Image

കാനഡയുടെ മണ്ണിൽ വച്ച് ഇന്ത്യൻ ഏജന്റുമാരാണ്  ഖാലിസ്ഥാൻ നേതാവിനെ വധിച്ചതെന്നു ട്രൂഡോ; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി (പിപിഎം) 

Published on 19 September, 2023
കാനഡയുടെ മണ്ണിൽ വച്ച് ഇന്ത്യൻ ഏജന്റുമാരാണ്  ഖാലിസ്ഥാൻ നേതാവിനെ വധിച്ചതെന്നു ട്രൂഡോ; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി (പിപിഎം) 



ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറെ കാനഡയുടെ മണ്ണിൽ വച്ച് ഇന്ത്യൻ ഗവൺമെന്റിന്റെ ഏജന്റുമാർ കൊലപ്പെടുത്തിയെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ ആരോപിച്ചു. ഇന്ത്യയുടെ ഒരു നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതായി കാനഡ പ്രഖ്യാപിക്കയും ചെയ്‌തു. 

ഖാലിസ്ഥാൻ തീവ്രവാദികൾ കാനഡയിൽ പരസ്യമായി പ്രവർത്തിക്കുന്നതിനെതിരെ ഇന്ത്യ പ്രതിഷേധിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ വഷളായി. 

നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ചു ജി20 ഉച്ചകോടിയുടെ സമയത്തു ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ടു 'സുവ്യക്തമായി' സംസാരിച്ചെന്നു കനേഡിയൻ എം പി മാരോട് ട്രൂഡോ പറഞ്ഞു. കാനേഡിയൻ ഗവൺമെന്റ് രഹസ്യാന്വേഷണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കൊല നടത്തിയത് ഇന്ത്യൻ ഏജന്റുമാരാണെന്നു തെളിഞ്ഞിട്ടുണ്ട്. 

"കാനഡയുടെ മണ്ണിൽ കാനഡയുടെ പൗരനെ ഏതു വിദേശ ഗവൺമെന്റ് വാദിച്ചാലും അത് ഈ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുളള കടന്നാക്രമണമാണ്."

സ്വതന്ത്ര സിഖ് രാഷ്ട്രത്തിനു വേണ്ടി വാദിച്ച ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകം അന്വേഷിക്കാൻ ഇന്ത്യയുടെ സഹകരണം ലഭിക്കാൻ കാനഡ സമമർദം ചെലുത്തുമെന്നു ട്രൂഡോ പറഞ്ഞു. 

കാനഡയിലെ ഇന്ത്യൻ ചാര ഏജൻസി തലവനെയാണ് പുറത്താക്കിയതെന്നു വിദേശകാര്യ മന്ത്രി മെലാനി ജോളി അറിയിച്ചു. നിജ്ജാറുടെ മരണവുമായി അയാൾക്കുള്ള ബന്ധമാണ് കാരണം. യുഎൻ പൊതുസഭാ സമ്മേളനത്തിനു ഈയാഴ്ച ന്യൂ യോർക്കിൽ എത്തുമ്പോൾ സഖ്യരാഷ്ട്ര നേതാക്കളുമായി വിഷയം സംസാരിക്കുമെന്നു ജോളി പറഞ്ഞു. 

ഖാലിസ്ഥാനികളെ കാനഡ തടയാത്തത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ പറഞ്ഞിരുന്നു. 

സിഖ് സമുദായത്തിനു കാനഡയിൽ ഗണ്യമായ സാന്നിധ്യമുണ്ട്. ഭൂരിപക്ഷം ഇല്ലാത്ത ട്രൂഡോ ഭരണകൂടത്തെ താങ്ങി നിർത്തുന്നത് ജഗ്‌മീത് സിംഗ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയാണ്. 

ജൂണിൽ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേയിൽ വച്ചാണ് ഗുരുദ്വാര പ്രസിഡന്റ് കൂടിയായിരുന്ന നിജ്ജാർ വെടിയേറ്റു മരിച്ചത്. 

കനേഡിയൻ ജനസംഖ്യയുടെ 4% വരുന്ന ഇന്ത്യൻ സമൂഹം നിജ്ജാറുടെ വധത്തിൽ രോഷാകുലരാണെന്നു ട്രൂഡോ പറഞ്ഞു. സ്വന്തം സുരക്ഷയിൽ 1.4 മില്യൺ വരുന്ന സമൂഹത്തിനു ആശങ്കയുണ്ട്. 

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ ഈ മാസം ആദ്യം കാനഡ നിർത്തിവച്ചിരുന്നു. വ്യാപാര മന്ത്രി നയിക്കുന്ന സംഘം അടുത്ത മാസം ഡൽഹിയിലേക്കു പോകാനിരുന്നതാണ്. എന്നാൽ ആ യാത്ര റദ്ദാക്കി. 


ട്രൂഡോയുടെ ദേശരക്ഷാ ഉപദേഷ്ടാവ് ഡൽഹിയിലേക്കു യാത്ര ചെയ്തു ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. കൊല നടത്തിയത് അവരാണെന്ന ആരോപണം അവതരിപ്പിച്ചു. ഇന്ത്യയുടെ പ്രതികരണം എന്തായിരുന്നു എന്നു വ്യക്തമല്ല. 


കാനഡയിൽ വിദേശ രാജ്യങ്ങൾ ഇടപെടുന്നു എന്ന ആരോപണത്തെ കുറിച്ച് ഒരു ജഡ്‌ജ്‌ കഴിഞ്ഞ ദിവസം അന്വേഷണം ആരംഭിച്ചിരുന്നു. ചൈനയാണ് ലക്ഷ്യമെങ്കിലും ഇന്ത്യയുടെ നടപടികളും അന്വേഷിക്കാൻ ജഡ്‌ജിനു അധികാരമുണ്ടെന്നു കനേഡിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

ആരോപണങ്ങൾ ശരിയാണെകിൽ അവ കാനഡയുടെ പരമാധികാരത്തോടുള്ള അപലപനീയമായ വെല്ലുവിളിയാണെന്നു പ്രതിപക്ഷ കൺസർവേറ്റിവ് പാർട്ടി നേതാവ് പിയറി പൊയ്‌ലിവർ പറഞ്ഞു. "നിയമവിരുദ്ധമായ കൊലപാതകങ്ങളിൽ നിന്നു നമ്മുടെ പൗരന്മാർ സുരക്ഷിതരായിരിക്കണം. പ്രത്യേകിച്ച് വിദേശ സർക്കാരുകളുടെ പ്രവൃത്തികളിൽ നിന്ന്." 

ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്‌മീത് സിംഗ് സഭയിൽ പഞ്ചാബിയിലും സംസാരിച്ചു. നിജ്ജാറിന്റെ പുത്രനുമായി സംസാരിച്ചപ്പോൾ ആ കുടുംബത്തിന്റെ വേദന മനസിലാക്കിയെന്നു അദ്ദേഹം പറഞ്ഞു. 

Trudeau accuses India of killing Nijjar 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക