Image

ഓർമച്ചൂര് (കഥാമത്സരം : ധന്യ തെക്കെപ്പാട്ട്)

Published on 18 September, 2023
ഓർമച്ചൂര് (കഥാമത്സരം : ധന്യ തെക്കെപ്പാട്ട്)

മഴക്കാലം...
കുട്ടികൾ കളിവഞ്ചികളുണ്ടാക്കുകയും വണ്ടിക്കാർ ചെളിതെറിപ്പിക്കുകയും ചെയ്യുന്ന തെറിക്കാലം!പണക്കാരും പാവപ്പെട്ടവരും ഒരുപോലെ ഗവൺമെന്റ് ആശുപത്രികളെ ആശ്രയിക്കുന്ന പനിക്കാലം.
ഭാനുവിനും പനിയാണ്. മഴ കൊണ്ടിട്ടുള്ള പനിയൊന്നുമല്ല. മഴയും വെയിലും മഞ്ഞുമൊന്നും ഭാനുവിന് പുത്തരിയല്ല. ഇത് ഓർമകളുടെ തീമഴ കൊണ്ടിട്ടുള്ള പനിയാണ്.വെറും പനിയല്ല നല്ല ചുട്ടുപൊള്ളുന്ന പനി!

പകലുമുഴുവൻ നിർത്താതെ കളിച്ചിട്ട് ഭയങ്കരമായ തണുത്ത രാത്രിയെയും സമ്മാനിച്ച് മഴ ചിലങ്കയഴിച്ചു! വീടണയാൻ പറ്റാതെ മഴക്കളിയും കണ്ട് പീടികവരാന്തയിൽ നിന്നിരുന്നവരെല്ലാം മഴയെ യാത്രയാക്കിയിട്ട് തിരക്കിട്ട് വീടുകളിലേയ്ക്ക് പോകാൻ തുടങ്ങി. മഴ,കളി നിർത്തിയിട്ടില്ലെന്നും ഇനിയും വരുമെന്നും, ഇടിയും മിന്നലും ഇടയ്ക്കിടെ വിളംബരം ചെയ്തുകൊണ്ടേയിരുന്നു. മഴ കാരണം പണി മുടങ്ങി വീടുകളിലിരുന്നവരുടെയെല്ലാം അടുക്കളയിൽനിന്നും പലതരത്തിലുള്ള ഭക്ഷണത്തിന്റെയും നാലുമണി പലഹാരങ്ങളുടെയും കൊതിപ്പിക്കുന്ന മണം റോഡിലേയ്ക്കിറങ്ങിയോടാൻ തുടങ്ങി. രണ്ടുകിണ്ണം ചോറുണ്ണണമെന്ന് തീരുമാനിച്ച് ഭാനുവും ഉണ്ടാക്കി ഉച്ചയൂണിന് ഒരിച്ചിരി നെയ്യൊഴിച്ച അവിയലും, ഉപ്പും പച്ചകുരുമുളകും മഞ്ഞൾപൊടിയും വേപ്പിലയും പെരുംജീരകവും നന്നായി  അരച്ചുചേർത്ത് വാഴയിലയിൽ പൊള്ളിച്ചെടുത്ത മത്തിയും, കടുകും കറിവേപ്പിലയും വറ്റൽമുളകും നാല് ചുമന്നുള്ളിയും മൂപ്പിച്ച് ചീര താളിച്ചതും. നാലുമണിപലഹാരവും ഉണ്ടാക്കി;ശർക്കരയും തേങ്ങയും ചേർത്ത് ആവിയിൽ വേവിച്ച അട. ഉച്ചയൂണ് കഴിക്കുമ്പോൾ മോഹനേട്ടനും ശർക്കരയട കഴിക്കുമ്പോൾ അമ്മയും വെറുതെ മുന്നിൽ വന്നുനിന്ന് കരയിച്ചിട്ട് പൊയ്ക്കളഞ്ഞു. മരിച്ചിട്ടുണ്ടാവില്ല! ജീവനോടെത്തന്നെയിരിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഭാനൂന് ഇഷ്ടം. കാരണം, ഈ ലോകത്ത് ഭാനുവപ്പോൾ ഒറ്റയ്ക്കല്ലല്ലോ!

രാത്രി നല്ല തണുപ്പായതുകൊണ്ട് ഭാനു മേലുകഴുകാൻ മടിച്ചു. ഇടിയും മിന്നലും ഉള്ളതുകൊണ്ട് ഇന്നാരും വരില്ലെന്ന ധാരണയിൽ അലമാരയിൽനിന്നും ചുവപ്പ് ബ്ലാങ്കറ്റ് എടുത്ത് കഴുത്തുവരെ പുതച്ച് ഉറങ്ങാൻ കിടന്നു. എന്തൊരു സുഖം! ആ ബ്ലാങ്കറ്റ് പുതിയതാണ്. ഭാനുവിനോട് കലശലായ പ്രേമം തോന്നിയ ഒരു ഗൾഫുകാരൻ സമ്മാനിച്ചത്. ഭാനുവിനെ കല്യാണം കഴിക്കണമെന്നൊന്നും ആ ചെറുപ്പക്കാരൻ പറഞ്ഞിരുന്നില്ല. മാത്രമല്ല അവർ തമ്മിൽ ശാരീരിക ബന്ധവും ഉണ്ടായിരുന്നില്ല! ഒരിക്കലൊരു രാത്രി ഭാനുവിന്റെ മടിയിൽ തലവെച്ചു കിടന്നുകൊണ്ടയാൾ പറഞ്ഞു:
"ഭാനൂ, ഞാൻ തന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടാ നിന്റെ ദേഹത്ത് ഞാനൊന്നും ചെയ്യാത്തത്. ചെയ്താ പിന്നെ ഞാനും ഇവിടെ വരുന്ന മറ്റുള്ളോരും തമ്മിൽ എന്താ വ്യത്യാസം..?"
ഒരുതരം പ്രത്യേക അനുഭൂതിയോടെ അവന്റെ മുടിയിഴയിൽ വിരലോടിച്ചുകൊണ്ട് ഭാനു ചോദിച്ചു:
" എന്നെയിങ്ങനെ ഇഷ്ടപ്പെടാൻ എന്താ കാരണം..?"
"നിന്റെയുള്ളിൽ സ്നേഹിച്ചുതീരാത്ത ഒരു കാമുകിയുള്ളതുകൊണ്ട്.!"
ഭാനുവിന് അതിശയമായിരുന്നു. എത്ര നന്നായിട്ടാണ് അവൻ തന്നെ മനസിലാക്കിയിരിക്കുന്നത്! അതുകൊണ്ടുതന്നെ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു അയാൾ.ഗൾഫിൽ പോകുന്നതിന്റെ തലേന്ന് രാത്രി അയാൾ ഭാനുവിനോടൊപ്പം, അവൾ വെച്ചൊരുക്കിയ ഭക്ഷണം കഴിച്ചാണ് യാത്ര പറഞ്ഞിറങ്ങിയത്. രണ്ടുപേരും കരഞ്ഞു. പിന്നീട് ,വിവാഹം ക്ഷണിക്കാൻ വന്നപ്പോഴാണ് ബ്ലാങ്കറ്റ് സമ്മാനിച്ചത്. 'കല്യാണത്തിന് ഞാൻ വരുന്നതിൽ പേടിയില്ലേ' എന്ന ഭാനുവിന്റെ ചോദ്യത്തിന് അവനൊന്നും പറയാതെ ബ്ലാങ്കറ്റ് സമ്മാനിച്ചിട്ട് ഇറങ്ങിപോയി.ഭാനു പക്ഷേ കല്യാണത്തിന് പോയില്ല.

ഓർമകൾ ഭാനുവിന് ചുറ്റും കുറുകി കട്ടപിടിച്ചു.മുറിയെ മുഴുവൻ വെളിച്ചത്തിൽ കുതിർത്ത ഒരുമിന്നലിനോടൊപ്പം ഇറയത്തുനിന്ന് 'ചേച്ചീ..' എന്ന വിളി ഉയർന്നു. ഭാനുവിന് ദേഷ്യം വന്നു. എന്തുനല്ല ഓർമകളാണ് മിന്നലേറ്റുപോയത്! ദേഷ്യത്തോടെത്തന്നെ വാതിൽ തുറന്ന ഭാനു അത്ഭുതപ്പെട്ടുപോയി. പതിനെട്ടിനപ്പുറം പറയാത്ത ഒരു കൊച്ചുപയ്യൻ. എവിടെയോ കണ്ടു മറഞ്ഞ, ലാളിത്യമുള്ള മുഖം, എണ്ണമയമുള്ള മുടി.പരിഭ്രമം കണ്ണുകളിലും ഷർട്ടിന്റെ തുമ്പിൽ വെറുതെ തെരുപ്പിടിച്ചുകൊണ്ടിരിക്കുന്ന വിരലുകളിലും പ്രകടം. ഭാനുവിന്റെ ലൈംഗിക ജീവിതത്തിൽ ഇന്നേവരെ ചോദിക്കാത്ത ചോദ്യം ഭാനു അറിയാതെ ചോദിച്ചുപോയി:
"എന്തേ…?"
പരിഭ്രമത്തോടെത്തന്നെ പയ്യനും ചോദിച്ചു:
"അകത്ത് കടക്കട്ടെ..?"
ഭാനു പയ്യനെ അകത്തു കയറ്റി വാതിലടച്ചു. അവൾ അവനെ അടിമുടിയൊന്നു നോക്കിയിട്ട് അതിശയം മാറാത്ത ഭാവത്തോടെ ചോദ്യം തുടർന്നു..
"നീയെങ്ങ്ട് വന്നതാ..?"
"ഇങ്ങടന്നെ"
അവൾ ചോദ്യഭാവത്തിൽ നെറ്റിചുളിച്ചു.
" ഇങ്ങടന്നെ വന്നതാണെങ്കി നീയെന്താ പേടിച്ച് നിക്കണെ..?"
പയ്യൻ തലകുനിച്ചു.
" ഫ്രണ്ട്സ് പറഞ്ഞയച്ചതാ.. ന്റെ പേടി മാറാൻ!"
അവൾ പൊട്ടിച്ചിരിച്ചു.
"നിനക്കെത്ര വയസ് ണ്ട് ?"
"പതിനേഴ് "
" ഞാനാരാന്ന് നിനക്കറിയോ..?"
"ഉം"
"ആരാ..?"
"പ്രോസ്റ്റിറ്റ്യൂട്ട്"
എന്താണ് ഇവന്റെ ഉദ്ദേശമെന്നാലോചിച്ച് ഭാനു ഒരൽപസമയം അവനെത്തന്നെ നോക്കി മിണ്ടാതെ നിന്നു. പിന്നെ ബെഡ്റൂമിലേയ്ക്ക് ക്ഷണിച്ചു. പയ്യൻ കുറച്ചൊരു ജാള്യതയോടെ അവൾക്കു പിന്നാലെ നടന്നു. റൂമിലെത്തി ഭാനു അവനു നേർക്ക് തിരിഞ്ഞതും പയ്യൻ ഭയന്ന് രണ്ടടി പിറകോട്ട്മാറി.
"എന്താടാ..?"
" ന്നെ ഒന്നും ചെയ്യണ്ട!"
ഭാനുവിന് ചിരിയടക്കാൻ കഴിഞ്ഞില്ല.
"ആദ്യായിട്ടാ ഇങ്ങട് വന്ന ഒരാള് ഒന്നും ചെയ്യല്ലേ ന്ന് പറഞ്ഞ് കരയണത്."
" ന്റേല് പൈസയൊന്നൂല്യ."
"പൈസേടെ കാര്യം അവിടെ നിക്കട്ടെ. നിനക്കെന്നെ എന്തേലും ചെയ്യാനുള്ള ധൈര്യം ണ്ടോ ..?"
" ഇല്യ". 
പയ്യൻ ചമ്മലൊതുക്കാൻ തലകുനിച്ചു.
"ഈ....വീഡിയോസ് ഒക്കെ കണ്ടിട്ടുണ്ട്"
ഭാനു വീണ്ടും ഉറക്കെ ചിരിച്ചു.
" വീഡിയോ കാണുന്നപോലെ അത്ര സിംപിളൊന്നുമല്ല കാര്യം"
"അല്ലെങ്കിലും ഞാനതൊന്നും ചെയ്യണില്യ.ഞാൻ കാണാറൂല്യ.മ്മക്ക് കുറച്ച് നേരം വർത്താനം പറഞ്ഞിരിക്കാലോ!"
"നിന്നെ വീട്ടിൽ തെരക്കില്ലേ..?"
"ഇന്ന് ഫ്രണ്ടിന്റെ വീട്ടിലാ നിക്കാന്ന് പറഞ്ഞിണ്ട്. അവന്റെ ബർത്ഡേയാ"
തന്റെ പതിനേഴാമത്തെ വയസിൽ താൻ എന്തു ചെയ്തിരിക്കാമെന്ന് ഭാനു വെറുതെ ഓർത്തു. അത്രയ്ക്ക്  ഓർക്കാനൊന്നുമില്ല. അച്ഛൻ മരിച്ചതും മോഹനേട്ടനെ പ്രേമിച്ചതിന്റെ പേരിൽ തന്നെയും അമ്മയേയും രായ്ക്കുരാമാനം നാട് കടത്തിയതും തന്റെ പതിനേഴാമത്തെ വയസിലാണ്! മുതിർന്നവരോട് നുണ പറയാൻ ഭയമുള്ള കാലം. സത്യം പുറത്തായാൽ ചോദ്യം ചെയ്യലിനോടൊപ്പമായിരുന്നു അടി.വെറും അടിയല്ല, പൊടിപൂരം! ഇതിപ്പോ കൂട്ടുകാരന്റെ വീട്ടിലാ ഉറക്കമെന്നും പറഞ്ഞ് പൊറുതിക്ക് വന്നിരിക്കുന്നതോ?
"എവിടൊക്കെയോ കണ്ടു മറഞ്ഞ മുഖാ നിനക്ക്. ഭയങ്കര പരിചയം തോന്നാ.നിന്റെ പേരെന്താ..?"
" വിഷ്ണു"
" ചേച്ചീടെ..?"
" ഭാനു."
" ചേച്ചിക്ക് വേറെ ആരൂല്യേ?"
"ഇല്ല"
" ഈ പണി ആയോണ്ട് പെണങ്ങി പോയിണ്ടാവും.. ലേ?"
അവൾ മറുപടിയൊന്നും പറഞ്ഞില്ല.
"നിന്റെ വർത്താനത്തിനൊരു നമ്പൂരി ചുവയുണ്ടല്ലോ"
"ഉം. അതെന്ന്യാ"
അവനൊരു അലസഭാവത്തിൽ പറഞ്ഞു.
"നീയെന്താ കഴിച്ചേ..?"
"പൊറോട്ടേം സാമ്പാറും"

വര പി ആര്‍ രാജന്‍ 


" ഇപ്പഴത്തെ നമ്പൂരി പിള്ളേരേ നല്ലസ്സലായിട്ട് നോൺ കഴിക്കും. നിനക്കും കഴിച്ചൂടെ..?"
"അയ്യട! ഇന്നേവരെ ശീലല്യ അത്.പൂജാമുറീല് വെളക്ക് വെയ്ക്കണതും ചുറ്റമ്പലത്തില് തിരി തെളിയിക്കണതും ഞാനാ"
"ഓഹോ..!അപ്പൊ ഇത് ശീലണ്ടോ ആവോ..? അതോ നമ്പൂരിശ്ശന്റെ തേവർക്കും കൂട്ടർക്കും ന്നെ പിടിക്ക്യോ..?"
നമ്പൂരി ഭാഷയിലുള്ള ആ തമാശചോദ്യം വിഷ്ണുവിന് നന്നേ ഇഷ്ടപെട്ടു. രണ്ടുപേരും തുറന്നു ചിരിച്ചു.
"ഇന്ന് ഫ്രണ്ടിന്റെ ബർത്ത്ഡേ പാർട്ടി ണ്ടായിരുന്നു. നോൺ കഴിക്കാൻ കുറേ നിർബന്ധിച്ചു.കഴിച്ചില്യ. അത് മാത്രല്ല ലിക്കറിനും നിർബന്ധിച്ചു."
" ന്നിട്ട് കുടിച്ചോ..?"
" ഏയ് ... ഇല്യല്യ"
ഭാനു ഒരു കസേര വലിച്ചിട്ടിരുന്നു.
"എന്റെ പാവത്തരം മാറ്റിത്തരാം ന്ന് പറഞ്ഞിട്ടാ അവരെനിക്ക് വീഡിയോ സ് ഒക്കെ കാണിച്ചു തന്നത്."
" ന്നിട്ട് പാവത്തരം മാറ്യോ..?"
" മാറി ന്ന് പറഞ്ഞപ്പോ അവർക്ക് വിശ്വാസല്യ . ചേച്ചീടടുത്ത് ഒരു രാത്രി കഴിഞ്ഞാൽ വിശ്വസിക്കാം ന്നാ ബെറ്റ്."
കാലഘട്ടത്തിന്റെ ഭീകരമായ മാറ്റമോർത്ത് ഭാനു അതിശയിച്ചിരുന്നു.. ഭാനുവും ബെറ്റ് വെച്ച് കളിച്ചിരുന്നു.അതൊക്കെ വല്ല മിഠായിക്കോ പേനക്കോ ഒക്കെയാവും. ഇതിപ്പോ ഈയിളം പ്രായത്തിൽ ഒരു രാത്രി ഒരു സ്ത്രീയോടൊപ്പം!ഉൾഭയമുള്ള കുട്ടികൾ വഴിതെറ്റി പോകുന്നത് ഈ വിധമാണ്.അതിനൊരു ഉദാഹരണമാണ് വിഷ്ണു!
"ഇപ്പൊ ഇവിടെ പൊലീസ് വന്നാ നീയെന്തു ചെയ്യും?"
പയ്യൻ 'അയ്യോ' എന്ന് നിലവിളിച്ചുകൊണ്ട് എണീറ്റു. ഭാനു കളിയാക്കി ചിരിച്ചു.
"ന്തേ കയ്യോ ന്ന് ? പേടി മാറ്യേ ആളല്ലേ?"
" ന്റെ പേട്യൊന്നും മാറീട്ടില്യ. അല്ലെങ്കിത്തന്നെ ഇങ്ങന്യാ പേടി മാറ്റാ..?"
"ആവോ പോയി നിന്റെ കൂട്ടുകാരോട് ചോയ്ക്ക്."
"പണ്ടത്തെപോലെ റെയ്ഡ് ഒക്കെ ണ്ടെങ്കി നീയെവിടാവും ന്ന് അറിയോ..? കുട്ട്യോൾടെ ജയിലില്!"
അവർക്കിടയിൽ പേടിപ്പെടുത്തലുകളുണ്ടായി, ആശ്വസിപ്പിക്കലുകളുണ്ടായി,സൗഹൃദ സംഭാഷണങ്ങളുണ്ടായി, പൊട്ടിച്ചിരികളുണ്ടായി, സ്നേഹ വാത്സല്യങ്ങളുണ്ടായി.
"നിനക്ക് വല്ല പ്രേമങ്ങാനും ണ്ടോ?"
" ഏയ്.. ചേച്ചിക്കോ?"
" ണ്ടാർന്നു കുഞ്ഞീതില്. നിന്നെപോലത്തെ ഒരു നമ്പൂരിശ്ശനെ. മുത്തശ്ശി സമ്മതിച്ചില്ലെങ്കി അതുവരെ കൊളുത്തിയിരുന്ന കെടാവിളക്ക് കെടുത്തീട്ട് ന്നേം കൊണ്ട് നാടുവിടുംന്ന് പറഞ്ഞിരുന്ന ഒരു പാവം നമ്പൂരിശ്ശൻ"
" ന്റെ ശിവനേ ... കെടാവിളക്ക് കെടുത്ത്വെ !"?
വിഷ്ണു നെഞ്ചിൽ കൈവെച്ചു. ഭാനു ഒരൽപം പുച്ഛത്തോടെ ചോദിച്ചു:
"ന്തേ കെടാവിളക്കിന് കെട്ടൂടെ.. ഊതിയാൽ കെടാത്ത ഏത് വിളക്കാടാ ഉള്ളത്?"
"അങ്ങനെ പാടില്യ ന്നാ ഞാൻ പറയണതേ. ഈശ്വരകോപണ്ടാവും"
" ഒലക്കണ്ടാവും!ഒരു പെണ്ണിനേം കൊണ്ട് ഒളിച്ചോടാൻ പേടി.അതന്നെ"

പുറത്ത്,മഴ വീണ്ടും ചിലങ്ക കെട്ടിയാടാൻ തുടങ്ങി. നാദമേളങ്ങളുമായി ഇടിയും മിന്നലും മഴയാട്ടത്തിന് മോടികൂട്ടി. പേടിയാൽ,ബെഡിൽ കിടന്നിരുന്ന പുതപ്പെടുത്ത് പുതച്ചുകൊണ്ട് വിഷ്ണു, ഭാനു ചോദിക്കാതെത്തന്നെ വീടിനെക്കുറിച്ച് പറയാൻ തുടങ്ങി.
"ഞങ്ങളീ നാട്ടിൽ വന്നിട്ട് ഒരഞ്ചു പത്തു കൊല്ലം ആവണേള്ളൂ ചേച്ചീ. അച്ഛന് കൂടൽമാണിക്യം ക്ഷേത്രത്തില് ശാന്തിപ്പണി ണ്ട്. വല്യൊരു ഇല്ലത്തൂന്ന് സർവതും നഷ്ടപ്പെട്ട് ഇറങ്ങേണ്ടി വന്നതാ ഞങ്ങക്ക്. മുത്തശ്ശി മരിച്ചതോടെ സ്വത്തും ഇല്ലോം ഒക്കെ അമ്മായിമാരും ചെറിയച്ഛനും കൂടി വഴക്ക്ണ്ടാക്കി സ്വന്താക്കി. അച്ഛൻ ഒന്നിനും പോയില്യ. മുത്തശ്ശി കെടക്കണ മണ്ണ് ത്തിരി വാരീട്ട് ഇറങ്ങി ന്നാ പറയണേ. അച്ഛന്റെ വേളി കഴിഞ്ഞ പിറ്റേ കൊല്ലം മുത്തശ്ശി മരിക്കേം ചെയ്തു."
ഭാനു കഥ കേൾക്കാനിഷ്ടമുള്ള കുഞ്ഞിനെപോലെ കൗതുകത്തോടെയിരുന്നു.
"പക്ഷേ മുത്തശ്ശി ജീവിച്ചിരിക്കുമ്പോത്തന്നെ, കല്യാണത്തിനും മുന്നേ അച്ഛനെ ഇല്ലത്തൂന്ന് ഇറക്കിയിരിക്കണൂ. കീഴ്ജാതിക്കാരി പെണ്ണിനെ പ്രേമിച്ചേന്.ന്നിട്ട് അച്ഛനറിയാതെ ആ പെണ്ണിനേം വീട്ടുകാരേം വേറെ എങ്ങോട്ടോ നാടുകടത്തിത്രെ.അവരെ കുറേ അന്വേഷിച്ചിട്ടും ഫലല്യാണ്ടായപ്പഴാ അച്ഛൻ വേറെ  വേളി കഴിച്ചത്."
ഭാനുവിന്റെ ഉള്ളൊന്നു കാളി.ഈശ്വരാ ഇവനാരാ ..? പറയുന്ന കഥയിലെ ആ ഭ്രഷ്ട് ചെയ്യപ്പെട്ട നായികയ്ക്ക് തന്റെ രൂപമുള്ളതായി ഭാനുവിന് തോന്നി. ഇനിയിവൻ മോഹനേട്ടന്റെ മകനാണോ....?അവളുടെ ഹൃദയം, പറഞ്ഞതനുസരിക്കാത്ത കുഞ്ഞിനെപോലെ ചാടിമറിയാൻ തുടങ്ങി.
"ന്തായാലും യ്ക്ക് പാരമ്പര്യായി പേടി മാത്രേ കിട്ടീട്ട്ള്ളൂ. പിന്നെ ത്തിരി ദൈവവിശ്വാസോം . അല്ലാതെ ജാതി മതം ന്നൊക്കെ പറഞ്ഞ് മനുഷ്യൻമാരെ മാറ്റിനിർത്താനൊന്നും നിയ്ക്കിഷ്ടല്യ"
ഭാനു എത്ര പെട്ടെന്നാണ് പതിനേഴാം വയസിലേയ്ക്കോടി പോയത്! വിഷ്ണു പറഞ്ഞുകൊണ്ടേയിരുന്നു:
"അമ്മ ഇടയ്ക്ക് അച്ഛനെ കളിയാക്കും പ്രേമിച്ച പെണ്ണിനെ ഇറക്കിക്കൊണ്ടരാൻ പേടിള്ള നട്ടെല്ലില്ലാത്ത നമ്പൂരിശ്ശാ ന്ന്. അച്ഛൻ ചിരിക്കും അമ്മേം"
അവൾ എണീറ്റ് അടുക്കളയിലേയ്ക്ക് നടന്നു.അമ്മയുടെ പിന്നാലെ കുഞ്ഞെന്നപോലെ വിഷ്ണുവും.മുഖത്തോടു മുഖം നോക്കി വർത്താനം പറയാനും ചിരിക്കാനും മനസ്സുറപ്പില്ലെന്ന് തോന്നിയതുകൊണ്ട് ഭാനു വേഗം കാപ്പിയ്ക്കുള്ള വെള്ളം സ്‌റ്റൗവിൽ വെച്ച് വൈകീട്ടത്തെ ബാക്കിയുള്ള അട ചൂടാക്കാനെടുത്തു. സംശയിച്ചത് ശരിയാവല്ലേന്ന് പ്രാർത്ഥിച്ചുകൊണ്ട് ഭാനു ചോദിച്ചു:
"ശരിക്കും നിന്റെ ഇല്ലം എവിട്യാ..എന്താ അച്ഛന്റെ പേര് ?"
" വടക്കാഞ്ചേരി കിഴക്കേത്തറ പുഷ്പകം.. അച്ഛന്റെ പേര് മോഹനൻനമ്പൂതിരി അമ്മ ശോഭന. ഒരു ചേച്ചി ണ്ട്.. കല്യാണം കഴിഞ്ഞു.ഒരു കുട്ടി ണ്ട്."
ഭാനുവിന് തല കറങ്ങുന്നതായി തോന്നി. ഈശ്വരാ മോഹനേട്ടൻ! ഈ വന്നിരിക്കുന്നത് മോഹനേട്ടന്റെ മകൻ! സംശയിച്ചത് സത്യം തന്നെ. ഇടയ്ക്കിടെ ഭയപ്പെടുത്താൻ വരുന്ന മിന്നലിന് തന്റെ മേലൊന്ന് തൊട്ടാലെന്തെന്ന് ഭാനു മോഹിച്ചു.ഓർമകളുടെ മിന്നലേറ്റ് കരുവാളിച്ച പൂവായി അവളങ്ങനെ നിന്നു!നെയ്രസമുള്ള അവിയലും കടുമാങ്ങയും കൂട്ടി എത്രയെത്ര ഉരുളകളാണ് സ്കൂളിൽ ഉച്ചയൂണിന്റെ സമയത്ത് തനിക്ക് ഉരുട്ടിത്തന്നിട്ടുള്ളത്. മനപ്പറമ്പിലെ തേൻവരിക്കയും പ്രിയൂർമാങ്ങയും ആദ്യം രുചിക്കുന്നത് താനായിരിക്കും.പിന്നെ വൈകുന്നേരങ്ങളിൽ കണ്ണുപൊത്തി കളിക്കുമ്പോൾ ആരുമറിയാതെ കവിളത്ത് തന്നിരുന്ന ഉമ്മകൾ, ഓണക്കാലത്ത് ആർക്കും കൊടുക്കാതെ പൂക്കളമിടാൻ തന്നിരുന്ന പൂക്കൾ,വിഷുവിന് മനയ്ക്കലെ ഉമ്മറത്ത് വെച്ചിരിക്കുന്ന കണി കാണാൻ ചെല്ലുമ്പോൾ തനിക്ക് മാത്രം നൽകിയിരുന്ന കൈനീട്ടങ്ങൾ, 'നല്ല രുചിയുണ്ട് കഴിച്ചുനോക്ക് ' എന്നും പറഞ്ഞ് തന്നിരുന്ന വെണ്ണയും കൽകണ്ടവും ചേർത്ത പഴംനുറുക്കുകൾ...ആ മോഹനേട്ടൻ ഒരു മുത്തശ്ശനായിരിക്കുന്നു!വീടുമുഴുവൻ തിളച്ചുപൊന്തുന്ന ഓർമകളുടെ ചൂര് നിറഞ്ഞു.ഭാനുവിന് പനിക്കുന്നുവെന്ന് തോന്നി.

" ചേച്ചീ.. വെള്ളം തിളയ്ക്കണു"
വിഷ്ണുവിന്റെ ഓർമപെടുത്തലിൽ അവൾ വർത്തമാനകാലത്തിലേയ്ക്ക് ഞെട്ടറ്റുവീണു.എന്നിട്ടും, അവളൊരമ്മയായി രൂപാന്തരപ്പെട്ടു!വേഗം കാപ്പിയുണ്ടാക്കി കപ്പുകളിൽ പകർത്തി,അട ചൂടാക്കിയെടുത്തു,ഷെൽഫിൽനിന്നും കുറച്ച് മിക്സ്ചറും പഴം വറുത്തതും പ്ലേറ്റിലാക്കി. വിഷ്ണു അന്തിച്ചിരുന്നു! അവൻ ഒരു കപ്പ് കാപ്പിയെടുത്ത് ചുണ്ടോട് ചേർക്കുമ്പോൾ ഭാനു, ഇനിയവനെന്ത് കൊടുക്കണമെന്ന ചിന്തയിലായിരുന്നു.
"ന്താദ്..ന്റെ കഥ ഇത്തിരി കേട്ടപ്പഴേക്കും ന്നോട് ഇത്രേം സ്നേഹോ !"
ഭാനു നിറഞ്ഞ കണ്ണുകൾ മറയ്ക്കുന്നതിനായി പുറംതിരിഞ്ഞുനിന്ന് അലമാരയിലെന്തോ തിരഞ്ഞു !അടയെടുത്ത് കഴിച്ചുകൊണ്ട് വിഷ്ണു വീണ്ടും പറഞ്ഞു:
"ന്നാ പിന്നെ ന്റെ ചേച്ചീടെ പേരുംകൂടി കേട്ടോ.ഭാനു! ചേച്ചി ഭാനു മോഹൻ ഞാൻ വിഷ്ണു മോഹൻ"
എന്നിട്ടവൻ കുടുകുടാന്ന് വെറുതെ ചിരിച്ചു. ഭഗവാനേ! പേരുകൾ തമ്മിൽ എന്നെന്നേക്കുമായി ചേർത്തുവെച്ചിരിക്കുന്നു. ഭാനുമോഹൻ!മണ്ണിരയിൽ കൊളുത്തി മേൽപോട്ടുയരുന്ന മീനിന്റെയുള്ള്പോലെ അവളൊന്നാളി.ഭാനു വിഷ്ണുവിനെ നോക്കി. അവൻ കാപ്പികുടിക്കുകയും പഴം വറുത്തത് കഴിക്കുകയും ചെയ്യുന്നു. എന്റെ കുഞ്ഞേ..നിനക്കറിയില്ലല്ലോ നിന്റച്ഛൻ ചേച്ചിക്കിട്ട പേര് ആരുടേതാണെന്ന് ? നിന്റമ്മ ഇടയ്ക്കിടെ കളിയാക്കുന്ന ചെറുപ്പത്തിലെ ആ കാമുകി ആരാണെന്നും നിനക്കറിയില്ലല്ലോ ? ഒരു പെണ്ണിനെ ഇറക്കിക്കൊണ്ടോവാൻ പേടിയുള്ള നമ്പൂരിശ്ശനെന്ന് ഞാൻ കളിയായി പറഞ്ഞത് ആരെയാണെന്നും നിനക്കറിയില്ലല്ലോ ?വേണ്ട, നീയൊന്നുമറിയണ്ട! അന്നത്തെ ഭാനു എങ്ങനെയിങ്ങനെയായി എന്ന് നീ ചോദിക്കും. ചിലപ്പോ പറയേണ്ടിവരും ഭർത്താവിനാൽ മയക്കുമരുന്നിനടിമയാക്കപ്പെട്ട ഒരുവളെകുറിച്ച്, അവളുടെ അന്നത്തെ കുത്തഴിഞ്ഞ ജീവിതത്തെകുറിച്ച്, ഇഷ്ടക്കാരനോടൊപ്പം എങ്ങോട്ടോ ഇറങ്ങിപോയ അമ്മയെകുറിച്ച്,ഡിഅഡിക്ഷൻ സെന്ററിൽനിന്നും വന്ന പുതിയൊരുവളെകുറിച്ച്, പുതിയവളെ കാത്തിരുന്ന ഈ ജീവിതത്തെകുറിച്ച് ... വേണ്ട.നീയൊന്നുമറിയണ്ട. അറിഞ്ഞാൽ ചിലപ്പോ നീ വേദനിച്ചേക്കും.അല്ലെങ്കിൽ അവിശ്വസിച്ചേക്കും!നിന്റച്ഛനറിഞ്ഞാൽ നിന്നേക്കാളിരട്ടി വേദനിക്കും. ചിലപ്പോ കാണാൻ ശ്രമിക്കും. ഒരു കൂടിക്കാഴ്ച മരണംവരെ ഇനി സാധിക്കില്ല!

ഭാനു,മാതൃസ്നേഹം കുത്തിയൊലിക്കുന്ന ഒരു പുഴയായി.
" ഞാൻ .. ഞാൻ നിനക്ക് ചോറ് വാരിത്തരട്ടെ ?"
വിഷ്ണു ഞെട്ടി!
" ഏയ്‌ .. വാരിത്തര്വൊന്നും വേണ്ട. ചോറ് വിളമ്പിക്കോ.ഇന്ന് ചേച്ചീടെ കൂടെയാവാം അത്താഴം "
അവർ ഒരുമിച്ചിരുന്ന്, നെയ്രസമുള്ള അവിയലും കടുമാങ്ങാ അച്ചാറും പപ്പടവും ചീരകറിയും കൂട്ടി ഊണ് കഴിച്ചു.വീട്ടിലെ വിശേഷങ്ങൾ കേട്ട്, മോഹനേട്ടന്റെ വിശേഷങ്ങൾ കേട്ട് മതിവരാതെ ഭാനു വെറുതേ ഓരോന്ന് ചോദിച്ചുകൊണ്ടേയിരുന്നു.
മഴ നന്നേ കുറഞ്ഞു.പറഞ്ഞതിനേക്കാളേറെ സമയം വൈകിയതുകൊണ്ട് വിഷണു പോകാനെണീറ്റു. 
"പോട്ടെ ട്ടോ.അവന്മാരിപ്പോ വന്നു പോയിട്ടുണ്ടാവും.ഞ്ഞി ജംഗ്ഷൻ വരെ നടക്കണം.എപ്പഴേങ്കിലും കാണാം.. എടയ്ക്ക് അമ്പലത്തില് വരൂ.ഞ്ഞി ങ്ങട് വരോന്ന് ഉറപ്പില്യ.ന്നാലും.."
ഭാനു വിതുമ്പി.
"വിഷ്ണൂ .. നീയിപ്പോ ന്നെ എങ്ങന്യാ കാണണേ..?"
"അങ്ങനെ ചോയ്ച്ചാ....ചേച്ചിപ്പോ ന്റെ ചേച്ച്യാ.. പോരേ?"
അതൊരു വെറുംപറച്ചിലാണെന്ന് അവൾക്ക് അറിയാമായിരുന്നു.
ഭാനുവിനെ ഒരുപാടൊരുപാട് പൊള്ളിക്കുന്ന ഭൂതകാലത്തെ ആ വീട്ടിലുപേക്ഷിച്ചിട്ട് വിഷ്ണു ചിരിച്ചിട്ടിറങ്ങി നടന്നു.ഭാനു കതകടച്ച് കരഞ്ഞു.അവൻ പുതച്ച് മാറ്റിയിട്ട പുതപ്പെടുത്ത് ഭാനു മുഴുവനായും മൂടി പനിച്ചുറങ്ങി.മറന്നുമറന്ന് മണ്ണടിഞ്ഞെന്നു കരുതിയ ഓർമകളെല്ലാം മുളച്ചുപൊന്തി അവൾക്ക് കാവലിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക