Image

മാജിക് ലോകത്തുനിന്നും മനുഷ്യ ഹൃദയങ്ങളിലേക്ക് (ബിന്ദു  അജി)

Published on 19 September, 2023
മാജിക് ലോകത്തുനിന്നും മനുഷ്യ ഹൃദയങ്ങളിലേക്ക് (ബിന്ദു  അജി)

ഡോ. ഗോപിനാഥ് മുതുകാടുമായി ഒരു   കൂടികാഴ്ച്ച.

നമ്മുടെ ജീവിതം കണ്ടുമുട്ടലുകളുടെയും വിട പറച്ചിലുകളുടെയും ഇടയിലാണ്. എന്നാൽ ചില ജീവിതങ്ങളെ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നത് ഹൃദയത്തിലാണ്. അത് ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് വേരുറപ്പിക്കും. അങ്ങനെ ഒരു കൂടികാഴ്ചയായിരുന്നു ഡോ. ഗോപിനാഥ് മുതുകാടുമൊത്തു കഴിഞ്ഞ ദിവസം സായാഹ്നത്തിൽ. ഒരു രാത്രിയിലൂടെ അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞ കഥ അദ്ദേഹം പങ്കു വച്ചപ്പോൾ കണ്ണുകളിലൂടെ ചുടുനീർ കണങ്ങൾ ഒഴുകി. ഒപ്പം ഹൃദയം നുറുങ്ങുന്ന വേദനയോടെ അദ്ദേഹം കാട്ടിത്തന്ന വിഷ്വലുകൾക്കു കാഴ്ചക്കാരിയായി. 

എന്നെ അദ്‌ഭുതപെടുത്തിയത് മറ്റൊന്നാണ്, ഒറ്റ രാത്രിയിലെ തീരുമാനത്തിൽ ഈ ലോകത്തിന്റെ കാഴ്ചപ്പാടുകൾ തന്നെ എങ്ങനെ ഇദ്ദേഹത്തിന് തിരുത്തി എഴുതാൻ കഴിഞ്ഞു. ആർക്കും വേണ്ടാത്ത, ആരോരും ഇല്ലാത്ത, കുറെ ജീവിതങ്ങൾക്ക്, ആ കുടുംബങ്ങൾക്ക് തന്നെ ഒരു വ്യക്‌തമായ വ്യാഖ്യാനം ആയി അദ്ദേഹം മാറി.

 കപട സ്നേഹങ്ങളുടേയും കണക്കു പറച്ചിലുകളുടെയും നാട്യ സംസ്കാരമായി നാം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ഒരു കൂട്ടം കുഞ്ഞുങ്ങളുടെ ആരും കാണാതിരുന്ന കഴിവുകളെ ലോകത്തിനു മുൻപിൽ കാട്ടികൊടുത്തതിന് ഒരുപാടു നന്ദി. അദ്ദേഹത്തിന്റെ വാക്കുകൾ, ആ കുഞ്ഞുങ്ങളോടുള്ള സ്നേഹത്തിന്റെ ആഴം, അവർക്കായി മാറ്റി വച്ച ജീവിതം, നമുക്കോരോരുത്തർക്കും മാതൃകയാകട്ടെ.
ദൈവങ്ങളുടെ പേരിൽ തമ്മിൽ തല്ലി തകരുന്ന നമ്മുടെ സമൂഹം ഒന്ന് മനസ്സിലാക്കട്ടെ, ദൈവീകത നഷ്ടപ്പെടാത്ത ചിലരെങ്കിലും നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്നുള്ള വാസ്തവം. 

ആർഭാടങ്ങളുടെ നെറുകയിൽ നാം ജീവിക്കുമ്പോളും കപട സ്നേഹത്തിന്റെ മുഖംമൂടി അണിഞ്ഞു നടക്കുമ്പോളും നാം ഓരോരുത്തരും മനസിലാക്കേണ്ട ഒരു കാര്യം, നിർവ്യാജ സ്നേഹത്തിന്റെ വ്യാഖ്യാനമായി ഒരു ഭിന്ന ശേഷിപ്പുകൾ നമുക്കിടയിലും ജീവിക്കുന്നുണ്ട് . അവരെ നാം കാണാതെ പോകരുത്. ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ അവരുടെ കാലശേഷം എന്ത് ചെയ്യുമെന്ന് ആകുലപ്പെട്ടു വേദനിക്കുമ്പോഴാണ് ഡോ . ഗോപിനാഥ് മുതുകാട് ഇങ്ങനെ ഒരു ആശയവുമായി മുന്നോട്ടു വന്നത്.

അദ്ദേഹത്തിന്റെ അന്തരാത്മാവിലെ അഗ്നി ഒരു ജ്വാലയായി ശോഭിക്കുവാൻ അനേകർക്ക് പ്രയോജനമാകുവാൻ നമുക്കും അണിചേരാം. കാലചക്രങ്ങളിൽ പെട്ട് ആ ജ്വാല അണയാതിരിക്കട്ടെ. 

ഒത്തിരി സ്‌നേഹത്തോടെ 
ബിന്ദു അജി
Photo Courtesy _ Aji Kaleekkal Mathew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക