ചരിത്രത്തില്‍ ഇതാദ്യമായി മോദി സര്‍ക്കാര്‍ വനിതാബില്‍ കൊണ്ടുവരുകയാണെന്ന പ്രചാരണം കോണ്‍ഗ്രസ് പൊളിച്ചു. 2010ല്‍ രാജ്യസഭ പാസാക്കിയ വനിതാ ബില്‍ എവിടെയെന്നായി അവരുടെ ചോദ്യം. മഹാഭൂരിപക്ഷമുള്ള മോദിക്ക് ഈ ചോദ്യം പ്രസക്തമല്ല. പക്ഷേ നാട്ടുകാരുടെ മനസ്സിലുണ്ടാവില്ലേ ഈ
ചോദ്യം ?
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രധാനമന്ത്രിയും എം.പിമാരും കുടിയേറിയ ഇന്നൊരു ചരിത്ര ദിനമാക്കന്‍ വനിതാബില്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്നെങ്കിലും, രാജ്യസഭയില്‍ 2010ല്‍ പാസായ ബില്‍, പുതിയ ബില്ലായി ലോകസഭയില്‍ അവതരിപ്പിക്കുന്നത് എന്തിനെന്ന കോണ്‍ഗ്രസിന്റെ 'ഉടക്ക് ചോദ്യം' ബി.ജെ.പിക്കാരുടെ ഉത്സാഹം കുറച്ചു. പഴയ ബില്‍ അതേപടിയല്ല ചില മാറ്റങ്ങള്‍ ഉണ്ടെന്നായി ഭരണകക്ഷി. എങ്കില്‍ രാജ്യസഭ പാസാക്കിയ ബില്ലിനെപ്പറ്റിയാവാം ചര്‍ച്ച എന്ന് കോണ്‍ഗ്രസ്. ഭീമമായ ഭൂരിപക്ഷം ഉള്ള ബി.ജെ.പിക്ക് വഴങ്ങി കൊടുക്കേണ്ട കാര്യമില്ലെന്നത് വേറെ കാര്യം.
പ്രാതിനിധ്യം ഇരട്ടിയിലേറെ :
പാര്‍ലമെന്റ് ഇലക്ഷന്‍ സമയത്ത് വനിതാ ബില്‍ പാസായാലും അതിന്റെ ഗുണം ഇന്ത്യയിലെ വനിതകള്‍ക്ക് ഈ പാര്‍ലമെന്റില്‍ ലഭിക്കുകയില്ല. ഇപ്പോള്‍ ഇരുസഭകളിലെയും വനിതാ പ്രാതിനിധ്യം 14 ശതമാനം മാത്രമാണ്. പാസ്സായാല്‍ ഈ വരുന്ന സഭയിലല്ല പിന്നത്തെ സഭയില്‍ ഇപ്പോഴത്തെ സ്ത്രീസാന്നിധ്യം ഇരട്ടിയിലേറെയാകും.
പിണറായി സര്‍ക്കാര്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയതുപോലെ നരേന്ദ്രമോദി എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും 'കിറ്റ്' നല്‍കി. പ്രധാനമന്ത്രി ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയതിലേക്ക് പോകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും മോദിയുടെ കയ്യില്‍ ഭരണഘടന ദൃശ്യമായിരുന്നില്ല. ഇനി പോക്കറ്റിലെ മറ്റോ ഉണ്ടെന്ന് പറയാനാവില്ലല്ലോ. മോദിയോടൊപ്പമല്ല പ്രതിപക്ഷം പുതിയ മന്ദിരത്തിലേക്ക് പ്രവേശിച്ചത്. അതേസമയം പ്രതിപക്ഷ നേതാവിന്റെ പക്കല്‍ ഭരണഘടന ഉണ്ടായിരുന്നു. അത് പൊക്കിപ്പിടിച്ച് അവര്‍ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു. വനിതാ സംവരണ ബില്‍ ആദ്യം പരിഗണിച്ചത് 1996ലാണ്. അന്ന് ദേവഗൗഡ സര്‍ക്കാര്‍ ആയിരുന്നു. വാജ്പേയ് സര്‍ക്കാരിന്റെ കാലത്തും ഈ ബില്‍ കൊണ്ടു വന്നെങ്കിലും പാസാക്കാനായില്ല. സമാജ് വാദി, ആര്‍.ജെ.ഡി പാര്‍ട്ടികളില്‍ 33 ശതമാനം സംവരണത്തില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് പ്രാധാന്യം വേണം എന്ന് പറഞ്ഞു ഉടക്കുണ്ടാക്കിയിരുന്നു, ഇന്നവര്‍ക്ക് പഴയ വാശിയില്ല.
ഗണേഷിനെതിരെ :
സോളാര്‍ ഗൂഢാലോചന കേസിലെ ഒന്നാം പ്രതിയായി കോണ്‍ഗ്രസുകാര്‍ കാണുന്നത് ഗണേഷ്‌കുമാറിനെയാണ്. പത്തനാപുരത്തെ അദ്ദേഹത്തിന്റെ എം.എല്‍.എ ഓഫീസിനു മുന്നില്‍ എന്നും പ്രതിഷേധ പ്രകടനം. എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം ഇന്ന് സംഘര്‍ഷഭരിതമായി. മന്ത്രിസ്ഥാനം കൈയില്‍ വരുന്ന സമയത്ത് എം.എല്‍.എ സ്ഥാനം ആരെങ്കിലും രാജിവയ്ക്കുമോ? ഒരിക്കല്‍ മന്ത്രിയായിരുന്നു സ്ഥാനം വീണ്ടും കിട്ടാത്തതിനാണ് ഉമ്മന്‍ചാണ്ടിക്കെതിരെ അഥവാ കളിച്ചിട്ടുണ്ടെങ്കില്‍, എന്തെങ്കിലും ഗണേഷ് ചെയ്തിട്ടുണ്ടാവുക.
അടിക്കുറിപ്പ് : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേരളത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് പോലും ! അതില്‍ തൃശ്ശൂര്‍ ജില്ലയിലെ സി.പി.എം നേതാക്കള്‍ മാത്രമല്ല സംസ്ഥാന നേതൃത്വവും അറിഞ്ഞുകൊണ്ടുള്ള കൊള്ളയാണെന്ന് ഇ.ഡി പറയുന്നു. എ.സി മൊയ്തീന്‍ ഇന്ന് ഹാജരായില്ല. എം.എല്‍.എമാരുടെ പഠനശിബിരമാണ് കാരണമായി പറഞ്ഞത്. അനില്‍ അക്കര പറയുന്നത് മൊയ്തീന്‍ ഇന്ന് ഹാജരായിരുന്നെങ്കില്‍
തിരിച്ചു വീട്ടിലേക്കല്ല, ജയിലിലേക്കായിരിക്കും പോകേണ്ടിവരിക എന്നാണല്ലോ, അനിലിന്റെ ആശ ഇന്ന് അക്കരെ.
കെ.എ ഫ്രാന്‍സിസ്