Image

വത്തിക്കാ൯ ഫാർമസി സ്ഥാപനത്തിന്റെ 150ആം  വർഷം: ജീവനക്കാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ് Published on 19 September, 2023
വത്തിക്കാ൯ ഫാർമസി സ്ഥാപനത്തിന്റെ 150ആം  വർഷം: ജീവനക്കാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

 

 

വത്തിക്കാനിൽ ഫാർമസി സ്ഥാപിച്ചതിന്റെ150ആം വർഷം പ്രമാണിച്ച് ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ ഗവർണ്ണറേറ്റിലെ മേലധികാരികളും ഫാർമസിയുടെ ചുമതല വഹിക്കുന്ന സന്യാസിനി സന്യാസികളും ജീവനക്കാരുമായി സെപ്റ്റംബർ പതിനെട്ടാം തിയതി കൂടിക്കാഴ്ച നടത്തി.

അവർക്കു നൽകിയ സന്ദേശത്തിൽ ഫാർമസി സ്ഥാപനത്തിനു പിന്നിലെ ചരിത്ര മുഹൂർത്തങ്ങൾ അയവിറക്കിയ പാപ്പാ, സാൻ ജൊവാന്നി ദി ദിയോ സന്യാസ സമൂഹത്തിനും ഫാർമസിയുമായി സഹകരിക്കുന്ന എല്ലാവർക്കും ജോലിക്കാർക്കും പ്രത്യേകം നന്ദി പറഞ്ഞു. 

ആശ്രമത്തോടു ചേർന്നുള്ള ഫാർമസിയുടെ പ്രാധാന്യം നന്നായി മനസ്സിലാക്കിയിരുന്ന ഗ്രിഗറി പതിനാറാമൻ പാപ്പായുടെ ഒരു സ്വപ്ന സാക്ഷാൽക്കാരമായിരുന്നു വത്തിക്കാനിലെ ഫാർമസി. പിന്നീട് വാഴ്ത്തപ്പെട്ട ഒമ്പതാം പീയൂസ് പാപ്പായാണ് ദരിദ്രർക്കായുള്ള ആതുരശുശ്രൂഷാ രംഗത്ത് നീണ്ട കാലത്തെ പരിചയമുള്ള വിശുദ്ധ ജൊവാന്നി ദി ദിയോയുടെ സന്യാസ സമൂഹത്തെ വത്തിക്കാനിൽ  ഈ സ്ഥാപനം തുടങ്ങാൻ ഏൽപ്പിച്ചതെന്നും പാപ്പാ ഓർമ്മിച്ചു. ആദ്യ ഫാർമസിസ്റ്റായ ബ്രദർ യൗസേബിയോ ഫ്രോമ്മെറെയും പിന്നീട് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ കാലഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നു വന്ന മെത്രാന്മാർക്ക് മരുന്നുകളും മറ്റും നൽകി എല്ലാ അടിയന്തിര ഘട്ടങ്ങൾക്കും തയ്യാറായി ഫാർമസിയും അതിലെ ഡോക്ടർമാരും ശുശ്രൂഷകരും നടത്തിയ സേവനവും പാപ്പാ മറന്നില്ല.

പിന്നീട് ഇന്നത്തെ ഫാർമസിയുടെ പ്രവർത്തനത്തെക്കുറിച്ച് സംസാരിക്കവെ, ഈ ഫാർമസിയെ മറ്റു ഫാർമസികളിൽ നിന്നു വ്യത്യസ്തമാക്കുന്നത് പത്രോസിന്റെ പിൻഗാമിക്കും റോമൻ കൂരിയയ്ക്കും നേരിട്ടു ശുശ്രൂഷ നൽകുന്നതു കൊണ്ടല്ല മറിച്ച്  ഉപവിയുടെ ഒരു ചേരുവ അതിലുള്ളതുകൊണ്ടാണ് എന്ന് പാപ്പാ എടുത്തു പറഞ്ഞു. മരുന്നിന്റെ വിൽപ്പനയോടൊപ്പം അവരെ വ്യത്യാസപ്പെടുത്തുന്ന ദുർബ്ബലരായവരോടുള്ള കരുതലും രോഗികൾക്ക് നൽകുന്ന പരിചരണവുമാണ്. 

ഇതു വത്തിക്കാനിലെ ജോലിക്കാരോടും താമസക്കാരോടും മാത്രമല്ല, പ്രത്യേകിച്ച് മറ്റിടങ്ങളിൽ ഒന്നും ലഭ്യമല്ലാത്ത മരുന്നുകൾ ആവശ്യപ്പെട്ടു വരുന്നവരോടും കാണിക്കുന്ന പരിഗണനയാണ്. ഇതിനെല്ലാറ്റിനും ഫാത്തേ ബേനെ ഫ്രത്തേല്ലി സന്യാസ സമൂഹത്തോടും അൽമായരായ സഹകാരികളോടും  ഫാർമസിസ്റ്റുകളോടും ജോലിക്കാരോടും പാപ്പാ നന്ദി പറഞ്ഞു. അവരുടെ ജോലിയുടെ നൈപുണ്യത്തെയും, സമർപ്പണത്തേയും, ഏവരേയും സ്വാഗതം ചെയ്യുന്ന അവരുടെ മനോഭാവത്തെയും എടുത്തു പറഞ്ഞ പാപ്പാ, കോവിഡ് കാലത്തു അവർ കാണിച്ച  സേവനതല്പരതയ്ക്കും നന്ദി പറയാൻ മറന്നില്ല.

പൊതുവായി ഫാർമസിസ്റ്റുകളുടെ ജോലി അത്ര എളുപ്പമല്ല എന്നു പറഞ്ഞ പാപ്പാ, അവരെ സമീപിക്കുന്ന പ്രത്യേകിച്ച് വൃദ്ധരായവർക്ക് ഇന്നത്തെ തിരക്കിന്റെ ജീവിത താളത്തിനിടയിൽ മരുന്നു മാത്രമല്ല ആവശ്യമെന്നും അവരുടെ ശ്രദ്ധയും, ഒരു പുഞ്ചിരിയും ഒരു ആശ്വാസവാക്കും കൂടി വേണമെന്നും അവരുടെത് ഒരു തൊഴിലല്ല ഒരു പ്രേഷിത ദൗത്യമാണെന്നും ഓർമ്മിപ്പിച്ചു.

വത്തിക്കാന്റെ ഫാർമസിയുടെ സേവനം കൂടുതൽ കാര്യക്ഷമവും ആധുനികവുമാക്കാനും പാപ്പാ ആവശ്യപ്പെട്ടു. പ്രത്യേകിച്ച്,  സുവിശേഷത്തിന്റെ സാക്ഷ്യമേകുന്ന പരിപാലനവും സ്വാഗതം ചെയ്യലും കാണിച്ചു കൊണ്ട് ഓരോ ദിവസവും ഒരുപാടു നന്മ ചെയ്യുന്ന അവരോടു ഔദാര്യപൂർവ്വം മുന്നോട്ടു നീങ്ങാൻ സ്നേഹത്തിന്റെ സൂര്യവെളിച്ചം പകരുന്ന ക്ഷമ കാണിക്കണം. ഇടയ്ക്കിടയ്ക്ക് കണ്ണുകളുയർത്തി കുരിശിലെ യേശുവിനെ നോക്കാൻ അവർക്ക് ഒരു ചെറിയ ഉപദേശവും നൽകി കാരണം അവന്റെ കുരിശിന്റെ വിദ്യാലയത്തിൽ നിന്നു പഠിച്ച് അവരുടെ ഫാർമസിയുടെ ബഞ്ചിൽ കരുണയുടെ വിതരണക്കാരാവാൻ അവർക്കു കഴിയും എന്ന് പാപ്പാ പറഞ്ഞു.

Pope celebrates 150 anniversary of Vatican pharmacy 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക