Image

സ്വയം അപമാനിതനായി ജസ്റ്റിന്‍ ട്രൂഡോ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 20 September, 2023
സ്വയം അപമാനിതനായി ജസ്റ്റിന്‍ ട്രൂഡോ (ലേഖനം: സാം നിലമ്പള്ളില്‍)

ഇന്‍ഡ്യയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാര്‍ദ്ദമായി സ്വീകരിക്കുന്ന കാഴ്ച്ച അഭിമാനകരമായിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട്  ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, സൗദി  രാജാവ് തുടങ്ങിയവരെയെല്ലാം ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. ആഫ്രിക്കന്‍ യൂണിയന്‍ പ്രസിഡണ്ടും മറ്റുപല രാഷ്ട്രത്തലവന്‍ന്മാരും മോദിയുടെ ആലിംഗനം സ്വീകരിച്ചു. 

മനസില്‍ തോന്നിയ കലിപ്പ് പ്രകടിപ്പിതെയാണ് ചൈനീസ് പ്രധാനമന്ത്രിയെയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും സ്വീകരിച്ചത്. അയല്‍ക്കാരനാണങ്കിലും രാജ്യത്തിന്റെ അതിര്‍ത്തി മാന്തുന്ന ചൈനയെ എങ്ങനെ ഇന്‍ഡ്യക്ക് ആലിംഗനം ചെയ്യാനാകും. അങ്ങനെയൊരു സ്വീകരണം പ്രതീക്ഷിച്ചുകൊണ്ട് ആയിരിക്കില്ല ചൈനീസ് പ്രധനമന്ത്രി ഡല്‍ഹിയില്‍ വന്നിറങ്ങിയത്. സൗത്ത് ആഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് സമ്മേളനത്തില്‍ മോദിയുടെ വ്യക്തിപ്രഭാവത്തിനു മുന്‍പില്‍ നിഷ്പ്രഭനായതുപോലെ ജി 20 യില്‍ ആവര്‍ത്തിക്കേണ്ട എന്നു കരുതിയായിരിക്കും ഷി ജിന്‍ പിങ്ങ് വരാതിരുന്നത്. രാജ്യത്തിന്റെ മഹിമക്കനുസരണമായ സ്വീകരണം ഇന്‍ഡ്യയില്‍ കിട്ടിയില്ലെന്ന് അവരുടെ പത്രങ്ങള്‍ എഴുതിയെങ്കിലും ചൈനീസ് ഗവണ്മെന്റ് പരാതിയൊന്നും പറഞ്ഞില്ല.

അപമാനിക്കാന്‍ യാതൊന്നും ഇന്‍ഡ്യ ചെയ്തില്ലെങ്കിലും സ്വയം നാണംകെട്ടാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മടങ്ങിയത്. താന്‍ അപമാനിക്കപ്പെട്ടെന്ന് ട്രൂഡോക്ക് തോന്നിയെങ്കില്‍ അത് ഇന്‍ഡ്യയുടെ കുറ്റമല്ല. അതിഥി ദേവോ ഭവ എന്ന ആപ്തവാക്യത്തില്‍ വിശ്വസിക്കുന്ന രാജ്യം ശത്രുവിനെപ്പോലും മാന്യമായിട്ടേ സ്വീകരിക്കു. അമേരിക്കന്‍ പ്രസിഡണ്ടിനോ സൗദി രാജകുമാരനോ കൊടുത്ത പ്രാധാന്യം ട്രൂഡോക്ക് കൊടുത്തില്ലെങ്കില്‍ ഇന്‍ഡ്യയെ കുറ്റപ്പെടുത്താന്‍ ആവില്ല. അയാളുടെ കയ്യിലിരിപ്പ് പരിഗണിക്കുമ്പോള്‍ തൊഴികൊടുത്ത് വേണമായിരുന്നു യാത്ര അയക്കേണ്ടിയിരുന്നത്. 

തിരികെപ്പോകാനുള്ള പ്‌ളെയിന്‍ കേടായപ്പോള്‍ എയര്‍ ഇന്‍ഡ്യ 1  വിമാനം നല്‍കാമെന്ന് പറഞ്ഞിട്ടും അയാള്‍ ദുരഭിമാനംകാരണം വേണ്ടന്നുവച്ച് 48 മണിക്കൂര്‍കൂടി ഇന്‍ഡ്യയില്‍ കുടുങ്ങിപോവുകയായിരുന്നു. സ്വന്തം രാജ്യത്തും വിദേശത്തും അപമാനിതനായി തിരികെപ്പോയ ട്രൂഡോ പ്രതികാരം തീര്‍ത്തത് ഇന്‍ഡ്യന്‍ നയതന്ത്രപ്രതനിധിയെ പുറത്താക്കികൊണ്ടായിരുന്നു. ലോകമാകമാനം ചര്‍ച്ചചെയ്ത വിഷയമായിരുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറയുന്നതുപോലെ ജി 20 യിലേറ്റ പരാജയത്തിന് ഇന്‍ഡ്യന്‍ പ്രതിനിധിയോട് പ്രതികാരം.. ഇന്‍ഡ്യയും അതേനാണയത്തില്‍തന്നെ തിരിച്ചടിച്ചു. കനേഡിയന്‍ പ്രതിനിധിയോട് പ്രത്യേകിച്ച് വിരോധമൊന്നും ഇല്ലങ്കിലും അഞ്ചുദിവസങ്ങള്‍ക്കകം രാജ്യവിട്ടുപോകാന്‍ കല്‍പിച്ചു. ഇന്‍ഡ്യയും കാനഡയും തമ്മിലുള്ള സൗഹാര്‍ദത്തിന് വലിയൊരു തകര്‍ച്ച സംഭവിച്ചിരിക്കയാണിപ്പോള്‍. 

കാനഡയിലുള്ള സിഖ് വംശജര്‍ (എല്ലാവരുമില്ല) ഘാലിസ്ഥാന്‍വാദം മുഴക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വര്‍ഷങ്ങള്‍ക്കുമുന്‍പ് എയര്‍ ഇന്‍ഡ്യയുടെ വിമാനം ബോംബുവച്ച് തകര്‍ത്ത് മുന്നൂറില്‍പരം നിരപരാധികളായ യാത്രക്കാരെ കൊന്നൊടുക്കി കൊണ്ടായിരുന്നു അവരുടെ ഘാലിസ്ഥാന്‍ അരങ്ങേറ്റം.  അതിന്റെ കാരണക്കാരെ മാസങ്ങള്‍ക്കുശേഷം അറസ്റ്റുചെയ്‌തെങ്കിലും വലിയ ശിക്ഷയൊന്നും വാങ്ങാതെ കുറ്റവാളികള്‍ മാന്യന്മാരായി തെരുവീഥികളിലൂടെ നടക്കുന്നു. ഇന്‍ഡ്യയിലന്ന് ഭരിച്ചിരുന്ന നട്ടെല്ലില്ലാത്ത സര്‍ക്കാര്‍ മിതമായിട്ടൊന്ന് പ്രതിക്ഷേധിച്ചതല്ലാതെ ശക്തമായ നടപടികള്‍ക്കൊന്നും തയ്യാറായില്ല.

ഘാലിസ്ഥാനികളുടെ ഇന്‍ഡ്യാവിരുദ്ധ പ്രവര്‍ത്തികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നെങ്കിലും ഇന്‍ഡ്യയുടെ പ്രതിക്ഷേധം ഇന്‍ലാന്റില്‍ എഴുതി കാനഡയിലേക്ക് മെയില്‍ചെയ്തുകൊണ്ടിരുന്നു. കനേഡിയന്‍ സര്‍ക്കാരുകള്‍ അതൊന്നും തുറന്നുവായിക്കതെ ചവറ്റുകൊട്ടയില്‍ ഇട്ടുകൊണ്ടിരുന്നു. രാജ്യത്തിന് ശക്തനായ ഒരു പ്രധാനമന്ത്രി വന്നപ്പോള്‍ സംഗതികള്‍ സീരിയസ്സായി. അടുത്തകാലത്ത് ഒരുതാടിവച്ച ഒരു സിങ്ങന്‍ ബിന്ദ്രന്‍വാലയാകാന്‍ ശ്രമം നടത്തിയെങ്കിലും ദിവസങ്ങള്‍ക്കകം പോലീസ്പിടികൂടി അസമിലെ ജയിലിലടച്ചു. അതോടുകൂടിയാണ് കാനഡയിലേയും ബ്രട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളിലെ  ഘാലിസ്ഥാനികള്‍ക്ക് വീണ്ടും ഊര്‍ജ്ജം വച്ചത്. ബ്രിട്ടനും അമേരിക്കയും അക്കൂട്ടരെ വിരട്ടിയപ്പോള്‍ പത്തിമടക്കി വീട്ടിലിരിപ്പായി.. എന്നാല്‍ കാനഡ അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തുകയും ഇന്ദിരാഗാന്ധിവധം പുനരാവിഷ്‌കരിച്ച് ഫ്‌ളോട്ടകള്‍ പ്രദര്‍ശ്ശിപ്പിക്കയും ചെയ്തു.

 ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്ന് മോദി ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിന്‍ ട്രൂഡോ മൈന്‍ഡു ചെയ്തില്ല. നേതാക്കന്മാര്‍ ഒന്നൊന്നായി കാനഡയിലും ബ്രിട്ടനിലും കൊല്ലപ്പെടാന്‍ തുടങ്ങിയപ്പോളാണ് ഘാലിസ്ഥാനികള്‍ക്ക് വിറയല്‍ അനുഭവപ്പെട്ടത്. അവര്‍ ചുവരെഴുത്തിലൂടെയും മറ്റും തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. കാനഡയിലെ ഇന്‍ഡ്യന്‍ നയതന്ത്രപ്രതിനിധികളെ വധിക്കുമെന്ന് കാണിച്ച്  പോസ്റ്ററുകള്‍ പതിച്ചു. ട്രൂഡോ അതൊന്നും കണ്ടില്ലെനന്നു  നടിച്ചു. അങ്ങനെയിരിക്കയാണ് ഡല്‍ഹിയില്‍ ജി 20 മാമാങ്കം തുടങ്ങുന്നെന്ന് കേട്ടത്. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ കാനഡയില്‍ ആവിഷാകാരസ്വാതന്ത്യം അനുവദനീയമാണന്നും പ്രതിക്ഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ടന്നും മോദിയോടുപറഞ്ഞ് ന്യായീകരിക്കാമെന്നു വിചാരിച്ചാണ് ആശാന്‍ കോട്ടെടുത്തിട്ടത്. മോദിയുടെ ആലിംഗനം കിട്ടിയില്ലങ്കിലും ഹാര്‍ദമായ സ്വീകരണം പ്രതീക്ഷിച്ചാണ് വന്നത്. സ്വീകരണത്തിന് കുഴപ്പമൊന്നും ഇല്ലായിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര ഊഷ്മളത ഇല്ലാതെപോയല്ലോ എന്ന് പരിതപിച്ചു. മറ്റ് ലോകനേതാക്കളൊന്നും തന്നെ പരിഗണിക്കുന്നില്ല എന്ന തോന്നലുംകൂടി ആയപ്പോള്‍ എങ്ങനെയെങ്കിലും തിരികെപ്പോയാല്‍  മതിയെന്നായി. 

രഹസ്യ കൂടിക്കാഴ്ചയില്‍ മോദി കനേഡിയന്‍ നേതാവിനെ ശകാരിച്ചെന്ന വാര്‍ത്തയും പ്രചരിച്ചു. രാഷ്ട്രപതി ലോകനേതാക്കള്‍ക്ക് നല്‍കിയ വിരുന്നില്‍ പങ്കെടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ചമ്മലുകാരണം വേണ്ടന്ന് തീരുമാനിച്ചു. എന്നാല്‍ തിരികെ നാട്ടിലേക്ക് പോകാമെന്നു വിചാരിച്ചപ്പോള്‍ ദാ കിടക്കുന്നു മറ്റൊരു അപകടം., പ്‌ളെയിന്‍ സ്റ്റാര്‍ട്ടാകുന്നില്ല. തിരികെ ഹോട്ടലില്‍ചെന്ന് പുതച്ചുമൂടി ഉറങ്ങാന്‍ കിടന്നു. അപമാനഭാരം കാരണം ഉറങ്ങാനും കഴിയുന്നില്ല. ഇതിനിടെ ഇന്‍ഡ്യയിലേയും കാനഡയിലേയും മാധ്യമങ്ങള്‍ ആഘോഷം തുടങ്ങി കഴിഞ്ഞിരുന്നു. 

കനേഡിയന്‍ പൗരന്മാര്‍ മോദിയെ അഭിനന്ദിച്ചും ട്രൂഡോയെ ഇഡിയറ്റെന്നും വിളിച്ച് എഴുതിയ നൂറുകണത്തിന് വായിക്കാനിടയായി. സിഖുകാരുടെ ഏതാനും വോട്ടുകള്‍ക്കുവേണ്ടി രാജ്യത്തിന്റെ അഭിമാനം വിറ്റുതുലക്കുന്ന ട്രൂഡോ കാനഡക്ക് അപമാനമാണ്.

സാം നിലമ്പള്ളില്‍.


#Trudeau #Modi

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക