പഴയ പെൺകുട്ടി തപസ്സിലാണിപ്പോൾ
പുനർജനിച്ചവൾ എഴുത്തിലാണിപ്പോൾ
എഴുതുമ്പോൾ കയ്യിൽ ഉടഞ്ഞ വാക്കിൻ്റെ
തരിച്ചില്ല് വീണ് മുറിയുന്നുമുണ്ട്
പകച്ചുരുളിൻ്റെ പുക പടർന്നതിൽ
പഴയ പെൺകുട്ടി തളർന്നുറങ്ങുന്നു
പഴയ പെൺകുട്ടി മിഴിയിലായ് ഭീതി-
നിറച്ച് മെല്ലവേ തിരിച്ച് പോകുന്നു
പുതിയ പെൺകുട്ടി നിസ്സംഗയാകുന്നു
പഴയ പെൺകുട്ടി നിശ്ശബ്ദയാകുന്നു.
പുതിയ പെൺകുട്ടി വലച്ചുരുളിലായ്
കുരുങ്ങി വീണൊരു ഹൃദയമായ് മാറി
പതിയെ സ്പന്ദിക്കും ഹൃദയത്തെയൊരു
കവിതയിൽ കോർത്തിട്ടവൾ ശ്വസിക്കുന്നു
അവളുടെ കഥയെഴുതുവാനിന്ന്
അവൾക്ക് മാത്രമേ കഴിയുകയുള്ളൂ
അലകൾ പോലെ വന്നിരമ്പുന്ന കാറ്റിൻ
പ്രണയസൗരഭം കപടമെന്നത്
അറിയും പെൺകുട്ടിയത് മറക്കുവാൻ
ചിരിക്കുവാനായി പരിശ്രമിക്കുന്നു
ചിരിക്കുമ്പോളത് ചിരിയല്ലാതായി
കൊഴിഞ്ഞുപോകുന്നു. ഉടഞ്ഞു പോകുന്നു
പഴയ പെൺകുട്ടി മിഴികളിൽ സ്വപ്ന-
ത്തരിയുമായ് വന്നോരിലപ്പച്ചത്തളിർ
അവൾ മരവിച്ച് മനസ്സിൻ്റെയേതോ-
അറയിലായ് ഭയന്നൊളിച്ചിരിക്കുന്നു
വളർന്നവൾ അറിവറിഞ്ഞവൾ ഇന്ന്
ശിരസ്സിലായ് ഭാരം ചുമന്ന് നിൽക്കുന്നു
കപടനാടകം തുടരുന്ന വേദിക്കരികിൽ
നിന്നവൾ നടന്നു നീങ്ങുന്നു
അവൾക്കാകെ തീരെ മുഷിഞ്ഞിരിക്കുന്നു
അവൾക്കാകെ തീരെ മടുത്തിരിക്കുന്നു
പ്രകോപനത്തിൻ്റെ പ്രണയകാന്തങ്ങൾ
അവൾക്ക് മുന്നിലായ് നിസ്സംഗമാകുന്നു
പഴയ പെൺകുട്ടിയുറങ്ങിപ്പോകുമ്പോൾ
പുതിയവൾ കാവലിരിക്കുന്നു മുന്നിൽ
പഴയസ്വപ്നങ്ങൾ മരവിച്ച് പോയി
പുതിയവൾ സ്വപ്നം തിരയാറുമില്ല
കവിതയിൽ നിന്ന് കവിതയിലേയ്ക്ക്
വരുന്നു, പോകുന്നു ഋതുക്കളെ പോലെ!
ഇടയ്ക്ക് കാറ്റുണ്ട്, പെരുമഴയുണ്ട്
കനത്ത വേനലും വസന്തവുമുണ്ട്
പ്രകൃതിയെന്നുമേ പ്രകോപനത്തിൻ്റെ
വലിയ ക്യാൻവാസ് വിരിക്കാറുമുണ്ട്
എഴുതുമക്ഷരമനന്തതതേടിചിറകിലായ്
സ്വർണ്ണത്തരി പടർത്തുമ്പോൾ
പുതിയപെൺകുട്ടി എഴുതിത്തീരാത്ത
കവിതയൊന്നിലായ് തപസ്സിലാകുന്നു...