പ്രശസ്‌ത ഗ്രന്ഥകാരി ഗീത മേത്ത 80 വയസിൽ വിടവാങ്ങി. ഡൽഹിയിലായിരുന്നു മരണം.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരുന്ന ഒരു തലമുറയിൽ ശേഷിച്ചിരുന്ന പ്രമുഖ രചയിതാവായിരുന്നു മേത്ത. 2019ൽ പദ്‌മശ്രീ നിരസിച്ചു സ്വന്തം രാഷ്‌ടീയ വിശ്വാസം അവസാന കാലത്തും ഉയർത്തിപ്പിടിച്ച അവർ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ സഹോദരിയുമാണ്. ബിജു പട്നായിക്കിന്റെ പുത്രി പഠിച്ചത് കേംബ്രിജിൽ ആയിരുന്നു.
കിഴക്കൻ പാകിസ്ഥാനിൽ എൻ ബി സി റിപ്പോർട്ടറായിരുന്ന അവർ ബംഗ്ളാദേശിന്റെ പിറവിക്കു സാക്ഷിയായി. അതേ കുറിച്ചുള്ള ഓർമ്മകൾ 'ഡേറ്റ്ലൈൻ ബംഗ്ലാദേശ്' എന്ന പ്രസിദ്ധ ഡോക്യൂമെന്ററിയായി.
ന്യൂ യോർക്കിലും ലണ്ടനിലും ഡൽഹിയിലുമായി കഴിഞ്ഞിരുന്ന അവർ സ്വതന്ത്ര ഇന്ത്യയുടെ സൂക്ഷ്‌മ നിരീക്ഷക ആയിരുന്നു. 14 ടി വി ഡോക്യൂമെന്ററികൾ നിർമിച്ചു.
'കർമ കോള' എന്ന ആദ്യ നോവൽ തന്നെ അവരെ പ്രസിദ്ധയാക്കി. മോക്ഷം അന്വേഷിച്ചു ഇന്ത്യയിൽ തിങ്ങിക്കൂടിയ പാശ്ചാത്യരെ കുറിച്ചായിരുന്നു മേത്ത എഴുതിയത്.
'രാജ്' എന്ന ചെറുകഥാ സമാഹാരം ആയിരുന്നു അടുത്തത്. പിന്നീട് 'റിവർ സൂത്ര.' രാജ്യം സുവർണ ജൂബിലി ആഘോഷിക്കുമ്പോഴാണ് 'Snakes and Ladder: Glimpses of Modern India ' പുറത്തു വന്നത്. സൂക്ഷ്മനിരീക്ഷണത്തിന്റെ അവസാനത്തെ ആലേഖനമാവുന്ന ഉപന്യാസ സമാഹാരം.
പല സംസ്കാരങ്ങൾക്കിടയിൽ ജീവിക്കുന്ന ഇന്ത്യക്കാർ മറ്റു ഇന്ത്യക്കാരെ വിദേശികളായാണ് കാണുന്നതെന്ന നിരീക്ഷണം ആ ഗ്രന്ഥത്തിലുണ്ട്.
മേത്തയുടെ വാക്കുകളിൽ രോഷവും സ്നേഹവും നർമരസവും കാണുന്നുവെന്നെന്നു നിരൂപകർ എഴുതി.
ന്യൂ യോർക്കിലെ പ്രമുഖ പ്രസാധകനായിരുന്ന ഭർത്താവ് അജയ് സിംഗ് സണ്ണി മേത്ത 2019ൽ മരിച്ചു. 1965ൽ വിവാഹിതരായ അവർക്കു ഒരു മകൻ മാത്രമേയുള്ളൂ: ആദിത്യ സിംഗ് മേത്ത.
'Karma Cola' author Gita Metha passes away