Image

21% വേതന വർധന ഓട്ടോ വർക്കേഴ്സ് യൂണിയൻ നിരസിച്ചു; 40% കിട്ടിയേ തീരൂ (പിപിഎം)

Published on 18 September, 2023
21% വേതന വർധന ഓട്ടോ വർക്കേഴ്സ് യൂണിയൻ നിരസിച്ചു; 40% കിട്ടിയേ തീരൂ (പിപിഎം)

വാഹന നിർമാണ ശാലകളിൽ 21% വേതന വർധന നൽകാമെന്ന നിർമാതാക്കളുടെ വാഗ്‌ദാനം യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് യൂണിയൻ തള്ളി. 40% വേണമെന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്നു യൂണിയൻ പ്രസിഡന്റ് ഷോൺ ഫെയ്ൻ വ്യക്തമാക്കി. 

വ്യാഴാഴ്ച്ച അർധരാത്രി ആരംഭിച്ച പണിമുടക്കിൽ 12,700 ജീവനക്കാരാണ് പങ്കെടുക്കുന്നത്. സമ്പദ് വ്യവസ്ഥയിൽ തങ്ങളുടെ ന്യായമായ പങ്കും അധ്വാനത്തിന്റെ ഓഹരിയുമാണ് ആവശ്യപ്പെടുന്നതെന്നു ഫെയ്ൻ പറഞ്ഞു. 

ചർച്ചകളിൽ പുരോഗതിയുണ്ടെന്നു അദ്ദേഹം സമ്മതിച്ചു. എന്നാൽ അത് ഇഴഞ്ഞാണു പോകുന്നത്. ജനറൽ മോട്ടോഴ്‌സുമായി ഞായറാഴ്ച്ച ചർച്ച തുടങ്ങി. സ്റെല്ലന്റിസ്, ഫോർഡ് എന്നിവയുമായി തിങ്കളാഴ്ച ചർച്ച വച്ചിട്ടുണ്ട്. 

"ജൂലൈ മുതൽ ഞങ്ങൾ വച്ച നിർദേശങ്ങൾ കണക്കിലെടുത്തു ചർച്ചയ്ക്കു വരാൻ കമ്പനികൾ തയാറായില്ലെന്നതു നാണക്കേടാണെന്നു ഫെയ്ൻ പറഞ്ഞു. 

ഫോർഡ്, ജനറൽ മോട്ടോഴ്‌സ്, ക്രൈസ്‌ലർ എന്നീ കമ്പനികളുടെ സി ഇ ഒ മാർക്കു 40% വേതന വർധന നൽകിയെന്നു ഫെയ്ൻ ചൂണ്ടിക്കാട്ടി. അതിനു തുല്യമായ വർധനയ്ക്കു പുറമെ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി എന്നതാണ് യൂണിയൻ വച്ചിട്ടുള്ള മറ്റൊരു പ്രധാന ആവശ്യം. 

എക്സിക്യൂട്ടീവുകളുടെ വേതനവും ആനുകൂല്യങ്ങളും കുത്തനെ ഉയരുമ്പോൾ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും താഴോട്ടാണെന്നു ഫെയ്ൻ പറഞ്ഞു. വാഹനങ്ങളുടെ വില കൂട്ടാതെ ഞങ്ങളുടെ ശമ്പളം ഇരട്ടിയാക്കിയാൽ പോലും അവർക്കു ബില്യൺ കണക്കിനു ഡോളർ ലാഭമുണ്ടാവും. 

പണിമുടക്ക് തുടരുമ്പോൾ ഫോർഡ് റേഞ്ചർ, ബ്രോങ്കോ, ജീപ്പ് റാൻഗ്ലർ, ഷെവർലെ കൊളറാഡോ എന്നിവയുടെ നിർമാണം നിലയ്ക്കുകയാണ്. 

കാനഡയിലും പണിമുടക്ക് 

കാനഡയിൽ ഫോർഡ് ജീവനക്കാർ തിങ്കളാഴ്ച്ച പണിമുടക്ക് ആരംഭിക്കും. കമ്പനിയും ജീവനക്കാരുമായുള്ള കരാർ തിങ്കളാഴ്ച അർധരാത്രി അവസാനിക്കയാണ്. യുനിഫോർ യൂണിയൻ പ്രസിഡന്റ് ലാന പെയ്ൻ പറയുന്നത് ചർച്ചകൾ വഴി മുട്ടി എന്നാണ്. 

ഫോർഡിന്റെ കാനഡയിലെ ഏക അസംബ്ലി പ്ലാന്റ് ടൊറോന്റോയുടെ പ്രാന്ത പ്രദേശത്തു ഒക്‌വില്ലിൽ ആണുള്ളത്. 

UAW rejects 21% wage increase 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക