Image

പറ‍ഞ്ഞും എഴുതിയും വിസ്മയിപ്പിച്ച ഗുരുനാഥൻ : എസ്. ബിനുരാജ്

Published on 18 September, 2023
പറ‍ഞ്ഞും എഴുതിയും വിസ്മയിപ്പിച്ച  ഗുരുനാഥൻ  : എസ്. ബിനുരാജ്

പിറവി എന്ന ചിത്രത്തില്‍ ഒരു ദൃശ്യമുണ്ട്. തന്‍റെ മകനെ അന്വേഷിച്ചു പോകുന്ന പ്രേംജിയുടെ കഥാപാത്രം ബസിലിരുന്ന് ഇരുട്ടിലേക്ക് നോക്കുന്ന ഒരു ഷോട്ട്. മകന്‍ ജീവിച്ചിരുപ്പുണ്ടെന്ന പ്രതീക്ഷയുണ്ടെങ്കിലും ഇനി എന്താകുമെന്ന് ഒരു ഉറപ്പുമില്ലാത്ത നിരാശാഭരിതമായ ഒരു നോട്ടം. 

രാജന്‍ സംഭവമല്ല പിറവി എന്ന് ഷാജി എന്‍ കരുണ്‍ പറഞ്ഞതായി അക്കാലത്ത് മാതൃഭൂമയില്‍ വാര്‍ത്ത വന്നത് ഓര്‍ക്കുന്നു. പക്ഷേ പിറവിക്ക് മേല്‍ പതിഞ്ഞ ആ മുദ്ര ഇനിയൊരിക്കലും മായില്ലതന്നെ. 

രാജനെ തിരക്കി ഈച്ചരവാര്യര്‍ നടക്കുമ്പോള്‍ ശരിക്കും ഇങ്ങനെ ബസിലിരുന്ന് ഇരുട്ടിലേക്ക് നോക്കിയിട്ടുണ്ട്. അതിന് സാക്ഷിയായത് കഴിഞ്ഞ ദിവസം അന്തരിച്ച ഓമനക്കുട്ടന്‍ സാറും. അത് എങ്ങനെ സിനിമയില്‍ അതേപടി വന്നു എന്നോര്‍ത്ത് ഓമനക്കുട്ടന്‍ സര്‍ വിസ്മയിച്ചിരുന്നു. സംവിധായകനായ ഷാജിക്കോ തിരക്കഥയൊരുക്കിയ എസ് ജയചന്ദ്രന്‍ നായര്‍ക്കോ ഈച്ചരവാര്യരുടെ ഈ ഇരിപ്പിനെ കുറിച്ച് അറിയില്ല. പിന്നെ അതെങ്ങനെ അതേപടി സിനിമയില്‍ വന്നു? കലയുടെ സര്‍വാത്മനഭംഗിക്കും സനാതനസത്യത്തിനും മുന്നില്‍ അത്ഭുതത്തോടെ നിന്നുവെന്നാണ് ഓമന‍ക്കുട്ടന്‍ സര്‍ പറഞ്ഞത്.

കോളേജ് അധ്യാപകരായി കോഴിക്കോട്  മീഞ്ചന്തയില്‍ ഒരു മുറിയില്‍ താമസിക്കുമ്പോഴാണ് ഈച്ചരവാര്യരുമായി ഓമനക്കുട്ടന്‍ സര്‍ അടുക്കുന്നത്. കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജില്‍ പഠിച്ചിരുന്ന രാജന്‍ എല്ലാ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും അച്ഛനെ കാണാന്‍ മുറിയിലെത്തും. അങ്ങനെ രാജനുമായും ഓമനക്കുട്ടന്‍ സാറിന് സൗഹൃദമുണ്ടായി. 

രാജനെ തിരക്കി നടക്കുവാന്‍ ഈച്ചരവാര്യര്‍ക്കൊപ്പം ഓമനക്കുട്ടന്‍ സാറുമുണ്ടായിരുന്നു. അന്ന് പലരും പേടിച്ചിട്ട് ഈച്ചരവാര്യരെ കണ്ടാല്‍ ഒഴിഞ്ഞു മാറുമായിരുന്നു. കോഴിക്കോട് കക്കയത്തും മറ്റു തിരക്കി എറണാകുളത്തേക്ക് മടങ്ങുന്ന ഒരു രാത്രിയിലാണ് രാജന്‍ കൊല്ലപ്പെട്ടുവെന്ന് ഓമനക്കുട്ടന്‍ സാര്‍ മനസിലാക്കുന്നത്. പക്ഷേ  മകന്‍ എവിടെയോ ജീവിച്ചിരുപ്പുണ്ടെന്ന പ്രതീക്ഷയില്‍ അന്വേഷണം തുടരുന്ന  ഈച്ചരവാര്യരോട് ഇതെങ്ങനെ പറയും?

എടപ്പാള്‍ വച്ച് യാത്രക്കാര്‍ക്ക് ചായ കുടിക്കാനും മറ്റുമായി ബസ് നിര്‍ത്തി. ചായ കുടിക്കാന്‍ ഇറങ്ങുന്നോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഇറങ്ങിയില്ല. വണ്ടിയില്‍ നിന്നിറങ്ങി ഓമനക്കുട്ടന്‍ സര്‍ നോക്കുമ്പോള്‍ അദ്ദേഹം ഇരുട്ടിലേക്ക് നിശ്ചലനായി നോക്കി ഇരിക്കുന്നു. ഈ ഇരിപ്പാണ് അതേ പടി സിനിമയില്‍ വന്നത്.  

ഇങ്ങനെ ഒരുപാട് ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ മനുഷ്യനായിരുന്നു ഓമനക്കുട്ടന്‍ സാര്‍. പരിചയപ്പെടുന്നവരില്‍ ഒരിക്കലും മറക്കാനാവാത്ത മുദ്ര പതിപ്പിക്കുന്ന, അസാധാരണ ഓര്‍മശക്തിയുള്ള മനുഷ്യന്‍. ദേശങ്ങളും വ്യക്തികളുമായിരുന്നു സാറിന്‍റെ പ്രപഞ്ചം. ഓരോ ഇടങ്ങളെ കുറിച്ചും മനുഷ്യരെ കുറിച്ചും കമ്പ്യൂട്ടറിലെന്ന പോലെ ഓര്‍മ്മകള്‍ സൂക്ഷിക്കുകയും അത് ഇടയ്ക്കിടെ പറ‍ഞ്ഞും എഴുതിയും വിസ്മയിപ്പിച്ച മനുഷ്യനായിരുന്നു ഓമനക്കുട്ടന്‍ സര്‍.

ഒരു ഫിലിം ഫെസ്റ്റിവല്‍ കാലത്ത് തിരുവനന്തപുരത്ത് വച്ചാണ് അദ്ദേഹത്തെ കാണുന്നത്. പക്ഷേ പരിചയപ്പെടാന്‍ കഴിഞ്ഞില്ല. എന്നാല്‍ അദ്ദേഹം എനിക്ക് പരിചയപ്പെടുത്തിയത് എനിക്ക് അപ്രാപ്യരായ എത്രയോ വ്യക്തിത്വങ്ങളെയാണ്. ഉള്ളില്‍ തൊടുന്ന മനോഹരമായ ഭാഷയില്‍ അദ്ദേഹം എഴുതി. ആ അര്‍ത്ഥത്തില്‍ അദ്ദേഹം എന്‍റെയും ഗുരുനാഥനാണ്. ആദരാഞ്ജലികള്‍.

പറ‍ഞ്ഞും എഴുതിയും വിസ്മയിപ്പിച്ച  ഗുരുനാഥൻ  : എസ്. ബിനുരാജ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക