന്ന് ഞാൻ കരുതി.

വർണ്ണ തൂവലുകളാൽ അഴകാർന്ന  ഞങ്ങളുടെ ഗ്രാമശ്രീ പൂവനെ അന്വേഷിച്ച് ഞാൻ പരിസരം ചുറ്റി.

അപ്പോഴേയ്ക്കും എന്റെ  കയ്യിൽ   മലരിന്റെ പൊതി കണ്ടതും ഭക്ഷണത്തിനോടുള്ള ആർത്തി മൂത്ത ഒരു പറ്റം  കോഴികൾ എന്നെ വളയാൻ തുടങ്ങി .

എന്നാൽ എന്റെ  ശ്രദ്ധ അക്കൂട്ടത്തിൽ അവനെ കണ്ടെത്തുന്നതിലായിരുന്നു. മകളുടെ  പ്രിയ ഗ്രാമശ്രീ പൂവനെ .

കുറെ നേരം നടന്നപ്പോൾ അമ്പലത്തിന്റെ തെക്കു കിഴക്കു ഭാഗത്തായി ഒരു കോഴി എന്നെയും തുറിച്ചു നോക്കിക്കൊണ്ട് നിൽക്കുന്നതായി ഞാൻ മനസ്സിലാക്കി .

ഒരു ഉൾപ്രേരണയാൽ ഞാനതിന്റെ സമീപത്തേക്കു നടന്നു ചെന്നു .

അവിടെ -

തൂവലുകൾ കൊഴിഞ്ഞ് നിറം കെട്ട് -

ശരീരം ശോഷിച്ച് -

കണ്ണുകളുടെ തിളക്കമെല്ലാം നഷ്ടപ്പെട്ട -

തലപ്പൂവ് തളർന്ന ഒരു കോഴി .

ഞാൻ സൂക്ഷിച്ചു നോക്കി .

അതെ ! അത് ഞങ്ങളുടെ അമ്മുവിന്റെ പ്രിയപ്പെട്ട  ഗ്രാമശ്രീ പൂവൻ തന്നെയായിരുന്നു .

കലാപം മൂലം പെട്ട് നാടുകടത്തപ്പെട്ട് ,മെച്ചപ്പെട്ട   ആവാസവ്യവസ്ഥയിൽ നിന്ന് ദുരിതക്കയത്തിലേയ്ക്ക് പറിച്ചെറിയപ്പെട്ട  ഒരു ജീവി !

നിസ്സഹായതയുടെ -

ദൈന്യത നിറഞ്ഞ പ്രതീകമായി അവൻ എൻ്റെ മുന്നിൽ അങ്ങനെ നിലകൊണ്ടു.

'നിങ്ങളുടെ വീട്ടിൽ  ഒരു കുടുംബാംഗത്തെ പോലെ  നിങ്ങൾ പരിപാലിച്ചിരുന്ന  എന്നെ  എന്തിന്  ഈ ദുരവസ്ഥയിലാക്കി ?" - എന്ന്  നിറം മങ്ങിയ കണ്ണുകളാൽ അവൻ എന്നോടു ചോദിക്കുന്നതായി തോന്നി.

എന്റെ മനസ്സ് നീറി.

ആ നോട്ടം എന്റെ നെഞ്ചിലേയ്ക്ക് ആയിരം കൂരമ്പുകളായി തറച്ചു കയറുന്നുണ്ടായിരുന്നു.

കുറച്ചുനേരം ഞാൻ അവനെ സങ്കടത്തോടെ നോക്കി നിന്നു .

പിന്നെ ഞാനവനെ വാരിയെടുത്തു.

മെല്ലെ അവന്റെ കാതുകളിൽ മന്ത്രിച്ചു.

" എന്നാൽ നമുക്ക് തിരിച്ചു പോകാമല്ലേ!"

അതു കേട്ടതും മനസ്സിലായതു പോലെ , സന്തോഷത്തോടെ, അനുസരണയോടെ അവൻ എന്റെ ശരീരത്തോടു ചേർന്നിരുന്നു.

ശുഭം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക